‘സുന്നത്ത് കഴിച്ചു എന്നതാണോ ഷംസീറിന്റെ പ്രത്യേകത? കൈ പോകില്ല എന്ന വിശ്വാസമായിരിക്കാം. എക്കാലവും ഹിന്ദു അങ്ങനെത്തന്നെ നിൽക്കണമെന്നില്ല’ -സ്പീക്കർക്കെതിരെ ഭീഷണിയുമായി യുവമോർച്ച
text_fieldsതലശേരി: ഹിന്ദുദൈവങ്ങളെ അവഹേളിച്ചു എന്നാരോപിച്ച് സ്പീക്കർ എ.എൻ. ഷംസീറിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫിസിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സ്പീക്കർക്കെതിരെ ഗുരുതര ഭീഷണിയും അധിക്ഷേപവും. യുവമോർച്ച ജനറൽ സെക്രട്ടറി കെ.ഗണേഷാണ് തലശ്ശേരിയിൽ നടന്ന മാർച്ചിൽ ഭീഷണിയുമായി രംഗത്തെത്തിയത്. ‘ജോസഫ് മാഷിന്റെ കൈ പോയതു പോലെ ഷംസീറിന്റെ കൈ പോകുകയില്ല എന്നുള്ള വിശ്വാസമായിരിക്കാം. പക്ഷെ ഹിന്ദു സമൂഹം എക്കാലവും അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഇല്ല’- ഗണേഷ് പറഞ്ഞു.
‘‘നിയമസഭയിൽ ഹിന്ദു വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ട ചില രൂപങ്ങളും കൊത്തുപണികളും ചിത്രങ്ങളും നിലവിളക്കുമൊക്കെയുണ്ടായിരുന്നു. ഷംസീർ സ്പീക്കറായി വന്നതിനുശേഷം പറഞ്ഞത് ഇത്തരത്തിൽ ഹിന്ദു വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്ന ഒന്നും ഇവിടെ വേണ്ടെന്നാണ്. മുൻപ് സ്പീക്കർമാരായിരുന്ന പൊന്നാനിയിൽ നിന്നുള്ള പി.ശ്രീരാമകൃഷ്ണനും എം.ബി.രാജേഷിനും ഇല്ലാത്ത എന്തു പ്രത്യേകതയാണ് പിന്നാലെ വന്ന ഷംസീറിനുള്ളത്? ‘സുന്നത്ത് കഴിച്ചു എന്ന പ്രത്യേകതയാണ് ഉള്ളതെങ്കിൽ, ഷംസീറിനോട് ഞങ്ങൾക്ക് പറയാനുള്ളത് ഹിന്ദു മതവിശ്വാസങ്ങളെ നിങ്ങൾ എല്ലാക്കാലത്തും ഇത്തരത്തിൽ ധിക്കരിക്കരുത് എന്നാണ്. അതുകൊണ്ട്, ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മോശപ്പെടുത്തിയതിന് ഷംസീർ എത്രയും പെട്ടെന്ന് മാപ്പു പറയുക.
‘‘ജോസഫ് മാഷിന്റെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ എല്ലാ കാലഘട്ടത്തിലും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളുമെന്ന് ഷംസീർ ഒരിക്കലും കരുതരുത് എന്നാണ് യുവമോർച്ചയ്ക്കു പറയാനുള്ളത്. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടുത്തെ ഡിവൈഎഫ്ഐക്കാരോടും പൊലീസുകാരോടും ഞങ്ങൾക്ക് പറയാനുള്ളത് അതു തന്നെയാണ്.’
‘എസ്ഡിപിഐക്കാർ ഇപ്പോൾ പേടിച്ചാണ് കഴിയുന്നത്. ഇരുട്ടിന്റെ മറവിലാണ് അവരുടെ പ്രവർത്തനം. അവർക്ക് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പൊലീസിനെ നേരിടാൻ ധൈര്യമില്ല. ഇപ്പോൾ എസ്ഡിപിഐക്കാരുടെയും പോപ്പുലർ ഫ്രണ്ടുകാരുടെയും എൻഡിഎഫുകാരുടെയും ജോലി സിപിഎമ്മും ഡിവൈഎഫ്ഐയും ഏറ്റെടുത്തിരിക്കുകയാണ്. അവർക്ക് രാഷ്ട്രീയമായി അഭയം കൊടുക്കുന്ന സർക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്.’– ഗണേഷ് പറഞ്ഞു.
മാർച്ച് തടയാൻ ശ്രമിച്ച പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രകോപിതരായ പ്രവർത്തകർക്കുനേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് ഉദ്ഘാടനത്തിന് മുമ്പും ശേഷവുമായിരുന്നു ജലപീരങ്കി പ്രയോഗം. ജൂബിലി റോഡിലെ ബി.ജെ.പി മണ്ഡലം ഓഫിസായ രാമകൃഷ്ണ മന്ദിരം പരിസരത്ത് സംഘടിച്ചാണ് യുവമോർച്ച പ്രവർത്തകർ പ്രകടനമായി സ്പീക്കറുടെ ഓഫിസിലേക്ക് നീങ്ങിയത്. സംഘ്പരിവാറിലെ ഇതരസംഘടന പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തിരുന്നു.
ക്യാമ്പ് ഓഫിസിന് 50 മീറ്റർ അകലെ റോഡിൽ രാവിലെ മുതൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. പ്രവർത്തകർ ഇത് മറിച്ചിട്ട് മുന്നോട്ടുനീങ്ങാൻ ശ്രമിച്ചതോടെയാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് ആദ്യവട്ടം ജലപീരങ്കി പ്രയോഗിച്ചു. സംഘർഷം അയഞ്ഞതോടെ യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ. ഗണേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷത വഹിച്ചു.
മാർച്ച് ഉദ്ഘാടനത്തിന് ശേഷവും പ്രവർത്തകർ റോഡിലിരുന്ന് മുദ്രവാക്യം മുഴക്കുകയും ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് രണ്ടാം തവണയും ജലപീരങ്കി വെള്ളം ചീറ്റിയത്. പിരിഞ്ഞുപോവാതെ റോഡ് തടഞ്ഞവരെ പിന്നീട് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മാർച്ചിൽ പ്രവർത്തകരുടെ പങ്കാളിത്തം കുറവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.