ഗവര്‍ണര്‍ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കുമെന്ന് കേന്ദ്രം
text_fieldsതിരുവനന്തപുരം: കൊല്ലം നിലമേലിലെ അസാധാരണ സംഭവങ്ങൾക്ക് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിച്ച് ആഭ്യന്തരമന്ത്രാലയത്തിന്‍റെ അടിയന്തര ഇടപെടൽ. എസ്.എഫ്.ഐ കരിങ്കൊടിയെ തുടർന്ന് രണ്ടു മണിക്കൂറോളം ഗവർണർ റോഡിൽ പ്രതിഷേധിച്ചതിനും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ആശയവിനിമയം നടത്തിയതിനും പിന്നാലെയാണ് കേന്ദ്രതീരുമാനം.
ശനിയാഴ്ച വൈകീട്ട് അഞ്ചോടെ സി.ആർ.പി.എസ് സായുധ സേന ഗവർണറുടെ സുരക്ഷ ഏറ്റെടുത്തു. ഗവർണർക്ക് മാത്രമല്ല, രാജ്ഭവനും ഇനി മുതൽ സി.ആർ.പി.എഫ് സുരക്ഷയൊരുക്കും. നിലവിൽ സംസ്ഥാന പൊലീസിന്‍റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവർണർക്കുള്ളത്. കേന്ദ്രസേനയുടെ സുരക്ഷ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വൈകീട്ട് ഗവർണർ പ്രതികരിച്ചത്. ബുധനാഴ്ചത്തെ സംഭവങ്ങളിൽ ചീഫ് സെക്രട്ടറയിൽനിന്ന് കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്.
കൊട്ടാരക്കര സദാനന്ദപുരത്ത് സ്വകാര്യ പരിപാടിയിലേക്ക് പോകുമ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഗവർണറുടെ വാഹന വ്യൂഹത്തിനു നേരെ 30ൽ അധികം എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് ഗവർണർ രണ്ടു മണിക്കൂർ റോഡിലിരുന്നു പ്രതിഷേധിച്ചു. തുടർന്നു പൊലീസിന് നേരെ തിരിഞ്ഞ ഗവർണർ നടപടി ഉണ്ടാകാതെ പിന്മാറില്ലെന്നും പ്രഖ്യാപിച്ചു.
പ്രതിഷേധത്തിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ഇത്തരക്കാര്‍ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവർണർ പറഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് വാഹനത്തിലാണ് എത്തിച്ചതെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. പ്രധാനമന്ത്രിയുടെ ഓഫിസ് ആഭ്യന്തര മന്ത്രാലയവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് സുരക്ഷ കാര്യത്തിൽ തീരുമാനമെടുത്തത്.
കേന്ദ്ര തീരുമാനം രാജ്ഭവൻ എക്സ് അക്കൗണ്ടിലൂടെ പരസ്യപ്പെടുത്തി. പിന്നാലെ സി.ആർ.പി.എഫ് ഡി.ഐ.ജി രാജ്ഭവനിലെത്തിയ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവന്‍ ഗേറ്റിന് മുന്നില്‍ മാത്രം കേരള പൊലീസിനെ വിന്യസിക്കുമെന്നാണ് വിവരം. അടിയന്തരവസ്ഥ കാലത്തല്ലാതെ ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷയൊരുക്കിയതിന് സമീപകാലാനുഭവങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.