സൈനബ വധം: നിർണായകമായത് പ്രതിയുടെ ഫോൺവിളി
text_fieldsകോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിലെറിഞ്ഞ കേസിൽ നിർണായക തെളിവായത് പ്രതിയുടെ ഫോൺവിളി. പട്ടാപ്പകൽ ഓട്ടത്തിനിടെ കാറിൽവെച്ചാണ് സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് എന്നതും ഞെട്ടിക്കുന്നതാണ്.
രാത്രി വൈകിയും ഭാര്യ എത്താതായതോടെയാണ് അടുത്ത ദിവസം ഭർത്താവ് ജെയിംസ് എന്ന മുഹമ്മദ് അലി കസബ പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ പലതവണ ഇവരെ മൊബൈലിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ എടുത്തപ്പോഴാണ്, ഭർത്താവൊഴിച്ച് അവസാനമായി വിളിച്ചത് താനൂർ സ്വദേശി സമദാണെന്ന് വ്യക്തമായത്.
പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകൽ, കൊല, കവർച്ച, മൃതദേഹം കൊക്കയിൽ തള്ളിയത്, സഹായിച്ചത് സുലൈമാൻ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമായത്. മാത്രമല്ല ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ചപ്പോൾ സംഘം സഞ്ചരിച്ച റൂട്ടും പൊലീസിന് വ്യക്തമായി.
അതേസമയം, കൊലക്കുശേഷം ആഭരണങ്ങളും പണവുമായി മുങ്ങിയ സുലൈമാനെ പൊലീസ് തമിഴ്നാട്ടിലും കർണാടകയിലുമടക്കം അന്വേഷിച്ചുവരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ചത് സ്വർണാഭരണം തട്ടിയെടുക്കുകയെന്ന ലക്ഷ്യമാണെന്ന് സമദ് പൊലീസിനോട് വെളിപ്പെടുത്തി.
സൈനബയുടെ പോസ്റ്റുമോർട്ടത്തിനുശേഷമാവും മരണകാരണം അടക്കമുള്ളവയിൽ പൊലീസിന് കൂടുതൽ വ്യക്തത ലഭിക്കുക. കാണാതാവുമ്പോൾ 15 പവന്റെ സ്വർണാഭരണവും മൂന്നുലക്ഷത്തോളം രൂപയും സൈനബയുടെ കൈയിലുണ്ടെന്ന് ഭർത്താവ് മുഹമ്മദാണ് പൊലീസിനെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

