നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ സക്കരിയയുടെ കുടുംബവും
text_fieldsപരപ്പനങ്ങാടി: സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി വീടണഞ്ഞതോടെ പ്രതീക്ഷയിലാണ് ഇതേ കേസിൽ 14 വർഷമായി ബംഗളൂരു അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയയുടെ കുടുബവും. ജാമ്യം ലഭിക്കാനുള്ള എല്ലാ പിന്തുണയും നൽകുമെന്ന് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാനും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ശിക്ഷിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ജാമ്യനിഷേധം നീതി നിഷേധമാണെന്നും മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി സി. അബ്ദുറഹിമാൻ കുട്ടിയും പറഞ്ഞു.
മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യവും നീതിയും നൽകണമെന്നാണ് നിലപാടെന്നും സക്കരിയ ഉൾപ്പെടെ ആരെയും അനന്തമായി അന്യായമായി തടങ്കിലിടരുതെന്നും സി.പി.എം നേതാവും നഗരസഭ പ്രതിപക്ഷ നേതാവുമായ ടി. കാർത്തികേയൻ പറഞ്ഞു. തെറ്റുകാരനെങ്കിൽ ശിക്ഷിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും എന്നാൽ വിചാരണ നടത്താത്തതിനെ പിന്തുണക്കാനാകില്ലെന്നും കോൺഗ്രസ് നേതാവ് കെ.പി. ഷാജഹാൻ പറഞ്ഞു.
വിചാരണ പൂർത്തിയായ സ്ഥിതിക്ക് ഉടൻ വിധി പറയുകയാണ് വേണ്ടതെന്ന് പി.ഡി.പി മണ്ഡലം അധ്യക്ഷൻ സക്കീർ പരപ്പനങ്ങാടിയും നിയമസഹായം നൽകിയ സോളിഡാരിറ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഫ്രീ സക്കരിയ ആക്ഷൻ ഫോറം ചെയർമാൻ അശറഫ് ശിഫയും പറഞ്ഞു.
2009 ഫെബ്രുവരി അഞ്ചിന് തിരൂരിലെ ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ 18ാം വയസ്സിലാണ് സക്കരിയയെ എൻ.ഐ.എ സംഘം കൊണ്ടുപോയത്. മോചനത്തിന് വേണ്ടി മാതാവ് ബിയ്യുമ്മ തുടക്കമിട്ട സമരം പരമോന്നത കോടതി വരെയെത്തിയിരുന്നു. മകനെ ഒരു നോക്കു കാണാൻ കഴിയാത്തതിന്റെ മാനസികാഘാതത്തിൽ ബിയ്യുമ്മ ഇതിനകം രോഗശയ്യയിലുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.