സകാത് കാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം
text_fieldsബൈത്തുസ്സകാത് കേരള കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ യൂനിറ്റി സെന്ററിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ നിർവഹിക്കുന്നു
കണ്ണൂർ: ഇസ്ലാമിലെ സകാത് വ്യവസ്ഥ വേണ്ടവിധം ഉപയോഗിച്ചാൽ ദാരിദ്ര്യനിര്‍മാർജന രംഗത്ത് വലിയ ഇടപെടലായി മാറുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു. ബൈത്തുസ്സകാത് കേരളയുടെ സകാത് കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഓൺലൈൻ വഴി മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സകാത് സംബന്ധിച്ച ബോധവത്കരണം ഏറ്റവും പ്രധാനപ്പെട്ട കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. സകാത് നല്കാന് സന്നദ്ധമായി വരുന്നവര്‍ക്ക് ദൈവപ്രീതിയോടെ അത് നിർവഹിക്കുവാൻ സംവിധാനം ഒരുക്കുകയെന്നത് വലിയ കാര്യമാണ്. സകാത് ധനം ഏറ്റവും അര്‍ഹരായവരില്‍ എത്തിക്കുന്ന സംവിധാനമാണ് ബൈത്തുസ്സകാത് കേരളക്കുള്ളത്. സകാത് നല്കുന്നവര് ഏറ്റവും അര്‍ഹരായവര്‍ക്ക് നല്കുന്നു എന്നതും പിന്നീട് അവര്‍ക്ക് സകാത്ത് സ്വീകരിക്കേണ്ടാത്ത വിധം സ്ഥായിയായ രീതിയില്‍ അത് മാറുന്നുവെന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും എം.പി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ഇസ്ലാമോഫോബിയയുടെ കാലത്ത് ഇസ്ലാമിന്റെ നന്മകളിൽ ഏറ്റവും ഉയർന്ന സംവിധാനമെന്ന നിലയിൽ സംഘടിത സകാത് നിർവഹണം വ്യാപകമായി പ്രായോഗികമാക്കുകയാണ് വേണ്ടതെന്ന് അമീർ പറഞ്ഞു. അത് എല്ലാ വിഭാഗം ജനങ്ങൾക്കും സാമൂഹികമായ സൗരഭ്യമായി മാറുന്ന ഒന്നാണെന്നും അമീർ പറഞ്ഞു.
ബൈത്തുസ്സകാത് കേരളയുടെ വാർഷിക റിപ്പോർട്ട് പ്രകാശനം കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഹാഫിദ് അനസ് മൗലവി ഏറ്റുവാങ്ങി. ബൈത്തുസ്സകാത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷതവഹിച്ചു. കേരള വഖഫ് ബോർഡ് മെംബർ അഡ്വ. പി.വി. സൈനുദ്ദീൻ, ഹദീസ് പണ്ഡിതൻ മുഫ്തി അമീൻ മാഹി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് പി.ടി.പി. സാജിദ, പി.കെ. മുഹമ്മദ് സാജിദ് നദ്വി എന്നിവർ സംസാരിച്ചു. യു.പി. സിദ്ദീഖ് സ്വാഗതവും സി.പി. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.