സീബ്രാലൈൻ കാര്യക്ഷമമല്ല; കോടതി ഉത്തരവുകൾ അവഗണിക്കപ്പെടുന്നു, പൊതുമരാമത്ത് സെക്രട്ടറിയും ഡി.ജി.പിയും ഹാജരാകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈൻ സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച് വിശദീകരിക്കാൻ പൊതുമരാമത്ത് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ട്രാഫിക് ഐ.ജിയും ഓൺലൈൻ മുഖേന നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി.
നിരന്തരം കോടതി ഉത്തരവുകളുണ്ടായിട്ടും കാര്യക്ഷമമായ സീബ്രാലൈൻ സംവിധാനം നടപ്പാക്കുകയോ നിയമം കൊണ്ടുവരുകയോ ചെയ്യാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. സീബ്രാലൈനിൽ അപകടത്തിൽ മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് 48.3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന തലശ്ശേരി മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്ത് ഇൻഷുറൻസ് കമ്പനി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സീബ്രാലൈൻ കാര്യക്ഷമമായി നടപ്പാക്കുന്നത് സംബന്ധിച്ച് 2023 ജനുവരി 25ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, മാസങ്ങളേറെ കഴിഞ്ഞിട്ടും നടപ്പാക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പോലും വേണ്ടയിടങ്ങളിൽ ഇല്ല. ഉള്ളിടത്ത് തന്നെ ശരിയായി സ്ഥാപിച്ചിട്ടുമില്ല. അതിനാൽ, ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുമായി കോടതിക്ക് കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശിച്ചത്. ഒക്ടോബർ ആറിന് വീണ്ടും ഹരജി പരിഗണിക്കുമ്പോഴാണ് ഓൺലൈൻവഴി ഹാജരാകേണ്ടത്.
കോടതി ഉത്തരവ് പ്രകാരം നടപടികൾ സ്വീകരിച്ചെങ്കിലും സംസ്ഥാനത്ത് നിലനിൽക്കുന്ന ഗതാഗത സംസ്കാരമാണ് ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തടസ്സമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.