സിക പ്രതിരോധ പ്രവര്‍ത്തനം ശക്തം -മന്ത്രി വീണാ ജോർജ്
text_fieldsതിരുവനന്തപുരം: തലശ്ശേരി ജില്ല കോടതിയില്‍ സിക രോഗം സ്ഥിരീകരിച്ചപ്പോള്‍തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
എട്ട് സിക കേസാണ് സ്ഥിരീകരിച്ചത്. പ്രദേശത്തെ ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിച്ചുവരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശവും മാര്‍ഗനിർദേശങ്ങളും നല്കി.
ഒക്ടോബര്‍ 30ന് ആദ്യ സിക കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31ന് ജില്ല മെഡിക്കല്‍ ഓഫിസറും ജില്ല ആര്.ആര്.ടി സംഘവും പ്രദേശം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. നവംബര്‍ ഒന്നിന് ജില്ല കോടതിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അതില്‍ 55 പേര് പങ്കെടുത്തു. 24 സാമ്പ്ള്‍ പരിശോധനക്ക് അയച്ചു. നവംബര്‍ രണ്ടിന് കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നും വിദഗ്ധ മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിച്ചു.
സിക വൈറസ് പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഫോഗിങ്, സ്പ്രേയിങ് എന്നിവ നടത്തി.
ഉറവിട നശീകരണ ഭാഗമായി ലാര്‍വ സര്‍വേ നടത്തി. ഈഡിസ് ലാര്‍വകളെയും കൊതുകുകളെയും ശേഖരിച്ച് സംസ്ഥാന എന്റമോളജി വിഭാഗത്തിലേക്ക് അയച്ചു. കോടതിക്ക് പുറത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ 104 വീടുകള്‍ സന്ദര്‍ശിച്ചു.
ഈഡിസ് കൊതുക് പരത്തുന്ന രോഗമാണ് സിക. ആശങ്കപ്പെടേണ്ട കാര്യമില്ല. ജാഗ്രതയാണ് വേണ്ടത്. സാധാരണ ഇതു കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് മൈക്രോ കെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.