സുബൈർ വധം: കെ. സുരേന്ദ്രന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പോപുലർ ഫ്രണ്ട്
text_fieldsകൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ പോപുലർ ഫ്രണ്ട് ഏരിയ പ്രസിഡന്‍റ് എ. സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പങ്ക് അന്വേഷിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആസൂത്രിത കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി നേതാക്കളുടെ ഗൂഢാലോചനയുണ്ട്.
സുബൈർ കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് പാലക്കാട് എത്തിയ സുരേന്ദ്രൻ ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ രഹസ്യയോഗത്തിൽ പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ ഗൂഢാലോചന നടന്നുവെന്ന് കാട്ടി സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ സുരേന്ദ്രനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്‍റെ കൊലപാതകത്തിന് മുമ്പ് സമാനരീതിയിൽ ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഗൂഢാലോചനയും പരസ്യമായ കൊലപാതക ആഹ്വാനവും നടന്നിരുന്നു. ഇത് തെളിവുകൾ സഹിതം പുറത്തുവന്നിട്ടും അന്വേഷിക്കാത്തത് പൊലീസ് തുടരുന്ന ആർ.എസ്.എസ് വിധേയത്വത്തിന്‍റെ തുടർച്ചയാണ്.
പാലക്കാട് ശ്രീനിവാസന്‍റെ കൊലപാതകം നടക്കുമ്പോൾ തങ്ങളുടെ പ്രവർത്തകരെല്ലാം സുബൈറിന്‍റെ മൃതദേഹം കിടന്ന ആശുപത്രി പരിസരത്തായിരുന്നു. കൊലപാതകത്തിന് പിന്നിലുള്ളവരെ സംബന്ധിച്ച് അറിയില്ലെന്നും അന്വേഷണത്തിലൂടെ കൊലയാളികളെ പുറത്തുകൊണ്ടുവരണമെന്നും അബ്ദുൽ സത്താർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി സി.എ. റഊഫ്, ജില്ല പ്രസിഡന്‍റുമാരായ വി.കെ. സലീം, കെ.എസ്. നൗഷാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.