സുബൈർ വധം: കാർ വാടകക്ക് എടുത്തയാളടക്കം മൂന്നുപേർ പിടിയിൽ
text_fieldsപാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിലായി. ആറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് പിടിയിലായത്. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ ഇവർ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന് സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. തിങ്കളാഴ്ച പിടിയിലായ മൂവരെയും പൊലീസ് ക്യാമ്പിൽ വെച്ച് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച കാർ അലിയാറിൽനിന്ന് വാടകക്ക് എടുത്തയാളാണ് പിടിയിലായ പാറ സ്വദേശി രമേശ്.
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരെയാണ് കസബ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്. സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവർ എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ എരട്ടക്കുളത്ത് വെച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. റിമാൻഡിലായിരുന്ന ഇവർ ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
പ്രതികൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാറ എന്ന സ്ഥലത്തുനിന്നാണ് കൊല നടത്താനായി കാറിൽ പുറപ്പെട്ടതെന്നാണ് വിവരം. ഉച്ചക്ക് ഒന്നേമുക്കാലിനാണ് കൊല നടന്നത്. തുടർന്ന് വന്നവഴിക്ക് തന്നെ മടങ്ങിയ പ്രതികളിൽ നാലുപേരെ വഴിയിൽ ഇറക്കിയശേഷം രമേശ് കാർ കഞ്ചിക്കോടിനുസമീപം വ്യവസായ കേന്ദ്രത്തിൽ ഉപേക്ഷിച്ചെന്നാണ് സൂചന.
സുബൈറിന്‍റെ ശരീരത്തിൽ 50ലധികം വെട്ടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്ന് രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.