തെറ്റായ വാർത്ത: മായിൻഹാജിക്കെതിരെ സമസ്ത
text_fieldsകോഴിക്കോട്: സുന്നി യുവജന സംഘത്തെക്കുറിച്ച് അപകീർത്തിയുണ്ടാക്കുംവിധം പത്രത്തിൽ വാർത്ത നൽകിയതിന് മുസ്ലിംലീഗ് നേതാവിനെതിരെ സമസ്ത. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും സുന്നി നേതാവുമായ എം.സി. മായിൻ ഹാജിയോടാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരണം തേടിയത്. വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിെൻറ ബ്യൂറോ ചീഫ് തന്നെ, വിവരം നൽകിയത് മായിൻ ഹാജിയാണെന്ന് രേഖാമൂലം സമസ്തയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
പെരിന്തൽമണ്ണ എം.ഇ.എ എൻജി. കോളജിൽ ചേർന്ന സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇടതു സർക്കാറിനെ മഹത്വവത്കരിച്ച് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ പ്രസംഗം അംഗങ്ങൾ തടസ്സപ്പെടുത്തിയതായി മാർച്ച് 19ന് ‘തേജസ്’ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എൽ.ഡി.എഫ് സർക്കാർ സുന്നികളെ സഹായിക്കുന്നുവെന്ന് ഫൈസി പ്രസംഗിച്ചപ്പോൾ സദസ്സ് ഒന്നടങ്കം രംഗത്തുവന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇതിനെ തുടർന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയായ ഫൈസിക്ക് പ്രസംഗം നിർത്തേണ്ടിവന്നുവെന്നും വാർത്തയിൽ പറഞ്ഞിരുന്നു. ഇൗ വാർത്തക്കെതിരെ എസ്.വൈ.എസ്. സംസ്ഥാന നേതൃത്വം രംഗത്തുവന്നു.
ഹമീദ് ഫൈസിയെ ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച വാർത്ത കെട്ടിച്ചമച്ചതും അവാസ്തവവുമാണെന്ന് സംഘടന പ്രസ്താവനയിറക്കി. ഒരു അപസ്വരവുമുണ്ടാവാത്ത കൗൺസിൽ യോഗത്തെക്കുറിച്ച് തെറ്റായി നൽകിയ വാർത്ത തിരുത്തി പ്രസിദ്ധീകരിക്കുകയും എഴുതിയ റിപ്പോർട്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും വേണമെന്ന് നേതൃത്വം ആവശ്യപ്പെടുകയുണ്ടായി. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. ഹമീദ് ഫൈസിയും പത്രത്തിനെതിരെ വ്യക്തിപരമായി വക്കീൽ നോട്ടീസയച്ചിരുന്നു. ഇതിനെ തുടർന്ന് പത്രത്തിെൻറ മലപ്പുറം ബ്യൂറോ ചീഫ് തെറ്റായ വാർത്ത നൽകിയതിൽ ക്ഷമാപണം നടത്തി സമസ്ത പ്രസിഡൻറിന് കത്ത് നൽകി. ലീഗ് നേതാവ് എം.സി. മായിൻ ഹാജി ഫോണിൽ തന്ന വാർത്തയാണ് ഇതെന്നായിരുന്നു വിശദീകരണം. മായിൻ ഹാജി മുമ്പുതന്ന വാർത്തകൾ കൊടുത്തതിെൻറ പേരിൽ പ്രശ്നമൊന്നും ഉണ്ടാവാത്തതിനാലാണ് കൂടുതൽ അന്വേഷണം നടത്താതിരുന്നത്. ഇക്കാര്യത്തിൽ തെൻറ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റ് മാപ്പാക്കണമെന്നും കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങരുതെന്നും കത്തിൽ അപേക്ഷിച്ചു. ക്ഷമാപണ കത്ത് ലഭിച്ച ശേഷമാണ് സമസ്ത പ്രസിഡൻറ് , മായിൻ ഹാജിയോട് വിശദീകരണം തേടിയത്. എന്നാൽ, മായിൻ ഹാജി എല്ലാം നിഷേധിക്കുകയാണ്. നിഷേധിച്ചാൽ പോര ഇൗ വിഷയത്തിൽ ശരിയായ രീതിയിൽ തീർപ്പുണ്ടാവണമെന്ന് ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗിൽ സമസ്തയുടെ ശക്തനായ വക്താവായറിയപ്പെടുന്ന മായിൻഹാജി കുറച്ചുകാലമായി എസ്.വൈ.എസ് നേതാക്കളുമായി ശീതസമരത്തിലാണത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.