‘പട്ടിണി കിടന്ന് മടുത്തു; മരിക്കാൻ അനുവദിക്കണം’
text_fieldsതൃശൂർ: ‘സർ, ഇനിയും അവഗണനയോടെ ജീവിക്കുന്നതിൽ അർഥമില്ല. അന്തസ്സോടെ മരിക്കാൻ എനിക്ക് ദയാവധം അനുവദിക്കണം’. സംസ്ഥാനത്ത് ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്നും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ തൃപ്രയാർ എടമുട്ടം സ്വദേശി സുജി (സുജിത്കുമാർ) തൃശൂർ കലക്ടർക്ക് നൽകിയ അപേക്ഷയിലെ വാക്കുകളാണിത്.
അച്ഛനും അമ്മയും മരിച്ചു. മൂന്ന് സഹോദരങ്ങളുണ്ടെങ്കിലും ട്രാൻസ്ജെൻഡർ ആയതിനാൽ എല്ലാവരും ഒറ്റപ്പെടുത്തി. മക്കളെ പോലെ വളർത്തുന്ന നായ്ക്കളും പൂച്ചകളുമൊക്കെയാണ് കൂട്ടിന്. 1989ൽ ബി.എസ്സി നഴ്സിങ് ബിരുദം നേടി. മൂന്ന് പതിറ്റാേണ്ടാളമായി ജോലിക്ക് അലയുന്നു. പല തവണ കലക്ടർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. മിക്ക ദിവസവും പട്ടിണിയിലാണ്. ഒറ്റപ്പെടൽ വലിയ വേദനയാണ്. പട്ടിണി കിടന്ന് മടുത്തു. അന്തസ്സോടെ മരിക്കാൻ അനുവദിക്കണം. ഉടൻ തീയതി തീരുമാനിക്കണം -കലക്ടർ ഡോ. എ. കൗശിഗന് നൽകിയ അപേക്ഷയിൽ സുജി വ്യക്തമാക്കി.
കൊച്ചി മെട്രോയിൽ ജോലിക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. പ്രായപരിധി കഴിഞ്ഞതിനാൽ പി.എസ്.സി മുഖേനയുള്ള നിയമനങ്ങൾക്ക് അപേക്ഷിക്കാനാകില്ല. നഴ്സിങ് പഠനം പൂർത്തിയായെങ്കിലും ആശുപത്രികൾ പരിഗണിക്കുന്നില്ല. കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിനോട് മലയാളി കാണിക്കുന്ന അവഗണന ജനം തിരിച്ചറിയണം.
അവഗണന സഹിക്കുന്നതിനെക്കാൾ നല്ലത് അന്തസ്സോടെയുള്ള മരണമാണ്. ദയാവധത്തിന് നിയമസാധുത നൽകി അടുത്തിടെ സുപ്രീംകോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് കലക്ടർക്ക് ഇങ്ങനെയൊരു അപേക്ഷ നൽകാൻ തീരുമാനിച്ചതെന്ന് സുജി പറയുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് സുജിത്കുമാർ എന്ന സുജി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ വോട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.