'അദ്ദേഹമായിരുന്നു പൊലീസ് അക്കാദമിയിൽ എന്നെത്തേടിയെത്തിയിരുന്ന ഒരേയൊരു സന്ദർശകൻ'
text_fieldsആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയൊരു പെൺകുട്ടി. ഞാനുണ്ട് കൂടെയെന്ന് കൈപിടിച്ച് കൂടെ വന്നൊരാൾ... പ്രതിസന്ധികളുടെ കനൽപഥങ്ങൾ താണ്ടി എസ്. െഎയായി മാറിയ ആനി ശിവയുടെയും ഷാജി എന്ന കെ.എസ്.ആർ.ടി.സി ഡ്രൈവറുടെയും ആത്മബന്ധത്തിെൻറ കഥ...
പത്തുവർഷം മുമ്പൊരു സാധാരണ ദിനം. അന്നാണ് അത്യസാധാരണമായ ആ കൂടിക്കാഴ്ച അരങ്ങേറിയത്. ഒരു സാധാരണ മനുഷ്യനും അസാധാരണ സാഹചര്യങ്ങളുടെ നടുവിൽ ജീവിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയും കണ്ടുമുട്ടിയ ദിനം. അന്ന് അവരെ ഈ ലോകത്തിനറിയില്ലായിരുന്നു, എന്നാൽ ഋതുക്കൾക്കും കാലങ്ങൾക്കുമിപ്പുറം ആ പെൺകുട്ടിയുടെ ജീവിതം മാറിമറിഞ്ഞു. ഇന്ന് അവളെയും അവൾക്കൊരു പുനർജന്മം നൽകിയ ആ മനുഷ്യനെയും മലയാളികൾ അറിയും.
ഇത് ആനി ശിവ എന്ന വനിത സബ് ഇൻസ്പെക്ടറുടെയും ഷാജി എസ്.വിയെന്ന കെ.എസ്.ആർ.ടി.സി ഡ്രൈവറുടെയും കഥ, അല്ല ജീവിതമാണ്. തിളച്ചുരുകിയ ഇന്നലെകളിൽനിന്ന് പാകപ്പെട്ട് ഉരുക്കിെൻറ കരുത്തുമായി ആനി ശിവ നമുക്കു മുന്നിൽ വിടർന്നു ചിരിക്കുമ്പോൾ, ഈ ലോകത്തേറ്റവും സന്തോഷിക്കുന്നത് ഷാജിയേട്ടൻ എന്ന ആനിയുടെ ചങ്ക് ബ്രോയാണ്.
2007ൽ ഡിഗ്രിക്കു പഠിക്കുമ്പോൾ വീട്ടുകാരുടെ എതിർപ്പ് മാനിക്കാതെ സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോയപ്പോൾ നെയ്യാറ്റിൻകരക്കടുത്ത് കാഞ്ഞിരംകുളം സ്വദേശിയായ ആനി ഒരിക്കലും വിചാരിച്ചില്ല, തെൻറ ജീവിതം ഇതോടെ മാറിമറിയുമെന്ന്. 2009ൽ മോൻ ജനിച്ച് എട്ടു മാസമാവുംമുമ്പേ ആ ബന്ധത്തിൽ വിള്ളൽ വീണു, അവിടെനിന്നിറങ്ങേണ്ടി വന്നു. ൈകക്കുഞ്ഞിനെയുമെടുത്ത് സ്വന്തം വീട്ടിലേക്കുപോയ അവളെ കാത്തിരുന്നത് അച്ഛെൻറ ഉഗ്രശാസനയാണ്.
വീട്ടുകാരെ ഉപേക്ഷിച്ചുപോയ നിന്നെ തങ്ങൾക്കിനി വേണ്ടെന്നു പറഞ്ഞ അച്ഛൻ അവളെ ജീവിച്ചുകാണിക്കാനായി വെല്ലുവിളിച്ചു. മകൾ ഐ.പി.എസുകാരിയായി മുന്നിൽനിൽക്കുന്നതായിരുന്നു അയാളുടെ സ്വപ്നം. ഹൃദയത്തിനേറ്റ മുറിവുകളിൽ പുരട്ടിയ ഉപ്പുമായി അവൾ നിറഞ്ഞ മിഴികളോടെ അവിടെ നിന്നിറങ്ങി. പിന്നീടുള്ള ആനി ശിവയുടെ ജീവിതം ഒരു പോരാട്ടമായിരുന്നു.
പിഞ്ചുകുഞ്ഞിനെയെടുത്ത് അവൾ ചെയ്യാത്ത ജോലികളില്ല, മുട്ടാത്ത വാതിലുകളില്ല. ആരോരുമില്ലാത്തവരായതുകൊണ്ടുതന്നെ ചൂഷണങ്ങളും അവഗണനകളും ഏറെ അനുഭവിച്ചു. ഇൻഷുറൻസ് ഏജൻറ്, ഡോർ ടു ഡോർ ഡെലിവറി ഏജൻറ്, കറിപൗഡർ, സോപ്പ് തുടങ്ങിയവയുടെ വിൽപന എന്നിങ്ങനെ രണ്ടു വയറുകൾ വിശക്കാതിരിക്കാൻ പല വേഷവും കെട്ടി. ഇതിനിടയിലെേപ്പാഴൊക്കെയോ, ജീവിതത്തോടുള്ള സകല പ്രതീക്ഷയും നഷ്ടപ്പെട്ട് ജീവനൊടുക്കാനുള്ള ശ്രമങ്ങളുമുണ്ടായി. എന്നാൽ, അതെല്ലാം പരാജയങ്ങളായി മാറി. റെയിൽവേ സ്റ്റേഷനിൽപോലും കുഞ്ഞിനെയെടുത്ത് അന്തിയുറങ്ങി.
കുടുംബമില്ല, മുതിർന്നവർ ആരും ഒപ്പമില്ല, ഒരു കൊച്ചു പെണ്ണിനും കുട്ടിക്കും വീടു കൊടുക്കുമ്പോൾ എന്തു വിശ്വസിച്ചു നൽകും എന്നിങ്ങനെ യാഥാസ്ഥിതിക കാരണങ്ങളാൽ ഒരു വാടക വീടുപോലും നൽകാൻ പലരും തയാറായില്ല. വല്ല വിധേനയും വീടൊപ്പിച്ച് താമസം തുടങ്ങി, ഏറെ കാലമാവുമ്പോഴേക്കും അതേ കാരണങ്ങളാൽതന്നെ നിർദയം ഇറക്കിവിടും. ആരോരുമില്ലാത്ത പെണ്ണിനെ ഉപദ്രവിക്കാൻ കരങ്ങൾ വേറെയും നീണ്ടപ്പോൾ അവൾ തെൻറ നീണ്ട മുടി മുറിച്ച് ആൺരൂപത്തിലേക്ക് തന്നെ പറിച്ചുനട്ടു.
ദൈവനിശ്ചയംപോലൊരു കൂടിച്ചേരൽ
ദൈവനിശ്ചയമായിരുന്നു ആ കണ്ടുമുട്ടൽ എന്നാണ് ആ ദിനത്തെക്കുറിച്ച് ആനിക്കും ഷാജിക്കും പറയാനുള്ളത്. ഒരു റേഷൻ കാർഡിെൻറ ആവശ്യത്തിനായി ഷാജിയുടെ ഭാര്യ ബിന്ദുവിെൻറ സുഹൃത്തു വഴിയാണ് ആനി അദ്ദേഹത്തെ തേടിയെത്തുന്നത്. പലതവണ പല ആവശ്യങ്ങൾക്കായി പല ഓഫിസുകളിൽ കയറിയിറങ്ങിയിട്ടും ചെറിയ പെൺകുട്ടിയായതുകൊണ്ടും കൂടെയാളില്ലാത്തതുകൊണ്ടും അവൾ നിരന്തരം അവഗണിക്കപ്പെട്ടിട്ടുണ്ട്. ഇതറിഞ്ഞ ഷാജി റേഷൻകാർഡ് ശരിയാക്കിക്കൊടുക്കുകയും ചെയ്തു. പിന്നീട് ദിവസങ്ങൾക്കിപ്പുറം കണ്ടപ്പോഴാണ് അവളുടെ ഉള്ളിൽ തിളച്ചുമറിയുന്ന അഗ്നിപർവതത്തി
െൻറ ചെറുതരി ഷാജി കണ്ടത്. ഒരാളോടുപോലും സംസാരിക്കാനില്ലാതെ ദുരിതത്തിെൻറ നാളുകളും ആഴ്ചകളും തള്ളിനീക്കിയ ആനി, ഷാജിക്കു മുന്നിൽ ഒരു മലവെള്ളപ്പാച്ചിൽപോലെ മനസ്സ് തുറന്നു. ജീവിതത്തിലന്നോളം കേട്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെയാണ് 20 വയസ്സുപോലും തികയാത്ത അവളും മകനും കടന്നുപോവുന്നതെന്നറിഞ്ഞ ഷാജി പിതൃവാത്സല്യത്തോടെ അന്നവൾക്കൊരു വാക്കുകൊടുത്തു; പേടിക്കേണ്ട, ഞാനുണ്ട് കൂടെ, എല്ലാം ശരിയാവും.
അന്നുമുതൽ അവർ പരസ്പരം കുടുംബാംഗങ്ങളാവുകയായിരുന്നു. ആനി തളരുമ്പോഴൊക്കെ താങ്ങും തണലുമായി ഷാജി കൂടെ നിന്നു. വീടുൾെപ്പടെ പല കാര്യങ്ങളും ശരിയാക്കിക്കൊടുത്തു, വീട്ടിൽനിന്നിറങ്ങിയപ്പോൾ ഒരു തിരിച്ചറിയൽ കാർഡ് പോലും കൈയിലില്ലാതിരുന്ന ആനിക്ക് പാസ്പോർട്ട് ഉൾെപ്പടെ എല്ലാ രേഖകളും സംഘടിപ്പിച്ചുനൽകി. 2014ൽ പി.എസ്.സി ആദ്യമായി വനിത എസ്.ഐ പരീക്ഷയുടെ വിജ്ഞാപനം ഇറക്കിയതറിഞ്ഞ് അദ്ദേഹം അവളോട് പരീക്ഷയെഴുതാൻ പറഞ്ഞു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയ ആനിയോട് അന്നയാൾ പറഞ്ഞൊരു വാചകമുണ്ട്; ''മോളിപ്പോൾ ഈ പരീക്ഷയെഴുതി കിട്ടിയാൽ കുറഞ്ഞ പ്രായത്തിൽതന്നെ എസ്.ഐ ആവാം, പ്രായവും പരിചയവും കൂടുന്തോറും പ്രമോഷൻ കിട്ടും, വിരമിക്കുംമുമ്പ് കൺഫേഡ് ഐ.പി.എസുമാവാം... അതുകൊണ്ട് നിനക്ക് നിെൻറ അച്ഛെൻറ മുന്നിൽ പോയി നിൽക്കാമല്ലോ.''
ആ വാക്കുകളാണ് ആനിയുടെ ജീവിതത്തിൽ പുതിയൊരു വഴിവെളിച്ചം തെളിച്ചത്. ഷാജിതന്നെ തിരുവനന്തപുരത്തെ ലക്ഷ്യ പി.എസ്.സി കോച്ചിങ് സെൻററിൽ കൊണ്ടുപോയി ചേർത്തു. നെയ്യാറ്റിൻകര കോടതി ജീവനക്കാരിയായ ഭാര്യ ബിന്ദുവിെൻറ പഴയ പി.എസ്.സി പഠന ഗൈഡുകളുൾെപ്പടെ നൽകി, ഒപ്പം തെൻറ പഴയൊരു കവാസാക്കി ബൈക്കും.
ക്ലാസിൽ പോവുമ്പോൾ മകനെ സ്കൂളിൽ കൊണ്ടുവിടും, വൈകീട്ട് രണ്ടു പേരും തിരിച്ചുവരും, പിന്നെ ആനിക്ക് കഠിനാധ്വാനത്തിെൻറയും ഉറക്കമില്ലായ്മയുടെയും മണിക്കൂറുകളായിരുന്നു. ലക്ഷ്യം ഒന്നു മാത്രമായിരുന്നു, എങ്ങനെെയങ്കിലും ലിസ്റ്റിൽ ഇടംപിടിക്കുക. അതിനായി മുന്നിലുണ്ടായിരുന്ന സമയമോ വെറും ഒന്നരമാസവും. അതുകൊണ്ടുതന്നെ ഒരു നിമിഷംപോലും വെറുതെയിരുന്നില്ലെന്നും ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച നാളുകളായിരുന്നു അതെന്നും അവർ ഓർക്കുന്നു.
അമ്മ പഠിക്കുമ്പോൾ ഒരു വാക്കുകൊണ്ടുപോലും ശല്യപ്പെടുത്താതെ സൂര്യശിവ എന്ന ആനിയുടെ ചൂയിക്കുട്ടൻ കട്ട സപ്പോർട്ട് നൽകി. കുഞ്ഞുപ്രായത്തിൽ 'ദൈവതിരുമകൾ' എന്ന തമിഴ് ചിത്രം കണ്ടാണ് സൂര്യശിവ അമ്മയെ അപ്പ എന്നു വിളിക്കാൻ തുടങ്ങിയത്, പിന്നെയതൊരു ശീലമായി. ഇന്നും ആനി ചൂയിക്കുട്ടെൻറ അപ്പയാണ്. ഇരുവരെയും കാണുമ്പോൾ ചേട്ടനും അനിയനുമാണെന്നായിരുന്നു പലരുടെയും ധാരണ.
എസ്.ഐ ടെസ്റ്റിനു പിന്നാെല വനിത കോൺസ്റ്റബിൾ പരീക്ഷയും ആനി എഴുതി, ഇതിെൻറ ഫലം ആദ്യം വന്നപ്പോൾ പട്ടികയിലുണ്ട്. അങ്ങനെയാണ് 2016ൽ യൂനിഫോം അണിയുന്നത്. 2019ൽ അവൾ ഏറെ കൊതിച്ച ആ വാർത്ത തേടിയെത്തി, ആനി ശിവ എസ്.ഐ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നു!
2019ൽ ആ നിയമന ഉത്തരവ് കൈയിൽ കിട്ടിയപ്പോൾപോലും ഷാജിേയട്ടൻ തുറന്നാൽ മതിയെന്നു പറഞ്ഞ് കാത്തുവെച്ചിരിക്കുകയായിരുന്നു ആനി. ആ ഉത്തരവ് കൈയിൽപിടിച്ച് അരമണിക്കൂറോളം ഇരുവരും പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഇതിനിടെ പലതവണ സ്വന്തം അച്ഛനോട് കഴിഞ്ഞതിെനല്ലാം ക്ഷമ ചോദിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല, ഒടുവിൽ എസ്.ഐ ട്രെയിനിങ്ങിനായി തൃശൂർ പൊലീസ് അക്കാദമിയിലേക്ക് പോവുംമുമ്പ് കുഞ്ഞിനെ വീട്ടിൽ നിർത്താൻ ചെന്നപ്പോൾ വീണ്ടും അപമാനിച്ച് ഇറക്കിവിട്ടു; അന്ന് അവളുടെ അമ്മയും കൂടെയിറങ്ങിയിരുന്നു. ഇന്നും അമ്മ ആനിക്കൊപ്പമുണ്ട്.
ഒരേയൊരു സന്ദർശകൻ
പൊലീസ് അക്കാദമിയിലെ ട്രെയിനിങ് സമയത്ത് ഓരോ ആഴ്ചയും സുഹൃത്തുക്കളെ തേടി ബന്ധുമിത്രാദികൾ കൂട്ടത്തോടെയെത്തുമ്പോൾ ആരും കാണാതെ ഒരു മൂലയിൽ പോയി ഫോണിൽ നോക്കിക്കൊണ്ടിരിക്കാറാണ് പതിവ്. അവൾക്ക് ആകെ ഒരു സന്ദർശകൻ മാത്രമേ ഉണ്ടാവാറുള്ളൂ, അത് ഷാജിയാണ്. എല്ലാ ആഴ്ചയും തിരുവനന്തപുരത്തുനിന്ന് സ്വന്തം മകളെ കാണാനെന്നപോലെ അദ്ദേഹം തൃശൂരെത്തി. ഒടുവിൽ 2019 ജൂലൈയിൽ നടന്ന പാസിങ്ഔട്ട് പരേഡിനുശേഷം ചുമലിൽ തൂക്കാനുള്ള നക്ഷത്രങ്ങളുമായി രണ്ടു ദിവസം അവൾ ഷാജിയെ കാത്തിരുന്നു. അദ്ദേഹമല്ലാതെ മറ്റാരാണ് എനിക്ക് സ്റ്റാർ വെച്ചു നൽകാൻ അർഹൻ എന്നായിരുന്നു അവളുടെ ചോദ്യം.
പരിശീലനശേഷം എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയത്. അതിനുശേഷം വർക്കല സ്റ്റേഷനിൽ എസ്.ഐയായി ആദ്യനിയമനം. 2021 ജൂൺ അവസാന വാരം അവിടെ ചുമതലയേറ്റ് സി.ഐക്കൊപ്പം പട്രോളിങ്ങിനിറങ്ങിയ അവർ വർക്കല ബീച്ചിനടുത്തുമെത്തി. ''ഇതാണ് വർക്കല ബീച്ച്, നല്ല ശാന്തസുന്ദരമായ സ്ഥലമാണ്'' -സി.ഐ പരിചയപ്പെടുത്തിയപ്പോൾ അവൾ നൽകിയ മറുപടി കേട്ട് അദ്ദേഹം അമ്പരന്നുപോയി. ''എനിക്കറിയാം സർ, പത്തു കൊല്ലം മുമ്പ് ഇവിടെ ഞാൻ നാരങ്ങവെള്ളവും ഐസ്ക്രീമുമൊക്കെ വിറ്റിട്ടുണ്ട്'' എന്നായിരുന്നു അവളുടെ വാക്കുകൾ.
അന്നു രാത്രി ആനി ശിവ തെൻറ ഫേസ്ബുക്കിൽ കുറിച്ചു: ''10 വർഷങ്ങൾക്കുമുമ്പ് വർക്കല ശിവഗിരി തീർഥാടനത്തിന് ഐസ്ക്രീമും നാരങ്ങവെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് ഞാൻ ഇന്ന് സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്. ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക.'' ആ പോസ്റ്റിനു പിന്നാലെയാണ് ആനി ശിവയുടെ ജീവിതം ലോകമറിഞ്ഞത്. വർക്കലയിൽ ചാർജെടുത്ത് ദിവസങ്ങൾക്കകം അവർക്ക് തിരികെ എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടി.
ഗുരുവും വഴികാട്ടിയും
ആനി ശിവക്ക് ഷാജിയെന്നാൽ അച്ഛനാണ്, ചേട്ടനാണ്, ഗുരുവും വഴികാട്ടിയുമാണ്. ഷാജിക്ക് തിരിച്ചും അങ്ങനെതന്നെ; തെൻറ രണ്ടു പെൺമക്കൾക്കു നൽകിയ അതേ സ്നേഹവും കരുതലും അദ്ദേഹം ആനിക്കുനേരെയും നീട്ടി. അതൊരു ദൈവനിശ്ചയമായിരുന്നുവെന്നാണ് ഷാജിക്ക് പറയാനുള്ളത്. ഷാജിച്ചേട്ടനെ കണ്ടില്ലായിരുന്നെങ്കിൽ തെൻറ ജീവിതം ഇങ്ങനെയാവില്ലായിരുന്നുവെന്ന് ആനിയും പറയും. ആനിയുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞപ്പോൾ വഴിയിലുപേക്ഷിച്ചുപോവാനായില്ലെന്ന് ഷാജിയുടെ വാക്കുകൾ.
മണ്ണിനടിയിൽ കിടന്ന ഒരു സ്വർണവാളായിരുന്നു ആനി ശിവ, താനത് എടുത്ത് പൊടി തട്ടി തേച്ചുമിനുക്കി, അത്രയേ ചെയ്തിട്ടുള്ളൂവെന്ന് പറയുമ്പോൾ ആ വാക്കുകളിൽ വിനയം നിറഞ്ഞിരുന്നു. മകളെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആനിയുടെ അച്ഛനോടും ഷാജി പലതവണ സംസാരിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
നെയ്യാറ്റിൻകര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവറായ ഷാജിയുടെ ഊരാട്ടുകാലയിലെ ചിലങ്ക എന്ന വീട്ടിലും ആനി ഇടക്കെത്താറുണ്ട്. അദ്ദേഹത്തിെൻറ ഭാര്യ ബിന്ദു ഷാജിക്കും മക്കളായ തീർഥ വി. ഷാജി (ബിരുദ വിദ്യാർഥിനി), ശ്രദ്ധ വി. ഷാജി (പ്ലസ് ടു വിദ്യാർഥിനി) എന്നിവർക്കും ആനി കുടുംബാംഗത്തെ പോലെയാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.