‘യു.എ.ഇ കണ്ട സന്തോഷത്തിൽ കുറുമ്പ, ഉമ്മക്ക് നൽകിയ വാക്ക് പാലിച്ച് അസീസ്’
text_fieldsഇത്തവണ കുറുമ്പയുടെ ബലിപെരുന്നാൾ ആഘോഷം യു.എ.ഇയിലെ അബൂദബിയിലായിരുന്നു. മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന ഗ്രാമത്തിൽ നിന്നെത്തി ഇവിടെ പെരുന്നാൾ ആഘോഷിക്കുമ്പോൾ കുറുമ്പയുടെ മനസ്സിൽ അലയടിച്ചത് അതിരില്ലാത്ത സന്തോഷം. പുതുവസ്ത്രമണിഞ്ഞും രുചിയേറും ഭക്ഷണം കഴിച്ചുമെല്ലാം അവർ ആഹ്ലാദം പങ്കിട്ടു.
തന്‍റെ നാട്ടുകാരനും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ അസീസ് കാളിയാടനാണ് കുറുമ്പയെ പ്രവാസലോകത്തിന്‍റെ സ്നേഹോഷ്മളതയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വിദ്വേഷ പ്രചാരണങ്ങളുമായി ഒരു നാടിനെ കൊലക്കളമാക്കി മാറ്റാൻ ശ്രമിക്കുന്നവർക്കിടയിൽ, കേരളത്തിന്‍റെയും മലപ്പുറത്തിന്‍റെയും മതസൗഹാർദ പാരമ്പര്യത്തിന്‍റെ ആത്മബന്ധം ഊട്ടിയുറപ്പിക്കുകയാണ് കുറുമ്പയുടെയും അസീസ് കാളിയാടന്‍റെയും ജീവിതകഥ.
പോറ്റി വളർത്തിയവർ
നിളയുടെ തീരത്ത് മാമാങ്ക ചരിത്രത്തിന്‍റെ പെരുമ തീർക്കുന്ന നാടാണ് തിരുനാവായ. ഇതിനു സമീപത്തെ എടക്കുളത്താണ് അസീസും കുറുമ്പയും ജനിച്ചുവളർന്നത്. അസീസിന്‍റെ മാതാപിതാക്കളായ കാളിയാടൻ മൊയ്തീനും ആയിശക്കുട്ടിക്കും 14 മക്കളാണ്.
ഇതിൽ നാലുപേർ ചെറുപ്പത്തിൽതന്നെ മരിച്ചു. ബാക്കിയുള്ളവരെ താലോലിച്ച് വളർത്തിയതും പരിപാലിച്ചതുമെല്ലാം നാട്ടുകാരിയും അയൽവാസിയുമായ കറുപ്പിയും അവരുടെ മകൾ കുറുമ്പയുമാണ്. അന്നുമുതൽ ഇഴചേർന്ന ബന്ധമാണ് ഇന്ന് കടൽകടന്ന് അബൂദബിയിലെത്തിയത്.
ആശുപത്രി സൗകര്യങ്ങൾ പരിമിതമായ കാലത്ത് വീട്ടിൽതന്നെയായിരുന്നു ആയിശക്കുട്ടിയുടെ പ്രസവങ്ങളെല്ലാം. മക്കളെയെല്ലാം പോറ്റിവളർത്തിയതും ഭക്ഷണം നൽകിയതുമെല്ലാം കറുപ്പിയും കുറുമ്പയും ചേർന്നായിരുന്നു. ദാരിദ്ര്യത്തിന്‍റെ നാളുകൾ കൂടിയായിരുന്നു അത്. അസീസും സഹോദരങ്ങളും കുറുമ്പയുമെല്ലാം ഭക്ഷണം കഴിച്ചിരുന്നത് ഒരേ പാത്രത്തിലായിരുന്നു. ദുരിതത്തിന്‍റെ നാളുകളിൽ അവർ പരസ്പരം തണലായി മാറി. വീട്ടിൽ എന്തു തയാറാക്കിയാലും കുറുമ്പ ഉൾപ്പെടെ എല്ലാവർക്കും തുല്യമായി വീതിക്കുമായിരുന്നു.
ഓണവും പെരുന്നാളും വിഷുവുമെല്ലാം ഒന്നിച്ചായിരുന്നു അവിടെ ആഘോഷം. കാലങ്ങൾ നീണ്ട ഒരുമിച്ചുചേരലുകൾക്കിടയിൽ ഒരിക്കൽപോലും മതമോ ജാതിയോ പ്രതിബന്ധം തീർത്തില്ല.
ആയിശയുടെ ആശ
അസീസിന്‍റെ ഉമ്മ ആയിശക്കുട്ടി ഒരിക്കൽ യു.എ.ഇയിൽ വരുകയുണ്ടായി. അന്നത്തെ അനുഭവങ്ങളും കാഴ്ചകളും നാട്ടിൽ തിരിച്ചെത്തിയശേഷം കുറുമ്പയുമായി പങ്കുവെച്ചിരുന്നു. ആ കഥകൾ കേട്ടതോടെ കുറുമ്പയുടെ മനസ്സിലും യു.എ.ഇയുടെ സ്വപ്നങ്ങൾ നിറഞ്ഞു. ഈ വിവരം ഉമ്മ അസീസിനെ അറിയിച്ചു. ‘‘ജ്ജ് ഓളെ അവിടെ കൊണ്ടുപോയി എല്ലാമൊന്ന് കാണിച്ചുകൊടുക്കണം, ഓൾക്ക് അത്ര പൂതിയുണ്ട്’’ -ഉമ്മയുടെ ഈ വാക്കുകൾ അസീസ് അന്ന് മനസ്സിൽ കോറിയിട്ടിരുന്നു.
ഇതിനിടയിൽ ആയിശക്കുട്ടി ഈ ലോകത്തോട് വിടപറഞ്ഞു. അപ്പോഴും കുറുമ്പയെ അബൂദബിയിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം അസീസ് അവസാനിപ്പിച്ചിരുന്നില്ല. അങ്ങനെയാണ് ഇക്കഴിഞ്ഞ ജൂണിൽ കുറുമ്പ തന്‍റെ 67ാം വയസ്സിൽ വിമാനം കയറുന്നത്.
അസീസിന്‍റെ ഭാര്യ മുനീറ, മക്കളായ ഹിബ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇഹ്സാൻ, ഹയാ സുലൈഖ, ഫിൽദ ഫാത്തിമ, മുഹമ്മദ് ഹഫീള് എന്നിവർക്കൊപ്പമാണ് യാത്ര. കുറുമ്പയെ യാത്രയാക്കാൻ ഭർത്താവ് ചെറുപറമ്പിൽ കോർമനും മക്കളായ സുബ്രഹ്മണ്യൻ, ഗീത, മിനി, ബാബുരാജ് എന്നിവരും എത്തിയിരുന്നു.
കുറുമ്പയുടെ കന്നി വിമാനയാത്രയായിരുന്നുവത്. അൽപം പരിഭ്രമത്തോടെയായിരുന്നു യാത്ര. വിമാനം സുരക്ഷിതമായി അബൂദബിയിൽ പറന്നിറങ്ങിയതോടെ പരിഭ്രമം സന്തോഷത്തിലേക്ക് വഴിമാറി. കുറുമ്പയെ സ്വീകരിക്കാൻ അസീസ് വിമാനത്താവളത്തിൽ എത്തിയിരുന്നു. ഏറെ നാളുകൾക്കുശേഷമാണ് ഇരുവരും കാണുന്നത്. നിറകൺകളോടെയായിരുന്നു ഇരുവരുടെയും സമാഗമം. പരസ്പരം ആശ്ലേഷിച്ച് ബന്ധം പുതുക്കി. കണ്ടുനിന്നവരിൽ ആനന്ദക്കണ്ണീർ പൊഴിക്കുന്നതായിരുന്നു ആ കാഴ്ച.
മലപ്പുറം ഫെസ്റ്റിലെ മുഖ്യാതിഥി
2023 ജൂൺ 17, 18 തീയതികളിൽ കെ.എം.സി.സി അബൂദബിയിൽ സംഘടിപ്പിച്ച മഹിതം മലപ്പുറം ഫെസ്റ്റിലെ മുഖ്യാതിഥിയായിരുന്നു കുറുമ്പ. കെ.എം.സി.സി അധ്യക്ഷനായ അസീസിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ഇസ്‍ലാമിക് സെന്‍ററിലാണ് ഫെസ്റ്റ് നടന്നത്. മറ്റു സമുദായക്കാർ ഈ പരിപാടിയിൽ സാധാരണ പങ്കെടുക്കാറില്ല. ആ പതിവ് തെറ്റിച്ചാണ് കുറുമ്പ മുഖ്യാതിഥിയായി എത്തുന്നത്. ഇതോടൊപ്പം വിവിധ വിഭാഗം ആളുകൾ പരിപാടിയിൽ പങ്കെടുക്കുകയും നമ്മുടെ നാടിന്‍റെ സ്നേഹസംസ്കാരവും മതമൈത്രിയുടെ പാരമ്പര്യവും വിളിച്ചോതുന്ന സംഗമമായി അത് മാറുകയും ചെയ്തു.
കുറുമ്പ അബൂദബിയിലെത്തിയത് അക്ഷരാർഥത്തിൽ പ്രവാസലോകം ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. എവിടെയും വലിയ സ്വീകരണമാണ് അവർക്ക് ലഭിച്ചത്. കേരള സ്റ്റോറി പോലുള്ള നിറംപിടിപ്പിച്ച നുണക്കഥകൾ വിഷംചീറ്റുമ്പോൾ അതിനുള്ള മറുപടിയായിരുന്നു കുറുമ്പയും അസീസും തമ്മിലുള്ള ബന്ധമെന്ന് ഏവരും പുകഴ്ത്തി. തുടർന്നുള്ള നാളുകൾ യു.എ.ഇയിലെ പ്രധാന കാഴ്ചകളിലേക്ക് ഇവർ സഞ്ചരിച്ചു. യു.എ.ഇയിലെ ഏക ഹിന്ദുക്ഷേത്രവും സന്ദർശിക്കുകയുണ്ടായി. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ നിത്യസന്ദർശകയായ കുറുമ്പക്ക് അതൊരു പുതുഅനുഭവമായിരുന്നു.
‘നല്ല നാടും നാട്ടുകാരുമാണ് എവിടെയുമുള്ളത്. വലിയ കെട്ടിടങ്ങളും പാർക്കുമെല്ലാം ചന്തമേകുന്നു’ -കുറുമ്പ സ
ന്തോഷത്തോടെ പറയുന്നു. ഇതിനിടയിലും ഇവർക്ക് ചെറിയൊരു വിഷമം കൂടിയുണ്ട്. ചൂടുകാലത്താണ് കുറുമ്പ അബൂദബിയിലെത്തിയത്. നാട്ടിൽനിന്ന് പോകുന്ന പ്രവാസികളെല്ലാം ഈ ചൂടെല്ലാം സഹിച്ചാണല്ലോ ജോലി ചെയ്യുന്നതും കുടുംബത്തെ നോക്കുന്നതുമെല്ലാമെന്ന പരിഭവം അവർ മറച്ചുവെച്ചില്ല.
പെരുന്നാൾ സന്തോഷം ബലിപെരുന്നാൾ ഏറെ
സന്തോഷത്തോടെയാണ് അബൂദബിയിൽ ഇവർ കൊണ്ടാടിയത്. ചെറുപ്പകാലത്തെ ത്യാഗത്തിന്‍റെ സ്മരണകൾ പുതുക്കി എല്ലാവരോടുമൊപ്പം ഒന്നിച്ചിരുന്ന് രുചിയേറിയ ഭക്ഷണം കഴിക്കാൻ സാധിച്ചു. പഴയ ഓർമകൾ അപ്പോൾ കുറുമ്പയുടെ മനസ്സിലേക്ക് തികട്ടിയെത്തി.
‘‘നമ്മുടെ ആളുകൾ പ്രവാസനാട്ടിൽ വന്ന് പണിയെടുക്കാൻ തുടങ്ങിയതോടെയാണ് നാടിന്‍റെ പട്ടിണി മാറുന്നത്. എന്‍റെ കുട്ടി (അസീസ്) കാരണമാണ് ഞാൻ ഇവിടെ എത്തുന്നത്. ചെറുപ്പത്തിൽ ചെറിയ സഹായങ്ങൾ അവർക്ക് ചെയ്തുകൊടുത്തതിനെല്ലാം പകരമായി തന്നെ കഴിയുംവിധം അവർ സഹായിച്ചിട്ടുണ്ട്. അതിന്‍റെയെല്ലാം പുണ്യംകൊണ്ടാണ് ഞാൻ ഇവിടെ എത്തിച്ചേർന്നത്. പട്ടിണി കൂടാതെ ജീവിച്ചത് മൊയ്തീൻക്കയുടെ കുടുംബം ഉള്ളതുകൊണ്ടാണ്. അമ്മ കറുപ്പി മരിച്ചപ്പോൾ മരണാനന്തര ചടങ്ങുകൾക്കുവേണ്ട കാര്യങ്ങളെല്ലാം ചെയ്തത് അദ്ദേഹമായിരുന്നു’’ -ഇത് പറയുമ്പോൾ കുറുമ്പയുടെ മനസ്സകം വിതുമ്പുന്നുണ്ടായിരുന്നു.
വർഗീയത ഏശാത്ത മലപ്പുറം
ഉമ്മാക്ക് നൽകിയ വാക്ക് പൂർത്തീകരിക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് അസീസ് കാളിയാടൻ. ദുരിതവും പട്ടിണിയും വിളയാടിയ കാലത്ത് തങ്ങളുടെ വെളിച്ചമായിരുന്നു കറുപ്പിയും കുറുമ്പയുമെല്ലാമെന്ന് അസീസ് ഓർക്കുന്നു. നാട്ടിൽ വരുമ്പോഴെല്ലാം കുറുമ്പയെ കാണാറുണ്ട്. മലപ്പുറത്തിന്‍റെ ചരിത്രമെന്നും സ്നേഹത്തിന്‍റെയും മതസാ
ഹോദര്യത്തിന്‍റെയുമാണ്. ഇവിടെ ജീവിക്കുന്നവർക്കും വളർന്നവർക്കും ഒരിക്കലും വർഗീയതയുടെയും വിഭാഗീയതയുടെയും പ്രചാരകരാകാൻ സാധിക്കില്ല. വിശന്നിരിക്കുന്ന സ്വന്തം അയൽവാസിയുടെ മനസ്സും വയറും നിറച്ചശേഷമേ അവർ ഭക്ഷണം കഴിക്കാറുള്ളൂ. ഈയൊരു സ്നേഹത്തിന്‍റെ കഥപറയാൻ കൂടിയാണ് കുറുമ്പയെ അബൂദബിയിലേക്ക് കൊണ്ടുവന്നതെന്നും അസീസ് പറയുന്നു.
‘‘തങ്ങളുടെ കലർപ്പില്ലാത്ത സ്നേഹത്തിന്‍റെ മാതൃക മലയാളി ലോകം ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷമുണ്ട്. മലപ്പുറത്തിന്‍റെ സ്നേഹോഷ്മളമായ ജീവിതംകൂടിയാണ് ഇതിലൂടെ ലോകം കണ്ടത്. ചില ആളുകൾക്ക് ഇതിൽ എതിർപ്പുകൾ ഉണ്ടായേക്കാം. പക്ഷേ, അതൊന്നും കാര്യമായി എടുക്കുന്നില്ല. നമ്മുടെ മതേതരത്വവും സംസ്കാരവുമെല്ലാം എന്നും നിലനിൽക്കണം. എല്ലാവരും ഐക്യത്തോടെ കഴിയണം. അതിൽ വിഷം കലർത്താൻ ആഗ്രഹിക്കുന്ന പലരുമുണ്ട്. അവർക്കുള്ള മറുപടി കൂടിയാണിത്’’ -അസീസ് പറയുന്നു.
പ്രവാസലോകത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങി, ത്യാഗസ്മരണകൾ ഉണർത്തി ബലിപെരുന്നാൾ ആഘോഷിച്ച് ജൂലൈ അഞ്ചിന് അസീസും കുറുമ്പയും മാതൃനാടിന്‍റെ മടിത്തട്ടിലേക്ക് മടങ്ങിയെത്തി. ഈ നാട് ഇനിയും ഏറക്കാലം സാ
ഹോദര്യത്തോടെയും സഹവർത്തിത്വത്തോടെയും കഴിയണമെന്ന സന്ദേശം ബാക്കിവെച്ചായിരുന്നു അവരുടെ മടക്കയാത്ര.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.