Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightArchiveschevron_rightAUGUST 2023chevron_rightപ്രതിവർഷം ആഗോളതലത്തിൽ...

പ്രതിവർഷം ആഗോളതലത്തിൽ ഡെങ്കിപ്പനിയുണ്ടാവുന്നത് 39 കോടി പേർക്ക്​. കരുതണം കൊതുക് പരത്തും പനികളെ...

text_fields
bookmark_border
പ്രതിവർഷം ആഗോളതലത്തിൽ ഡെങ്കിപ്പനിയുണ്ടാവുന്നത് 39 കോടി പേർക്ക്​. കരുതണം കൊതുക് പരത്തും പനികളെ...
cancel

കേവലം 4 മുതൽ 10 മില്ലീ മീറ്ററിനിടയിൽ വലുപ്പമുള്ള പ്രാണിവർഗത്തിൽപ്പെട്ട കൊതുക്​ ഇന്ന്​ ശരാശരി ആറടി നീളമുള്ള മനുഷ്യരുടെ പ്രധാന ശത്രുക്കളിൽ ഒന്നാണ്​​. മാരകമാകാവുന്ന ചില രോഗങ്ങളുടെ വാഹകരായതോടെയാണ്​​ കൊതുകുകൾ മനുഷ്യരുടെ ശത്രുവായി മാറുന്നത്​.

വലുപ്പത്തിൽ വളരെ ചെറുതെങ്കിലും പൂർണവളർച്ചയെത്തിയ ഒരു മനുഷ്യ​െൻറ ജീവൻ അപകടത്തിലാക്കാൻ കഴിവുള്ളവയാണ്​ ഇവ. ഈച്ച കഴിഞ്ഞാൽ രോഗം പരത്തുന്നതിൽ തൊട്ടടുത്തുള്ളത്​ കൊതുകുകളാണ്​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലായി വിവിധ ജനുസ്സുകളിൽപ്പെട്ട നിരവധി ഇനങ്ങളുണ്ടെങ്കിലും അനോഫലിസ്, ക്യൂലക്സ്, ഈഡിസ്, മാൻസോനിയ, ആർമിജെരസ് എന്നിവയാണ്​ കൂട്ടത്തിൽ പ്രധാനപ്പെട്ടവ.


ആദ്യകാലങ്ങളിൽ മലമ്പനിയും മന്തു​രോഗവുമാണ്​ കൊതുകുകൾ പരത്തിയിരുന്ന പ്രധാന രോഗങ്ങൾ. ദേശീയതലത്തിൽ നടപ്പാക്കിയ നിർമാർജന പദ്ധതികളിലൂടെ ഇവയെ വലിയതോതിൽ ഇന്ന്​ നിയന്ത്രിക്കാനായിട്ടുണ്ട്​. പ്രത്യേകിച്ച്​ കേരളത്തിൽ. അനോഫിലിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ മൂലം ഒരു കാലത്ത്​ മലമ്പനി ബാധിച്ച്​ നിരവധി പേരുടെ ജീവൻ നഷ്​ടമായതായി ചരി​ത്രം പരിശോധിച്ചാൽ കാണാവുന്നതാണ്​.

വയനാട്​ പോലുള്ള തേയിലത്തോട്ടങ്ങളുള്ള ഉയർന്ന പ്രദേശങ്ങളിലായിരുന്നു മലമ്പനി പ്രധാനമായും പടർന്നുപിടിച്ചിരുന്നത്​. അതുപോലെ ശ്രീലങ്കയും അക്കാലത്ത്​ മലമ്പനിയുടെ പ്രധാന കേന്ദ്രമായിരുന്നു. മറ്റൊരിനമായ ക്യൂലക്സ് കൊതുകൾ പരത്തിയിരുന്നതാണ്​ മന്ത്​ രോഗം. ഇന്ന്​ ഈ രണ്ട്​ രോഗങ്ങളെയും നിർമാർജനം ചെയ്യാൻ കേരളത്തിനായിട്ടുണ്ടെങ്കിലും ഉത്തരേന്ത്യയിലെ സ്​ഥലങ്ങൾ സന്ദർശിച്ചും താമസിച്ചും തിരിച്ചുവരുന്നവരിലും അതിഥിത്തൊഴിലാളികളിലൂടെയും വീണ്ടും ചിലയിടങ്ങളിൽ മലമ്പനി തലപൊക്കിത്തുടങ്ങിയിട്ടുണ്ട്​.

ഈ രണ്ട്​ രോഗങ്ങൾക്ക്​ പുറമെ ഡെങ്കിപ്പനി, ചികുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ എന്നിവയാണ്​ കൊതുകുകൾ മൂലം പടർന്നുപിടിക്കുന്ന പ്രധാന രോഗങ്ങൾ.

അഴുക്കുവെള്ളത്തിൽ മാത്രം മുട്ടയിട്ട്​ പെരുകുകയും രാത്രികാലങ്ങളിൽ വന്ന്​ മനുഷ്യരെ കടിക്കുകയും ചെയ്യുന്നവയാണ്​ ക്യൂലക്​സ്​, അനോഫിലിസ് എന്നി ഇനങ്ങളിൽപ്പെട്ട​ കൊതുകുകൾ. എന്നാൽ ശുദ്ധജലത്തിൽ മുട്ടയിടുകയും പകൽമാത്രം വന്ന്​ മനുഷ്യരെ കടിക്കുകയും ചെയ്യുന്ന ഈഡിസ്​ ഇനത്തിൽപ്പെട്ട കൊതുകുകളാണ്​ ഇന്ന്​ മനുഷ്യന്​ ഏറ്റവും വലിയ ഭീഷണിയുയർത്തുന്നത്​​.


ഡെങ്കിപ്പനിയും ചികുൻഗുനിയയും: ജാഗ്രത ആവശ്യം

മഴക്കാലത്ത്​ പടർന്നുപിടിക്കുന്ന പകർച്ചപ്പനികളിൽ വളരെ ജാഗ്രത പുലർത്തേണ്ട രണ്ട്​ വൈറസ്​ രോഗങ്ങളാണ്​ ഡെങ്കിപ്പനിയും ചികുൻഗുനിയയും. ഈഡിസ്​ ഇനത്തിൽപ്പെട്ട കൊതുകുകളിൽ ഈഡിസ് ഈജിപ്റ്റി (Aedes aegypti), ഈഡിസ് അൽബോപിക്റ്റസ് (Aedes albopictus) എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗവാഹകർ. ശരീരത്തിൽ വെള്ള വരകളുള്ള ഇത്തരം കൊതുകുകൾ മനുഷ്യരെയും മൃഗങ്ങളെയും കടിച്ച്​ ചോരകുടിക്കുന്നത്​ പകൽ സമയത്താണ്.

ഡെങ്കിപ്പനിക്ക്​ കാരണമായ ഫ്ലാവി വൈറസ് (Flavivirus) കുടുംബത്തിലെ ഡെങ്കി വൈറസ് തന്നെ സീറോടൈപ്പ് 1, 2, 3, 4 എന്നിങ്ങനെ നാലു വിധമുണ്ട്. ഒരു സീറോ ടൈപ്പ് കാരണം ഒരിക്കൽ ഡെങ്കിപ്പനി ബാധിച്ചാൽ അടുത്ത തവണ മറ്റൊരു ടൈപ്പ് ആക്രമിക്കുമ്പോൾ അത്​ തീവ്രതയേറിയ രോഗാവസ്​ഥയായി മാറാൻ സാധ്യതയേറെയാണ്​. പ്രതിവർഷം ആഗോളതലത്തിൽ ഏകദേശം 39 കോടി പേർക്ക്​ ഡെങ്കിപ്പനിയുണ്ടാവുന്നുവെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്​.


ഡെങ്കിപ്പനി ലക്ഷണങ്ങൾ

കടുത്ത പനി, നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിന്​ പിറകിൽ വേദന, ഛർദി, കടുത്ത ശരീരവേദന (എല്ലു നുറുങ്ങുന്ന വേദനയുള്ളതിനാൽ ബ്രേക്ക്‌ ബോൺ ഫീവർ എന്ന​ും പറയാറുണ്ട്​), തുടക്കത്തിൽതന്നെ ലക്ഷണങ്ങൾക്കുള്ള ചികിത്സ തേടി രോഗത്തെ നിയന്ത്രിച്ചില്ലെങ്കിൽ തൊലിപ്പുറത്ത്​ ചുവന്ന പാടുകൾ, രക്തസ്രാവം എന്നിവയുമുണ്ടാവാം.

രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിന്​ തൊട്ടുമുമ്പുള്ള ദിവസം മുതൽ അഞ്ചു ദിവസം വരെയുള്ള കാലയളവിൽ രോഗിയെ കടിക്കുന്ന കൊതുക്​ തുടർന്ന്​ 8-10 ദിവസം കഴിയുമ്പോഴേക്കും ഈ വൈറസിനെ മറ്റൊരാളിലേക്ക് പടർത്തുന്നു. ഒരിക്കൽ വൈറസ് വാഹകനായ കൊതുക് പിന്നീട്​ എല്ലായ്പോഴും രോഗവാഹകരായിരിക്കും എന്നതാണ്​ ഒരു പ്രത്യേകത.

രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സക്ക്​ മുതിരാതെ ഉടനെ വിദഗ്​ധ ചികിത്സക്ക്​ വിധേയമാകണം. പനി കുറയാനുള്ള മരുന്നുകളും ശരീരവേദനക്കുള്ള വേദന സംഹാരികളും ഉപയോഗിച്ചുള്ള സ്വയംചികിത്സ രോഗത്തെ സങ്കീർണമാക്കാൻ സാധ്യതയുണ്ട്​. ചികിത്സ ലഭിക്കാത്തപക്ഷം രോഗം അതി​െൻറ അടുത്ത ഘട്ടത്തിലേക്ക്​ പ്രവേശിക്കും.

ആന്തരികാവയവങ്ങളിലെ രക്ത​സ്രാവം (dengue haemorrhagic fever), രക്തസമ്മർദം പെ​ട്ടെന്ന്​ കുറയുന്ന ഡെങ്കി ഷോക്ക് സിൻഡ്രോം (Dengue shock syndrome) എന്നി അവസ്​ഥകളിലേക്ക്​ രോഗം ഗുരുതരമായാൽ ചികിത്സ സങ്കീർണവും മരണസാധ്യത ഉയർന്നതുമായിരിക്കും.


ചികുൻഗുനിയ ലക്ഷണങ്ങൾ

അല്‍ഫാ വൈറസുകളാണ് ചികുൻഗുനിയയുടെ രോഗകാരണം. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. കടുത്ത പനി, കൈകാലുകളിലെ തിണർപ്പ്, ശരീരത്തി​െൻറ ഇരുവശവുമുള്ള സന്ധികളിൽ ഒരേസമയം അസഹ്യമായ വേദന, നടുവേദന, ഛർദി, തലവേദന, വിശപ്പില്ലായ്​മ എന്നിവയാണ്​ ചികുൻഗുനിയയുടെ പ്രധാന ലക്ഷണങ്ങൾ. വേദന സഹിക്കാനാവാതെ രോഗിയുടെ ശരീരം വളഞ്ഞുപോകുന്നതായും കണ്ടുവരുന്നുണ്ട്​.

ഒരിക്കല്‍ രോഗബാധിതരായവരില്‍ ശരീരംതന്നെ പ്രതിരോധശേഷിക്കായി ആൻറിബോഡികൾ നിർമിക്കുന്നുണ്ട്​. അതുകൊണ്ടുതന്നെ വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ രോഗത്തെ തുടര്‍ന്ന് മാസങ്ങളോളമോ അതിൽ കൂടുതലോ കാലം വിട്ടുമാറാത്ത സന്ധിവേദനകൾ അനുഭവപ്പെടും. ഫിസിയോതെറപ്പിയും മരുന്നുകളും ഉപയോഗിച്ച്​ ഈ അവസ്​ഥയെ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്​. ചികുൻഗുനിയയ​ുടെ കാര്യത്തിലും ഒരിക്കലും സ്വയം ചികിത്സക്ക്​ മുതിരരുത്​. എത്രയും പെ​ട്ടെന്ന്​ വിദഗ്​ധ ചികിത്സ തേടുകയാണ്​ അഭികാമ്യം.

മറ്റ്​ രോഗങ്ങളുള്ളവർ പ്ര​ത്യേകം ശ്രദ്ധിക്കുക

വൈറസ് മൂലമുണ്ടാവുന്ന പകർച്ചപ്പനികളുടെ പ്രധാന പ്രശ്​നം, നേരത്തെ ആന്തരികാവയവങ്ങൾക്ക്​ രോഗമുള്ളവരിൽ പനി സങ്കീർണവും മാരകവുമാകും എന്നതാണ്​. കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവക്ക്​ ഗുരുതര രോഗമുള്ളവരും അർബുദ രോഗികളും ഡെങ്കിപ്പനി, ചികുൻഗുനിയ എന്നിവയെ കരുതിയിരിക്കണം. അല്ലാത്തപക്ഷം രോഗം ഗുരുതരമാവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്​.

അതുപോലെ ദീർഘകാലമായി പ്രമേഹമുള്ളവരും അർബുദരോഗത്തിന്​ ചികിത്സയെടുക്കുന്നവും ഗൗരവത്തോടെ രോഗത്തെ സമീപിക്കേണ്ടതുണ്ട്​. എന്നാൽ മൊത്തം രോഗികളിൽ അഞ്ച്​ മുതൽ പത്ത്​ ശതമാനം രോഗികളിൽ മാത്രമാണ്​ രോഗം മാരകമാവുന്നത്​. ബാക്കി 90 ശതമാനം പേരിലും ഇത്​ ലക്ഷണങ്ങൾക്കനുസരിച്ച്​ ശ്രദ്ധപൂർവമുള്ള ചികിത്സ, ധാരാളം വെള്ളവും പോഷകാഹാരങ്ങളും കഴിക്കൽ, വിശ്രമം എന്നിവയിലൂടെ സുഖപ്പെടുത്താവുന്നതാണ്​.


പ്രതിരോധത്തിനായി കൊതുകിനെ നശിപ്പിക്കാം

മഴക്കാലം പൊതുവെ സാംക്രമിക രോഗങ്ങളുടെ സമയമാണ്​. വായു, വെള്ളം, ഭക്ഷണം, കൊതുക്​/ഈച്ച തുടങ്ങിയ രോഗവാഹകരിലൂടെയും രോഗം പകരാവുന്നതാണ്​. അതുകൊണ്ടുതന്നെ പരമാവധി ശുചിത്വം പാലിക്കുകയും ​കൊതുക്​/ ഈച്ച ​തുടങ്ങിയവയിൽ നിന്ന്​ സംരക്ഷണം ഉറപ്പാക്കേണ്ടതുമാണ്​. പരിസര ശുചിത്വം, തിളപ്പിച്ചാറിയ വെള്ളം, ചൂടുള്ള ഭക്ഷണം, പഴകിയ ഭക്ഷണം ഒഴിവാക്കൽ എന്നിവക്കെല്ലാം പുറമെ കൊതുകുനശീകരണത്തിന്​ പ്ര​േത്യക ശ്രദ്ധയും നൽകണം.

ഇതിനായി വീട്ടിനകത്തും പുറത്തുമുള്ള വെള്ളം നിറഞ്ഞ പാത്രങ്ങൾ, ഫ്രിഡ്ജി​െൻറ പുറകിലുള്ള ട്രേ, പുറത്ത്​ മലർന്ന്​ കിടക്കുന്ന ചിരട്ട, പഴയ ടയർ, മുട്ടത്തോട്, പൊട്ടിയ പാത്രങ്ങൾ, ടാങ്കുകൾ എന്നിവയിലെ വെള്ളം ഒഴിവാക്കുകയോ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കുകയോ ചെയ്യണം. ടെറസ്, സൺ ഷെയ്ഡ് എന്നിവിടങ്ങളിലെ പൈപ്പുകളിൽ തടസ്സമില്ലെന്നും വെള്ളം കെട്ടിനിൽക്കുന്നില്ലെന്നു ഉറപ്പു വരുത്തണം.

പുറത്തുള്ള ചെടിച്ചട്ടികളിലോ, ഇൻഡോർ പ്ലാൻറുകളിലോ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഇതിന്​ പുറമെ ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ (dry day) ആയി ആചരിക്കണം.

കൊതുകു ശല്യമുണ്ടെങ്കിൽ കൊതുകുതിരി, പുതിയതരം റിപ്പെല്ലറുകൾ എന്നിവ ഉപയോഗിക്കണം. പരമാവധി ശരീര ഭാഗങ്ങൾ മൂടുന്ന വസ്ത്രം ധരിക്കണം. ഉറങ്ങു​േമ്പാൾ കൊതുകുവല ഉപയോഗിച്ച്​ സംരക്ഷണം ഉറപ്പുവരുത്തണം. കൂടാതെ മോസ്ക്വിറ്റോ റിപ്പല്ലെൻറ്​ സ്പ്രേ ഉപയോഗിച്ചു വീട്ടിലെ മുക്കിലും മൂലയിലും ഒളിച്ചിരിക്കുന്ന കൊതുകുകളെ തുരത്തുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquitoWorld Mosquito Day
News Summary - World Mosquito Day: mosquito-borne diseases you should beware of!
Next Story