ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാറുകൾ ഇവയാണ്
text_fieldsകുടുംബവുമൊത്തുള്ള സുരക്ഷിത യാത്രക്ക് കാർ ഇന്നൊരു അത്യാവശ‍്യമാണ്. മികച്ച പെർഫോമൻസും സൗകര്യങ്ങളും ലുക്കുമുള്ള ‘ഒതുക്കമുള്ള’ കാറെടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുക.
ബജറ്റിന് അനുസരിച്ച് കമ്പനിയും മോഡലും മാറുമെന്ന് മാത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന, മൈലേജുള്ള, നൽകുന്ന പണത്തിന് മൂല്യമുള്ള ചില കാറുകൾ പരിചയപ്പെടാം...
എല്ലാം തികഞ്ഞവൻ പഞ്ച്
ഇന്ന് ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളിൽ ഉപഭോക്താവിന് ഏറ്റവും മൂല്യം നൽകുന്ന മോഡലാണ് ടാറ്റ പഞ്ച്. രാജ്യത്തെ വാഹന വിൽപനയിൽ പഞ്ച് മുന്നിലെത്താനുള്ള കാരണവും അതുതന്നെ. നിലവിലെ ട്രെൻഡ് തുടര്‍ന്നാല്‍ 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന കാര്‍ എന്ന സ്ഥാനം പഞ്ച് സ്വന്തമാക്കും. ടാറ്റാ മോട്ടോഴ്സിനെ സംബന്ധിച്ച് ഇത് സ്വപ്നതുല്യ നേട്ടമായിരിക്കും.
അടുത്തിടെ പരിഷ്‌കരിച്ച പഞ്ച് വിപണിയിലിറക്കിയിരുന്നു. ടോപ് വേരിയന്‍റിന്‍റെ വില കുറക്കുകയും ചെയ്തു. പെട്രോൾ, സി.എൻ.ജി, ഇലക്ട്രിക് വിഭാഗങ്ങളിലായി 25ലധികം വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന്റെ റെഗുലര്‍ മോഡലിലുള്ളത്.
ഇത് 85 ബി.എച്ച്.പി പവറും 113 എന്‍.എം ടോര്‍ക്കുമാണ് ഉൽപാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷനും ഇതിലുണ്ട്. 75.94 ബി.എച്ച്.പി പവറും 97 എന്‍.എം ടോര്‍ക്കുമാണ് പഞ്ചിന്‍റെ സി.എന്‍.ജി മോഡല്‍ ഉൽപാദിപ്പിക്കുന്ന കരുത്ത്.
ഇലക്ട്രിക് മോഡലില്‍ രണ്ട് പവർ ഓപ്ഷനുകളുണ്ട്. 122 എച്ച്.പി പവറും 190 എന്‍.എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 81 എച്ച്.പി പവറും 114 എന്‍.എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് നല്‍കിയിരിക്കുന്നത്. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ് റേഞ്ച് മോഡല്‍ ഒറ്റത്തവണ ചാര്‍ജില്‍ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് 315 കിലോമീറ്റര്‍ റേഞ്ചും നൽകും. 6.12 മുതല്‍ 9.99 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.
ആധുനികൻ എക്സ്.യു.വി 3 എക്സ്.ഒ
മഹീന്ദ്രയുടെ ഏറ്റവും പുതിയ സെൻസേഷനാണ് മഹീന്ദ്ര എക്സ്.യു.വി 3 എക്സ്.ഒ. സ്‌റ്റൈലിഷായ രൂപകൽപനക്കുപുറമെ ഫീച്ചര്‍ സമ്പന്നമായ വാഹനമാണിത്.
മൂന്ന് എൻജിന്‍ ഓപ്ഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന്‍, ഡയറക്ട്-ഇഞ്ചക്ഷന്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എൻജിന്‍ എന്നിവയാണത്. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് എ.എം.ടി, ആറു സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളാണുള്ളത്.
മികച്ച ഇന്ധനക്ഷമതയാണ് എക്സ്.യു.വിയുടെ മറ്റൊരു ഹൈലൈറ്റ്. ഡീസല്‍ മാനുവലിൽ 20.10 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും. ഡീസല്‍ എ.എം.ടി ആണെങ്കില്‍ 21.20 കിലോമീറ്റര്‍ കിട്ടും. ടര്‍ബോ മാനുവലിന് 20.10, ഓട്ടോമാറ്റിക് 18.20 കിലോമീറ്റര്‍ എന്നിങ്ങനെയാണ് മൈലേജ്. 1.2 പെട്രോള്‍ മാനുവലിന് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 17.96 കിലോമീറ്ററും ലഭിക്കും.
പനോരമിക് സൺറൂഫ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 17 ഇഞ്ച് അലോയ് വീലുകൾ, 10.24 ഇഞ്ച് ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റിക് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്. 7.49 മുതൽ 15.49 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.
കൈയിലൊതുങ്ങുന്ന സെലേറിയോ
ഇന്ത്യയിലെ പെട്രോള്‍ കാറുകളില്‍ ഇന്ധനക്ഷമതയില്‍ മുന്നിലുള്ള വാഹനമാണ് സെലേറിയോ. ഡ്യുവല്‍ജെറ്റ് കെ10 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. എ.ആർ.എ.ഐ അംഗീകരിച്ച ഇന്ധനക്ഷമത മാനുവലിന് 25.24 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 26.68 കിലോമീറ്ററുമാണ്.
സ്റ്റാർട്ട്/സ്റ്റോപ് സംവിധാനത്തോടെ വരുന്ന എൻജിൻ 66 എച്ച്.പി കരുത്തും 89 എൻ.എം ടോർക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് എ.എം.ടി ഗിയർ ബോക്‌സുകളുമുണ്ട്. ഹിൽ ഹോൾഡ് അസിസ്റ്റ്, എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്, വലിയ ഇൻഫോടെയ്ൻമെന്‍റ് സ്‌ക്രീൻ, ഷാർപ്പ് ഡാഷ് ലൈനുകൾ, ക്രോം ആക്‌സന്‍റുകളുള്ള ഇരട്ട സ്ലോട്ട് എ.സി വെന്‍റുകൾ, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണക്കുന്ന ഏഴ് ഇഞ്ച് സ്‍മാർട്ട് പ്ലേ സ്റ്റുഡിയോ ഡിസ്‌പ്ലേ, ഡ്യുവൽ എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി എന്നിങ്ങനെ ഫീച്ചറുകൾ സെലേറിയോക്ക് ലഭിക്കും. 4.99 മുതൽ 7.04 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.
മൈലേജ് കിങ് ഹൈറൈഡർ
ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡ്. വാഹനത്തിന്‍റെ എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 27.93 കിലോമീറ്ററാണ്. മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എൻജിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്‌ട്രോങ് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എൻജിന്‍ പരമാവധി 116 ബി.എച്ച്.പി കരുത്തും 141 എൻ.എം ടോര്‍ക്കും പുറത്തെടുക്കും.
കുറഞ്ഞ വിലയില്‍ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുസുക്കിയില്‍നിന്നുള്ള 1.5 ലിറ്റര്‍ NA K15C മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എൻജിനിലും വാഹനം ലഭിക്കും. 102 ബി.എച്ച്.പി പവറില്‍ പരമാവധി 135 എൻ.എം ടോര്‍ക്ക് വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എൻജിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.
ഒമ്പത് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ൻമെന്‍റ് സിസ്റ്റം, ആംബിയന്‍റ് ലൈറ്റിങ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, ആറ് എയർ ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 11.14 മുതൽ 19.99 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.
സ്റ്റാർ ഹാച്ച് ആള്‍ട്രോസ്
ഹാച്ച്ബാക്കുകളിൽ ഡീസൽ എൻജിൻ ലഭ്യമായ മോഡലുകളിലൊന്നാണ് ടാറ്റ ആൾട്രോസ്. ഡീസല്‍ കാറുകളില്‍ ഏറ്റവും കുറഞ്ഞ വിലയുള്ളതും ആള്‍ട്രോസ് തന്നെ. നാലു സിലിണ്ടര്‍ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 90 എച്ച്.പി പവറും 200 എൻ.എം ടോര്‍ക്കും എൻജിൻ പുറത്തെടുക്കും. ലിറ്ററിന് 23.64 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയും ടാറ്റ ആള്‍ട്രോസ് നല്‍കും.
പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ, സി.എൻ.ജി എന്നിങ്ങനെ വൈവിധ്യമാർന്ന പവർട്രെയിനുകളിൽ വാഹനം ലഭ്യമാണ്. പെട്രോൾ എൻജിന് 87 ബി.എച്ച്.പിയും ഡീസലിന് 89 ബി.എച്ച്.പിയുമാണ് കരുത്ത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ചു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡി.സി.ടി എന്നിവയെല്ലാം ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്. റേസർ എന്ന പേരിൽ ഒരു പെർഫോമൻസ് വേരിയന്‍റും വാഹനത്തിലുണ്ട്.
10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, 360 ഡിഗ്രി കാമറ, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാല് എയർ ബാഗുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂസ് കൺട്രോൾ, റിയർ എ.സി വെന്‍റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 90 ഡിഗ്രി ഓപണിങ് ഡോറുകൾ, ഓട്ടോ ഹെഡ് ലാംപുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ തുടങ്ങി ഫീച്ചർ സമ്പന്നമാണ് ആൾട്രോസ്. 6.50 മുതൽ 11.16 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.
കുലീനൻ സോനറ്റ്
കോംപാക്ട് എസ്.യു.വി വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന വാഹനമാണ് കിയ സോനറ്റ്. പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ സോനറ്റ് ലഭ്യമാണ്. 1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ നാച്വറലി ആസ്പിരേറ്റഡ്, 1.5 ലിറ്റര്‍ സി.ആര്‍.ഡി.ഐ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനിലാണ് സോണറ്റ് എത്തുന്നത്. ഏഴു സ്പീഡ് ഡി.സി.ടി, ആറു സ്പീഡ് ഐ.എം.ടി, ആറു സ്പീഡ് ഓട്ടോമാറ്റിക്-മാനുവല്‍, അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും നല്‍കുന്നുണ്ട്.
എഡാസ് അധിഷ്ഠിതമായ 10 ഫീച്ചറുകള്‍ ഉള്‍പ്പെടെ 25 സുരക്ഷ സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്. 70 കണക്ടഡ് കാര്‍ ഫീച്ചറുകളും നൽകിയിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, പവേർഡ് ഡ്രൈവർ സീറ്റ്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്റർ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ, ഓട്ടോ ഹെഡ് ലാംപുകൾ, എൽ.ഇ.ഡി ഫോഗ് ലാംപുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും. എട്ടു മുതൽ 15.77 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.
മാഗ്നറ്റിക് മാഗ്നൈറ്റ്
നിസാൻ ഇന്ത്യയുടെ ഹോട്ട് സെല്ലറാണ് മാഗ്നൈറ്റ്. കമ്പനിയുടെ ആകെയുള്ള രണ്ടു മോഡലുകളിൽ ഒരെണ്ണം. അടുത്തിടെ മാഗ്നൈറ്റ് പരിഷ്കരിച്ചിരുന്നു. 1.0 ലിറ്റര്‍ നാച്വറലി ആസ്പിറേറ്റഡ് പെട്രോള്‍ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
72 എച്ച്.പി കരുത്തും 96 എൻ.എം ടോര്‍ക്കും എൻജിൻ പുറത്തെടുക്കും. ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനില്‍ 100 എച്ച്.പി കരുത്തും 160 എൻ.എം ടോർക്കും ലഭിക്കും. അഞ്ചു സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എ.എം.ടി, സി.വി.ടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമുണ്ട്.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 360 ഡിഗ്രി സറൗണ്ട് കാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് സ്റ്റാർട്ട്/സ്റ്റോപ് ബട്ടൺ, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, റിയർ എ.സി വെന്‍റുകൾ, സെന്‍റർ ആംറെസ്റ്റ്, പാസീവ് കീലെസ് എൻട്രി, ടി.എഫ്.ടി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, 360 ഡിഗ്രി കാമറ, ഓട്ടോ ഡിമ്മിങ് ഐ.ആർ.വി.എം, എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്‍റ് സിസ്റ്റം, വയർലെസ് ചാർജർ, അപ്ഡേറ്റഡ് ഏഴ് ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, സി ടൈപ് ചാർജിങ് പോർട്ട്, റിമോട്ട് സ്റ്റാർട്ടുള്ള പുതിയ കീഫോബ്, സണ്‍റൂഫ്, ആറ് എയർബാഗുകൾ, ഇ.എസ്.സി, ത്രീ പോയന്‍റ് സീറ്റ് ബെൽറ്റ് തുടങ്ങി ഫീച്ചർ സമ്പന്നമാണ് മാഗ്നൈറ്റ്. 5.99 മുതൽ 11.50 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.