Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightbusiness innovationschevron_rightകാഴ്ചപരിമിതിക്കിടയിലും...

കാഴ്ചപരിമിതിക്കിടയിലും കുർക്കുമിൻ ഉൽപന്ന നിർമാണത്തിൽ വിജയഗാഥ രചിച്ച് ഗീത

text_fields
bookmark_border
കാഴ്ചപരിമിതിക്കിടയിലും കുർക്കുമിൻ ഉൽപന്ന നിർമാണത്തിൽ വിജയഗാഥ രചിച്ച് ഗീത
cancel
camera_alt

ഗീത

പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് ജീവിതത്തിൽ വിജയക്കൊടി പാറിച്ച നിരവധി പേരുടെ കഥകൾ നാം കേട്ടിട്ടുണ്ടാകും. പാലക്കാട് പനമണ്ണ സ്വദേശി ഗീതയുടെ കഥയും ഇതിൽനിന്ന് വിഭിന്നമല്ല. ലോകത്തിന്‍റെ മനോഹര വർണങ്ങളെല്ലാം ഒരു ദിവസം പെട്ടെന്ന് ഇല്ലാതായപ്പോൾ തളർന്നിരിക്കാൻ അവർ തയാറായിരുന്നില്ല.

കാഴ്ചയില്ലായ്മയുടെ വെല്ലുവിളികൾക്കിടയിലും വിശാലമായ ലോകത്തേക്ക് ധൈര്യപൂർവം ഇറങ്ങിച്ചെന്ന് സ്ത്രീകൾക്കെല്ലാം പുതുമാതൃക സൃഷ്ടിച്ചിരിക്കുകയാണവർ.

സംരംഭകത്വമെന്ന ആരും അധികം കടന്നുചെല്ലാൻ ​ആഗ്രഹിക്കാത്ത മേഖലയിലായിരുന്നു ഗീത ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയത്. മുന്നിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. എന്നാൽ, തിരിച്ചടികളിൽനിന്ന് പാഠം ഉൾക്കൊണ്ട് അവർ തുടങ്ങിയ സംരംഭം ഇന്ന് നൂറുകണക്കിനാളുകൾക്ക് തൊഴിൽ നൽകി ആശ്വാസമേകുന്നുണ്ട് എന്നറിയുമ്പോഴാണ് അവർ എത്തിപ്പിടിച്ച നേട്ടത്തിന്‍റെ വലുപ്പം മനസ്സിലാവുക.


വർണങ്ങളില്ലാതായ ദിവസം

പാലക്കാട് പനമണ്ണക്കടുത്ത് കുറ്റിപ്പാലയിൽ ഉണ്ണികൃഷ്ണന്‍റെയും രാധയുടെയും മൂന്നുമക്കളിൽ മൂത്തയാളായിരുന്നു ഗീത. എല്ലാവരെയുംപോലെ കാഴ്ചയുടെ വസന്തം എട്ടാം ക്ലാസുവരെ ഗീതക്കും സ്വന്തമായിരുന്നു. പക്ഷേ, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എത്തിയ രോഗം ഗീതയുടെ കാഴ്ച കവർന്നെടുക്കുകയായിരുന്നു.

രണ്ട് ​സഹോദരിമാർക്കും ഇതേ രോഗം ബാധിച്ചെങ്കിലും അവർക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കാഴ്ച നഷ്ടമായെങ്കിലും തളർന്നിരിക്കാൻ ഗീത തയാറായിരുന്നില്ല. തിരിച്ചടികളിൽ തളരാതെ പഠനം മുന്നോട്ടുകൊണ്ടുപോയ അവർ എസ്.എസ്.എൽ.സി പരീക്ഷ പാസായി.

ഇതിനിടക്ക് രണ്ടു വർഷത്തോളം അധ്വാനിച്ച് ബ്രെയിൽ ലിപിയും പഠിച്ചെടുത്തു. പ്ലസ് ടു പാസായശേഷം കേരളവർമയിൽ പൊളിറ്റിക്കൽ സയൻസ് എടുത്ത് ബിരുദപഠനത്തിന് ചേർന്നു. അവിടെ വെച്ചാണ് സീനിയർ വിദ്യാർഥി സലീഷുമായി പരിചയപ്പെടുന്നത്.

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി​യപ്പോൾ വീട്ടുകാരുടെ ചെറിയ എതിർപ്പുകളെ മറികടന്ന് പഠനത്തിനുശേഷം ഇരുവരും വിവാഹിതരായി. പിന്നീടിങ്ങോട്ടുള്ള ജീവിതയാത്രയിൽ സലീഷിന്‍റെ പിന്തുണ വലിയ ഉയരങ്ങൾ കീഴടക്കാൻ ഗീതക്ക് പ്രചോദനമായി.


പരാജയപ്പെട്ട ആദ്യ സംരംഭം

കാഴ്ചയില്ലാത്തവർക്ക് സമൂഹത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന ബോധം പൊതുവേയുണ്ട്. ഇതിനെ തിരുത്തണമെന്നതുകൂടി ലക്ഷ്യമിട്ടാണ് തന്‍റെ ആദ്യ സംരംഭത്തിന് ഗീത തുടക്കം കുറിക്കുന്നത്. പഠനകാലത്ത് തന്നെ, സ്വന്തമായി ഒരു ജോലി നേടണമെന്നതും അതിലൂടെ വരുമാനം കണ്ടെത്തണമെന്നതും അവരുടെ ആഗ്രഹമായിരുന്നു.

എന്നാൽ, വിവാഹം കഴിഞ്ഞ് കുടുംബിനിയുടെ റോൾ ഏറ്റെടുത്തതോടെ സ്വപ്നങ്ങൾ തൽക്കാലത്തേക്കെങ്കിലും കോൾഡ് സ്റ്റോറേജിലാക്കേണ്ടിവന്നു. പിന്നീട് 2011ലാണ് പഴയ സ്വപ്നത്തെ ഗീത വീണ്ടും പൊടിതട്ടിയെടുക്കുന്നത്. തൃശൂരിൽ ജൈവ ഉൽപന്നങ്ങൾ കൊണ്ട് നിർമിച്ച ഭക്ഷ്യവസ്തുക്കൾ വിളമ്പുന്ന റസ്റ്റാറന്‍റിനായിരുന്നു അവർ തുടക്കം കുറിച്ചത്. ആളുകൾക്ക് രുചിക്കൊപ്പം ആരോഗ്യകരമായ ഭക്ഷണവും നൽകുകയെന്നതായിരുന്നു ലക്ഷ്യം.

വ്യവസായ സംരംഭം നടത്തി ഒരു പരിചയവും ഇല്ലാതെയായിരുന്നു ​ഫ്ലോറയെന്ന പേരിലുള്ള റസ്റ്റാറന്‍റിലേക്ക് ചുവടുവെച്ചത്. മൂലധനം പൂർണമായും സ്വന്തംനിലയിൽ കണ്ടെത്തിയായിരുന്നു റസ്റ്റാറന്‍റ് തുടങ്ങിയത്.

എന്നാൽ, കന്നി സംരംഭത്തിന് രണ്ടുവർഷത്തെമാത്രം ആയുസ്സേ ഉണ്ടായിരുന്നുള്ളു. റസ്റ്റാറന്‍റ് നിന്നിരുന്ന കെട്ടിടം പൊളിച്ചതോടെ ഫ്ലോറക്കും താഴുവീണു. ഒരുപാട് സാമ്പത്തിക നഷ്ടവുമുണ്ടായി. അത് ഗീതക്ക് ഒരു പാഠമായിരുന്നു. മുന്നൊരുക്കവും കൃത്യമായ പ്ലാനിങ്ങുമില്ലാതെ സംരംഭകത്വത്തിലേക്ക് ഇറങ്ങിയാൽ കൈപൊള്ളുമെന്ന പാഠം.

ആദ്യ സംരംഭത്തിലെ തിരിച്ചടിയിൽനിന്ന് പുതിയ കാര്യങ്ങൾ പഠിച്ച് വർഷങ്ങൾക്കുശേഷം അവർ പുതിയ ആശയവുമായി വന്നു. ഇക്കുറി വിജയത്തിന്‍റെ മധുരം നുണയാൻ കഴിഞ്ഞു.


വിജയക്കൊടി പാറിച്ച് ഗീതാസ് ഹോം ടു ഹോം

ഫ്ലോറയെന്ന പേരിലെ റസ്റ്റാറന്‍റ് പരാജയപ്പെട്ടശേഷം വിവിധ ജോലികൾ ഗീത ചെയ്തു. കോഴികളെയും കാടകളെയും വളർത്തി. വെന്ത വെളിച്ചെണ്ണയുണ്ടാക്കിയും വിവിധ പൊടികൾ വീട്ടിൽ നിർമിച്ചുമെല്ലാം ചെറു സംരംഭങ്ങൾ തുടങ്ങി. പശുവിൻ പാലിൽനിന്ന് നെയ്യുണ്ടാക്കി വിൽപന നടത്തി.

മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ ഉപയോഗിച്ച് ഏറെ പോഷക ഗുണമുള്ള ‘കുർക്കുമീൽ’ എന്ന ഫുഡ് പ്രൊഡക്ട് നിർമിച്ചതിലൂടെയാണ് ഗീത നേട്ടം കൊയ്തത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസർചിൽനിന്ന് ലഭിച്ച മഞ്ഞൾ ഇനം ഉപയോഗിച്ച് 50 സെന്‍റിലാണ് അവർ കൃഷി തുടങ്ങിയത്. കുർക്കുമിൻ ഉപയോഗിച്ച് നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറിയതോടെ ഇത് വിപുലപ്പെടുത്താൻ തീരുമാനിച്ചു. കരാർ കൃഷിയിലൂടെ ആവശ്യത്തിന് മഞ്ഞൾ സംഭരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി 54 ഏക്കറിൽ ഇപ്പോൾ മഞ്ഞൾകൃഷി നടത്തുന്നുണ്ട്. 300ലേറെ കർഷകരും സംരംഭത്തിന് പിന്തുണയുമായുണ്ട്.

കേരളത്തിൽ കുർക്കുമിൻ ഉപയോഗിച്ച് ഉൽപന്നങ്ങൾ നിർമിക്കാൻ ലൈസൻസ് ലഭിച്ച ചുരുക്കം വ്യക്തികളിൽ ഒരാളാണ് ഗീത. കുർക്കുമിൻ ഉപയോഗിച്ച് വ്യത്യസ്ത ഉൽപന്നങ്ങൾ നിർമിച്ച ഗീതയെ തേടി നിരവധി പുരസ്കാരങ്ങളെത്തി. കേന്ദ്ര സർക്കാറിന്‍റെ അംഗീകാരവും ഇതിൽ ഉൾപ്പെടുന്നു.

എത്തിപ്പിടിക്കാൻ ഇനിയുമുണ്ട് സ്വപ്നങ്ങൾ

ഗീതയുടെ അകക്കണ്ണിൽ തെളിഞ്ഞ സ്വപ്നങ്ങളിലെത്താൻ ഇനിയുമേറെ സഞ്ചരിക്കണം. ഗീതാസ് ഹോം ടു ഹോമിലൂടെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന മികച്ച ഉൽപന്നങ്ങൾ പുറത്തിറക്കണമെന്നതാണ് അവരുടെ പ്രധാന സ്വപ്നം. ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലുൾപ്പെടെ ഗീതയുടെ ഉൽപന്നങ്ങൾ ലഭ്യമാണ്.

അതിന്‍റെ വിപണനം ഒന്നുകൂടി വിപുലപ്പെടുത്തുകയാണ് അടുത്ത ചുവട്. കാഴ്ചയില്ലാത്തവർക്ക് ഒന്നും സാധ്യമല്ലെന്ന സമൂഹത്തിന്‍റെ വാർപ്പുമാതൃകകളെ തകർത്ത് നല്ലൊരു സംരംഭകയായി വളരണമെന്നാണ് ആഗ്രഹം. സഹതാപത്തിന് പകരം ഒപ്പം നിൽക്കാനുള്ള മനസ്സ് എല്ലാവരും കാണിച്ചാൽ താൻ കണ്ട സ്വപ്നങ്ങൾ പൂവണിയുമെന്ന് പറഞ്ഞുനിർത്തുമ്പോൾ ഗീതയുടെ കണ്ണിൽ കൂടുതൽ തിളക്കം.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsLifestyle
News Summary - Geetha wrote a success story in curcumin product manufacturing
Next Story