ടോക്ക് ഓഫ് ചേഞ്ച് മേക്കർ
text_fieldsവിത്തെറിയുമ്പോൾ നമുക്കൂഹിക്കാനാവില്ല ഫലത്തിന്റെ വലിപ്പം. അതെ, ചെർപ്പുളശ്ശേരി മാരായമംഗലത്തെ അബൂബക്കറിനും ഭാര്യക്കും ഷാജഹാൻ മകനായി പിറന്നപ്പോൾ ഭാവിയെക്കുറിച്ച് പ്രതീക്ഷിക്കാൻ പോലും തരമില്ലായിരുന്നു. സംസാര വൈകല്യം തങ്ങളുടെ മകനെ എല്ലാരിൽനിന്നും ഒറ്റപ്പെടുത്തി. ചുറ്റുമുള്ളവർ പലപ്പോഴും അവ്യക്തമായ സംസാരശൈലികൾ കേട്ട് ചിരിച്ചു. കളിയാക്കലുകൾ വേറെ. പക്ഷേ ഇതെല്ലാം ഷാജഹാന്റെ മാതാപിതാക്കളുടെ ഹൃദയത്തിൽ വലിയ മുറിപ്പാടുകളുണ്ടാക്കി. പതിയെ ഷാജഹാനിലും.
എന്നാൽ ഇന്ന് എവിടെ താൻ പരാജിതനെന്ന് ആളുകൾ മുദ്രകുത്തിയോ അവിടെ അല്ലെങ്കിൽ അതിനും മീതെ ഷാജഹാൻ തന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നു. സംസാരമില്ലായ്മയിൽ നിന്ന് കോർപ്പറേറ്റ് മെന്ററിലേക്ക് അതിൽ നിന്നും പേഴ്സണൽ ട്രാൻസ്ഫർമേഷൻ ട്രെയിനറിലേക്ക് ധൃതഗതിയിൽ ഈ യുവത്വം പറന്നെത്തി. ഈയടുത്ത് ഇ -ഉന്നതി ഉച്ചകോടിയിൽ ചേഞ്ച് മേക്കർ അവാർഡ് ലക്ഷ്യം വെച്ചത് ഷാജഹാനെയായിരുന്നു.
കോർപ്പറേറ്റ് ട്രെയ്നിങ്ങിന് പുറമേ ഹൈ ബിസിനസ് ടീം മെന്ററിങ്, സെലിബ്രിറ്റി മെന്റൽ ട്രെയിനിങ് തുടങ്ങി ലോകത്തിന്റെ തന്നെ ഒരു ടോട്ടൽ കോൺഫിഡൻസ് ബൂസ്റ്ററായി ഷാജഹാൻ മാറിയെന്ന് ചുരുക്കം. മരുന്നും മന്ത്രവാദവും ഒക്കെയായി കഴിഞ്ഞുപോയ ബാല്യം ഇവരിൽ കോരിയിട്ടത് കനൽ കരികൾ മാത്രമാണ്. പക്ഷേ ആ കനൽക്കരികൾക്ക് ഏതറ്റം വരെയും ആളിക്കത്താനുള്ള ശേഷിയുണ്ടായിരുന്നു എന്നത് കാലം കരുതിവച്ച യാഥാർത്ഥ്യം.
ഒരിക്കൽ; തന്റെ മകൻ പരിഹാസപാത്രമാകുന്നതോർത്തു മാതാപിതാക്കൾ കണ്ണീരണിഞ്ഞപ്പോൾ ഷാജഹാൻ മനസ്സിൽ കുറിച്ചിട്ടു ; ‘എന്തിന്റെ പേരിൽ തന്നെ ലോകം കളിയാക്കിയോ അതിന്റെ പേരിൽ ലോകത്തിനു മുന്നിൽ താൻ യശസ്സുയര്ത്തുമെന്ന്’. ഇന്ന് രണ്ടായിരം പേരെ അണിനിരത്തി അവർക്കു മുന്നിൽ തന്റെ ശബ്ദം മാത്രം ഉയർത്തിപ്പിടിച്ച് ആത്മവിശ്വാസത്തിന്റെ മേലങ്കിയിട്ട അമരക്കാരനായ ഒരു പബ്ലിക് സ്പീക്കറായി മാറാൻ ഈ പാലക്കാട്ടുകാരൻ പരിചയിച്ചു.
പണ്ട് ആരോ പറഞ്ഞുകൊടുത്ത കണ്ണാടി വിദ്യയാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യം. തന്റെ പ്രതിച്ഛായ നോക്കി മിണ്ടിപ്പറഞ്ഞ് കൊണ്ടിരിക്കുന്നത് കോൺഫിഡൻസും ഭാഷാ വൈധഗ്ദ്യവും എളുപ്പം വർദ്ധിക്കാൻ ഇടയാക്കി. ഇടക്കാലത്ത് സ്കൂൾ സ്റ്റേജിൽ തന്റെ ടീച്ചർ എഴുതിക്കൊടുത്ത പ്രസംഗം കാണാതെ പഠിച്ച് പറയാനായതും ഈ യാത്രയിലെ ഒരു കാറ്റലിസ്റ്റ് ആയെന്ന് പറയാം.
എം.ബി.എ കഴിഞ്ഞാണ് സൈക്കോതെറാപ്പിയിൽ വിവിധ കോഴ്സുകൾ പൂർത്തീകരിച്ചത്. കരിയറും പ്രൊഫഷനും ഫ്യൂസ് ചെയ്ത് ജി.സി.സിയിലും പുറത്തും കൺസൾട്ടൻസിയും ക്ലയ്ൻസുമുള്ള അത്യാവശ്യം തിരക്കുപിടിച്ച കോർപറേറ്റ് ട്രയിനർ ആൻഡ് ബിസിനസ് കോച്ചായി നിലയുറപ്പിച്ചിരിക്കുകയാണ് ഷാജഹാൻ അബൂബക്കർ. ഭാര്യ ലുലു ഷാജഹാൻ പെരിന്തൽമണ്ണയിൽ ഹോമിയോ ഡോക്ടറായി സേവനം അനുഷ്ഠിച്ച് വരുന്നു. ഐബക്, മെഹക് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.