ഇന്‍റർവെലിന്‍റെ വളർച്ച ഇടവേളകളില്ലാതെ; 25,000 വിദ്യാർഥികളും 4500 അധ്യാപകരുമുള്ള, 30 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനമായാണ് വളർച്ച
text_fields“സ്റ്റാർട്ടപ്പാണ്, പരാജയപ്പെട്ടാൽ മുടക്കിയ പണം പോലും കിട്ടിയെന്നു വരില്ല, വെറുതെ പണം കളയണ്ട...” പുതിയ ബിസിനസ് ആശയങ്ങളുമായി രംഗത്തിറങ്ങുന്നവർ പതിവായി കേൾക്കുന്ന ആത്മവിശ്വാസം കളയുന്ന വാചകങ്ങളിൽ ഒന്ന് മാത്രമാണിത്. 70 ശതമാനം പേരും നെഗറ്റിവ് അഭിപ്രായങ്ങൾ കേട്ട് ആഗ്രഹങ്ങൾ ഉപേക്ഷിക്കുന്നവരുമാണ്.
അത്തരക്കാർക്ക് പ്രചോദനമാണ് മലപ്പുറം അരീക്കോട്ടെ ‘ഇന്‍റർവെൽ’ എന്ന സ്ഥാപനം. 30 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മില്യൺ ഡോളർ ആസ്തിയുള്ള വിദ്യാഭ്യാസ നെറ്റ്‍വർക്കായി കുറഞ്ഞ വർഷത്തിനുള്ളിൽ സ്ഥാപനം വളർന്നുപന്തലിച്ചു.
‘‘ചെലോര്ത് റെഡിയാവും ചെലോര്ത് റെഡിയാവൂല’’ എന്ന വൈറൽ ഡയലോഗ് പോലെയാണ് സ്റ്റാർട്ടപ്പുകളുടെ അവസ്ഥ. എന്നാൽ, റെഡിയാവാതെ എവിടെ പോവാൻ എന്നതാണ് യഥാർഥ ആത്മവിശ്വാസമെന്ന് തെളിയിക്കുന്നു ഇന്‍റർവെലിന്‍റെ അമരക്കാർ. അങ്ങനെ റെഡിയായ നാലുപേരെ കിട്ടിയതിലൂടെയാണ് ഒ.കെ. സനാഫിറിന്‍റെ മനസ്സിലെ ഇന്‍റർവെൽ എന്ന ആശയത്തെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചത്.
വിശപ്പടക്കാതെ കണ്ട സ്വപ്നം
2018 നവംബർ അഞ്ചിന് 1.50 ലക്ഷം രൂപ മുതൽമുടക്കിൽ കൊണ്ടോട്ടി ബസ് സ്റ്റാൻഡിനു സമീപത്തെ ചെറിയ മുറിയിലായിരുന്നു തുടക്കം. തങ്ങളുടെ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവെക്കുമ്പോൾ നിരവധി പ്രതിസന്ധികളായിരുന്നു അവർക്കു മുന്നിലുണ്ടായിരുന്നത്. സനാഫിറിനൊപ്പം സി.ഇ.ഒ ഷിബിലി, നജീം ഇല്യാസ്, പി.കെ. റമീസ് അലി, മുഹമ്മദ് അസ്‌ലഹ് എന്നിവരുടെ ഇന്‍റർവെൽ എന്ന സ്വപ്നത്തിനു മുന്നിൽ കോളജ് പഠനവും വെല്ലുവിളിയായിരുന്നു.
വൈകീട്ട് അഞ്ചിനുശേഷം രണ്ടു മണിക്കൂർ കുട്ടികൾക്ക് ട്യൂഷൻ നൽകിയാണ് ടീം ഇന്‍റർവെലിന്‍റെ തുടക്കം. ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന ആശയം ചുവരുകളിൽ പോസ്റ്ററായി പതിഞ്ഞതിന് പിന്നിൽപോലും അധ്വാനത്തിന്‍റെ വിയർപ്പുണ്ട്. പബ്ലിസിറ്റിയുൾപ്പെടെ കാര്യങ്ങളെല്ലാം സ്വയം ചെയ്തു. വിശപ്പടക്കാൻ പണമില്ലാതിരുന്നിട്ടുപോലും ഇന്‍റർവെൽ എന്ന വലിയ സ്വപ്നം അവർ കൈവിട്ടില്ല.
സാമ്പത്തികപ്രശ്നങ്ങൾക്കപ്പുറം മറ്റുള്ളവരുടെ പരിഹാസങ്ങളും കേൾക്കേണ്ടിവന്നെങ്കിലും ഈ അഞ്ചംഗ സംഘം പിന്തിരിഞ്ഞില്ല. ആദ്യകാലങ്ങളിൽ സാമ്പത്തികമായി ഒന്നും ലഭിച്ചിരുന്നില്ല. പകരം കുട്ടികളിലെ ആത്മസംതൃപ്തി അവരിലെ ആത്മവിശ്വാസത്തെ ഇരട്ടിപ്പിച്ചു. പിന്നീട് പതിയെ മഞ്ചേരി, രാമനാട്ടുകര, അരീക്കോട് എന്നിവിടങ്ങളിൽ പ്രധാന ബ്രാഞ്ചുകളും നിലവിൽ വന്നു. 25,000ൽപരം വിദ്യാർഥികളും 4500ഓളം അധ്യാപകരുമായി മുന്നേറുകയാണ് ഇന്‍റർവെൽ ഇന്ന്.
എന്താണ് ഇന്‍റർവെൽ?
‘ഇന്‍റർവെൽ’ എന്നു കേൾക്കുന്നതുതന്നെ വിദ്യാർഥികൾക്ക് പഠനഭാരങ്ങളിൽനിന്ന് അൽപം ആശ്വാസമേകുന്നതാണ്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്ഥാപകൻ സനാഫിർ വിദ്യാർഥികളെ ആകർഷിക്കുന്ന ഇന്‍റർവെൽ എന്ന പേരിൽ ഇൻഡിവിജ്വൽ അറ്റെൻഷനും കെയറും നൽകുന്ന സ്റ്റാർട്ടപ് എന്ന ആശയം മുന്നോട്ടുവെച്ചത്.
ഓരോ കുട്ടിയിലേക്കും അധ്യാപകർ ഇറങ്ങിച്ചെല്ലുകയും കുട്ടികളിലെ പഠനവൈകല്യങ്ങൾ മനസ്സിലാക്കി പരിഹാരം കാണുകയുമാണ് ഇന്‍റർവെൽ ചെയ്യുന്നത്. ഇതുവഴി പഠനത്തിൽ പിന്നാക്കംനിൽക്കുന്ന വിദ്യാർഥികളെ മിടുക്കരാക്കാൻ കഴിയുന്നു.
ഓരോ വിദ്യാർഥിക്കും പ്രത്യേക പരിഗണന നൽകി അവരുടെ അഭിരുചി തിരിച്ചറിഞ്ഞ് പഠിപ്പിക്കുന്ന രീതിയാണ് ടീം ഇന്‍റർവെൽ ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന ആശയമാണ് ഇന്‍റർവെലിനെ മറ്റു ട്യൂഷൻ സെന്‍ററുകളിൽനിന്ന് വ്യത്യസ്തമാക്കിയത്. ഇതുതന്നെയാണ് പുതുതലമുറയെ ഇതിലേക്കടുപ്പിച്ചതും.
തളർത്തിയ മഹാമാരിക്കാലം
ഇന്‍റർവെൽ ഒരു വർഷം പിന്നിട്ടപ്പോഴാണ് കോവിഡ് മഹാമാരി വില്ലനായത്. മുതൽമുടക്കിയ പലരും പണം തിരികെ ആവശ്യപ്പെട്ടു. 13 ലക്ഷം രൂപ കടബാധ്യതയായപ്പോൾ സ്വപ്നം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുവരെ ഇവർ ആലോചിച്ചു. പക്ഷേ, പ്രതീക്ഷയും ലക്ഷ്യവും കൈവിടാൻ മനസ്സുവന്നില്ല.
അങ്ങനെയാണ് സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് മുന്നോട്ടുകുതിച്ചത്. സുഹൃത്തുക്കളിൽ പലരും കട്ടക്ക് കൂടെ നിന്നു. ആറുമാസത്തോളം ശമ്പളമില്ലാതെ ജോലിചെയ്യാനടക്കം പലരും തയാറായി. ഇതിനകം സോഷ്യൽ മീഡിയയിലും അല്ലാതെയും ഇന്റർവെലിന് വലിയ പ്രചാരവും ലഭിച്ചു.
എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ നൽകിവരുന്നു. മൂന്നുമുതൽ ഏഴുവയസ്സ് വരെയുള്ള കുട്ടികൾക്കായി ലിറ്റിൽ ജീനി എന്ന പ്രോഗ്രാമും ഫൗണ്ടേഷൻ കോഴ്സും സ്പോക്കൺ ഇംഗ്ലീഷ്, സ്പോക്കൺ ഹിന്ദി കോഴ്സുകളും ലഭ്യമാണ്.
ഫിൻലൻഡിലെത്തിയ ഇന്ത്യൻ ആശയം
വിവിധ രാജ്യങ്ങളിൽനിന്നുള്ള ആശയങ്ങളെ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ഫിൻലൻഡ് സർക്കാർ നടത്തിവരുന്ന അന്താരാഷ്ട്ര സമ്മിറ്റായ ടാലന്‍റ് ബൂസ്റ്റ് പ്രോഗ്രാമിൽ പങ്കെടുക്കാനും ഇന്‍റർവെലിന് ക്ഷണമുണ്ടായി.
ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു സ്റ്റാർട്ടപ്പിന് ഈ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതെന്നാണ് ഇവർ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിർമല സീതാരാമനും ഇന്‍റർവെലിന് അഭിനന്ദനം അറിയിച്ചു. ഇന്‍റർവെൽ തുടങ്ങി അഞ്ചു വർഷത്തിനിപ്പുറം തൊട്ടതെല്ലാം പൊന്നായതിന്‍റെ പരിണിതഫലംകൂടിയാണ് 30 രാജ്യങ്ങളിലെ സാന്നിധ‍്യം.
ജോലിയിൽ കൂടുതലും സ്ത്രീകൾ
അരീക്കോട് പത്തനാപുരത്താണ് ഇന്‍റർവെലിന്‍റെ ഹെഡ് ക്വാർട്ടേഴ്സ്. അധ്യാപകരിൽ 90 ശതമാനം പേരും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. ഏതൊരു കാര്യവും ചെയ്യുമ്പോൾ ഇഷ്ടത്തോടെയാവണമെന്നും അതിൽ പൂർണ വിജയം നേടാൻ ആത്മവിശ്വാസത്തോടെ സമീപിക്കണമെന്നുമാണ് പുതു തലമുറയോട് ടീം ഇന്‍റർവെലിന് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.