‘ഒരു ദയയുമില്ലാതെ സ്വന്തം അമ്മയെ തല്ലിച്ചതക്കുന്ന അച്ഛനോട് ഏത് മകനാണ് ഇഷ്ടം തോന്നുക?...’
text_fieldsഅമ്മ എന്നെ കട്ടായപ്പെടുത്താതെ" -അവൾ ഫോണിലൂടെ അമ്മയുമായി എന്തോ കാര്യത്തിന് തന്നെ നിർബന്ധിക്കരുതെന്നു പറഞ്ഞ് തർക്കത്തിലായി. ചെന്നൈയിൽ നിന്നും കേരളത്തിൽ പഠിക്കാൻ വന്നതാണ് അവൾ. തമിഴിലും ഇംഗ്ലീഷിലും നല്ല ജ്ഞാനമുണ്ട്. മാത്രവുമല്ല അവളുടെ അമ്മവീട് കേരളത്തിൽ തന്നെയായതിനാൽ മലയാളം നന്നായി മനസ്സിലാക്കാനും കഴിയും. കണ്ട് പരിചയപ്പെട്ടയുടൻ തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു.
പതിവുപോലെ ഒരു ദിവസം കോളജ് ബ്രേക്ക് ടൈമിൽ ചൂടു ചായയും കടിയും കഴിക്കാനായി കാന്‍റീനിൽ എത്തിയപ്പോഴാണ് അമ്മയുമായി ഫോണിൽ ഈ സംസാരം. അവൾ ദേഷ്യത്തോടെ തന്നെയാണ് ഓരോ മറുപടിയും നൽകിയത്. ചായയിൽനിന്ന് ഉയർന്ന ആവിയുടെ പിന്നിലിരുന്ന് അവൾ എന്തോ ആലോചിക്കുന്നുണ്ട്. അവളിൽനിന്നും കാര്യം അന്വേഷിച്ച് അറിയാൻ ഞാൻ ഒട്ടും മടിച്ചില്ല.
‘‘എന്താടാ?’’ -ഞാൻ ചോദിച്ചു.
‘‘അത് എന്നുട അമ്മ താൻ... ഇതാ സൊല്ല താൻ എന്ന കൂപ്പിട്ടാങ്ക’’- ഇടവേള കഴിഞ്ഞ് ബെല്ലിന്‍റെ ശബ്ദം കേട്ടയുടൻ ഞങ്ങൾ ക്ലാസിലേക്ക് നടന്നു. ക്ലാസ് വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴും അവളെ ചിന്തകൾ അലട്ടിക്കൊണ്ടിരുന്നു. ഞാൻ അവളോടൊപ്പം ആണെങ്കിലും അവളുടെ മനസ്സ് മറ്റൊരിടത്താണ്. ചിന്തകളുടെ ഭാരം വഹിക്കുന്നു എന്ന വണ്ണം അവൾ വളരെ മെല്ലെയാണ് നടക്കുന്നത്.
ആയിടെ ഓണാവധിയുടെ തലേന്നുതന്നെ കേരളത്തിലെ ബന്ധുക്കൾ വന്ന് ഹോസ്റ്റലിൽ നിന്ന് അവളെ കൂട്ടിക്കൊണ്ടു പോയിരുന്നു. അവളുടെ ഉത്സാഹവും സന്തോഷവും അവധി കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ മാഞ്ഞുപോയതായി അനുഭവപ്പെട്ടു. ഒരു മൂഢത അവളെ പൊതിഞ്ഞു. ആകാശത്തെ മേഘങ്ങളെപ്പോലെ ഇരുണ്ടുമൂടിയ മട്ട്. അവളുടെ മാറ്റത്തിനു പിന്നിലെ കാര്യം എന്തെന്ന് പലവട്ടം ചോദിച്ചപ്പോഴാണ് മെല്ലെ അവൾ മനസ്സു തുറന്നത്. മനസ്സിനെ നടുക്കുന്ന കുറെ അനുഭവങ്ങൾ...
ഓണാവധിക്കാലത്ത് താമസിച്ചത് അവളുടെ ബന്ധുവിന്‍റെ വീട്ടിലാണ്. അവിടെ ബന്ധുവിന്‍റെ കുടുംബവുമുണ്ട്. ദിവസവും വീട്ടിൽ ഒച്ചപ്പാടും ബഹളവുമാണ് അരങ്ങേറുക. ജോലി കഴിഞ്ഞ് അയാൾ വന്നയുടൻ തുടങ്ങുന്നതാണ് ഈ തർക്കവും അടിയും. വീട്ടിൽ ഒട്ടും ക്ഷമയില്ലാതെ അയാൾ പല കാരണങ്ങളും കണ്ടെത്തി വഴക്കിടും.
‘കറിക്ക് ഉപ്പില്ല, ചോറ് വെന്തില്ല’ എന്ന നിസ്സാര കാരണങ്ങളാകും ഓരോ ദിവസവും തർക്കത്തിന്‍റെ കാരണം. അവൾ ചെന്ന ദിവസം പോലും അയാൾ ഭാര്യയുമായി വഴക്കിട്ടു. ഒരു ദിവസം അയാൾ വീട്ടിൽ വന്നത് നാലുകാലിലാണ്. അന്ന് ഭാര്യയെ തല്ലുകയും ചെയ്തു. അവർ മാറിനിന്ന് കരയുമ്പോൾ അവരുടെ മകനും അവരെ കെട്ടിപ്പിടിച്ച് കരയുന്നു, ‘‘എനിക്ക്... അപ്പയെ പേടിയാണമ്മേ’’ എന്ന് പറഞ്ഞുകൊണ്ട്.
ഒരു ദയയുമില്ലാതെ സ്വന്തം അമ്മയെ തല്ലിച്ചതക്കുന്ന അച്ഛനോട് ഏത് മകനാണ് ഇഷ്ടം തോന്നുക? ആ വാക്കുകളിലൂടെ അവന്‍റെ ആ കുഞ്ഞു മനസ്സിൽ അയാളുടെ ക്രൂരത എത്ര ഭയാനകമായാണ് പ്രതിഫലിക്കുന്നതെന്ന് മനസ്സിലാകും. ഇങ്ങനെ കഴിയുന്ന കുഞ്ഞു മനസ്സുകളിൽ ഓരോ തരത്തിൽ വിഷമേറിയ ചിന്തകൾ ജനിക്കും. അതിനെല്ലാം കാരണം ഇതുപോലുള്ള ചെറുപ്പത്തിലെ ചില അനുഭവങ്ങളാണ്.
സൈക്യാട്രിയിൽ ഇതിനെ ‘ചൈൽഡ് ഹുഡ് ട്രോമ ’ എന്നാണ് വിശേഷിപ്പിക്കുന്നത്. യഥാർഥ കുറ്റവാളികളായ മുതിർന്നവർ കുഞ്ഞുങ്ങളുടെ മുന്നിൽ തങ്ങളുടെ അതിക്രമങ്ങൾ പ്രകടിപ്പിക്കുന്നതു വഴി സമൂഹത്തിന് സമർപ്പിക്കുന്നത് മറ്റൊരു കുറ്റവാളിയെയാണെന്നത് നിസ്സംശയം പറയാം.
സ്ത്രീകളെ അടിച്ചമർത്തുന്നതിലൂടെയോ ഭരിക്കുന്നതിലൂടെയോ ഒരാൾ നല്ലവനാകുന്നില്ല. മറിച്ച്, അവരെ തനിക്ക് മീതെ ബഹുമാനിച്ചില്ലെങ്കിലും മനുഷ്യനായി പരിഗണിക്കുകയെങ്കിലും വേണം.
സ്ത്രീധനത്തെ ആഗ്രഹിച്ച് കല്യാണം കഴിക്കുകയും ശേഷം തള്ളിക്കളയുന്നതും ഉപേക്ഷിക്കുന്നതുമാണ് പുരുഷ മേധാവിത്വം കാണിക്കുന്നവരുടെ യഥാർഥ മുഖം. താൻ സ്ത്രീകളെക്കാൾ ശ്രേഷ്ഠനാണെന്നും അവരെന്റെ അടിമകളായി തന്നെ വാഴണം എന്ന വാശി ഇക്കൂട്ടർക്കുണ്ട്. ഇതൊക്കെ കണ്ട് വളരുന്ന പുതുതലമുറ ഇതുപോലുള്ള തെറ്റുകളെ തിരുത്തുന്നതിലുമുപരി അനുകരിക്കാനാകും ശ്രമിക്കുക.
കാരണം സമൂഹം അവരോട് ചെറുപ്പത്തിലേ പറയുന്നത് ‘നീ ഒരാണായി ജീവിക്കാനാണ്’. ഈ മെയിൽ ഷോവിനിസം തലമുറകളിലേക്കായി നീങ്ങിക്കൊണ്ടിരിക്കും.
എല്ലാം കേട്ട് മനസ്സ് കലുഷിതമായി നിന്ന എന്നെ അവൾ ഉണർത്തി. മരവിച്ച മനസ്സോടെ ഞങ്ങൾ നടന്നുനീങ്ങി...
(ലേഖിക പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിലെ 2023 ബാച്ച് നീറ്റ് റിപ്പീറ്ററാണ്)
●
(കോളജിലെ എന്തെങ്കിലും സംഭവം, അനുഭവം നിങ്ങളെ സ്പർശിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് ‘കുടുംബ’ത്തിലേക്ക് എഴുതി അയക്കൂ. അടുത്ത ലക്കത്തിൽ ഈ പേജിൽ വായിക്കാം...
whatsapp: 9645005018. kudumbam@madhyamam.com
എഡിറ്റർ, കുടുംബം മാഗസിൻ, മാധ്യമം, കോഴിക്കോട്-12 )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.