കുടുംബം, കുഞ്ഞ് എന്നിവ സ്ത്രീയുടെ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും ചുറ്റുമുള്ള മതിലുകളല്ല
text_fieldsമൂന്ന് വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച കാമ്പസ് കാലങ്ങൾ സംഭവബഹുലമായിരുന്നു. ആദ്യത്തേത് തികഞ്ഞ അച്ചടക്കത്തിന്‍റേതും ചിട്ടകളുടേതുമെങ്കിൽ രണ്ടാമത്തേത് തികഞ്ഞ അക്കാദമിക-വ്യക്തി സ്വാതന്ത്ര്യങ്ങളുടെ തുറവിയായിരുന്നു. മൂന്നാമത്തേതാകട്ടെ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി പുതുകാലത്തിന്‍റെ തുടിപ്പുകളും അവയോടുള്ള എന്‍റെ അമ്പരപ്പുമാണ്.
2008ലാണ് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ബി.എ ഇംഗ്ലീഷ് സാഹിത്യത്തിന് ചേരുന്നത്. രണ്ടായി മുടിപിന്നി തട്ടവുമിട്ട് കോളജിൽ പോയിരുന്ന പെൺകുട്ടി അവിടത്തെ ഫാഷൻ സങ്കൽപങ്ങൾക്ക് അത്ര യോജിച്ചവൾ ആയിരുന്നില്ല. ലൈബ്രറിയും വിരലിലെണ്ണാവുന്ന സൗഹൃദങ്ങളും അൽപസ്വൽപം കഥയും വായനയുമൊക്കെയായി ഒതുങ്ങിക്കൂടിയ അവളെ മലയാളം വിഭാഗത്തിലെ ജെയ്സി മിസ്സാണ് കോളജ് യൂനിയൻ ഇലക്ഷനിൽ മാഗസിൻ എഡിറ്റർ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്.
അന്നത്തെ ഇംഗ്ലീഷ് വിഭാഗം മേധാവി റോസമ്മ മിസ്സ് ഡിപ്പാർട്മെന്‍റിൽ ചെന്നപ്പോൾ മെടഞ്ഞിട്ട മുടി അഴിച്ചു പോണിടെയ്ൽ കെട്ടിക്കൊടുത്ത് സ്ഥാനാർഥിത്വം ഉറപ്പിച്ചു.
അത് യൂനിയൻ പ്രവർത്തനങ്ങൾ, അസംപ്ഷൻ കുമാരിമാരുടെ സ്വപ്നഭൂമിയായ എസ്.ബി കോളജിന്‍റെ പൊതുചടങ്ങുകളിൽ പങ്കെടുക്കാനുള്ള ഒരുക്കം, നിരാലംബർക്ക് ഭക്ഷണപ്പൊതിയുമായി പൊരിവെയിലത്ത് ചങ്ങനാശ്ശേരി പട്ടണം ചുറ്റിയുള്ള നടത്തം, പിന്നെ ജീവിതത്തെ ആകെ മാറ്റിമറിച്ച മറ്റു ചില വലിയ സന്തോഷങ്ങൾ... എല്ലാത്തിലേക്കുമുള്ള വാതിലായിരുന്നു.
കോളജ് യൂനിയൻ ചടങ്ങുകളിലേക്ക് ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് പുരോഹിതരെ ക്ഷണിക്കാൻ സ്ഥിരം പോവുക സോകോൾഡ് നല്ല കുട്ടികളായ സാന്ദ്രയും അവളുമായിരുന്നു. ഓട്ടോ കാശുതരും പ്രിൻസിപ്പൽ. എന്നാൽ, അരമന വരെ സന്തോഷിച്ചു കഥയൊക്കെ പറഞ്ഞു നടന്നു തിരികെവരുമ്പോൾ ആ പൈസ കുഞ്ഞൂഞ്ഞമ്മ ആന്‍റീടെ കഫ്റ്റീരിയയിലെ പെട്ടിയിൽവീഴും. ഫാദർ റെഡ്ഡിയുടെ കണക്കിൽ ചായയും ബർഗറും അകത്താക്കിയ രസകരമായ ഓർമകൾകൂടി അസംപ്ഷൻ കാലം സമ്മാനിച്ചു.
2011ൽ മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എം.എ ഇംഗ്ലീഷ്. അസംപ്ഷന്‍റെ 9-4 സമയക്രമത്തിൽനിന്ന് തികച്ചും വ്യത്യസ്തമായി സുദീർഘമായ ക്ലാസുകളുമായി അത്ഭുതപ്പെടുത്തിയ അധ്യാപകർ. ലെറ്റേഴ്സ് കാലം അക്കാദമിക-വ്യക്തിജീവിതത്തെ വലിയൊരളവ് സ്വാധീനിച്ചിട്ടുണ്ട്.
അന്നും ഇന്നും ലെറ്റേഴ്സിലേക്കും അവിടത്തെ പുസ്തകങ്ങളിലേക്കും ഓടിച്ചെല്ലാൻ പ്രേരിപ്പിക്കുന്ന പ്രധാനഘടകം ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട സരിതച്ചേച്ചിതന്നെ. അക്കാലത്ത് യൂനിവേഴ്സിറ്റി ലൈബ്രറിയുടെ താഴത്തെ നിലയിലാണ് സാഹിത്യ പുസ്തകങ്ങൾ അടുക്കിയിരുന്നത്.
വൈകുന്നേരങ്ങളിൽ അവിടത്തെ ഭ്രമിപ്പിക്കുന്ന ഏകാന്തതയും ഭയപ്പെടുത്തുന്ന നിശ്ശബ്ദതയും സന്ധ്യക്ക് ഹോസ്റ്റലിലേക്കുള്ള കുന്നും കാടുമിറങ്ങിയുള്ള ഒറ്റനടത്തങ്ങളുമാണ് എന്നെ രൂപപ്പെടുത്തിയത്.
ഒരു സന്ധ്യക്ക് ലൈബ്രറി വിട്ടുവരുമ്പോൾ ലെറ്റേഴ്സിന്‍റെ മുറ്റത്തുനിന്ന് കവിത ഒഴുകുന്നു. ഡി. വിനയചന്ദ്രൻ മാഷ്. അങ്ങനെ മനോഹരങ്ങളായ അനവധി സന്ധ്യകൾ, പ്രഭാഷണങ്ങൾ, നാടകങ്ങൾ, റോയ് ചേട്ടന്‍റെ ചായക്കട, കോട്ടയം ഡി.സി, നാഷനൽ ബുക്ക് സ്റ്റാൾ... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഓർമകളുടെ പേരാണ് ലെറ്റേഴ്സ്.
ലെറ്റേഴ്സിനുപിന്നിൽ കാട് വെട്ടിത്തെളിച്ച് മന്ദാരത്തിനു കീഴെ പഴയ ഇലക്ട്രിക് പോസ്റ്റിട്ട് പിഎച്ച്.ഡി ചേട്ടന്മാർ ഒരുക്കിയ ഇരിപ്പിടം പകൽസമയത്ത് ഞാൻ കൈയേറുമായിരുന്നു. പുസ്തകവും പാട്ടുമായി അവിടെയിരുന്ന നട്ടുച്ച നേരങ്ങളോളം മനോഹര പകലുകൾ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
എം.എ കഴിഞ്ഞ് എല്ലാവരും പലവഴിക്ക് പിരിഞ്ഞെങ്കിലും സൗഹൃദങ്ങൾ അന്നത്തെ തീവ്രതയോടെ ഇന്നും നിലനിൽക്കുന്നു. മനസ്സ് അത്രമേൽ കലുഷിതമാകുന്ന നേരങ്ങളിൽ നെടുനീളൻ മെസ്സേജുകളിൽ സമാധാനം തരാൻ കുമാരനും അഖിലയും ഒക്കെ ഇപ്പോഴും കൂടെയുണ്ട്.
പിന്നെയും ഒരു കൊല്ലം എം.ഫിൽ കാലത്ത് ലെറ്റേഴ്സിലുണ്ടായിരുന്നു. ഇത്തവണ കുറച്ചുകൂടി വ്യത്യസ്തമായിരുന്നു കാര്യങ്ങൾ. പുതിയ സൗഹൃദങ്ങൾ, ഇഷ്ടവിഷയത്തിൽ അധ്വാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാംകൊണ്ടും ലെറ്റേഴ്സ് കൂടുതൽ മനോഹരമായിരുന്നു.
വിവാഹം, കുഞ്ഞ് ഒക്കെയായി ജീവിതവും സ്വപ്നങ്ങളും പരസ്പരം അകന്ന രണ്ടു സമാന്തര രേഖകളായി നീണ്ടുനീണ്ടങ്ങനെ പോയപ്പോഴാണ് അഞ്ചു വർഷത്തെ ഇടവേളക്കുശേഷം 2020ൽ ഡോ. ആശ സൂസൻ ജേക്കബിന് കീഴിൽ കോഴഞ്ചേരി സെന്‍റ് തോമസ് കോളജിൽ ഗവേഷണത്തിന് ചേരുന്നത്. രണ്ടുമാസം കഴിഞ്ഞപ്പോൾ കോവിഡ് വന്നു. വീട്ടിൽ അടച്ചിരിപ്പ്. 2021ൽ വീണ്ടും സജീവമായ കാമ്പസിലേക്ക്.
അപ്പോഴേക്കും കാമ്പസ് ട്രെൻഡുകൾ മാറി, ഭാഷ മാറി, വസ്ത്രം മാറി. തെല്ലൊരു കൗതുകത്തോടെയാണ് പുതിയ കുട്ടികളുമായി സംസാരിക്കാറ്. ജീവിതത്തെയും സൗഹൃദങ്ങളെയുമൊക്കെ എത്രയധികം പ്രായോഗിക ബുദ്ധിയോടെയാണ് ഈ കുട്ടികൾ സമീപിക്കുന്നത്.
ഈ മൂന്നാംഘട്ടത്തിൽ കാമ്പസിന്‍റെ ഉള്ളറിയുന്നുണ്ടോ എന്ന് സംശയമാണ്. പിഎച്ച്.ഡി എഴുത്തു ഏകദേശം പൂർത്തിയായിരിക്കുന്ന ഘട്ടമായതിനാൽ കാമ്പസിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അധികം കഴിയാറില്ല. അഞ്ചു വർഷത്തെ ഇടവേള കാമ്പസുമായുള്ള എന്‍റെ സംവേദനശേഷി കുറച്ചു എന്ന് വേണമെങ്കിൽ പറയാം.
എങ്കിലും യു.കെ.ജിക്കാരനായ മകനെ സ്കൂളിൽ വിട്ട് ബാക്ക്പാക്കും തൂക്കി തിരക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ വെപ്രാളപ്പെട്ട് ഓടിക്കയറി കോളജ് ലൈബ്രറിയിൽ ലാപ്‌ടോപ്പിനും കൂട്ടുകാർക്കുമിടയിലിരുന്നു വായിക്കാനും എഴുതാനുമൊക്കെ കഴിയുന്നത് വലിയൊരു അനുഗ്രഹമായി കാണുകയാണ്. കുടുംബവും കുഞ്ഞും ഒന്നും നമ്മുടെ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും ചുറ്റുമുള്ള മതിലുകളല്ലെന്ന് ജീവിച്ചുതെളിയിക്കാൻ ഓരോ സ്ത്രീക്കും കഴിയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.