ഒന്നിച്ചാകാം ആഘോഷം
text_fieldsഓണം എന്നും എന്റെ പ്രിയപ്പെട്ട ആഘോഷമാണ്. കുടുംബത്തിനോടൊപ്പമാണ് എല്ലാ ഓണവും. വിവാഹത്തിനു മുമ്പ് അച്ഛനും അമ്മയും ഏട്ടനും ചേരുന്ന ചെറിയ ആഘോഷമായിരുന്നു ഞങ്ങളുടേത്. എന്നാല്‍, കല്യാണം കഴിഞ്ഞതോടെ കുടുംബവും ഓണവും വലുതായി. ഒരു വീട്ടില്‍ മാത്രം ആഘോഷിച്ചിരുന്നത് ഇപ്പോള്‍ രണ്ടു വീട്ടിലാണ്. അത് സന്തോഷവും ഇരട്ടിപ്പിച്ചു.
ഒരു ഓണനാളിലായിരുന്നു എന്റെയും ശ്രീകാന്തിന്റെയും വിവാഹം. ഇപ്പോള്‍ 10ാം വര്‍ഷത്തിലേക്കു കടന്നു. എല്ലാ ഓണവും ഒന്നിച്ച് ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ആഘോഷങ്ങളോട് അധികം താല്‍പര്യമില്ലാത്ത ആളാണ് അദ്ദേഹം. എന്നാല്‍, ഞങ്ങള്‍ക്കൊപ്പം എല്ലാറ്റിനും പൂർണ പിന്തുണയുമായി ഒപ്പം കൂടാറുണ്ട്.
സഹകരിപ്പിക്കാം പുരുഷന്മാരെ
ഇന്ന് ഭൂരിഭാഗം പുരുഷന്മാരും വീട്ടിലെ സ്ത്രീകള്‍ക്കൊപ്പം ഓണാഘോഷത്തില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍, മാറിനില്‍ക്കുന്ന ഒരു കൂട്ടരെയും കാണാം. ചിലര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മാത്രമേ മനസ്സിലാവൂ. അങ്ങനെയുള്ളവരോട് ഓണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളെയും ആഘോഷത്തെയും കുറിച്ചും കൃത്യമായി പറഞ്ഞു മനസ്സിലാക്കി അവരെയും ഒപ്പം കൂട്ടുക.
പെണ്ണോണം നല്ലോണമാക്കാം
പെണ്ണോണം നല്ലോണമാക്കണമെങ്കില്‍ സ്ത്രീകള്‍തന്നെ വിചാരിക്കണം. നമ്മുടെ കാര്യങ്ങളും ആവശ്യങ്ങളും അവസാനത്തേക്ക് മാറ്റിവെക്കരുത്. എല്ലാവര്‍ക്കും എല്ലാം ഒരുക്കിയതിനു ശേഷം നമുക്ക് സന്തോഷിക്കാമെന്ന് വിചാരിച്ചാല്‍, അത് പലപ്പോഴും സാധ്യമായെന്നു വരില്ല. ഇങ്ങനെ തന്നെയാണ് പലപ്പോഴും സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്.
സ്ത്രീകളുടെ സന്തോഷങ്ങള്‍
പുരുഷന്മാരെ അപേക്ഷിച്ച് ചെറിയ കാര്യങ്ങളിലാണ് സ്ത്രീകള്‍ സന്തോഷം കണ്ടെത്തുന്നത്. ഓണത്തിന് ഉടുക്കുന്ന സാരി മുതല്‍ ആ നിമിഷങ്ങള്‍ പകര്‍ത്തിയ ഫോട്ടോകള്‍ വരെ അവരുടെ ഓർമകളിലെ മറ്റൊരു പൂക്കാലമാണ്. ഓണം എല്ലാകാലത്തും സ്ത്രീകള്‍ക്ക് ആനന്ദം നല്‍കുന്ന ആഘോഷംതന്നെയാണ്. അതിനായി ഭര്‍ത്താവും കുടുംബവും അവരെ ചേര്‍ത്തുപിടിക്കണം.
സന്തോഷത്തോടെ ഓണം ആഘോഷിക്കാം
സ്ത്രീയും പുരുഷനും ഒന്നിച്ചുനിന്നാല്‍ ഓണം എന്നല്ല ഏതൊരു ആഘോഷവും ആനന്ദകരമാക്കാം. വീട്ടിലെ സ്ത്രീകളുടെ ജോലികള്‍ പുരുഷന്മാര്‍ ചെയ്യുന്നത് ജോലിഭാരം കുറക്കാന്‍വേണ്ടിയുള്ള ഒരു സഹായമായാണ് നമ്മുടെ സമൂഹം കാണുന്നത്. ആ ചിന്തതന്നെ മാറണം.
സ്ത്രീകളെ സഹായിക്കുന്നതിനു പകരം പുരുഷന്മാര്‍ അവരോടൊപ്പം ജോലികളില്‍ ഭാഗമാവുകയാണ് വേണ്ടത്. സഹായിക്കുക എന്ന ചിന്ത മാറ്റിയാല്‍തന്നെ ഓണം എന്നല്ല എല്ലാ ആഘോഷങ്ങളും സ്ത്രീക്കും പുരുഷനും ഒരുമിച്ച് സന്തോഷിക്കാനുള്ള അവസരമായി മാറും.
മാറുന്ന ഓണം ട്രെന്‍ഡുകള്‍
കാലം മാറുന്നതിനൊപ്പംതന്നെ ഓണത്തിന്റെ ട്രെന്‍ഡുകളും മാറും. എല്ലാവര്‍ക്കും അവരവരുടെ കാലത്തെ ആഘോഷമാണ് ഏറ്റവും പ്രിയപ്പെട്ടത്. കുടുംബത്തിനോടൊപ്പം ഓണം ആഘോഷിക്കുന്നവരുണ്ടാവും. സുഹൃത്തുക്കളോടൊപ്പവും ചിലര്‍ ഒറ്റക്കുമാകും ആഘോഷിക്കുക. അതൊക്കെ അവരവരുടേതായ താല്‍പര്യങ്ങളാണ്. ഇപ്പോള്‍ കുടുംബത്തിനോടൊപ്പം സുഹൃത്തുക്കളും ചേരുന്ന ഓണാഘോഷങ്ങളാണ് അധികവും കണ്ടുവരുന്നത്. എന്റെ ഓണം ഇപ്പോള്‍ അത്തരത്തിലുള്ളതാണ്. നമുക്ക് എന്താണോ സന്തോഷം അത് ചെയ്യുക.
ആഘോഷംതന്നെ ലഹരിയാക്കാം
ഏതൊരു കാര്യവും പൂർണ ബോധത്തോടെ ചെയ്യുമ്പോഴാണ് നമുക്ക് അതിൽനിന്ന് യഥാര്‍ഥ ലഹരി ലഭിക്കുന്നത്. ഇന്ന് പലരും മദ്യംപോലെ താല്‍ക്കാലിക സന്തോഷങ്ങളുടെ പിന്നാലെ പോകുന്നതുകൊണ്ട് ജീവിതത്തിന്റെ യഥാര്‍ഥ ലഹരി ആസ്വദിക്കാന്‍ കഴിയുന്നില്ല. നമ്മുടെ മാത്രം താല്‍പര്യങ്ങള്‍ കൂടെയുള്ളവരെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് എല്ലാവരും ചിന്തിക്കണം.
അവരുടെ സന്തോഷം ഉറപ്പുവരുത്തേണ്ടതും നമ്മുടെ കടമയാണ്. എല്ലാവര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യത്തില്‍നിന്നുകൊണ്ട് ആഘോഷിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, അത് മറ്റൊരാള്‍ക്ക് വേദനയാവാതെ നോക്കണം. മദ്യപാനവും പുകവലിയുമൊക്കെ ഓരോ വ്യക്തിയുടെ തീരുമാനമാണ്. അതില്‍ നിന്ന് മാറിനില്‍ക്കണോ വേണ്ടയോ എന്ന് അവരവരാണ് തീരുമാനിക്കേണ്ടത്. ലഹരിയൊന്നുമില്ലാതെ എല്ലാവരും ഒരുമിച്ച് സന്തോഷം കണ്ടെത്തുക എന്നതാണ് വലിയ കാര്യം.
തയ്യാറാക്കിയത്: അങ്കിത കുറുപ്പ്
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.