‘സിനിമയിലേക്ക് വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല’- കനിഹ
text_fieldsമലയാളത്തിന്റെ ഭാഗ്യനായികയാണ് കനിഹ. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലെ കൈതേരി മാക്കം എന്ന കഥാപാത്രം ഈ തെന്നിന്ത്യൻ നടിയെ മലയാള മനസ്സുകളിൽ ഉറപ്പിച്ചുനിർത്തി. സിനിമ പോലെത്തന്നെ ഫിറ്റ്നസും ജീവിതത്തിന്റെ ഭാഗമാണ് കനിഹക്ക്.
കരിയറും കുടുംബവും ചേർത്തുപിടിച്ചുള്ള തിരക്കിനിടയിലും വ്യായാമം വിട്ടൊരു ഡെയ്ലി ഷെഡ്യൂളില്ല. ജീവിതത്തിലും വെള്ളിത്തിരയിലും കാണുന്ന പ്രസരിപ്പിന്‍റെ രഹസ്യവും ഫിറ്റ്നസ് തന്നെയെന്ന് കനിഹ സാക്ഷ്യപ്പെടുത്തുന്നു. ഫിറ്റ്നസ്, ഡയറ്റ് സീക്രട്ടുകളും കുടുംബ വിശേഷങ്ങളും പങ്കുവെക്കുന്നു....
ഫിറ്റ്നസിനെ കാണുന്നത് എങ്ങനെ?
‘കരിയറിനു വേണ്ടിയാണോ ഫിറ്റ്നസ് നിലനിർത്തുന്നത്?’ -സിനിമ മേഖലയിൽ ആയതുകൊണ്ടാണോ എന്നറിയില്ല, എന്‍റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ചിലരുടെ സംശയമാണ്. സോഷ്യൽ മീഡിയയിൽ കമന്‍റായും ആവർത്തിക്കുന്ന ചോദ്യം. സത്യത്തിൽ ഞാനിത് എന്റെ കരിയറിനുവേണ്ടി മേക് ഓവർ ചെയ്തതോ ഷോ ആയി ചെയ്യുന്നതോ അല്ല.
ഹ്രസ്വകാല ലക്ഷ്യങ്ങളെക്കാൾ ആരോഗ്യകരമായ ഭാവിക്കായി ഞാൻ കരുതുന്ന സമ്പാദ്യമാണ് എന്‍റെ ഫിറ്റ്നസ്. ബ്യൂട്ടി പാർലറിൽ പോയി മുഖസൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന നമ്മൾ അതിനെക്കാൾ ഫിറ്റ്നസിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന തിരിച്ചറിവ് ആർജിക്കണം. ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലല്ലേ ബാക്കി എല്ലാമുള്ളൂ...
സ്ത്രീകൾക്ക് എത്ര പ്രധാനപ്പെട്ടതാണ് വർക്കൗട്ട്?
ഒരു സ്ത്രീ എന്ന നിലയിൽ നമ്മുടെ ശരീരം വളരെയധികം വ്യതിയാനങ്ങൾക്ക് വിധേയമാകുന്നുണ്ട്. പ്രസവം, മറ്റു ഹോർമോൺ ചേഞ്ച് എന്നിവ പോലെ... അക്കാരണങ്ങളാൽ ആരോഗ്യകരമായ ഒരു ഭാവിക്കായി നാം വളരെയധികം ശ്രദ്ധിക്കണം.
എന്നാൽ, ആരോഗ്യം, ജീവിതം ഒക്കെ ശ്രദ്ധിക്കാൻ മനഃപൂർവം മറക്കുന്നവരാണ് ബഹുഭൂരിഭാഗം സ്ത്രീകളും. ഫിറ്റ്നസിൽ ശ്രദ്ധിച്ചുതുടങ്ങിയാൽ ഒരു ആഴ്ചയോ മാസമോ ചിലപ്പോൾ ആറുമാസം കൊണ്ടോ ഫലം കാണണമെന്നില്ല. എന്നാൽ, ഭാവിയിൽ നാം ആരോഗ്യത്തോടെയിരിക്കാൻ അതൊരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല.
സീരിയസ് വർക്കൗട്ടിലേക്ക് വന്നത്?
അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. എപ്പോഴും ഫിറ്റ്നസിനെക്കുറിച്ച് നല്ല ബോധ്യമുണ്ട് എനിക്ക്. നേരത്തേ പറഞ്ഞതിന്‍റെ തുടർച്ചപോലെ സിക്സ് പാക്കോ മസിലുകളോ സൈസ് സീറോ ഫിഗറോ അല്ല ഞാൻ വർക്കൗട്ടിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള ശരീരവും ശാന്തമായ മനസ്സുമാണ്. സൂംബ, പലാറ്റെയ്സ് (pilates), ജിം വർക്കൗട്ട്, ഓട്ടം, യോഗ എന്നിങ്ങനെ ഏതെങ്കിലുമൊന്ന് എക്കാലത്തും എന്‍റെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരുന്നു. ഇപ്പോൾ ഹൈ ഇന്‍റൻസിറ്റി ട്രെയിനിങ്ങും (high Intensity training) ചെയ്തുവരുന്നുണ്ട്.
ഫിറ്റ്നസിന്‍റെ രഹസ്യം?
എത്ര തിരക്കായാലും വർക്കൗട്ട് ഒഴിവാക്കാറില്ല. ദിവസം 45 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കും. ആഴ്ചയിൽ കുറഞ്ഞത് 4-5 മണിക്കൂർ. എന്നാൽ, ഷൂട്ടിന്‍റെ തിരക്കിൽപെട്ടോ മറ്റോ അപൂർവമായേ വർക്കൗട്ട് മുടങ്ങാറുള്ളൂ. അത് ആ ആഴ്ചയിൽതന്നെ ഫ്രീ സമയത്ത് കോമ്പൻസേറ്റ് ചെയ്യാനും ശ്രമിക്കും.
ജീവിതത്തെയും നല്ല ഭക്ഷണങ്ങളെയും ആരോഗ്യകരമായി സമീപിച്ചാൽതന്നെ നമുക്ക് ഫിറ്റ്നസ് നിലനിർത്താൻ കഴിയും.
ഡയറ്റിങ് സീക്രട്ട്?
ഫുഡി ആയിരുന്നു ഞാൻ. ഇഷ്ടമില്ലാത്ത ഭക്ഷണം എന്നൊന്ന് എന്‍റെ മെനുവിൽ ഇല്ല. മുമ്പ് വെജായിരുന്ന ഞാൻ പക്ഷേ, വിവാഹശേഷം നോണും ട്രൈ ചെയ്തിരുന്നു. പക്ഷേ, കുറച്ചായി കൃത്യമായ ഡയറ്റ് പിന്തുടരുന്നതിനാൽ വളരെ ലളിതമാണ് ഭക്ഷണക്രമം. ഭക്ഷണത്തിന്റെ അളവ് വളരെ കുറക്കാൻ എപ്പോഴും ശ്രദ്ധിക്കും.
രണ്ടുനേരം ഹെവിയായി കഴിക്കുന്നതിനു പകരം ഗ്യാപ്പിട്ട് ചെറിയ മീൽസാക്കി കഴിക്കാൻ ശ്രമിക്കും. നട്സ്, ഫ്രൂട്സ് ഒക്കെ ഡയറ്റ് പ്ലാനിന്‍റെ ഭാഗമാണ്. രാവിലെ സാധാരണയായി ഓട്സ് അല്ലെങ്കിൽ നട്സ് കഴിക്കും. ഉച്ചക്ക് മില്ലറ്റ്സും പച്ചക്കറികളും പരിപ്പും. രാത്രി ഇഡ്ഡലി അല്ലെങ്കിൽ ദോശ. ഫിറ്റ്നസിനുവേണ്ടി പട്ടിണി കിടക്കുന്നതിൽ അർഥമില്ല. പകരം ആവശ്യമുള്ളത് കഴിക്കാൻ ശ്രദ്ധിക്കണം, ആവശ്യമില്ലാത്തത് കഴിക്കാതിരിക്കാനും.
ആയോധനകലകൾ പരിശീലിക്കുന്നുണ്ടോ?
ഇല്ല. പരിശീലിക്കണമെന്ന് ഏറെ ആഗ്രഹിച്ചെങ്കിലും സാധിച്ചിട്ടില്ല. സമീപ ഭാവിയിൽതന്നെ പഠിക്കണമെന്നാണ് ആഗ്രഹം.
വർക്കൗട്ടും പോസിറ്റിവ് എനർജിയും ബന്ധമുേണ്ടാ?
മനസ്സിന്‍റെ ഊർജസ്വലത നഷ്ടപ്പെടാൻ നിരവധി കാരണങ്ങളുണ്ടാവാം. എന്നാൽ, ആത്മവിശ്വാസത്തോടെ അതിനെയൊക്കെ അതിജീവിക്കാനും നമ്മുടെ മുന്നിൽ വഴികളേറെയുണ്ട്. കഠിനാധ്വാനവും മനസ്സും ഉണ്ടാകണമെന്നു മാത്രം. അലസത, ക്ഷീണം, മടി എന്നിവയെല്ലാം അകറ്റി ഉണർവേകാൻ എന്നെ സഹായിക്കുന്നത് വർക്കൗട്ടാണ്. ദിവസം മുഴുവൻ ഊർജസ്വലത നിലനിർത്താനും മാനസിക ശാന്തത കൈവരിക്കാനും സാധിക്കുന്നു.
നിസ്സാര കാര്യങ്ങള്‍ നേരിടേണ്ട അവസ്ഥ വരുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ട് പതറാതിരിക്കാൻ നമ്മെ സഹായിക്കും. വർക്കൗട്ട് മുടങ്ങുന്ന ദിവസം ഭയങ്കര ബോറാണ്. ക്ഷീണമൊക്കെ തോന്നും. ലൊക്കേഷനിലാണെങ്കിൽ ഷെഡ്യൂളിന്‍റെ ഇടയിൽ അലസതയും ഉന്മേഷമില്ലായ്മയും തോന്നാറുണ്ട്. വ്യായാമം ഒരു അഡിക്ട് ആക്കുന്നതുകൊണ്ട് ഗുണം മാത്രമെന്ന് ചുരുക്കം.
എപ്പോഴും ചിരിയുണ്ടല്ലോ?
കനിഹ വരുമ്പോൾ ഹാപ്പി എനർജിയാണെന്ന് ചിലരൊക്കെ പറയാറുണ്ട്. ഞാൻ എപ്പോഴും സന്തോഷവതിയാണ്. എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കാനും ഇടപഴകാനും ഇഷ്ടമാണ്. ജീവിതം ഒന്നല്ലേയുള്ളൂ. അത് പരമാവധി ആസ്വദിക്കുക. ഏതൊരു കാര്യത്തെയും ചെറുപുഞ്ചിരിയോടെ സമീപിച്ചുനോക്കൂ.
ചിരിക്ക് നമ്മുടെ പെരുമാറ്റത്തിൽ വളരെ വലിയ സ്വാധീനമാണുള്ളത്. പോസിറ്റിവായ ചിന്തകൾക്കൊപ്പം തലച്ചോറിലെ ദൈനംദിന പ്രവർത്തനങ്ങളെ സ്വാധീനിക്കാനും പുഞ്ചിരിക്ക് കഴിവുണ്ട്. എന്നെ സംബന്ധിച്ച് അത് കറക്ടാണ്.
വീട്, കുടുംബം, സിനിമ... തിരക്കുകൾക്കിടയിൽ എങ്ങനെ വർക്കൗട്ട് മുന്നോട്ടു പോകുന്നു?
നല്ലൊരു ചോദ്യമാണ്. പക്ഷേ, ഫാമിലിയുടെ സപ്പോർട്ടുള്ളതുകൊണ്ട് എല്ലാം ഭംഗിയായി പോകുന്നു. ജോലിയിലും കുടുംബ കാര്യങ്ങളിലുമായി തിരക്കിലാവുമ്പോൾ നമ്മുടെ ആരോഗ്യം മറന്നുപോകരുതെന്ന തിരിച്ചറിവ് എനിക്കുണ്ടായത് ഏകദേശം അഞ്ചാറ് വർഷം മുമ്പാണ്.
അതായത്, സീരിയസ് വർക്കൗട്ട് വേണമെന്നത്. അതിനു കാരണമുണ്ട്. മകൻ മുതിർന്നതോടെ എന്നെ ആശ്രയിക്കാതെ അവന്റെ കാര്യങ്ങൾ സ്വന്തമായി ചെയ്തുതുടങ്ങിയപ്പോഴാണ് ഇനി എനിക്കായി കുറച്ചുസമയം മാറ്റിവെക്കണം എന്ന ചിന്ത വന്നുതുടങ്ങിയത്. അതുവരെ പ്രത്യേകിച്ച് അവനിലായിരുന്നു ശ്രദ്ധ ഏറെയും.
കുടുംബത്തിൽ ആരൊക്കെ?
ഞങ്ങൾ ചെന്നൈയിലാണ് താമസം. ഫാമിലിയുടെ പിന്തുണ തന്നെയാണ് എന്‍റെ കരുത്ത്. എല്ലാ കാര്യത്തിലും സപ്പോർട്ടാണ്. മകൻ ഋഷിക്ക് 12 വയസ്സായി. ഭർത്താവ് ശ്യാം രാധാകൃഷ്ണൻ ഐ.ടി മേഖലയിലാണ്. എന്റെ മാതാപിതാക്കളും ബന്ധുക്കളും ഇവിടെ അടുത്തുതന്നെയാണ് താമസം.
എല്ലാ അർഥത്തിലും ഫാമിലി ആയാലും ബന്ധുക്കളായാലും എല്ലാവരിൽനിന്നും നല്ല പിന്തുണയുണ്ട്. പിന്നെ ലോക്ഡൗണിൽ ഞാൻ ദത്തെടുത്ത മാഗി എന്ന നായ്ക്കുട്ടിയും കൂട്ടായുണ്ട്. എന്‍റെ സന്തോഷത്തിന്‍റെ ഒരുഭാഗം അവളും കൂടിയതാണ്.
ആരോഗ്യമുള്ള ഭാവിക്കായി വായനക്കാരോട് പറയാനു ള്ളത്?
എല്ലാവരും എന്തെങ്കിലും ഒരു വ്യായാമത്തിൽ നിർബന്ധമായും ഏർപ്പെടണം. നടത്തം, ജോഗിങ്, സ്പോർട്സ്, ഡാൻസ്, ജിം... ചെറുതോ വലുതോ ആയ നമുക്ക് സാധിക്കുന്നതെന്തും ആവാം. പ്രത്യേക രീതിയോ കാറ്റഗറിയോ വേണമെന്ന് നിർബന്ധം പിടിക്കേണ്ട. ജിമ്മിൽ പോകുന്നത് വളരെ ചെലവേറിയതാണ് എന്ന് കരുതുന്നവർക്ക് വീട്ടിൽ ലഭ്യമായ സാഹചര്യം ഉപയോഗപ്പെടുത്തി ഹോം വർക്കൗട്ട് ചെയ്യാനും സാധിക്കും.
ഇത് നമ്മുടെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാണെന്ന് കരുതിയാണ് നമ്മൾ കൃത്യമായ വ്യായാമം ഫോളോ ചെയ്യേണ്ടത്. ജീവിതശൈലി, മായം കലർന്ന ഭക്ഷണം, വെള്ളം, വായു മലിനീകരണം ഇവയൊക്കെ നമ്മുടെ ആരോഗ്യത്തെ പോറലേൽപിക്കുകയാണ്. ഫിറ്റ്നസിൽ ഏർപ്പെടുന്നത് ആരോഗ്യം നിലനിർത്താനും ആയുർദൈർഘ്യം വർധിപ്പിക്കാനും ഒരു പരിധിവരെ നമ്മെ സഹായിക്കും. ഫിറ്റ്നസ് നമുക്ക് ഉന്മേഷവും കരുത്തും പ്രതിരോധശേഷിയും പ്രദാനം ചെയ്യും. ആരോഗ്യകരമായ ഭാവി നമ്മുടെ കൈയിലാണ്. അതിനായി സമയം കണ്ടെത്തൂ.
കുക്കിങ്ങും യാത്രയും ഇഷ്ടമാണോ?
ഇഷ്ടമേഖലകളാണ് കുക്കിങ്ങും യാത്രയും. കുക്കിങ്ങിൽ മുഴുകിയാൽ മനസ്സിന് ഭയങ്കര ശാന്തതയാണ്. ഫിറ്റ്നസ് പോലെ ജീവിതത്തിൽ ബാക്കിയാവുന്ന മറ്റൊരു സമ്പാദ്യംകൂടിയാണ് യാത്രകൾ.
ഒരുപാട് നല്ല അനുഭവങ്ങളാണ് ഓരോ യാത്രയും. ജീവിതം എങ്ങനെയാണോ വരുന്നത് അങ്ങനെതന്നെ മുന്നോട്ടുപോകുക എന്ന് കരുതുന്ന ആളാണ് ഞാന്‍.
സിനിമയിലേക്ക് എത്തിയത് എങ്ങനെ?
20 വർഷത്തിലേറെയായി സിനിമയിൽ എത്തിയിട്ട്. സൂസി ഗണേഷന്‍റെ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രമാണ് ആദ്യത്തേത്. പിന്നീടാണ് മലയാളത്തിൽ. അതിനിടക്ക് വിവാഹം, ബ്രേക്ക്, അമേരിക്ക... അങ്ങനെ നീളുന്നു. അവതാരകയുടെയും ഡബിങ് ആര്‍ട്ടിസ്റ്റിന്റെയും വേഷവുമിട്ടു.
ബേസിക്കലി എൻജിനീയറായ ഞാൻ 1999ൽ മിസ്സ് മധുര, 2001ൽ മിസ്സ് ചെന്നൈ റണ്ണറപ് പട്ടങ്ങളൊക്കെ നേടിയിട്ടുണ്ട്. സിനിമയിലേക്ക് വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അതൊക്കെയാവും സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുടുംബത്തിൽനിന്ന് എന്നെ സിനിമയുടെ ഭാഗമാക്കിയതും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.