കവിതയെയും അമ്മയെയും ആളുകൾ അതിരറ്റ് സ്നേഹിക്കുന്നു -കെ.എൽ ബ്രോ ബിജു
text_fieldsKL BRO Biju Rithvik എന്ന യൂട്യൂബ് പേജ് എത്തിയത് മലയാളക്കരയിൽ ഇതുവരെ ആർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ്. നാലു കോടിയിലേറെ സബ്സ്ക്രൈബർമാരുമായി കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന യൂട്യൂബ് പേജിനുടമയാണ് കണ്ണൂരിലെ ബിജു ബ്രോയും കുടുംബവും.
സ്വകാര്യബസിൽ ഡ്രൈവറായിരുന്ന ബിജു ടിക് ടോക്കിലൂടെയാണ് ആദ്യം മലയാളികൾക്ക് മുന്നിൽ എത്തുന്നത്. അവിടുന്നിങ്ങോട്ടുള്ള വളർച്ചയുടെ പ്രധാന കാരണം കുടുംബത്തിന്‍റെ കലവറയില്ലാത്ത പിന്തുണയാണ്. കണ്ണൂർ കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിലെ പാവന്നൂർമൊട്ട ഗ്രാമത്തിലെ സുഹൃത്തുക്കളെയും ഒരിക്കലും മറക്കാനാവില്ലെന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു.
സന്തോഷം നിറയുന്ന വീടകം
പുഞ്ചിരിക്കുന്ന മുഖങ്ങളുമായാണ് ഓരോ ദിവസവും ബിജുവും കുടുംബവും പ്രേക്ഷകർക്കു മുന്നിലെത്തുക. ചായംപൂശാതെയാണ് വിഡിയോക്ക് മുന്നിൽ വരുക. അതുപോലെതന്നെ ചായമില്ലാത്തതാണ് ഓരോ ചിരിയും. ചിരിക്കു പിറകിൽ ഒരഭിനയവും ആർക്കും കാഴ്ചവെക്കേണ്ടിവരാറില്ല.
വിഡിയോ ഷൂട്ടിങ് സമയം, അതില്ലാത്ത സമയം എന്നൊന്നും ഞങ്ങൾക്കില്ലെന്ന് ബിജു പറയുന്നു. ഷൂട്ടിങ് സമയത്താണ് ഏറ്റവും കൂടുതൽ ആസ്വാദ്യകരമായ നിമിഷങ്ങളെന്ന് ഭർത്താവിനെ സപ്പോർട്ട് ചെയ്തുകൊണ്ടുള്ള കവിതയുടെ കമന്‍റ്. ‘‘ആസ്വദിച്ചാണ് വിഡിയോ ചെയ്യുന്നത്. ചിത്രീകരണത്തിനിടെ തെറ്റുമ്പോഴും കുഞ്ഞു കുഞ്ഞു അബദ്ധങ്ങൾ പറ്റുമ്പോഴും ചിരിയും കളിതമാശകളും നിറയുന്നതിനാൽ ഓരോരുത്തരും നന്നായി എൻജോയ് ചെയ്യുന്നുണ്ട്’’ -കവിത കൂട്ടിച്ചേർത്തു.
വീടിന് പുറത്തുപോകുന്നതിനോട് വലിയ താൽപര്യം ഞങ്ങൾക്കില്ല. അതിനർഥം ആരും പുറത്തുപോകുകയോ ആ ലൈഫ് ആസ്വദിക്കുകയോ ചെയ്യുന്നില്ല എന്നല്ല. എല്ലാവരുംകൂടി ഒരുമിച്ച് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് കൂടുതൽ സന്തോഷം.
അതിൽതന്നെ ചായ കുടിക്കാനായി വൈകീട്ട് ഞങ്ങളും അടുത്തുള്ള ചേച്ചിയും അവരുടെ മക്കളും സുഹൃത്തുക്കളുമൊക്കെ കൂടിച്ചേർന്ന് വീടിന് മുന്നിൽ തമാശയും വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞിരിക്കുമ്പോൾ കിട്ടുന്ന സുഖം ഒരു മാളിലും പോയാൽ ലഭിക്കില്ലെന്ന് ബിജു പറയുന്നു.
തണലായി താങ്ങായി കുടുംബം
കേരളത്തിൽ ആദ്യമായി യൂട്യൂബിൽ ഒരു കോടി സബ്സ്ക്രൈബർമാർ എന്ന അപൂർവ നേട്ടം സ്വന്തമാക്കിയതിനു പിന്നിൽ ബിജുവിന്റെ അനുഭവത്തിന്റെ ചൂരും ചൂടുമുണ്ട്. അമ്മാവൻ വാങ്ങി നൽകിയ ലാവയുടെ ബേസിക് ഫോണിലായിരുന്നു വിഡിയോ പിടിത്തം തുടങ്ങിയത്.
ഒരു വർഷംകൊണ്ട് 380 വിഡിയോ അപ്ലോഡ് ചെയ്തിട്ട് ഒന്നുപോലും ഗതിപിടിച്ചില്ല. ലാവ ഫോൺ തകരാറിലായി. കോവിഡിനെ തുടർന്ന് ഡ്രൈവർപണി പോയി... എന്നിട്ടും തളരാതെ നിൽക്കാനായത് കുടുംബത്തിന്‍റെ അകമഴിഞ്ഞ പിന്തുണയാലാണ്, പ്രത്യേകിച്ച് കവിതയുടെ.
മുമ്പൊരിക്കൽ അവൾ പറഞ്ഞതനുസരിച്ചാണ് ബസിൽനിന്നുള്ള വിഡിയോ ഷൂട്ട് ചെയ്യുന്നതും അത് വൈറലാകുന്നതും. അതോടെയാണ് ഞങ്ങളുടെ യൂട്യൂബ് കുടുംബത്തിലേക്ക് ആളുകൾ എത്തിത്തുടങ്ങിയതെന്ന് ബിജു ഓർത്തെടുത്തു.
വൺമാൻ ഷോ
കാമറക്കു പിന്നിലുള്ള എല്ലാ കാര്യങ്ങളിലും ബിജുവിന്റെ കൈയൊപ്പാണ് കാണാനാകുക. സ്ക്രിപ്റ്റ്, വിഡിയോ ഷൂട്ടിങ്, ലൈറ്റിങ്, സംവിധാനം, എഡിറ്റിങ് ഇതിനെല്ലാം പുറമെയാണ് ഒന്നിച്ചുള്ള അഭിനയവും. അൽപസ്വൽപം ടെൻഷനൊക്കെയുള്ള ഏർപ്പാടാണെങ്കിലും ആ ‘ഭാരം’ മറ്റാർക്കും നൽകാറില്ല. എല്ലാവരോടും അഭിപ്രായം ചോദിക്കുകയും അവരുടെ നിർദേശങ്ങൾ പരിഗണിക്കുകയും ചെയ്യും. കവിത അപൂർവമായേ ചില സ്ക്രിപ്റ്റ് ഐഡിയ പങ്കുവെക്കാറുള്ളൂവെങ്കിലും അത് സൂപ്പർ ആയിരിക്കുമെന്ന ബിജുവിന്റെ കമന്‍റിന് പതിവുപോലെ നിറഞ്ഞ പുഞ്ചിരിയായിരുന്നു കവിതയുടെ മറുപടി.
കാമറക്കു മുന്നിലും പിന്നിലുമെന്ന പോലെ വീട്ടുകാര്യങ്ങളിലും ബിജുവിന് ആ കരുതലുണ്ട്. 12 വർഷംമുമ്പാണ് അച്ഛൻ മരിച്ചത്. മൂന്നു സഹോദരിമാർ വിവാഹംകഴിഞ്ഞ് പോയി. അതിനുശേഷം അമ്മയും മകനും മാത്രമായിരിക്കുമ്പോൾ പാത്രം കഴുകൽ, മുറ്റമടിക്കൽ, വെള്ളം കൊണ്ടുവരൽ തുടങ്ങി ഒരു കൈ സഹായം അന്നുമുണ്ടായിരുന്നു. ഇന്ന് എല്ലാവരുംകൂടി വീട്ടുജോലികൾ എല്ലാംതീർത്ത് ഷൂട്ടിങ്ങും അതിനിടയിലെ കളിതമാശകളും ആസ്വദിക്കുന്നു.
ഇണക്കിച്ചേർത്ത ഇഴയടുപ്പം
തങ്ങളുടെ വിഡിയോ വഴി പല ബന്ധങ്ങളുടെയും ഇഴയടുപ്പം കൂടുന്നുവെന്നത് ലൈക്കിനേക്കാളും ഷെയറിനേക്കാളും ആത്മനിർവൃതി നൽകുന്നുണ്ട് ഈ കുടുംബത്തിന്. പല വിഡിയോകൾക്കു താഴെയും അത്തരം കമന്‍റുകൾ കാണാനാകും. വിഡിയോ കാണുമ്പോൾ സമാധാനവും സന്തോഷവും തോന്നാറുണ്ട്.
ഞങ്ങളുടെ കൊച്ചുമോന്റെ കുസൃതിപോലെയാണ് റിത്വിയുടെ കളികൾ, കവിതയും അമ്മയും തമ്മിലുള്ള സ്നേഹബന്ധം എല്ലാവർക്കും മാതൃകയാണ്, ഞങ്ങളും ഇപ്പോൾ ഇവരുടെ പാതയിലാണ്... തുടങ്ങിയ കമന്‍റുകളും ഫോൺവിളികളും നൽകുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ്.
വിവാഹമോചന വാർത്തകൾ പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കാലത്ത് ഞങ്ങളുടെ വിഡിയോ കണ്ട് ഒന്നിച്ച ഭാര്യാഭർത്താക്കന്മാരുടെ സ്നേഹവായ്പ് അനുഭവിക്കാനും ഭാഗ്യമുണ്ടായി. ഭാര്യ-ഭർതൃബന്ധം എങ്ങനെയായിരിക്കണമെന്ന് കാണിക്കുന്ന വിഡിയോ രണ്ടു ഭാഗങ്ങളായി തുടക്കകാലത്ത് ഇറക്കിയിരുന്നു. വേർപിരിഞ്ഞ് കഴിയുന്ന ഭർത്താവിന് ഭാര്യ ആദ്യ വിഡിയോ അയച്ചുകൊടുത്തു. രണ്ടാമത് വിഡിയോ ഒരുമാസം കഴിഞ്ഞാണ് ഇറക്കിയത്.
അതും അവർ ഭർത്താവിന് അയച്ചുകൊടുത്തു. അവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഇരുവരുംകൂടി കിലോമീറ്ററുകൾ താണ്ടി ഞങ്ങളുടെ വീട്ടിലെത്തി കെട്ടിപ്പിടിച്ച് പങ്കുവെച്ച ആ സ്നേഹബന്ധം ഇന്നും മായാതെ കൺമുന്നിലുണ്ട്. പുറത്തൊക്കെ പോകുമ്പോഴും ആ ബന്ധത്തിന്റെ ആഴം ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. അടുത്ത ബന്ധുക്കളെ നാളുകൾക്കുശേഷം കാണുമ്പോൾ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും നമ്മൾ അടുപ്പം കാണിക്കില്ലേ. അതുപോലെയാണ് ഓരോരുത്തരും പെരുമാറുക. പ്രത്യേകിച്ച് കവിതയെയും അമ്മയെയും ആളുകൾ അതിരറ്റ് സ്നേഹിക്കുന്നു.
വലിയ വലിയ സ്വപ്നങ്ങൾ ഒന്നും കാണാത്ത ഞങ്ങൾക്ക് ഈ സ്നേഹബന്ധം എന്നും നിലനിൽക്കണമെന്ന ആഗ്രഹം മാത്രമേയുള്ളൂ എന്നു പറഞ്ഞുതീരുംമുമ്പേ കവിതയുടെ വിളി വന്നു. “ബിജുവേട്ടാ, ഞങ്ങള് റെഡി ആയിട്ടോ.” കാമറയും തൂക്കി ബിജു കുടുംബത്തിന്‍റെ സ്നേഹത്തണലിലേക്ക് നടന്നുനീങ്ങി...
‘ജീവിതം തുറന്ന പുസ്തകമാകണം’
● ഏതു വിഷയവും പരസ്പരം തുറന്നു സംസാരിക്കാനാകണം.
● കുട്ടികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കണം.
● പരസ്പരമുള്ള ബഹുമാനം കാത്തുസൂക്ഷിക്കണം.
● എന്തു തരത്തിലുള്ള അഭിപ്രായത്തിനും വിലകൊടുക്കണം. അത് തെറ്റാണെങ്കിൽ കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തണം.
● ഒന്നും ഒളിച്ചുവെക്കാത്ത തുറന്ന പുസ്തകമാകണം ജീവിതം.
● പരിമിതികൾ അറിഞ്ഞ് ജീവിക്കണം.
● ഭാര്യാഭർത്താക്കന്മാർ നല്ല സുഹൃത്തുക്കൾകൂടിയാകണം. ഇന്നത് ഇന്നയാൾക്ക് ചെയ്യാം, ചെയ്യരുത് എന്നു പാടില്ല.
● മരുമകൾ, അമ്മായിയമ്മ എന്നത് മാറ്റിവെച്ച് മകളും അമ്മയുമാകാൻ കഴിയണം.
● ഭാര്യവീട്ടുകാരെ ഒരു കുടുംബം പോലെ കാണാൻ ഭർത്താവിന് കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.