അന്നത്തെ തിരുവോണത്തിന് ഉച്ചയായിട്ടും അച്ഛൻ വന്നില്ല -സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
text_fieldsപൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്‍റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുന്നു...
സദ്യപോലും കഴിക്കാതെ പോയ ഓണം
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി (ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി)
ആഘോഷിക്കപ്പെടുന്ന ഓണത്തെക്കുറിച്ചാണ് നാം എപ്പോഴും ഓർക്കാറുള്ളത്. ആഘോഷിക്കാൻ കഴിയാതെപോയ ഓണം മനസ്സിന്‍റെ വിങ്ങലാണ്. ആലുവ എഫ്.എ.സി.ടിയിൽ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ.
ഞങ്ങൾ താമസിച്ചിരുന്നത് ഫാക്ട് ടൗൺഷിപ്പിൽ ഉദ്യോഗസ്ഥർക്കായി പണികഴിപ്പിച്ച ക്വാർട്ടേഴ്സിലും. അവിടെ എല്ലാ മതവിഭാഗങ്ങളും ഒരുമയോടെ ആഘോഷങ്ങൾ കൊണ്ടാടി.
അങ്ങനെയൊരു ഓണക്കാലത്താണ് മനസ്സിൽ എപ്പോഴും വിങ്ങലായി നിൽക്കുന്ന ആ സംഭവം. ഓണത്തിന്‍റെ തലേന്ന് ജോലിയിൽനിന്ന് വിരമിക്കുന്ന സഹപ്രവർത്തകനെ യാത്രയാക്കാൻ അച്ഛൻ എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോയതായിരുന്നു. തിരുവോണ ദിവസം വീട്ടിലെത്തുമെന്ന് അച്ഛൻ പറഞ്ഞിരുന്നു.
തിരുവോണത്തിനുള്ള ഒരുക്കമെല്ലാം അമ്മയുടെ മേൽനോട്ടത്തിൽ നടക്കുകയാണ്. ഞങ്ങൾക്കെല്ലാം ഓണക്കോടിയെടുത്തിട്ടുണ്ട്. സദ്യവട്ടങ്ങളും തകൃതി.
എല്ലാമൊരുക്കി ഞങ്ങൾ അച്ഛനെ കാത്തിരുന്നു. അന്നത്തെ തിരുവോണത്തിന് ഉച്ചയായിട്ടും അച്ഛൻ വന്നില്ല. സാധാരണ അച്ഛനാണ് ഞങ്ങൾക്ക് സദ്യ വിളമ്പിത്തരിക. അച്ഛൻ വരാത്തതിലൊരു ആധി ഉള്ളിലേക്ക് പടർന്നു. മൊബൈൽ ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത കാലം. വിവരങ്ങളറിയാൻ ഒരു മാർഗവുമില്ല.
രാത്രി 12ന് അദ്ദേഹത്തിന്‍റെ സുഹൃത്ത് വന്നുപറഞ്ഞപ്പോഴാണ് കാര്യമറിയുന്നത്. യാത്രയിൽ കൊല്ലത്തിനടുത്തുവെച്ച് അച്ഛന് പക്ഷാഘാതം ഉണ്ടാവുകയും അവിടെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് അറിഞ്ഞു.
ആ രാത്രിതന്നെ ഞങ്ങൾ ചേർത്തലയിലേക്ക് പോന്നു. ആശുപത്രിക്കിടക്കയിൽ അച്ഛൻ ചലനമില്ലാതെ കിടക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു ഞങ്ങളെ കാത്തിരുന്നത്.
ആശ്രമത്തിൽവന്ന് 25 വർഷം കഴിഞ്ഞു. ഓണത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ കൊത്തിപ്പറിക്കുന്ന ഓർമയായി അതെന്നും അവശേഷിച്ചു.
എല്ലാം തയാറാക്കിവെച്ചിട്ടും സദ്യപോലും കഴിക്കാൻ കഴിയാതിരുന്ന ആഘോഷമായി ആ ഓണം മാറിപ്പോയി. പിന്നീടാ ഓർമ തീരാവേദനയായി മനസ്സിൽ അങ്ങനെ വേരുപിടിച്ചുകിടന്നു. 10 വർഷത്തോളം ആ കിടപ്പു തുടർന്നശേഷം അച്ഛൻ ഞങ്ങളെ വിട്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.