‘പ്രേമലു’ സെറ്റിൽ ഞങ്ങൾ എല്ലാവരും നല്ല വൈബായിരുന്നു -അഖില ഭാർഗവൻ
text_fieldsതിയറ്ററുകളെ യൂത്തിന്‍റെ ആഘോഷവേദിയാക്കി മാറ്റിയ ‘പ്രേമലു’ എന്ന ചിത്രത്തിലെ കാർത്തികയെപ്പോലൊരു കൂട്ടുകാരിയെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അത്ര നല്ല ചങ്കത്തി. യാത്രക്ക് ഒരുങ്ങാനാണെങ്കിലും ചായ കുടിക്കാനാണെങ്കിലും കുസൃതി കാണിക്കാനാണെങ്കിലും ഒപ്പത്തിനൊപ്പം.
കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ചത് കണ്ണൂർ പയ്യന്നൂർക്കാരി അഖില ഭാർഗവനാണ്. ‘അനുരാഗ് എഞ്ചിനീയറിംഗ് വർക്സ്’ എന്ന ഷോർട്ട് ഫിലിമിലെ മികവുറ്റ പ്രകടനമാണ് അഖിലയെ ശ്രദ്ധേയയാക്കിയത്. പൂവൻ, അയൽവാശി എന്നീ സിനിമകളിലാണ് നേരത്തേ അഭിനയിച്ചത്.
പ്രേമലു കഴിഞ്ഞ് ലഭിക്കുന്ന പ്രതികരണങ്ങൾ അഖിലയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങൾ തേടിയെത്തിയാൽ നന്നായി ചെയ്യാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ. അഖില വിശേഷങ്ങൾ പങ്കുവെക്കുന്നു...
വൈറലായി, പിന്നെ അഭിനയം
സിനിമ വലിയ ഇഷ്ടമായിരുന്നെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നില്ല. കലാപരമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു. നൃത്തം പഠിച്ചിട്ടുണ്ട്. ചെയ്യാൻ ഇഷ്ടവുമാണ്. ഡബ്സ്മാഷ്, മ്യൂസിക്കലി തുടങ്ങിയ ആപ്പുകൾ വന്നപ്പോൾ അതിൽ വിഡിയോ ചെയ്യാൻ തുടങ്ങി.
‘ബഡായി ബംഗ്ലാവ്’ എന്ന പ്രോഗ്രാമിലെ ആര്യയെ അനുകരിച്ച് വിഡിയോ ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. സംഭവം വൈറലായതോടെ ആ പ്രോഗ്രാമിൽ തന്നെ അതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു. അതായിരുന്നു ആദ്യ വിഷ്വൽ മീഡിയ അനുഭവം. പിന്നീട് പഠനത്തിരക്കിലായി.
ചില അവസരങ്ങൾ വന്നെങ്കിലും പഠനത്തിനായിരുന്നു പ്രാധാന്യം നൽകിയത്. മാത്തിൽ ഗുരുദേവ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ എം.എസ്‍സി മൈക്രോബയോളജിയാണ് പഠിച്ചത്. പഠനം കഴിഞ്ഞപ്പോൾതന്നെ ജോലി ലഭിച്ചു.
വിവാഹം കഴിഞ്ഞപ്പോൾ ഞാനും ഭർത്താവ് രാഹുലും കൂടി എ.ആർ റീൽസ് എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് തുടങ്ങി. ആദ്യം തമാശയായി തുടങ്ങിയതാണെങ്കിലും ഫോളോവേഴ്‌സ് കൂടിയതോടെ സീരിയസായെടുത്തു. ഈ റീലുകൾ കണ്ടാണ് അനുരാഗ് എഞ്ചിനീയറിംഗ് വർക്സ് എന്ന ഷോർട്ട് ഫിലിമിലേക്ക് എത്തിയത്.
അതായിരുന്നു ടേണിങ് പോയന്‍റ്. അങ്ങനെയാണ് അഭിനയ മേഖലയിൽ എത്തപ്പെട്ടത്. കിരൺ ജോസിയായിരുന്നു സംവിധാനം. ‘പ്രേമലു’വിന്‍റെ തിരക്കഥാകൃത്തുക്കളിലൊരാളുമാണ് കിരൺ.
ആദ്യം ടെൻഷൻ, പിന്നെ ഓകെ
അനുരാഗ് എഞ്ചിനീയറിംഗ് വർക്‌സിന്‍റെ പ്രൊഡ്യൂസറും പൂവൻ എന്ന ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസറും ആയിരുന്നു ഗിരീഷ് എ.ഡി. അദ്ദേഹമാണ് എന്നെ പ്രേമലുവിന്‍റെ ഓഡിഷന് വിളിച്ചത്.
പ്രേമലുവിലെ കാർത്തികയുടെ സീനുകളായിരുന്നു അന്ന് ചെയ്യിപ്പിച്ചത്. കുഴപ്പമില്ലാതെ ചെയ്യാൻ സാധിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് ഓക്കേയാണെന്നും പടത്തിൽ അഭിനയിക്കാനെത്തണമെന്നും അറിയിച്ചത്.
കാർത്തിക കുറച്ച് മോഡേൺ ആണ്. ഞാൻ തീരെ മെലിഞ്ഞതിനാൽ കുറച്ചുകൂടി തടിവെക്കണം എന്ന് ഗിരീഷേട്ടൻ പറഞ്ഞു. സിനിമ ചെയ്യാൻ തുടങ്ങുമ്പോൾ ചെറിയ ടെൻഷനുണ്ടായിരുന്നു. ഭാവന സ്റ്റുഡിയോ നിർമിക്കുന്ന സിനിമയാണല്ലോ. പിന്നെ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ഗിരീഷ് എ.ഡിയുടെ സംവിധാനം. ടെൻഷനെല്ലാം വെറുതെയായിരുന്നു. മൊത്തത്തിൽ അടിപൊളിയായിരുന്നു.
സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ കോമ്പിനേഷൻ സീനുകളുണ്ടായിരുന്നത് മമിത ബൈജുവിനൊപ്പമായിരുന്നല്ലോ. ഞങ്ങൾ എല്ലാവരും നല്ല വൈബായിരുന്നു. എല്ലാവരുമായും വർഷങ്ങളായി പരിചയമുള്ളപോലെ. ഷൂട്ടിങ്ങിന് പോയപ്പോൾ ഒരു അപ്പാർട്മെന്‍റിലായിരുന്നു താമസം. ഞാനും മീനാക്ഷിയും മമിതയും ഒന്നിച്ചായിരുന്നു. പാചകവും സംസാരവുമൊക്കെയായി രസമായിരുന്നു.
സംഗീതും നസ്‌ലനും മമിതയും ശ്യാമുമൊക്കെയായി നല്ല കമ്പനിയായി. എല്ലാവരും നല്ല കൂട്ടായതിന്‍റെ രസമുണ്ടായിരുന്നു. ഷൂട്ടിങ്ങിനുമുമ്പ് ഞങ്ങളെല്ലാവരും പരിചയപ്പെടാനും മറ്റുമായി ഒരു വർക്ക്ഷോപ് നടത്തിയിരുന്നു. സീനുകളൊക്കെ റിഹേഴ്‌സൽ ചെയ്തു നോക്കി. ഹൈദരാബാദിലെത്തിയപ്പോഴേക്കും എല്ലാവരുമായും നല്ല അടുപ്പമായി.
കരുത്തുള്ള കാർത്തിക
കാർത്തിക എന്ന കഥാപാത്രം പുതിയ കാലത്തെ പെൺകുട്ടിയാണ്. നല്ല ബോൾഡാണ്. ആരുടെ മുഖത്ത് നോക്കിയും സ്വന്തം അഭിപ്രായം പറയും. നേരത്തേ ചെയ്തതൊക്കെ പാവം കഥാപാത്രങ്ങളാണ്.
സിനിമ കണ്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞതും വലിയ സന്തോഷമാണ് നൽകിയത്. അറിയുന്നവരും അല്ലാത്തവരുമായി ഒരുപാട് പേർ വിളിച്ചു. പരിചയമില്ലാത്ത പലരും നമ്പർ തേടിപ്പിടിച്ചും ഇൻസ്റ്റഗ്രാമിലുമൊക്കെ മെസേജ് അയച്ചു.
ഒരു മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നു. ആ കഥാപാത്രത്തിന്‍റെ പേരിൽ തിരിച്ചറിയപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു... വല്ലാത്ത സന്തോഷം തരുന്നുണ്ട്. സിനിമയിലുള്ളവരും വിളിച്ചതാണ് മറ്റൊരു സന്തോഷം. സംവിധായകൻ നഹാസ് ചേട്ടൻ, ആദർശ് ചേട്ടൻ, ഗ്രേസ് ആന്‍റണി, വിൻസി എന്നിവരുൾപ്പെടെ എല്ലാവരും അഭിനന്ദനങ്ങൾ അറിയിച്ചു.
കുടുംബം ഫുൾ സപ്പോർട്ട്
മൈക്രോബയോളജിസ്റ്റായാണ് ഞാൻ ജോലി ചെയ്യുന്നത്. ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്മെന്‍റിൽ ഓഫിസറായ ഭർത്താവ് രാഹുൽ ഫുൾ സപ്പോർട്ടാണ്. ഓഡിഷനും ഷൂട്ടിങ്ങിനുമെല്ലാം പോകുമ്പോൾ എത്ര തിരക്കാണെങ്കിലും അതെല്ലാം മാനേജ് ചെയ്താണ് അദ്ദേഹം എനിക്കൊപ്പം വരുന്നത്.
പ്രേമലുവിൽ എന്‍റെ ഭാവിവരൻ വികാസായി അഭിനയിച്ചതും രാഹുലേട്ടനാണ്. അനുരാഗ് എഞ്ചിനീയറിംഗ് വർക്‌സിലും അദ്ദേഹം അഭിനയിച്ചു. എന്‍റെ കുടുംബവും രാഹുലേട്ടന്‍റെ കുടുംബവും നൽകുന്ന വലിയ പിന്തുണയാണ് ഈ വിജയത്തിനു പിന്നിലെ രഹസ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.