Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightcelebtalkchevron_right'പഠിക്കുന്ന കാലത്ത്​...

'പഠിക്കുന്ന കാലത്ത്​ എസ്​.എഫ്​.ഐയിലും പിന്നീട്​ സി.പി.എമ്മിലും പ്രവർത്തിച്ചു. ഇടതുപക്ഷ കാഴ്ചപ്പാടുകൾ എന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതിൽ സഹായിച്ചു'

text_fields
bookmark_border
rajesh madhavan
cancel

കാസർകോട്​ കൊളത്തൂർ യു.പി സ്കൂളിലെ നാടകക്യാമ്പിൽനിന്ന്​ ആദ്യം തഴയപ്പെട്ട കഥയുണ്ട്​ നീണ്ടുമെലിഞ്ഞ ആ കുട്ടിക്ക്​. പിന്നീട്​ കിട്ടിയ ചെറിയ വേഷത്തിൽ അവന്‍റെ അഭിനയം കണ്ട്​ സംവിധായകൻ മണിപ്രസാദ്​ നായക കഥാപാത്രം തന്നെ ഏൽപിച്ചു. ഉപജില്ലതലത്തിൽ നാടകത്തിന്​ മൂന്നാംസ്ഥാനമാണ്​ ലഭിച്ചതെങ്കിലും അവൻ മടങ്ങിയത്​ മികച്ച നടനുള്ള പുരസ്കാരവുമായി​.

ആ നീണ്ടുമെലിഞ്ഞ്​ കണ്ണുകളിൽ പൊടുന്നനെ ഭാവങ്ങൾ വിരിയുന്ന പയ്യൻ ഇന്ന്​ രാജേഷ്​ മാധവനായി ജൈത്രയാത്ര തുടരുകയാണ്. 'മഹേഷിന്‍റെ പ്രതികാരം' സിനിമയിൽ നെല്ലിക്കക്കാരനെ ഇടിച്ചിടുന്ന സൈക്കിൾ ബോയ്​ ആയി വന്ന്​ അത്​ 'ന്നാ, താൻ കേസ്​കൊട്'​ എന്ന സൂപ്പർ ഹിറ്റ്​ സിനിമയിലെ ഓട്ടോഡ്രൈവർ സുരേഷൻ വരെ എത്തിനിൽക്കുന്നു.


കാസർകോട്ടുനിന്ന്​ സിനിമയി ലേക്കുള്ള യാത്ര എളുപ്പമായിരുന്നോ?

ഭയങ്കര കഷ്​ടപ്പാടുകളാണ്​ അനുഭവിച്ചത്​. മുന്നാട്​ പീപ്ൾസ്​ കോളജിൽനിന്ന്​ ബി.ബി.എം കഴിഞ്ഞ ഞാൻ സിനിമയോടുള്ള അതിയായ ആഗ്രഹംമൂലം കൊച്ചിയിലേക്ക്​ വണ്ടികയറുകയായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന കുടുംബത്തിലാണ്​ എന്‍റെ ജനനം.

എന്നിട്ടും കൊച്ചിയിൽ പി.ജിക്ക്​ വിഷ്വൽ മീഡിയ കോഴ്​സിന്​ ചേരാനുള്ള ഉൾവിളിയിൽ നാട്ടിൽനിന്നു തിരിച്ചു. സുഹൃത്തുക്കളാണ്​ അവിടെ താങ്ങായത്​. ബിജോയ്​ അടക്കമുള്ള സഹപാഠികൾ ആറു മാസത്തോളം ഫീസ്​ കൊടുത്തു. സെക്കൻഡ്​ സെമസ്റ്റർ കഴിഞ്ഞതോടെ മുന്നോട്ടുപോകാനാവാത്ത അവസ്ഥ വന്നു. ഫീസ്​ കൊടുക്കാത്തതിന്​ കുറച്ചുദിവസം ക്ലാസിന്​ പുറത്തായി.

ഏറെ പ്രതീക്ഷയോടെ നാട്ടിൽനിന്ന്​ തിരിച്ച ഞാൻ വേദനയോടെയാണെങ്കിലും ആ തീരുമാനം എടുത്തു. പഠനം ഉപേക്ഷിക്കാം. അപ്പോഴാണ്​ സഹപാഠിയായ ഷാർലെറ്റും കുടുംബവും ഒരു വിദ്യാർഥിയെ സ്​പോൺസർ ചെയ്യാൻ താൽപര്യം അറിയിക്കുന്നത്​. എന്നെ സ്​പോൺസർ ചെയ്യാൻ ഞാൻ സമ്മതിച്ചില്ല. പക്ഷേ, ഇതിൽ അഭിമാനക്കുറവ്​ ഒന്നും വിചാരിക്കേണ്ട, ഒരു സുഹൃത്ത്​ സഹായിക്കുന്നു എന്ന്​ കരുതിയാൽ മതിയെന്ന അവരുടെ നിർബന്ധത്തിന്​ വഴങ്ങി. പത്തുമാസത്തോളം എന്‍റെ ഫീസും മറ്റും അവരാണ്​ കൊടുത്തത്​.


സിനിമയിൽ എത്തുംമുമ്പ്​ എന്തുചെയ്തു​?

കോഴ്​സ്​ കഴിഞ്ഞ്​ ആദ്യം കയറിയ ജോലിക്ക്​ 5000 രൂപയായിരുന്നു ശമ്പളം. പിന്നെ അതെങ്ങനെ ഉയർത്താമെന്നായിരുന്നു ശ്രദ്ധ. ചില ചാനലുകളിലും മാസികകളിലും ജോലിചെയ്തു. ശമ്പളം കൂടിയെങ്കിലും ആ ഫീൽഡ്​ എനിക്ക്​ ബുദ്ധിമുട്ടായി തുടങ്ങിയതോടെ അവിടംവിട്ടു. ശേഷം പത്രങ്ങളിൽ ആർട്ടിക്കിൾ എഴുതി.

ഫോട്ടോഗ്രാഫറായും എഡിറ്റിങ്​ ചെയ്തും പണമുണ്ടാക്കി. നാടകക്യാമ്പ്​ നടത്തിയും നാടകങ്ങൾ എഴുതി നൽകിയും സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണംചെയ്തു. ചില ഷോർട്ട്​ ഫിലിമുകളിലും അഭിനയിച്ചു. പിന്നീടാണ്​ തിരക്കഥ എഴുതാൻ തീരുമാനിക്കുന്നത്​. ചെയ്തിരുന്ന ജോലികൾ എല്ലാം വിട്ട്​ സുഹൃത്ത്​ രവിശങ്കറിനൊപ്പം തിരക്കഥ എഴുതാൻ കൂടി. ആ പ്രയത്നം പിന്നീട്​ ഫലംകാണുകയായിരുന്നു.

മഹേഷിന്‍റെ പ്രതികാരത്തിലെ 'സൈക്കിൾ ബോയി'ലേക്ക്​ എത്തുന്നത്​?

സംവിധായകൻ ശ്യാം പുഷ്കരനെ പരിചയമുണ്ടായിരുന്നു. അതിലൂടെയാണ്​ സുഹൃത്തിനൊപ്പം തിരക്കഥ പറയാൻ നടനും സംവിധായകനുമായ ദിലീഷ്​ പോത്തന്‍റെ അടുത്ത്​ പോയത്​. എന്നെ കണ്ട ദിലീഷ്​ പോത്തൻ ഇവനെക്കൊണ്ട്​ അഭിനയിപ്പിക്കാം എന്നു പറയുകയായിരുന്നു. അങ്ങനെ ആ വേഷത്തിലേക്ക്​ എത്തി. ശ്യാം പുഷ്കരൻ വഴി 'ഇയ്യോബിന്‍റെ പുസ്തകം' സിനിമയിലേക്ക്​ ചെറിയ​ റോളിലേക്ക്​ അതിനുമുമ്പ്​ ഓഫർ വന്നെങ്കിലും വേ​​ണ്ടെന്നുവെച്ചിരുന്നു.

സിനിമ പിന്നണിപ്രവർത്തനത്തിലായിരുന്നു എനിക്ക്​ ത്രിൽ​. സിനിമക്കാരനാകണം എന്നു​ മാത്രമാണ്​ ആഗ്രഹിച്ചത്​. നടനാകണമെന്ന്​ ഒരിക്കൽപോലും ​ആഗ്രഹിച്ചിട്ടില്ല. നല്ലൊരു സംവിധായകനാകുക എന്നതാണ്​​ എന്നെ മോഹിപ്പിക്കുന്നത്​. ഇതുവരെ അഭിനയിച്ച 20ഓളം സിനിമയിലും റോളിനുവേണ്ടി ഞാൻ ആരുടെയും അടുത്തുപോയിട്ടില്ല. സുഹൃത്തുക്കൾ വഴിയാണ്​ എല്ലാ സിനിമകളിലും എത്താനായത്​.


തന്നിലൊരു നടനുണ്ടെന്ന്​ എന്നാണ്​ തിരിച്ചറിയുന്നത്?

ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്​ എന്‍റെ ചേച്ചി രാജി നാട്ടിൽ ഒരു നാടകത്തിൽ അഭിനയിക്കുന്നത്​. പൂതപ്പാട്ട്​ നാടകത്തിൽ പൂതമായി ചേച്ചി സ്​റ്റേജിൽ പ്രത്യക്ഷപ്പെട്ട​പ്പോൾ എനിക്ക്​ ഭയങ്കര ഇഷ്ടം തോന്നി. ആ ഇഷ്ടം മനസ്സിന്‍റെയുള്ളിൽ കയറിക്കൂടി എന്നു​ പറയാം. പിന്നീട്​ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നാടക സെലക്​ഷന്​ പോയി.

വേഷമൊന്നും കിട്ടിയില്ല. നിരാ​ശ തോന്നിയെങ്കിലും പ്രയത്നം അവസാനിപ്പിച്ചില്ല. ഏഴിൽ എത്തിയപ്പോൾ മണിപ്രസാദ്​ ചേട്ടൻ സ്കൂളിൽ വർഷാവർഷം ചെയ്യുന്ന നാടകത്തിലേക്ക്​ ആളെ തികക്കാൻ എന്നെയും കൂട്ടി. പക്ഷേ, കിട്ടിയ അവസരത്തിൽ നന്നായി കഷ്ടപ്പെട്ടതിലൂടെ ഉപജില്ലതലത്തിൽ മികച്ച നടനാകാൻ കഴിഞ്ഞു.


കാസർകോട്ടെ പെർളടുക്കം എന്ന ഗ്രാമത്തിന്‍റെ സ്വാധീനം എങ്ങനെ​?

ആ നാടിന്‍റെ ഭാഷയും സംസ്കാരവും എന്നിലെ നടനെ രൂപപ്പെടുത്തുന്നതിൽ നിർണായകമായിട്ടുണ്ട്​. ബാലസംഘത്തിന്‍റെ വേനൽതുമ്പി കലാജാഥ, ജില്ല പഞ്ചായത്ത്​ നാടകക്യാമ്പ്​ തുടങ്ങിയവയിലൂടെയാണ്​ പിച്ചവെക്കുന്നത്​. പിന്നീട്​ കുട്ടികൾക്കുവേണ്ടി ഗോപി കുറ്റിക്കോൽ നടത്തുന്ന സൺഡേ തിയറ്ററിന്‍റെ ഭാഗമായി. പഠിക്കുന്ന കാലത്ത്​ എസ്​.എഫ്​.ഐയിലും പിന്നീട്​ സി.പി.എമ്മിലും പ്രവർത്തിച്ചു.

ഇടതുപക്ഷ കാഴ്ചപ്പാടുകളും എന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതിൽ സഹായകമായി. കലയോട്​ എനിക്ക്​ എന്തെങ്കിലും താൽപര്യം ഉണ്ടെങ്കിൽ അതിന്​ കാരണം അച്ഛൻ മാധവനാണ്​. കൂലിപ്പണി ചെയ്​താണ്​ അച്ഛൻ ഞങ്ങളെ വളർത്തിയത്​. തുടക്കത്തിൽ കപ്പണയിലും (കല്ലുവെട്ട്​) പിന്നീട്​ കൽപണി മേസ്തിരിയായും പണിയെടുത്ത അച്ഛൻ കഥകൾ പറഞ്ഞുതരും. മഹാഭാരതമടക്കമുള്ള പുരാണ കഥകളാണ്​ വളരെ വൈകാരികമായി പറഞ്ഞുതരുക.

പഠിക്കുന്ന കാലത്ത്​ വീട്ടുകാർ അവരുടെ ബുദ്ധിമുട്ടുകൾ ഒരിക്കലും എന്നെ അറിയിച്ചിട്ടില്ല. ഒരിക്കൽ ഞാൻ എന്തെങ്കിലുമൊക്കെ ആയിത്തീരുമെന്ന പ്രതീക്ഷ അച്ഛനുണ്ടായിരുന്നു. അതുകൊണ്ട്​ പണ്ട്​ മുതൽക്കേ ഭയങ്കര സപ്പോർട്ട്​ ആയിരുന്നു. അമ്മ രത്​നാവതിയും ചേച്ചിമാരായ രാജിയും ശ്രീജിയുമെല്ലാം കട്ടക്ക്​ സപ്പോർട്ടായി കൂടെ നിന്നു.

നടനായാണോ കാസ്റ്റിങ്​​ ഡയറക്ടറാ യാണോ കൂടുതൽ ആസ്വദിക്കുന്നത്​. ഏതാണ്​ എളുപ്പമുള്ള പണി?

കാസ്റ്റിങ്​ ഡയറക്ടറുടേത്​ മാനസിക സംഘർഷം നേരിടുന്ന ജോലിയാണ്​. നടനാകുമ്പോഴും ​ഇതേ സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിലും അത്​ വേറൊരു തലത്തിലാണ്​. രണ്ടിനും ബുദ്ധിമുട്ടുകളുണ്ട്​. രണ്ടും ആസ്വദിക്കുന്നുമുണ്ട്​. കാസ്റ്റിങ്​ ഡയറക്​ഷൻ ഞാൻ ആഗ്രഹിച്ച്​ ചെയ്തതോ അതിലേക്കായി വന്നതോ അല്ല. ഞാൻ ആഗ്രഹിച്ച ജോലിയല്ല ഇത്​. എന്‍റെ പ്രിയപ്പെട്ടവർക്ക്​ എന്നെ ആ രീതിയിൽ ഉപയോഗിക്കാൻ തോന്നുന്നു എന്നേയുള്ളൂ. ഞാൻ അത്​ മികച്ചതാക്കാൻ ശ്രമിക്കുന്നു എന്നുമാത്രം.


നടനായി വിളിച്ചാൽ കാസ്റ്റിങ്​ ഡയറക്​ഷൻകൂടി അവനെ ഏൽപിക്കാം എന്ന തരത്തിൽ റോളുകൾ തേടി വന്നിട്ടുണ്ടോ?

തീർച്ചയായും. എല്ലാവരും എന്നെപ്പറ്റി പറയാറുണ്ട്​. അവനെ ഒരു പാക്കേജായി ഉപയോഗിക്കാൻ പറ്റിയ ആളാണെന്ന്​ (ചിരിക്കുന്നു). ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ന്നാ, താൻ കേസ്​ കൊട്​ എന്ന സിനിമക്കുവേണ്ടി ഓഡിഷൻ​ ചെയ്തു, പ്രീഷൂട്ടിൽ കു​ഞ്ചാക്കോ ബോബന്‍റെ കാരക്​ടറായി അഭിനയിച്ചു, ചെറിയ രീതിയിൽ ​സംവിധാനത്തിൽ അസോസിയേറ്റ്​ ചെയ്തു. ഞാൻ അഭിനയിച്ച സിനിമകളുടെയെല്ലാം പിന്നണിയിൽ മുഴുവൻ സമയവുമുണ്ട്​. കാസ്റ്റിങ്​ ഡയറക്​ടറായി ആ ജോലി മാത്രം ചെയ്ത്​ മാറിനിൽക്കാറില്ല.

കാസ്റ്റിങ്​ ഡയറക്ടറായി പ്രവർത്തിച്ചപ്പോൾ ഏറ്റവും സംതൃപ്തി തോന്നിയ നിമിഷം?

ഇതുവരെ കാസ്​റ്റ്​ ചെയ്തതിൽ ഏറ്റവും സന്തോഷം തോന്നിയത്​ ന്നാ താൻ കേസ്​ കൊട്​ എന്ന സിനിമയുടെ ഭാഗമായപ്പോഴാണ്​. വലിയൊരു കൂട്ടം ആളുകളെ സിനിമയുടെ ഭാഗമാക്കാൻ ഈ സിനിമയിലൂടെ കഴിഞ്ഞു. ഈ സിനിമയിലെതന്നെ കൃഷ്ണൻ വക്കീലായി അഭിനയിച്ച ബാലകൃഷ്ണൻ ചേട്ടന്‍റെ അഭിനയം ഏറെ സംതൃപ്തിയുണ്ടാക്കി.

ടൈലറായ ബാലകൃഷ്ണൻ ചേട്ടന്​ 74 വയസ്സാണ്​. പ്രായത്തിന്‍റെ പ്രശ്നങ്ങളുള്ള ആളാണെങ്കിലും ഭയങ്കര എക്സ്​പ്രസിവായ നടനുണ്ട്​ പുള്ളിയുടെ ​ഉള്ളിൽ. ഇംഗ്ലീഷ്​ അറിയാത്ത ആളാണെങ്കിലും അത്​ ഷൂട്ടിനുമുമ്പ്​ പഠിച്ച്​ ആവേശത്തോടെ അഭിനയിക്കുന്നത്​ കണ്ടപ്പോൾ ഞാൻ എക്​സൈറ്റഡ്​ ആയിട്ടുണ്ട്​.


മെലിഞ്ഞ ശരീരവും ചിരിയുണർത്തുന്ന കണ്ണുകളും സ്ക്രീനിൽ തെളിയു​മ്പോൾതന്നെ ആളുകളുടെ മുഖത്ത്​ ചിരിപൊട്ടാറുണ്ട്​. അതിന്​ പുറത്തേക്കുള്ള വേഷങ്ങളെക്കുറിച്ച്​ ചിന്തിച്ചിട്ടുണ്ടോ?

അതേക്കുറിച്ച്​ ഞാൻ ആലോചിക്കാറുണ്ട്​. ഇതുവരെയും ഞാൻ ചെയ്ത റോളുകൾ ഒരേ ടൈപ്പ്​ അല്ല എന്നാണ്​ എനിക്കു​ തോന്നുന്നത്​. അത്തരം വേഷത്തെക്കുറിച്ച്​ ഞാൻ ബോധവാനാണ്​. ചെറുതാണെങ്കിലും എനിക്ക്​ ഭാവാത്മകമായി അഭിനയിക്കാൻ പറ്റിയ വേഷങ്ങൾ കിട്ടിയിട്ടുണ്ട്​. എന്‍റെ രൂപത്തിന്‍റെ സാധ്യതകളെ വ്യത്യസ്തമായി ആളുകൾ ഉപയോഗപ്പെടുത്തിയിരുന്നെങ്കിലെന്ന്​ എനിക്ക്​ ആഗ്രഹമുണ്ട്​. അത്തരം വേഷങ്ങൾ തേടിവരുമെന്നാണ്​ പ്രതീക്ഷ.

അഭിനയത്തിനൊപ്പം ശരീരത്തിനും പ്രാധാന്യമുണ്ടല്ലോ നടന്​. അത്​ എത്രത്തോളം സൂക്ഷ്മതയോടെ കൈകാര്യംചെയ്യാറുണ്ട്​?


നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്​ ഞാൻ. പാരമ്പര്യവും ജീവിതരീതിയും കാരണമുണ്ടായതാണ്​ ഈ ​ശരീരപ്രകൃതി. പച്ചക്കറിയും മീനും ഇറച്ചിയുമെല്ലാം ഞാൻ കഴിക്കും. ബീഫ്​ നന്നായി കഴിക്കുന്നയാളാണ്​ ഞാൻ. നടനെ സംബന്ധിച്ച്​ ശരീരം പ്രാധാന്യമുള്ള ഒന്നാണെങ്കിലും ഒരു കാലത്തും എനിക്ക്​ ശരീരം ശ്രദ്ധിക്കാൻ സാധിച്ചിട്ടില്ല. ആഗ്രഹമുണ്ടെങ്കിലും അതിന്​ പറ്റാറില്ല.

പുതിയ സിനിമാ പ്രോജക്ടുകൾ?

ആഷിഖ് അബുവി​ന്റെ 'നീലവെളിച്ചം', സെന്ന ഹെഗ്ഡെയുടെ 1744 വൈറ്റ് ആൾട്ടോ, ലിജിൻ ജോസിന്റെ '​ഹെർ', മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രം എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.


സംവിധാനം-രാജേഷ് മാധവൻ എന്ന ടൈറ്റിൽ സ്ക്രീനിൽ എന്ന്​ കാണാനാകും?

അതിനായുള്ള ആലോചനകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഒരു വർഷത്തിനകം പുതിയ സിനിമ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieinterviewactorNna Thaan Case KoduRajesh Madhavan
News Summary - Rajesh Madhavan, actor, malayalam movie, Nna Thaan Case Kodu, interview,
Next Story