Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightcelebtalkchevron_rightപെട്ടെന്ന്​ ഒരു...

പെട്ടെന്ന്​ ഒരു സിനിമയിൽ നായകനാകാൻ ഞാനില്ല -റംസാൻ

text_fields
bookmark_border
Ramzan Muhammed - Movies
cancel
camera_alt

റംസാൻ. ചി​​​ത്ര​​​ങ്ങ​​​ൾ: അൻഷാദ്​ ഗുരുവായൂർ

വേദികളുടെ വെള്ളിവെളിച്ചത്തിലേക്ക്​ കയറിയാൽ പിന്നെ, ഹൈ വോൾട്ടേജിലാണ്​ റംസാന്‍റെ പെർഫോമൻസ്​. ഈ ക്യൂട്ട്​ പയ്യന്‍റെ കണ്ടംപററി ഡാൻസ്​ ചുവടുകൾക്ക്​ ഒപ്പമെത്താൻ ഒാട്ടോമാറ്റിക്​ സ്​പോട്ട്​ ലൈറ്റുകൾപോലും പാടുപെടും. ചടുലമായ സ്​റ്റെപ്പുകളും കില്ലർ ലുക്കുമായി കാണികളിലേക്ക്​ ഒരു ഊർജപ്രവാഹമായി തുളച്ചുകയറുന്ന റംസാന്‍റെ ഈ പാടവത്തിനു​ പിന്നിൽ വലിയ പരിശ്രമത്തിന്‍റെ കഥയുണ്ട്​.


മാധ്യമം കുടുംബം ഫിറ്റ്​നസ്​ ഫോക്കസ്​ പതിപ്പിന്‍റെ മുഖചിത്രത്തിന്‍റെ ഷൂട്ടിന്​ എറണാകുളം കലൂർ ഗോകുലം പാർക്കിലേക്ക്​ എത്തിയപ്പോഴും അതേ ഹൈ വോൾട്ട്​ എനർജിയിലാണ്​ റംസാൻ മുഹമ്മദ്​. ജിമ്മിലെ അൽപനേരത്തെ വാംഅപ്പോടെ ഏത്​ പൊസിഷൻ ഷൂട്ടിനും പറ്റുന്ന വർക്കൗട്ട്​ മോഡിലായി താരം. ഇടക്കിടെ പാട്ടും മൂളി പൊളി മൂഡ്​. ഒപ്പം ഇൻസ്റ്റയിലെ മെസേജുകളിലേക്ക്​ ഫോണിലൂടെ പാളിപ്പാളി നോട്ടവും.


​​ഷൂട്ടിന്‍റെ ഇടവേളയിൽ റംസാന്‍റെ ചാറ്റ്​... എങ്ങനെയാണ്​ ഡാൻസിലേക്ക്​?

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയാണ്​ എന്‍റെ സ്വദേശം. സ്​കൂളിൽ എൽ.കെ.ജി ക്ലാസിൽ ആന്വൽ ഡേക്ക്​ പെർഫോം ചെയ്താണ്​ തുടക്കം. മൂന്നാം ക്ലാസിലായപ്പോഴേക്കും ശാസ്ത്രീയ നൃത്തത്തിൽ അരങ്ങേറ്റം കഴിഞ്ഞു. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും വെച്ച്​ ചാനലുകളിൽ ഡാൻസ്​ റിയാലിറ്റി ഷോ ചെയ്തു. ഇന്ന്​ എന്നെ എല്ലാവർക്കും അറിയാവുന്നത്​ ഒരു ഡാൻസർ എന്ന രീതിയിലാണ്​. ​അങ്കിൾ സമീറാണ്​ ഡാൻസിന്‍റെ ലോകത്തേക്ക്​ എന്നെ കൊണ്ടുവരുന്നത്​. മേക്കപ് ആർട്ടിസ്റ്റായിരുന്നു അദ്ദേഹം.

റിയാലിറ്റി ഷോ നൃത്തം പഠിക്കാൻ സഹായകരമാണോ?

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്​ D4 ഡാൻസ്​ എന്ന റിയാലിറ്റി ഷോയിൽ ഞാൻ വിജയിയായത്​. മുമ്പ്​ ചെയ്ത രണ്ട്​ റിയാലിറ്റി ഷോയിലും ഒന്നാമതായിരുന്നില്ല. D4 ഡാൻസ് ചെയ്തപ്പോഴാണ്​ കൂടുതലായി ഡാൻസിനെപ്പറ്റി പഠിക്കാൻ കഴിഞ്ഞത്​. അഞ്ചുവർഷത്തോളം സമയമെടുത്ത്​ ഡാൻസ്​ പഠിക്കുന്നത്ര സഹായകരമാണ്​ ഒരു റിയാലിറ്റി ഷോ ചെയ്യുന്നതിലൂടെ പരിശീലിപ്പിക്കപ്പെടുക.

ഡാൻസിനെപ്പറ്റി പുതിയ വിവരങ്ങളും അപ്​ഡേഷനും ആഴ്ചതോറും റിയാലിറ്റി ഷോ ചെയ്യുന്നതിലൂടെ ലഭിച്ചുകൊണ്ടിരിക്കും. എനിക്ക്​ അത്​ വളരെ സഹായകരമായിരുന്നു. നമ്മൾ അറിയാതെതന്നെ നൃത്തത്തെക്കുറിച്ചുള്ള കൂടുതൽ അറിവ്​ നമ്മിലേക്ക്​ എത്തും. ഒരുപാട്​ സമയമെടുത്ത്​ പഠിക്കേണ്ടവ പെട്ടെന്നുതന്നെ സ്വായത്തമാക്കാൻ കഴിഞ്ഞതിന്​ റിയാലിറ്റി ഷോകളുടെ സ്വാധീനം വലുതാണ്​.


ഡാൻസിലൂടെയാണോ സിനിമയിലേക്ക്​ വഴിതുറന്നത്​?

മൂവാറ്റുപുഴ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ്​ പ്ലസ്​ ടു കഴിഞ്ഞത്. ഡിഗ്രി ചെയ്തത്​ കോതമംഗലം എം.എ കോളജിൽനിന്നും. ആ സമയത്ത്​ ഡികെഡി റിയാലിറ്റി ഷോയിൽ മെന്‍ററായി പ്രവർത്തിച്ചിരുന്നു. അതിൽ ബെസ്റ്റ്​ മെന്‍റർ അവാർഡ്​ കിട്ടി. ഇപ്പോൾ ഡിഗ്രി കഴിഞ്ഞിട്ട്​ രണ്ട്​ കൊല്ലമായി.

സിനിമയിൽ ഭീഷ്മപർവം തന്നെയാണ് എനിക്ക്​ ലഭിച്ച​ വലിയ ബ്രേക്​ത്രൂ. മുമ്പ്​ ബാലതാരമായി ചില സിനിമകൾ ചെയ്തിട്ടുണ്ട്​. സിനിമ ആരും നമ്മളെ വിളിച്ചുതരില്ല. ഒരുപാട്​ ഓഡിഷൻസ്​ അറ്റൻഡ്​ ചെയ്തിട്ടുണ്ട്​. റിജക്ട്​ ചെയ്യപ്പെട്ടിട്ടുമുണ്ട്​. ബിഗ്​ബോസിലെ പ്രകടനം കണ്ടിട്ടാണ്​ അൻവർ റഷീദിക്ക വഴി അമൽ നീരദ്​ സാർ ഭീഷ്മപർവത്തിനായി വിളിക്കുന്നത്​. അവരൊക്കെ ബിഗ്​ബോസിലെ എന്‍റെ പ്രകടനം കണ്ടിട്ടുണ്ട്​ എന്നതുതന്നെ വലിയ ഭാഗ്യം. സ്​റ്റേജ്​ ഷോകളും സിനിമ അഭിനയവുമായി അങ്ങനെ മുന്നോട്ടുപോകുന്നു.


എന്താണ്​ റംസാന്‍റെ ഫിറ്റ്​നസ്​ കാഴ്ചപ്പാട്​?

ഫിറ്റ്​നസ്​ സംബന്ധിച്ച്​ നമ്മൾ ഓരോരുത്തർക്കും വ്യത്യസ്ത കാഴ്ചപ്പാടാണ്​. ഞാൻ ചെയ്യുന്നതുപോലെത്തന്നെ വേറൊരാൾ വർക്കൗട്ട്​ ചെയ്താൽ അദ്ദേഹത്തിന്​ എ​െന്‍റ ശരീരം പോലെയാക്കാൻ കഴിയണമെന്നില്ല. മെന്‍റൽ ഹെൽത്ത്​ പോലെത്തന്നെ വളരെ പ്രാധാന്യമുള്ളതാണ്​ ഫിസിക്കൽ ഹെൽത്ത്. ഒരാൾ മനസ്സുകൊണ്ട്​ ആരോഗ്യവാനായി ഇരിക്കുകയാണ്​ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.

അതോടൊപ്പം തന്നെ പ്രാധാന്യം ശാരീരികക്ഷമതക്കും നൽകണം. എന്നുകരുതി വലിയ തടിയുണ്ട്​ എന്നത് ഒരിക്കലും​ കുഴപ്പമുള്ള കാര്യമല്ല. തടിയുള്ള അവസ്ഥയെ സ്​നേഹിക്കുന്നവരുണ്ട്​. എന്നാൽ, വലിയ തടിയൊക്കെയായ ശേഷം ഇനി മെലിയണം എന്ന്​ ചിന്തിക്കുന്നവരുടെ കാലമൊക്കെ കഴിഞ്ഞു.

എനിക്ക്​ തടിയില്ലല്ലോ ഇനി വ്യായാമം ചെയ്യുന്നത്​ എന്തിനെന്ന കാഴ്ചപ്പാടുകളും ശരിയല്ല. ഇതൊക്കെ മാറണം. 18 വയസ്സ്​ തൊട്ടുതന്നെ ഫിസിക്കൽ ഹെൽത്ത്​ കാര്യമായി എടുക്കണം. മെന്‍റൽ ഹെൽത്ത്​ സംബന്ധിച്ച്​ സ്കൂൾതലം മുതൽ എന്തെ​ങ്കിലും നിർദേശങ്ങളും ക്ലാസുകളും ലഭിക്കുന്നുണ്ട്. എന്നാൽ, ഫിസിക്കലിനായി പി.ടി ക്ലാസ്​ മാത്രമേ നമുക്കുള്ളൂ. അവിടെ ചിലപ്പോൾ കണക്കു ടീച്ചർ വന്ന്​ ക്ലാസെടുക്കും. അതാണ്​ സ്കൂളിലെ അവസ്ഥ.

ദിവസത്തിൽ ഒരുമണിക്കൂർ അല്ലെങ്കിൽ അരമണിക്കൂർ ഫിറ്റ്​നസിനായി ചെലവഴിക്കണം. എല്ലാ ദിവസവും പറ്റിയില്ലെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും മുടക്കാതെ വേണം. ഇതിലൂടെ ഒരുപാട്​ രോഗങ്ങൾ, പരിക്കുകൾ എന്നിവയിൽനിന്ന്​ നമുക്ക്​ രക്ഷപ്പെടാം. ഒപ്പം പ്രായം കുറെ കഴിഞ്ഞാലും മമ്മുക്കയെപ്പോലെ ഗ്ലാമറായി നടക്കാനും പറ്റും.


റംസാന്‍റെ ഫിറ്റ്​നസിന്​ പിന്നിലെന്ത്​​?

ഡാൻസ്​ തന്നെയാണ്​ എന്‍റെ ഫിസിക്കൽ ഹെൽത്തിനെ ഏറെ സഹായിക്കുന്നത്. കണ്ടംപററി ഡാൻസറാണ് ഞാൻ.​ അത്​ എന്‍റെ ശരീരത്തിന്‍റെ ഫ്ലക്​സിബിലിറ്റിയെ നിലനിർത്തുന്നു. ജിംനാസ്റ്റിക്സിലും അൽപം പരിശീലനം നേടിയിട്ടുണ്ട്​. ഇത്​ ശരീരത്തിന്‍റെ കോർ സ്​ട്രെങ്​ത്തിന്​ വളരെ സഹായകരമാണ്​.

ഇതു​ കൂടാതെ ഫിറ്റ്​നസിനുവേണ്ടി അധികമായി ചെയ്യുന്നതാണ്​ ജിമ്മിലെ വർക്കൗട്ട്. ഡാൻസ്​ ​േഫ്ലാറിൽവെച്ച്​ ഡ്യുവൽ പെർഫോമൻസിന്​ ഇടയിൽ ചിലപ്പോൾ കൂടെയുള്ളയാളെ എടുത്ത്​ ഉയർത്തേണ്ടിവരും. ജിമ്മിൽ സ്​ട്രെങ്​ത്​ വർക്കൗട്ട്​ ചെയ്യുന്നതുകൊണ്ട്​ അങ്ങനെയുള്ള ലിഫ്​റ്റിങ്​​ കു​റെക്കൂടി എളുപ്പമാകും. നമുക്കും, കൂടെ ഡാൻസ്​ ചെയ്യുന്നയാൾക്കും.

ഏരിയൽ ആക്ടിന്​ വേണ്ടി കോർ സ്​​ട്രെങ്​ത്​, കൈകളുടെ കരുത്ത്​ എന്നിവയിലും വർക്കൗട്ട്​ ചെയ്യുന്നുണ്ട്​. ഡാൻസർ എന്ന നിലയിൽ ബോഡി ബിൽഡ്​ ചെയ്യുന്നതിൽ ചില നിയന്ത്രണങ്ങൾ വേണ്ടിവരും. ഡാൻസർ അയാളുടെ ശരീരത്തെ സ്​നേഹിക്കണം. അതിനു വേണ്ടിത്തന്നെയാണ്​ വർക്കൗട്ട്. നമ്മുടെ മസിലുകളുടെ കരുത്താണ്​ ഡാൻസിനായി നമ്മെ സഹായിക്കുന്നത്​.


മുന്നോട്ടുള്ള ജീവിതം എങ്ങനെ?

സ്കൂൾ കാലഘട്ടത്തിൽ ഡാൻസ്​ പ്രാക്ടീസ്​ ചെയ്യുന്ന സമയത്ത്​ പലപ്പോഴും നേരിടേണ്ടിവന്നിട്ടുള്ളതാണ്​, കളിച്ചു നടന്നാൽ മതിയോ പഠിക്കേണ്ടേ എന്ന ചോദ്യം. ബി.എ ഇംഗ്ലീഷ്​ ലിറ്ററേച്ചറായിരുന്നു ബിരുദം. ഇനിയും പഠിച്ച്​ പ്രഫസറാകാൻ പോകുന്നില്ലെന്ന കാര്യം എനിക്ക്​ നന്നായി അറിയാം. എങ്കിലും പി.ജി വേണം, ഡാൻസിൽത്തന്നെ കൂടുതൽ പഠിക്കണം എന്നെല്ലാം ആഗ്രഹമുണ്ട്​. അതെല്ലാം ഇപ്പോൾ ജീവിതത്തിലെ ഒരുവശം മാത്രമാണ്​. ഇപ്പോൾ ഡാൻസും ആക്ടിങ്ങും കഴിഞ്ഞിട്ടാണ്​ പഠനത്തിന്​ പ്രാധാന്യം നൽകുന്നുള്ളൂ.


പുതിയ സിനിമകൾ, പരിപാടികൾ?

ഭീഷ്മപർവം കഴിഞ്ഞതിൽ പിന്നെ കാര്യമായി സ്ക്രിപ്​റ്റ്​ കേൾക്കുന്നുണ്ട്​. പല മേഖലകളിൽനിന്നായി ഓഫറുകളും വരുന്നുണ്ട്​. ഇനി അടുത്ത ചിത്രം എനിക്ക്​ ഇങ്ങനെയും അഭിനയിക്കാൻ പറ്റുമെന്ന്​ പറയാനാകുന്ന ഒരു കഥാപാത്രം വേണം. അത്തരം ഒരു ചിത്രത്തിനായി പരിശ്രമിക്കുകയാണ്​ ഇപ്പോൾ.

പെട്ടെന്ന്​ ഒരു സിനിമയിൽ നായകനാകാൻ ഒക്കെ പേടിയാണ് എനിക്ക്​​. രണ്ടര മണിക്കൂർ എന്നെ തിയറ്ററിൽ കാണാൻ ഓഡിയൻസ്​ ​കയറുന്ന തരത്തിലേക്ക്​ ഞാൻ എത്തിയിട്ടില്ല. അങ്ങനെയാകാൻ ഇനിയും ഒട്ടേറെ വർക്ക്​ ചെയ്യണം. അതിനായാണ്​ ശ്രമം തുടരുന്നത്​.

ഡയറ്റ്​ പ്ലാൻ ഫോളോ ചെയ്യുന്നുണ്ടോ?

പ്രത്യേക ഭക്ഷണക്രമമൊന്നും കൃത്യമായി ഫോളോ ചെയ്യാൻ കഴിയാറില്ല. ഈ പ്രായത്തിൽ ഭക്ഷണക്രമം നോക്കില്ലെന്നത്​ എന്‍റെ വാശിയാണ്. എനിക്ക്​ ഇപ്പോൾ ഭക്ഷണം ആസ്വദിക്കണം.

എന്നാൽ, 40 വയസ്സൊക്കെ എത്തിയാൽ ഡയറ്റ്​ കൃത്യമായി നോക്കും. ഇപ്പോൾ ഫുഡടിച്ചുതന്നെ ജീവിക്കണം. എങ്കിലും ഞാൻ വലിയ ഫുഡിയല്ല. അതുകൊണ്ട്​ ഒരു ലിമിറ്റ്​ സ്വാഭാവികമായിതന്നെ വരും. കുറച്ചുകഴിച്ചാൽ തന്നെ വയറുനിറയും. സിനിമക്കോ സ്​റ്റേജ്​ ഷോകൾക്കോ വേണ്ടി ശരീരം ഫിറ്റാക്കേണ്ടി വന്നാൽ ഷുഗറും മയോണീസും ഒക്കെ ഭക്ഷണത്തിൽനിന്ന്​ കുറക്കാറുമുണ്ട്​.

വർക്കൗട്ട്​ കൃത്യമായി പാലിക്കാറുണ്ടോ​?

പലപ്പോഴും ഷെഡ്യൂൾ ചെയ്ത പരിപാടികൾക്ക്​ ഇടയിൽ എല്ലാ ദിവസവും വർക്കൗട്ടിനായി സമയം ക​ണ്ടെത്താൻ കഴിയാറില്ല. എങ്കിലും ശരീരത്തിൽ കൊഴുപ്പ്​ എത്രമാത്രം വരാം എന്നതിൽ സ്വയം നിഷ്കർഷ പുലർത്താറുണ്ട്​.

നമ്മൾ മലയാളികൾക്ക്​ കൂടുതൽ കൊഴുപ്പ്​ അടിയുന്നത്​ വയറിലാണ്​. ഒട്ടും ശ്രദ്ധയില്ലാതെ ഭക്ഷണം കഴിക്കുന്നതാണ്​ അതിന്​ കാരണം. എന്‍റെ കാര്യവും അങ്ങനെത്തന്നെ. മയോണീസും ഫാസ്റ്റ്​ഫുഡും ഒക്കെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്​. അത്​ ശരീരത്തെ പ്രതികൂലമായി ബാധിക്കും. എന്നാൽ, നന്നായി വർക്കൗട്ട്​ ചെയ്ത്​ ശരീരത്തിൽ അധികമാകുന്ന കൊഴുപ്പ് മാറ്റിയെടുക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam kudumbamkudumbamfitnessRamzan Muhammed
News Summary - Ramzan Muhammed about fitness
Next Story