എന്‍റേത് പള്ളിയുമായി ചേർന്നുനിൽക്കുന്ന കുടുംബം -ഷീലു എബ്രഹാം
text_fieldsഷീലു എബ്രഹാം (നടി)
ചെറുപ്പത്തിലെ ഓർമകളാണ് എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. കുട്ടിക്കാലത്ത് കരോളിന് സ്ഥിരമായി പോയിരുന്നു. എന്‍റേത് പള്ളിയുമായി ചേർന്നുനിൽക്കുന്ന കുടുംബമാണ്.
പള്ളിയിലെ ക്രിസ്മസ് പരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. വൈകീട്ട് ആറിന് തുടങ്ങുന്ന കരോൾ അവസാനിക്കുന്നത് പാതിരാത്രിയാണ്. കരോളുമായി വീടുകളിൽ എത്തുമ്പോൾ അവർ ഓരോരോ വിഭവങ്ങൾ കരുതിയിട്ടുണ്ടാകും.
കപ്പ, ചേമ്പ് പുഴുങ്ങിയത് എന്നിങ്ങനെ ഓരോ വീട്ടിൽനിന്നും വ്യത്യസ്ത രുചികൾ. കരോളിന് പോകുന്നതിന്‍റെ പ്രധാന ലക്ഷ്യവും അതൊക്കെ തന്നെയായിരുന്നു.
അന്ന് എല്ലാവരും വീട്ടിൽതന്നെയാണ് പുൽക്കൂട് തയാറാക്കിയിരുന്നത്. എല്ലാം വ്യത്യസ്ത രീതിയിലായിരിക്കും. അതിമനോഹരമായിട്ടാകും ഓരോ പുൽക്കൂടും ഒരുക്കിയിട്ടുണ്ടാവുക. അച്ഛനും അമ്മയും മക്കളുമെല്ലാം ചേർന്നാണ് ഞങ്ങളുടെ വീട്ടിലും പുൽക്കൂട് നിർമിച്ചിരുന്നത്.
എന്നാൽ, ഇന്ന് അത് മാറി. പുൽക്കൂടുകൾ കടയിൽനിന്ന് വാങ്ങി വീട്ടിൽ കൊണ്ടുവന്ന് വെച്ചാൽ മാത്രം മതി. ഒരുപക്ഷേ, ഗ്രാമപ്രദേശങ്ങളിൽ അങ്ങനെയാവണമെന്നില്ല.
ഇന്ന് ആഘോഷങ്ങളുടെ പകിട്ട് കുറഞ്ഞതുപോലെ തോന്നിയിട്ടുണ്ട്. കാരണം നമ്മൾ ആഘോഷങ്ങൾ ക്രിയേറ്റ് ചെയ്യുകയാണ്. പണ്ടൊക്കെ ക്രിസ്മസ് ആഘോഷങ്ങൾ നമ്മുടെ ജീവിതത്തിൽ സ്വാഭാവികമായി സംഭവിക്കുന്നതായിരുന്നു.
ആഘോഷങ്ങളൊക്കെ നമ്മുടെ ഉള്ളിൽനിന്ന് വന്നതായിരുന്നു. ആ പഴയ ക്രിസ്മസ് ആഘോഷം ഓർമകളിൽ മാത്രമായി. പണ്ടത്തെ ആഘോഷം പുനർനിർമിക്കാനാണ് ഇപ്പോൾ നമ്മൾ ശ്രമിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.