‘നായകനല്ലെങ്കിലും സിനിമയില്‍ നല്ല വേഷങ്ങൾ തേടിയെത്തുമെന്നാണ് പ്രതീക്ഷ’
text_fieldsപ്രേക്ഷകർക്ക് മനഃപാഠമായ കഥാപരിസരങ്ങളെയും കഥയെയും വീണ്ടുമൊരു സസ്പെൻസിന്റെ നൂലിലേക്ക് കോർത്തുവെച്ച ഡയറക്ടർ ബ്രില്യൻസായിരുന്നു ജീത്തു ജോസഫിന്‍റെ ദൃശ്യം 2.
ഒരുപാട് ട്വിസ്റ്റുകൾ നിറച്ചുവച്ച സിനിമയിൽ പ്രേക്ഷകര്‍ കൈയടിച്ച കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു സാബു എന്ന ‘കുടിയനായ’ പൊലീസുകാരന്‍റേത്. സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയനായ സുമേഷ് ചന്ദ്രനായിരുന്നു സാബുവായി വേഷമിട്ടത്.
പാട്ടുകാരനിൽ തുടങ്ങി മിമിക്രിയിലൂടെ സിനിമാരംഗത്തേക്ക് ചുവടുവെച്ച സുമേഷിന്‍റെ ജീവിതയാത്രയും ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റിൽ തുടങ്ങി നായകവേഷം വരെ എത്തിയ വഴികൾ അദ്ദേഹം ഓർത്തെടുക്കുന്നു...
ദൃശ്യം 2വിലേക്ക്
ഒരു ചാനലിലെ കോമഡി ഷോയുമായി ബന്ധപ്പെട്ട് റിഹേഴ്സലിനിടെയാണ് ജീത്തു ജോസഫ് സാറിന്‍റെ കാൾ വന്നത്. ഞെട്ടലും വെപ്രാളവുമായിരുന്നു ആദ്യം. മടക്കിക്കുത്തിയ മുണ്ടൊക്കെ അറിയാതെ അഴിച്ചിട്ടു. സുഖാന്വേഷണത്തിനൊടുവിൽ എന്‍റെ ഫോട്ടോ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ എന്തിനുവേണ്ടിയാണെന്നുപോലും ചോദിച്ചില്ല.
പിന്നീടാണ് ചിത്രത്തിലെ വേഷത്തെക്കുറിച്ച് പറഞ്ഞത്. ഒരു കള്ളുകുടിയന്റെ റോൾ ഉണ്ടെന്നായിരുന്നു ആദ്യം പറഞ്ഞത്. കോമഡി റോൾ ആയിരിക്കുമെന്ന് കരുതിയെങ്കിലും സീരിയസ് കഥാപാത്രമാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി. പിന്നീട് അദ്ദേഹത്തിന്‍റെ വീട്ടിൽപോയി കാര്യങ്ങൾ സംസാരിച്ചു. ലോക്ഡൗണിനിടെ എന്‍റെ ചാനൽ കോമഡി ഷോകളെല്ലാം ആദ്ദേഹം കണ്ടിരുന്നു.
സഹപ്രവർത്തകയായ രശ്മി അനിൽവഴിയാണ് ജീത്തു ജോസഫ് ഞങ്ങളുടെ നമ്പർ സംഘടിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ ഷോയില്‍ ദൃശ്യം ആദ്യ ഭാഗത്തിന്‍റെ സ്പൂഫിൽ ഞാനും ദൃശ്യം-2ൽ മറ്റൊരു കഥാപാത്രം അവതരിപ്പിച്ച അജിത്ത് കൂത്താട്ടുകുളവും ഭാഗമായിരുന്നു. പിന്നാലെ ഭാഗ്യം പോലെയായിരുന്നു സിനിമയിലേക്കുള്ള എൻട്രിയും.
സ്കൂളിലെ സകലകലാ വല്ലഭൻ
സ്കൂൾ കാലം മുതൽ കലാരംഗത്ത് സജീവമാണ്. സ്കൂൾ പഠനം മുടങ്ങാതിരുന്നത് യൂത്ത് ഫെസ്റ്റിവൽ എന്ന ഒരൊറ്റ വികാരത്തിനു പുറത്താണ്. പാട്ട്, മോണോ ആക്ട്, സിനിമ-ലളിതഗാനം എന്നിവയൊക്കെയായിരുന്നു ഇഷ്ടമേഖല. ഹരം തോന്നിയാണ് മിമിക്രിയിലും ഒരു കൈ നോക്കിയത്.
മൃഗങ്ങൾ, പക്ഷികൾ, സുപ്രഭാതം, സൈറൺ എന്നിങ്ങനെയുള്ള ശബ്ദങ്ങളായിരുന്നു അന്നത്തെ ഹിറ്റ്. അവയിൽ ചിലതൊക്കെ പയറ്റി കൈയടിയും അഭിപ്രായവും വന്നതോടെ മിമിക്രിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. നാട്ടിലും പരിസരത്തുമുള്ള ചെറിയ ട്രൂപ്പുകളുടെ ഭാഗമായി. കലാഭവനിൽ പോയാൽ സിനിമയിൽ ചാൻസ് കിട്ടും എന്ന് ആരോ പറഞ്ഞതു കേട്ടാണ് അവിടെ ചേർന്നത്.
കലാഭവൻ റഹ്മാൻകയുടെ പിന്തുണയൊന്നും മറക്കാനാവില്ല. എന്‍റെ പ്രോഗ്രാമുകൾ കണ്ട് സിനിമയിൽ ട്രൈ ചെയ്യാൻ നിരന്തരം ആവശ്യപ്പെട്ടതും സിനിമ മേഖലയിലെ പല പ്രമുഖരെയും ബന്ധപ്പെടുത്താൻ മുൻകൈ എടുത്തതും അദ്ദേഹമായിരുന്നു.
‘ഗുരുവിനെ തോൽപിച്ച ശിഷ്യൻ’
ആറാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ ഒരു സംഭവം ഓർത്ത് ഇപ്പോഴും ചിരിവരാറുണ്ട്. സ്കൂൾ യൂത്ത് ഫെസ്റ്റിവൽ കാലം. മറ്റു മത്സര ഇനങ്ങൾക്കൊപ്പം ഞാനും മിമിക്രിക്ക് പേരു കൊടുത്തു. ‘മിമിക്രിക്ക് നീ മാത്രമാണ് പേരു തന്നത്. രണ്ടു പേരെങ്കിലും മത്സരിക്കാൻ ഇല്ലെങ്കിൽ പരിപാടി കാൻസൽ ചെയ്യും’ -മത്സരദിവസം പരിപാടിയുടെ ചുമതലയുള്ള അധ്യാപകൻ പറഞ്ഞു. മിമിക്രിയിൽ സബ്ജില്ലതലം ഞാൻ ഉറപ്പിച്ചതാണ്.
ആകെ ടെൻഷനായി. അപ്പോൾ മനസ്സിൽ തോന്നിയ ബുദ്ധിക്കാണ് ഞാൻ ആ ‘മണ്ടത്തരം’ ചെയ്തത്. ചങ്കായിരുന്ന സിയാദിനെ തേടിപ്പിടിച്ചു. കല-കായിക മത്സരമെന്ന് കേൾക്കുന്നതുതന്നെ ‘അലർജി’യായ അവനോട് കാര്യങ്ങൾ പറഞ്ഞു. മിമിക്രിക്കായി മാസങ്ങൾ നീണ്ട എന്‍റെ തയാറെടുപ്പിനെക്കുറിച്ച് വീട്ടുകാരെപ്പോലെ അവനും നന്നായി അറിയാം. മനസ്സില്ലാ മനസ്സോടെ എനിക്കുവേണ്ടി പേരു കൊടുത്തു.
ഗ്രൗണ്ടിന്‍റെ ഒരു മൂലയിലേക്ക് കൊണ്ടുപോയി മണിക്കൂറുകളെടുത്ത് ചില മിമിക്രി പൊടിക്കൈകളും ഞാൻ പഠിപ്പിച്ചു. ആദ്യം അവനായിരുന്നു അവസരം. മോശമല്ലാതെ അവതരിപ്പിച്ചു. പിന്നാലെ ഞാനും. പ്രമുഖരുടെ ശബ്ദം മിമിക്രി താരങ്ങൾ അനുകരിച്ച് കൈയടി വാങ്ങിത്തുടങ്ങിയ സമയമായിരുന്നു.
അതിൽ ചിലത് അവതരിപ്പിച്ചതോടെ വമ്പൻ കൈയടി കിട്ടി. റിസൾട്ട് വന്നു. സിയാദിന് ഫസ്റ്റും എനിക്ക് സെക്കൻഡും. വിധികർത്താക്കളെ പറഞ്ഞിട്ട് കാര്യമില്ല, പരമ്പരാഗത അനുകരണങ്ങൾക്ക് തന്നെയായിരുന്നു അന്നൊക്കെ മാർക്ക്.
കലയെ സ്നേഹിക്കുന്ന കുടുംബം
കലാരംഗത്തേക്ക് എന്നെയൊക്കെ കൈപിടിച്ചുയർത്തിയതിൽ ഏറിയ പങ്കും നാട്ടിലെ പ്രതിഭ ക്ലബിനാണ്. സഹോദരൻ സുഭാഷ് ചന്ദ്രനടക്കം നിരവധി കലാകാരന്മാർക്ക് താങ്ങായ ക്ലബാണത്. ക്ലബ് കേന്ദ്രീകരിച്ച് നിരവധി കല-സാംസ്കാരിക-സാന്ത്വന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
സുഭാഷായിരുന്നു പ്രതിഭയുടെ എല്ലാം. ക്ലബ് കേന്ദ്രീകരിച്ച് നാട്ടിലെയും പരിസരത്തെയും കലാകാരന്മാരെ സംഘടിപ്പിച്ച് ചെറിയ രീതിയിൽ ഷോകളൊക്കെ നടത്തിയിരുന്നു. പേരും പ്രശസ്തിയും വന്ന് തിരക്കായതോടെ ട്രൂപ്പും വളർന്നു. കൊച്ചിൻ പ്രതിഭ ഇവന്‍റ്സ് എന്ന് പേരും മാറ്റി. കേരളത്തിനകത്തും പുറത്തും നിരവധി പരിപാടികൾ അവതരിപ്പിച്ചുവരുന്നുണ്ട്.
പ്രിയദർശന്‍റെ ‘മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിൽ’ സുഭാഷിന്‍റെ മകൻ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഞാൻ നായകനായ ‘ജവാനും മുല്ലപ്പൂവും’ സിനിമയിൽ എന്‍റെ കുടുംബങ്ങളും ഭാഗമായിട്ടുണ്ട്. നാടായ എറണാകുളത്തെ പഴന്തോട്ടം തന്നെയായിരുന്നു ലൊക്കേഷൻ.
കോഓഡിനേറ്റർ, പ്രൊഡക്ഷൻ മാനേജർ എന്നീ നിലയിൽ വർഷങ്ങളോളം വിവിധ ചാനലുകളിൽ സുഭാഷ് പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിനിമയിൽ ലൈൻ പ്രൊഡ്യൂസറാണ്. റെയിൽവേയിൽ ലഭിച്ച ജോലി പോലും ഉപേക്ഷിച്ച് കലക്കൊപ്പം ജീവിക്കുന്ന അദ്ദേഹമാണ് എന്‍റെ കരുത്ത്. സിനിമയിൽ അവസരങ്ങൾക്കായി എനിക്ക് വേണ്ടി ചേട്ടനും ഒരുപാട് അലഞ്ഞിട്ടുണ്ട്. മുമ്പൊക്കെ പ്രോഗ്രാം ഇല്ലാതിരുന്നപ്പോൾ വണ്ടർലയിൽ ലൈഫ് ഗാർഡായും നാട്ടിൽ ഓട്ടോ ഡ്രൈവറായും ജോലിക്കും പോയിരുന്നു.
വീട്ടുമുറ്റത്തെ തിയറ്റർ
കല്ലുവെട്ടുതൊഴിലാളിയായിരുന്നു അച്ഛൻ ചന്ദ്രൻ. നാട്ടിൽ ക്ഷേത്രകലയായ വില്ലടിച്ചാൻപാട്ട് സംഘത്തിലെ അംഗമായിരുന്നു. സംഘത്തിലെ കോമാളി വേഷമായിരുന്നു. അച്ഛന്‍റെ സഹോദരൻ ഹാർമോണിസ്റ്റായിരുന്നു. കുട്ടിക്കാലത്ത് ഞായറാഴ്ചകളിൽ സ്ഥിരമായി അച്ഛൻ ഞങ്ങളെ ടൗണിൽ സിനിമക്ക് കൊണ്ടുപോയിരുന്നു. രണ്ട് സിനിമയെങ്കിലും അന്ന് കാണും.
റിലീസാവുന്ന സിനിമകളെല്ലാം കാണുന്ന ഞാനും ചേട്ടനും സ്കൂളിലും നാട്ടിലും സ്റ്റാറായിരുന്നു. പുതിയ സിനിമ റിലീസില്ലാത്ത ഞായറഴ്ചകളിൽ അച്ഛൻ ടി.വിയും വി.സി.ആറും വാടകക്കെടുത്ത് ഓട്ടോയിൽ വീട്ടിൽ കൊണ്ടുവരും. പഴയ സിനിമകളുടെ മൂന്നോ നാലോ കാസറ്റുകളുമുണ്ടാവും. ടി.വിയൊക്കെ അത്ര വ്യാപകമല്ലാത്ത കാലമാണ്.
അച്ഛൻ ഓട്ടോയിൽ വരുന്നത് കണ്ടാൽ പിന്നാലെ അയൽവാസികളും കവലയിലുള്ളവരും പായയും കസേരയുമൊക്കെയായി വീട്ടിലെത്തും. പിന്നെ ബഹളമാണ്. സാരിയൊക്കെ മറച്ചുകെട്ടി വീട്ടുമുറ്റംഒരു തിയറ്റർ ആമ്പിയൻസിലേക്ക് മാറും.
രാവിലെ മുതൽ വൈകീട്ടു വരെ പ്രദർശനമായിരിക്കും. ചെലവെല്ലാം അച്ഛൻതന്നെ വഹിക്കും. കലയെ അത്രമാത്രം സ്നേഹിച്ചിരുന്നു അച്ഛൻ. അമ്മ ശാന്ത ചന്ദ്രനും കുട്ടിക്കാലം മുതൽ ഞങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പമുണ്ട്. ഒ.ടി.ടി റിലീസ് ആയതുകൊണ്ട് വീട്ടിൽ പ്രൊജക്ടർ വെച്ചാണ് ഞാനും വീട്ടുകാരും അയൽവാസികളും ദൃശ്യം2 കണ്ടത്.
റിഹേഴ്സലിനിടെ മൊട്ടിട്ട പ്രണയം
ഭാര്യ ബിബി എന്‍റെ ജീവിതത്തിലേക്ക് വന്നതും ‘കല’യുടെ മറവിലാണ്. ഡോ. കെ.എസ്. പ്രസാദിന്‍റെ ‘കോമഡിയും മിമിക്‌സും പിന്നെ ഞാനും’ പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പ് കോട്ടയത്ത് നടക്കുകയാണ്. ക്യാമ്പിന്‍റെ അടുത്തായിരുന്നു അവളുടെ വീട്.
അവിടെനിന്നുള്ള പരിചയം പ്രണയത്തിലേക്കും ഒടുക്കം വിവാഹത്തിലേക്കും എത്തി. മിമിക്രിയെക്കാൾ എന്‍റെ പാട്ടായിരുന്നു അവൾക്കിഷ്ടം. നാട്ടിൽതന്നെ ചെറിയൊരു തയ്യൽകട, ബ്യൂട്ടിപാർലർ എന്നിവ നടത്തുകയാണ് ബിബി. വരുൺ, വർഷ മക്കളാണ്.
മിമിക്രിയിൽനിന്ന് സിനിമയിലേക്ക്
കോമഡി ഷോയും മിമിക്രിയും തന്നെയായിരുന്നു ജീവിതം. ചില വേദിയിൽ പാട്ടിനാവും ആവശ്യക്കാർ. ഏത് ട്രൂപ്പിലേക്ക് വിളിച്ചാലും കുടിയന്‍റെ വേഷമാണ് കൂടുതലും ലഭിച്ചത്. കോമഡി ഫെസ്റ്റിവലിലെ ‘ഒറ്റയാൾ പോരാട്ടം’ എന്ന സെഗ്മെന്‍റിൽ കുടിയന്‍റെ കഥാപാത്രം ചെയ്ത് 100ൽ 100 മാർക്ക് കിട്ടിയതിൽപിന്നെ അതങ്ങനെയായിരുന്നു.
2003 മുതൽ മലയാള സിനിമ-ടി.വി ഷോ രംഗത്തുണ്ട്. മുഴുവൻ സമയം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിലവിൽ ചാനൽ കോമഡിഷോയിൽനിന്ന് തൽക്കാലം ബ്രേക്ക് എടുത്തു. പ്രമുഖരുടെ ട്രൂപ്പിനൊപ്പം സ്വദേശത്തും വിദേശത്തും സ്റ്റേജ് ഷോ ഒരുപാട് ലഭിക്കുന്നുണ്ട്.
ജൂനിയർ ആർട്ടിസ്റ്റായി രണ്ടു വർഷത്തോളം പോയിരുന്നു. സിദ്ദിഖിന്‍റെ ഭാസ്കർ ദി റാസ്കലിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ‘പുള്ളിക്കാരൻ സ്റ്റാറാ’, ‘ആദ്യരാത്രി’യിലും ചെറിയ വേഷങ്ങൾ ചെയ്തു. നായകനാവുന്ന ‘ജവാനും മുല്ലപ്പൂവും’ മികച്ച പ്രതികരണമായിരുന്നു.
മമ്മൂക്കയോ ലാലേട്ടനോ?
ചെറുപ്പം മുതൽ ലാലേട്ടന്‍റെ കട്ടഫാനാണ്. ജൂനിയർ ആർട്ടിസ്റ്റായി ലാലേട്ടന്‍റെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പരസ്പരം സംസാരിക്കുന്നത് ദൃശ്യം സിനിമയുടെ സെറ്റിലാണ്. ദൃശ്യത്തിൽ നല്ല പിന്തുണയായിരുന്നു ലാലേട്ടൻ. ‘സുമേഷിന് പേടിയുണ്ടോ. ടെൻഷനൊന്നും വേണ്ട’ എന്നായിരുന്നു ഷൂട്ടിനു മുമ്പ് ലാലേട്ടന്‍റെ ഉപദേശം.
‘ദൃശ്യത്തിൽ നീ കാരണം ലാലേട്ടനെങ്ങാനും അകത്തായിരുന്നെങ്കിൽ നീ ഈ നാട്ടിൽ കാലുകുത്തില്ലെ’ന്നായിരുന്നു സിനിമ കണ്ടശേഷം ലാലേട്ടൻ ഫാനായ ഒരു സുഹൃത്ത് പറഞ്ഞത്. ഭാസ്കർ ദി റാസ്കലിൽ മമ്മൂക്കക്കൊപ്പം ആംബുലൻസിൽ ഒരു കോമഡി സീൻ ഉണ്ടായിരുന്നു. പെരുമ്പാവൂരിലെ ആശിർവാദിലാണ് സിനിമ കണ്ടത്. ഇന്‍റർവെല്ലിന് പുറത്തു പോയപ്പോൾ മമ്മൂട്ടി ഫാൻസിലെ പിള്ളേർ, ഈ സിനിമയിലുള്ള അളിയനാണ് എന്നുപറഞ്ഞ് എടുത്തുപൊക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.