‘അന്ന് ആ ആശുപത്രിയിൽ വെച്ച് ഞങ്ങൾ ഒരു ക്രിസ്മസ് ഗാനം പാടി. വല്ലാത്തൊരു മാജിക്കായിരുന്നു അവിടെ അന്ന് സംഭവിച്ചത്’ -സയനോര ഫിലിപ്പ്
text_fieldsസയനോര ഫിലിപ്പ് (ഗായിക)
ലോകത്ത് എവിടെയാണെങ്കിലും ക്രിസ്മസിന് പപ്പയുടെയും മമ്മിയുടെയും അടുത്ത് എത്താറുണ്ട്. പണ്ടത്തെ പോലുള്ള ആഘോഷം ഇപ്പോൾ ഇല്ലെങ്കിലും ഞാനും മോളും പപ്പക്കും മമ്മിക്കുമൊപ്പം ചേർന്ന് ഞങ്ങളാൽ കഴിയുംവിധം ആഘോഷിക്കാറുണ്ട്. പുൽക്കൂട് ഒരുക്കലും പാതിരാ കുർബാനയും കരോളുമൊക്ക എക്കാലത്തും സ്പെഷലാണ്.
കരോൾ എന്നാൽ എനിക്ക് പപ്പയാണ്. അദ്ദേഹം സംഗീത അധ്യാപകനാണ്. എന്‍റെ കുട്ടിക്കാലത്ത് ക്രിസ്മസിനോടനുബന്ധിച്ച് പപ്പ വീട്ടിൽ കരോൾ പഠിപ്പിക്കാറുണ്ടായിരുന്നു. പള്ളികളിൽ കരോൾ മത്സരങ്ങൾ ഉണ്ടാകാറുണ്ട്. ഞങ്ങളുടെ പള്ളിയിൽ ഇംഗ്ലീഷ് ക്വയർ ആണ്.
ഞാനൊക്കെ ഇംഗ്ലീഷ് ക്വയറിലുണ്ടായിരുന്നു. എന്‍റെ ഓർമയിൽ കുറെ ചേച്ചിമാരും ചേട്ടന്മാരുമൊക്കെ പഠിക്കാൻ വീട്ടിൽ വരുമായിരുന്നു.
‘സൈലന്‍റ് നൈറ്റ്’ ആണ് പ്രിയപ്പെട്ട കരോൾ ഗാനം. ക്രിസ്മസ് ഗാനങ്ങൾ എല്ലാ സങ്കടത്തെയും ഒരുപരിധിവരെ അലിയിച്ചുകളയും. രണ്ടു വർഷം മുമ്പുള്ള ഒരു ക്രിസ്മസ് സമയത്തായിരുന്നു പപ്പക്ക് അപകടം സംഭവിക്കുന്നത്. അദ്ദേഹത്തിന്‍റെ കാറിൽ ഒരു ബസ് ഇടിച്ചു കയറുകയായിരുന്നു.
കാലിന് ഗുരുതര പരിക്കേറ്റു. കാലിന് ഒന്നും സംഭവിക്കില്ല എന്നായിരുന്നു ഡോക്ടർമാർ ആദ്യം പറഞ്ഞത്. എന്നാൽ, ക്രിസ്മസിന് രണ്ടുദിവസം മുമ്പ് മുട്ടിന് താഴേക്ക് മുറിച്ചുമാറ്റണമെന്ന് പറഞ്ഞു. ഞങ്ങളെല്ലാം ആകെ ഞെട്ടിപ്പോയി. ആകെ ഫ്രീസായ അവസ്ഥ. ആ സമയം ഞാൻ കൊച്ചിയിൽ ഒരു ഷോ ചെയ്യുകയായിരുന്നു. പരിപാടി കഴിഞ്ഞ ഉടൻ ആശുപത്രിലേക്ക് പാഞ്ഞു.
മമ്മിയും സഹോദരനും സഹോദരിയുമൊക്കെ പപ്പക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. ചെറിയ ക്രിസ്മസ് ട്രീയുമായാണ് ഞാൻ ആശുപത്രിലേക്ക് ചെല്ലുന്നത്. എല്ലാവരും ആകെ തകർന്നുനിൽക്കുകയാണ്. എല്ലാവരെയും ഒന്ന് ശാന്തമാക്കണമെന്ന് തോന്നി. സത്യം നമ്മൾ അംഗീകരിക്കണം, അതിൽ പൊരുത്തപ്പെടണം.
ആ സമയത്ത് എന്‍റെ മനസ്സിൽ തോന്നിയത് എല്ലാവരും ചേർന്ന് ഒരു ക്രിസ്മസ് ഗാനം പാടാം എന്നായിരുന്നു. ഞാൻ കൊണ്ടുവന്ന ക്രിസ്മസ് ട്രീയൊക്കെ അലങ്കരിച്ച് ഞങ്ങൾ അഞ്ചു പേരും ചേർന്ന് പാട്ടു പാടി. അത്രയും വേദനിച്ച് മനസ്സ് തകർന്നുനിൽക്കുന്ന സമയത്ത് ആ പാട്ട് നൽകിയത് വലിയ ആശ്വാസമായിരുന്നു.
ആ ക്രിസ്മസ് ഞങ്ങൾ ആരും മറക്കില്ല. സങ്കടപ്പെട്ടിരിക്കുന്ന അവസ്ഥയിൽ ഒരു ക്രിസ്മസ് ടച്ച് വന്നപ്പോൾ അന്തരീക്ഷം മുഴുവൻ മാറി. വല്ലാത്തൊരു മാജിക്കായിരുന്നു അവിടെ അന്ന് സംഭവിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.