Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightആർട്ടിഫിഷ്യൽ...

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധ്യാപകർക്ക് വെല്ലുവിളിയാണോ അവസരമാണോ എന്നറിയാം

text_fields
bookmark_border
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധ്യാപകർക്ക് വെല്ലുവിളിയാണോ അവസരമാണോ എന്നറിയാം
cancel

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വികസനം വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല.

എ.ഐ അധിഷ്ഠിത പവർ ടൂളുകളും പ്ലാറ്റ്‌ഫോമുകളും വിദ്യാർഥികൾക്കിടയിൽ വ്യാപകമാകുമ്പോൾ അധ്യാപകർ അതിനെ വെല്ലുവിളികളായാണോ അവസരങ്ങളായാണോ കാണേണ്ടത് എന്നതാണ് പ്രസക്തം.


ചാറ്റ് ബോട്ടുകൾ ഉയർത്തുന്ന വെല്ലുവിളി

എ.ഐ ടൂളുകളിൽ ഇപ്പോൾ ഉപയോഗത്തിന്‍റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് ചാറ്റ് ബോട്ടുകൾ തന്നെയാണ്. എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ അതിനു കൃത്യമായി നിമിഷങ്ങൾക്കകം മറുപടി നൽകാൻ കഴിയുന്ന ഒരു തരം ചാറ്റ് ബോക്സുകളാണ് ചാറ്റ് ബോട്ടുകൾ.

ഗൂഗ്ൾ പോലുള്ള സെർച്ച് എൻജിനുകൾ നൽകുന്നപോലെ ഒരു ചോദ്യത്തിന് എണ്ണമറ്റ നിർദേശങ്ങൾ നൽകുകയല്ല, പകരം കുറച്ചുകൂടി സൂക്ഷ്മതയുള്ള നിർദിഷ്ട ഉത്തരം മാത്രം ലഭ്യമാക്കുകയാണ് ഇവ ചെയ്യുന്നത്.

ആ വിഷയത്തിൽ ഉണ്ടാവുന്ന അനുബന്ധ ചോദ്യങ്ങൾക്ക് പോലും ഒരു സുഹൃത്തിനെ പോലെ മറുപടി നൽകാൻ കഴിയുന്ന നിർമിതബുദ്ധിയുമായി നടത്തുന്ന ഒരു തരം ചാറ്റിങ് തന്നെയാണ് ചാറ്റ് ബോട്ടുകളിൽ നടക്കുന്നത്.

ഇതു ഏതു വിഷയത്തെ കുറിച്ചുള്ള അന്വേഷണവുമാവാം. ഉത്തരങ്ങൾ എപ്പോഴും തയാറായിരിക്കും. അസൈൻമെന്‍റുകൾ ആവശ്യമായ റഫറൻസുകൾ അടക്കം നൽകി തയാറാക്കാൻ ചാറ്റ് ബോട്ടുകൾക്ക് നിമിഷങ്ങൾ മതി. തങ്ങൾ നൽകുന്ന നിർദിഷ്ട രചനകൾ ചാറ്റ് ബോട്ടുകൾ തയാറാക്കിയതാണോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ അധ്യാപകർക്ക് കഴിയില്ല എന്ന് സാരം.

ഇത്തരത്തിൽ എല്ലാ വിവരങ്ങളും കൈമാറാൻ സാധിക്കുന്ന ഒരു കാലത്ത് കേവല വിവരദാതാവ് എന്ന നിലയിൽ അധ്യാപകർക്ക് നിലനിൽക്കാൻ സാധിക്കില്ല.

എ.ഐ സംവിധാനങ്ങൾക്ക് പകർത്താൻ കഴിയാത്ത വിമർശനാത്മക ചിന്ത, സർഗാത്മകത, വൈകാരിക ബുദ്ധി തുടങ്ങിയ മനുഷ്യത്വപരമായ കഴിവുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ കാഴ്ചപ്പാടുകളിലേക്ക് അധ്യാപകർ മാറേണ്ടതിന്‍റെ ആവശ്യകത പ്രസക്തമാവുന്നത് ഇവിടെയാണ്. ഏതൊക്കെ കാര്യങ്ങളിലാണ് അധ്യാപകർ മാറേണ്ടതെന്ന അന്വേഷണം പ്രസക്തമാണ്.


ജ്ഞാന ശ്രേണിയുടെ വ്യത്യസ്ത തലങ്ങൾ

ജ്ഞാനസമ്പാദനമാണ് വിദ്യാഭ്യാസത്തിന്‍റെ പരമമായ ലക്ഷ്യം എന്ന രീതിയിലാണ് പലപ്പോഴും അധ്യാപകർ പഠനത്തെയും ബോധനത്തെയും നോക്കിക്കാണുന്നത്. പരീക്ഷക്ക് തയാറാക്കൽ മാത്രമായി പല സ്കൂളുകളിലും പ്രവർത്തനങ്ങൾ ഒതുങ്ങിപ്പോവുന്നു.

എന്നാൽ, ഇത്തരത്തിൽ വർഷാന്തപരീക്ഷകൾ തന്നെ അപ്രസക്തമാക്കുന്ന തരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ നയങ്ങളും മാറിത്തുടങ്ങിയിട്ടുണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

കുട്ടികൾ ഒന്നും പഠിക്കേണ്ടതില്ല എന്നല്ല അതിനർഥം. കുട്ടികൾക്ക് ജ്ഞാനമാർഗത്തിലെ വഴികാട്ടികളാവേണ്ടത് അധ്യാപകർ ആണെന്നതിനും തർക്കമില്ല. അത് കാലാനുസൃതമായി നവീകരിക്കേണ്ടതാണ് എന്നു മാത്രം. ഇതിനായി അറിവിന്‍റെ ശ്രേണിയെക്കുറിച്ചാണ് ആദ്യം അറിയേണ്ടത്.

ഈ ശ്രേണിയിലെ ആദ്യ തലം ഡേറ്റയാണ്. സന്ദർഭമോ അർഥമോ ഇല്ലാത്ത അസംഘടിത വസ്തുതകളാണ് ഡേറ്റ. പ്രശ്നങ്ങൾ പരിഹരിക്കാനോ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനോ ഡേറ്റകൾ ഉപയോഗിക്കുമ്പോൾ അവ ഇൻഫർമേഷൻ എന്ന തലത്തിലേക്ക് ഉയരും. അഥവാ വിവിധ ആവശ്യങ്ങൾക്കായി സംഘാടനം ചെയ്ത ഡേറ്റകളാണ് വിവരങ്ങൾ (information).

ടെക്സ്റ്റായി വരുന്ന പാഠഭാഗങ്ങളെ ഇൻഫർമേഷൻ എന്ന ഗണത്തിൽപെടുത്താം. കുട്ടികൾക്കാവശ്യമായ വിവരങ്ങൾ മാത്രം നൽകുന്ന അധ്യാപകർ ജ്ഞാനശ്രേണിയിലെ രണ്ടാം തലത്തിൽ മാത്രമേ എത്തുന്നുള്ളൂ എന്നർഥം.

അറിവ് (Knowledge) എന്നാണ് ജ്ഞാനത്തിന്‍റെ അടുത്ത തലത്തെ വിശേഷിപ്പിക്കുന്നത്. വിവരങ്ങളും അനുഭവങ്ങളും ചേരുമ്പോഴാണ് അറിവ് എന്ന തലത്തിലേക്ക് ഉയരുക. വിവരങ്ങളുടെ ധാരണയും പ്രയോഗവുമാണ് അറിവ്. ലഭ്യമായ വിവരങ്ങളെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രയോഗിക്കാൻ സാധിക്കുമ്പോഴാണ് അറിവായി പരിഗണിക്കുക.

കാണാതെ പഠിക്കുന്നത് അപ്രസക്തമാവുന്നത് ഇവിടെയാണ്. ആർജിത വിവരങ്ങളെ അനുഭവങ്ങളാക്കി മാറ്റുകയാണ് ഇവിടെ വേണ്ടത്. സൈദ്ധാന്തിക അറിവും പ്രായോഗിക അറിവും കൂടിച്ചേരുമ്പോഴാണ് ഈ തലത്തിലേക്ക് ഒരു കുട്ടി എത്തിച്ചേരുന്നത്.

അടുത്ത തലം അറിവിന്‍റെയും മൂല്യങ്ങളുടെയും വിവേചനപരമായ പ്രയോഗമാണ്. ജ്ഞാനം (wisdom) എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. അറിവിൽനിന്നും (Knowledge) അനുഭവത്തിൽനിന്നും ഉരുത്തിരിഞ്ഞ അവബോധം, ഉൾക്കാഴ്ച, ന്യായവിധി എന്നിവ ഇതിൽപെടുന്നു. ഒരാൾ വിവേകശാലിയാവുന്നത് ഈ ഒരു തലത്തിലേക്ക് ഉയരുമ്പോഴാണ്.

നമ്മുടെ ഒരു ചോദ്യത്തിന് നിരവധി ഡേറ്റ തന്നിരുന്ന ഒരു സെർച്ച് എൻജിന് പകരം അവയെ പ്രോസസ് ചെയ്ത് ഇൻഫർമേഷൻ തന്നെ തരുന്നവയാണ് എ.ഐ അധിഷ്ഠിത ചാറ്റ് ബോട്ടുകൾ. അപ്പോൾ ഇൻഫർമേഷൻ മാത്രം നൽകുന്ന അധ്യാപകർക്ക് എ.ഐ കാലത്ത് നിലനിൽക്കാൻ സാധിക്കില്ല. പകരം അനുഭവങ്ങളിലൂടെ വ്യക്തിത്വ വികസനം സാധ്യമാക്കണം. അത്തരത്തിൽ അനുഭവങ്ങൾ ലഭിക്കുന്ന വിദ്യാലയങ്ങളായിരിക്കും കുട്ടികൾ ഇനി തിരഞ്ഞെടുക്കുക.


പഠന നേട്ടങ്ങളുടെ വർഗീകരണം

പഠനം പൂർത്തീകരിക്കുമ്പോൾ കുട്ടിയിൽ ഉണ്ടായിരിക്കേണ്ട മാറ്റങ്ങളെ മുൻകൂട്ടി നിശ്ചയിക്കാനാകും. അളക്കാനും നിരീക്ഷിക്കാനും പറ്റുന്ന ഈ പരിവർത്തനങ്ങളെയാണ് വിദ്യാഭ്യാസ സാഹചര്യങ്ങളിൽ പഠന നേട്ടങ്ങ​​​ളെന്ന് വിശേഷിപ്പിക്കുന്നത്.

പഠനവും ബോധനവും നടക്കേണ്ടത് കൃത്യമായി നിർവചിക്കപ്പെട്ട ഉദ്ദേശ്യങ്ങളിലധിഷ്ഠിതമായിരിക്കണമെന്ന് അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ബെഞ്ചമിൻ എസ്. ബ്ലൂം ആണ്. ഈ ഉദ്ദേശ്യങ്ങൾ വ്യത്യസ്തമായ മൂന്ന് മണ്ഡലങ്ങളിലധിഷ്ഠിതമാവണമെന്നും അവ കൃത്യമായ ഒരു ശ്രേണി പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

പഠനത്തിലൂടെ വിദ്യാർഥികൾ മികച്ച സ്വഭാവം കാണിക്കണമെങ്കിൽ വൈജ്ഞാനിക മണ്ഡലത്തിൽ (Cognitive Domain) മാത്രം വികസനം നടന്നാൽ പോരാ എന്നും വൈകാരിക മണ്ഡലം, മനശ്ചാലക മണ്ഡലം എന്നിവിടങ്ങളിലേക്കു കൂടി പഠനോദ്ദേശ്യങ്ങൾ എത്തുകയും ആ മണ്ഡലങ്ങളിൽകൂടി മാറ്റം കൊണ്ടുവരാൻ അധ്യാപകർക്ക് സാധിക്കുകയും ചെയ്യണമെന്നും അദ്ദേഹം വാദിച്ചു.

വൈജ്ഞാനിക മണ്ഡലത്തിലാണ് ഓർമിക്കൽ, മനസ്സിലാക്കൽ, പ്രയോഗിക്കൽ, അപഗ്രഥിക്കൽ തുടങ്ങിയ ചിന്താപരമായ പ്രക്രിയകൾ നടക്കുന്നത്. എന്നാൽ, മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുന്ന വൈകാരിക മണ്ഡലം, നൈപുണികൾ വികസിപ്പിക്കുന്ന മനശ്ചാലക മണ്ഡലം എന്നിവയുടെ വികസനമാവണം ബോധനത്തിലൂടെ ലക്ഷ്യം വെക്കേണ്ടതെന്ന് ബെഞ്ചമിൻ എസ്. ബ്ലൂം നിർദേശിച്ചു.

പുഴകളുടെ എണ്ണം, വ്യാപ്തി തുടങ്ങിയ കാര്യങ്ങൾ ബൗദ്ധിക മണ്ഡലത്തിലും പുഴ എങ്ങനെ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു എന്നും അവ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യരുടെയും ഉത്തരവാദിത്തമാണെന്നുമുള്ള മനോഭാവം വൈകാരിക മണ്ഡലത്തിലും വരും. പുഴകൾ സംരക്ഷിക്കാനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, പുഴയിലേക്ക് മാലിന്യം വലിച്ചെറിയുമ്പോൾ അത് തടയുക തുടങ്ങിയ പ്രവർത്തനങ്ങൾ മനശ്ചാലക മണ്ഡലത്തിന്‍റെ ഭാഗമാണ്.

അധ്യാപകർ ചെയ്യേണ്ടത്

ശാരീരിക വികസനത്തോടൊപ്പം തന്നെ മാനസിക-വൈകാരിക വികസനം കൂടി പഠനത്തിന്‍റെ ലക്ഷ്യമാണെന്ന് തിരിച്ചറിഞ്ഞ് അധ്യാപകർ പ്രവർത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. ബുദ്ധിമാനങ്ങളേക്കാൾ വൈകാരിക മാനത്തിനും സാമൂഹിക ജീവിതത്തിനും പ്രാധാന്യം നൽകുന്ന ബോധനരീതികൾ ക്ലാസിൽ കൊണ്ടുവരണം.

അതിനായി അധ്യാപകരും കുട്ടികളും തമ്മിലും കുട്ടികൾ പരസ്പരവും ഇടപഴകാനുള്ള ധാരാളം അവസരങ്ങൾ ക്ലാസിലുണ്ടാവണം. സഹകരണാത്മകവും സഹവർത്തിതവുമായ ബോധന രീതികൾ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ.

പരീക്ഷകളിൽ ജയിക്കാനല്ല, ജീവിതത്തിൽ ജയിക്കാൻ കൂടിയാണ് വിദ്യാർഥികൾ പഠിക്കേണ്ടത്. തോൽക്കുമ്പോഴാണ് തോൽവിയെ എങ്ങനെയാണ് മാനേജ് ചെയ്യേണ്ടതെന്ന് പഠിക്കുക.

എല്ലാ സമയവും ജയം മാത്രമുള്ള കളികളാണ് ഡിജിറ്റൽ ഗെയിമുകൾ. തോൽവി കൂടിയുള്ള കളികൾക്ക് വിദ്യാലയങ്ങൾ ബോധപൂർവമായി അവസരങ്ങൾ നൽകേണ്ടതുണ്ട്. അതിന് കളിയും പഠനം തന്നെയാണ് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്.

ഡിജിറ്റൽ കാലത്തെ ഡിജിറ്റൽ നേറ്റിവ് എന്നും ഡിജിറ്റൽ മൈഗ്രന്‍റ് എന്നും വിഭജിക്കാറുണ്ട്. കുട്ടികൾ സാങ്കേതികവിദ്യാ ലോകത്തെ സ്വദേശികളാണെന്നിരിക്കെ, അവരോടൊത്തുപോകണമെങ്കിൽ അധ്യാപകരുടെ തലമുറ നല്ല പോലെ പരിശീലനം നേടേണ്ടതുണ്ട്.

നിർമിതബുദ്ധിയിലധിഷ്ഠിതമായതടക്കമുള്ള വിവിധ സാങ്കേതിക സൗകര്യങ്ങൾ പഠിക്കുകയും അവയെ ക്ലാസ് മുറികളിൽ ഉപയോഗിക്കുകയും ചെയ്യുക എന്നത് അധ്യാപനത്തിൽ അത്യന്താപേക്ഷിതമാണ്.

യൂട്യൂബ് നോക്കിയാലോ എ.ഐ ടൂളുകൾ ഉപയോഗിച്ചാലോ കിട്ടാത്ത അനുഭവങ്ങൾ സ്കൂളിന് നൽകാൻ സാധിക്കേണ്ടതുണ്ട്. ആവർത്തനവിരസമായ ക്ലാസ് മുറികളെ മാറ്റിസ്ഥാപിച്ച് അനുഭവങ്ങളാൽ സമ്പുഷ്ടമായ ക്ലാസ് മുറികൾ സജ്ജമാക്കണം.

കാഴ്ചയുടെ ലോകത്ത് വളരുന്നവരാണ് കുട്ടികളെന്ന് തിരിച്ചറിഞ്ഞ് കേൾവിക്കപ്പുറം കാഴ്ചക്കു കൂടി പ്രാധാന്യം നൽകിക്കൊണ്ടായിരിക്കണം പ്രഭാഷണം അനിവാര്യമായ ഘട്ടത്തിൽ പോലും അധ്യാപകർ പ്രവർത്തിക്കേണ്ടത്.

കുട്ടികൾക്ക് ഇടം (space) നൽകുന്ന സ്ഥലമായി സ്കൂൾ മാറേണ്ടതുണ്ട്. സ്കൂൾ അധ്യാപകരുടെ ഇടമാണ് എന്ന തോന്നലുണ്ടാക്കുന്ന അധികാര ഘടന ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പകരം ഓരോ കുട്ടിക്കും തന്‍റേതായ സ്പേസ് കണ്ടെത്താനുള്ള അവസരങ്ങൾ സ്കൂളിൽ ഒരുക്കണം. കലാകായിക മേഖലകൾക്ക് മാത്രമല്ല, കുട്ടികൾ നയിക്കുന്ന ക്ലാസുകൾ കൊണ്ടും അവർ നേതൃത്വം കൊടുക്കുന്ന പലതരം പ്രോഗ്രാമുകൾ കൊണ്ടുമെല്ലാം ഇത്തരം ഇടങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

മാനുഷിക മൂല്യങ്ങൾ തിരിച്ചറിഞ്ഞ് സാമൂഹിക ജീവിതത്തിന് അനുയോജ്യമായ മനോഭാവങ്ങൾ കുട്ടികളിൽ സൃഷ്ടിക്കലും അവരിൽ സാമൂഹിക നൈപുണികൾ വികസിപ്പിക്കലും തന്‍റെ കടമയാണെന്ന് അധ്യാപകർ തിരിച്ചറിയണം.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceEducation News
News Summary - Artificial intelligence can be a challenge or an opportunity for teachers
Next Story