Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightവിദേശ പഠനം...

വിദേശ പഠനം തിരഞ്ഞെടുക്കുംമുമ്പ് ഇക്കാര്യങ്ങൾ മനസ്സിലുണ്ടാകണം

text_fields
bookmark_border
വിദേശ പഠനം തിരഞ്ഞെടുക്കുംമുമ്പ് ഇക്കാര്യങ്ങൾ മനസ്സിലുണ്ടാകണം
cancel

ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളും ഗവേഷണ കോഴ്സുകളും വിദേശത്ത് പോയി ചെയ്യാവുന്നതാണ്. പോകേണ്ട രാജ്യം, പഠിക്കേണ്ട കോഴ്സ്, യൂനിവേഴ്സിറ്റി എന്നീ വളരെ പ്രധാനപ്പെട്ട പ്രാഥമിക കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കണം.

ഓരോ കോഴ്സുകൾക്കും ഏത് രാജ്യങ്ങളിലാണ് കൂടുതൽ അവസരങ്ങൾ, അതിനായുള്ള സ്ഥാപനങ്ങൾ, ഏതാണ് പ്രവേശന മാനദണ്ഡങ്ങൾ ഇവയെല്ലാം പരിഗണനയിൽ ഉണ്ടാവണം.

വിദേശത്തുള്ള മിക്ക യൂനിവേഴ്സിറ്റികളും കോളജുകളും രണ്ട് ഇൻടേക്കുകൾ വാഗ്ദാനം ചെയ്യുന്നു -ഫാൾ ഇൻടേക്ക്, സ്പ്രിങ് ഇൻടേക്ക്. ഫാൾ ഇൻടേക്ക് സാധാരണയായി സെപ്റ്റംബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്നു. സ്പ്രിങ് ഇൻടേക്ക് ജനുവരിയിൽ ആരംഭിച്ച് മേയിൽ അവസാനിക്കുന്നു.

ഏത് ഇൻടേക്ക് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുമ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത പ്രോഗ്രാമിന്‍റെ ലഭ്യത, പ്രവേശന പരീക്ഷ സ്‌കോറുകൾ, സ്വീകാര്യത നിരക്കുകൾ, തൊഴിലവസരങ്ങൾ, കോഴ്‌സിൽ ചേരാനുള്ള സന്നദ്ധത എന്നിവ പ്രധാനമാണ്.

വ്യാജ യൂനിവേഴ്സിറ്റികളും കോഴ്സുകളും ഇന്ത്യയിൽ മാത്രമല്ല, വിദേശത്തുമുണ്ട്. വിദേശ വിദ്യാർഥികളെ മാത്രം ലക്ഷ്യം വെച്ചുള്ള തട്ടിക്കൂട്ട് യൂനിവേഴ്സിറ്റികൾ ഇന്ന് ചില വിദേശരാജ്യങ്ങളിൽ കൂടുതലാണ്.

എംബസികൾ, കൗൺസിലേറ്റുകൾ, വിദേശ രാജ്യങ്ങളുടെ എജുക്കേഷനൽ പ്രൊവൈഡർമാർ ഉദാഹരണത്തിന് ജർമനിയിലേക്ക് DAAD, യു.എസിലേക്ക് USIEF, ബ്രിട്ടനിലേക്ക് ബ്രിട്ടീഷ് കൗൺസിൽ, ഫ്രാൻസിലേക്ക് കാമ്പസ്‌ ഫ്രാൻസ് എന്നിവയുടെ സഹായം തേടാം. യൂനിവേഴ്സിറ്റി ഫീസ്, വിസ, അഡ്മിഷൻ ലെറ്റർ എന്നിവയെല്ലാം യൂനിവേഴ്സിറ്റിയുടെ നേരിട്ടുള്ള ഇടപെടലുകളിലൂടെയായിരിക്കും.

ബിരുദ പഠനത്തിന് പോകുന്നവർക്ക് 100 ശതമാനം പ്ലേസ്മെന്‍റ് എന്ന മോഹന വാഗ്ദാനങ്ങളിൽ വീഴരുത്. ബിരുദത്തിനു ശേഷം ടോപ് പബ്ലിക് യൂനിവേഴ്സിറ്റികളിലെ വിദ്യാർഥികൾക്ക് മാത്രം കിട്ടുന്ന പരിഗണനയാണത്.


പോകേണ്ട രാജ്യം

നിങ്ങൾ തിരഞ്ഞെടുക്കുന്ന കോഴ്സിനും നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും അക്കാദമിക നിലവാരത്തിനും ഏറ്റവും അനുയോജ്യമായ രാജ്യം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

പോകുന്ന രാജ്യത്തെ ഭക്ഷണരീതികളും സംസ്കാരവും ഒരുപരിധി വരെ അഡ്ജസ്റ്റ് ചെയ്യേണ്ടിവരുമെങ്കിലും ആ രാജ്യത്തെ കാലാവസ്ഥയെ കുറിച്ച് ഗവേഷണം നടത്തിയിരിക്കണം. ഓരോ രാജ്യത്തിന്‍റെയും സമയാസമയങ്ങളിലുള്ള ഇമിഗ്രേഷൻ നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയിരിക്കണം.

തിരഞ്ഞെടുത്ത രാജ്യത്തെ സർക്കാറുകൾ വിദേശ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ, നയങ്ങൾ എന്നിവ ജോലി സാധ്യതകളെയും തുടർന്നുള്ള താമസത്തെയും ബാധിക്കും. സമീപകാലത്ത് യു.കെ, കാനഡ, യുഎസ്, ആസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ ഇമിഗ്രേഷൻ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ നമ്മുടെ വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പ്രവേശന യോഗ്യതകൾ

യോഗ്യത പരീക്ഷയിലെ മാർക്കിനെ അടിസ്ഥാനമാക്കിയുള്ള മെറിറ്റ് (ട്രാൻസ്ക്രിപ്റ്റ്), അധിക യോഗ്യതകൾ, ഭാഷാപ്രാവിണ്യം, പ്രോജക്ട്/ ഇന്‍റേൺഷിപ്പ് എന്നിവയിലെ പ്രാതിനിധ്യം ഇവയൊക്കെ യോഗ്യതയിൽ മുന്നിലെത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ലെറ്റർ ഓഫ് റെക്കമെന്‍റേഷൻ, സ്റ്റേറ്റ്മെന്‍റ് ഓഫ് പർപ്പസ് എന്നിവയും യോഗ്യത മാനദണ്ഡങ്ങളിൽപെടുന്നു.

● ലെറ്റർ ഓഫ് റെക്കമെന്‍റേഷൻ: പ്രസ്തുത യൂനിവേഴ്സിറ്റിയിലെ പ്രവേശനത്തിന് നിങ്ങൾ എത്രമാത്രം യോഗ്യനാണെന്ന് തെളിയിക്കുന്ന കത്ത്. നിങ്ങളുടെ അക്കാദമിക പശ്ചാത്തലം, അധിക യോഗ്യതകൾ എന്നിവ മുൻനിർത്തി നിങ്ങളുടെ അധ്യാപകനോ സ്ഥാപനമേധാവിയോ വിദേശ യൂനിവേഴ്സിറ്റികളിൽനിന്നോ ഉന്നത വിദ്യാലയങ്ങളിൽനിന്നോ പ്രാവീണ്യം നേടിയ അക്കാദമിക വിദഗ്ധരോ നൽകുന്ന സാക്ഷ്യപത്രമാണ് ലെറ്റർ ഓഫ് റഫറൻസ്.

● സ്റ്റേറ്റ്മെന്‍റ് ഓഫ് പർപ്പസ്: നിങ്ങൾ തിരഞ്ഞെടുത്ത യൂനിവേഴ്സിറ്റിയിൽ പ്രസ്തുത കോഴ്സ് തിരഞ്ഞെടുത്തതിന്‍റെ ലക്ഷ്യം എന്താണെന്ന് തെളിയിക്കുന്ന പ്രബന്ധ അവതരണമാണ്. നിങ്ങളുടെ ആത്മവിശ്വാസവും കഴിവും നൈപുണികളും അഭിരുചിയും താൽപര്യവും പ്രകടമാകുന്ന തരത്തിലായിരിക്കണം പ്രബന്ധ അവതരണം.

എസ്.ഒ.പി) സ്വയം തയാറാക്കണം. അഡ്മിഷൻ ഇന്റർവ്യൂവിൽ നിങ്ങളുടെ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ ഉണ്ടാവും. സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് എഴുതിക്കൊടുക്കുന്ന കൺസൾട്ടൻസികൾ ഇന്ന് നിലവിലുണ്ട്. ഇവക്കെല്ലാം ഒരേ രൂപവും ഭാവവും സ്വഭാവവും ആയിരിക്കും.


ഏത് യൂനിവേഴ്സിറ്റി/ സ്ഥാപനം?

യൂനിവേഴ്സിറ്റികളുടെ റാങ്കിങ് നോക്കിയായിരിക്കണം തിരഞ്ഞെടുപ്പ്. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്, ടൈംസ് ഹയർ എജുക്കേഷൻ വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്, അക്കാദമിക് റാങ്കിങ് ഓഫ് വേൾഡ് യൂനിവേഴ്സിറ്റി, യു.എസ് ന്യൂസ്, സെന്റർ ഫോർ വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്, അഗ്രഗേറ്റ് റാങ്കിങ് ഓഫ് ടോപ് യൂനിവേഴ്സിറ്റി എന്നീ റാങ്കിങ് വെബ്സൈറ്റുകളിൽ യൂനിവേഴ്സിറ്റികളുടെ നിലവാരം പരിശോധിക്കാവുന്നതാണ്.

സ്ഥാപനങ്ങളുടെ അംഗീകാരത്തെ കുറിച്ച് അറിയാൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (AIU), യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷൻ (UGC), കോമൺവെൽത്ത് യൂനിവേഴ്സിറ്റീസ് ഇയർ ബുക്ക്, ഇന്റർനാഷനൽ ഹാൻഡ് ബുക്ക് ഓഫ് യൂനിവേഴ്സിറ്റീസ്‌ എന്നിവ പരിശോധിക്കാം.

യൂനിവേഴ്സിറ്റികളെ കുറിച്ചും കോഴ്സ്, പ്രവേശനം എന്നിവയെക്കുറിച്ചും അറിയാൻ അതത് രാജ്യങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളും ഉപയോഗിക്കാവുന്നതാണ്.

യു.എസ്: https://www.usief.org.in/

യു.കെ: https://www.britishcouncil.org/

ആസ്ട്രേലിയ: https://www.studyaustralia.gov.au/

കാനഡ: https://www.educanada.ca/index.aspx?lang=eng

ന്യൂസിലൻഡ്: https://www.education.govt.nz/

സിംഗപ്പൂർ: https://www.moe.gov.sg/

ഫ്രാൻസ്: https://www.campusfrance.org/en

ഇറ്റലി: https://www.esteri.it/en/

ജപ്പാൻ: https://www.studyinjapan.go.jp/en/

നെതർലൻഡ്സ്: https://www.studyinnl.org/, https://www.netherlandsworldwide.nl/

സ്വീഡൻ: https://sweden.se/

ഡെന്മാർക്: https://denmark.dk/

സ്വിറ്റ്സർലൻഡ്: https://www.sbfi.admin.ch/sbfi/en/home.html, https://www.swisseducation.com/en/

ഫിൻലൻഡ്: https://www.educationfinland.fi/

തായ്‍വാൻ: https://english.moe.gov.tw/mp-1.html, https://english.doe.gov.taipei/

വിദേശ പഠനത്തിനായുള്ള പ്രധാന സ്‌കൊളാസ്റ്റിക് പ്രഫഷൻസി എൻട്രൻസ് ടെസ്റ്റുകൾ അഭിമുഖീകരിച്ച് അതിന്റെ സ്കോറുകൾ കരസ്ഥമാക്കുന്നത് ഉയർന്ന യൂനിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിനും പാട്ട് ടൈം ജോലി ലഭിക്കാനും കോഴ്സ് കഴിഞ്ഞശേഷം ജോലി അന്വേഷണത്തിനും സഹായകരമാകും.

കൺസൾട്ടൻസികൾ ഇത്തരം പരീക്ഷകളുടെ മികവിനെക്കുറിച്ചോ ഫലപ്രാപ്തിയെ കുറിച്ചോ പലപ്പോഴും വിദ്യാർഥികളോട് ഇകഴ്ത്തി സംസാരിക്കുന്നതാണ് കാണാറുള്ളത്. കാരണം ഇവ നേടിയെടുക്കാനുള്ള കാലതാമസവും കഠിനപ്രയത്നവും വിദ്യാർഥികളെ പിന്നോട്ടുവലിക്കുമെന്നത് കൊണ്ടാണ്. ഈ പരീക്ഷകൾ ഏതൊക്കെയാണെന്ന് നോക്കാം.

● ഐ.ഇ.എൽ.ടി.എസ് (ഇന്റർനാഷനൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം): ഇംഗ്ലീഷ് ഭാഷ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന വ്യക്തികളുടെ ഭാഷാ കഴിവ് അളക്കാനുള്ള പ്രാവീണ്യ പരീക്ഷയാണിത്. പരീക്ഷയിൽ നാലു പ്രധാന ഭാഷാ വൈദഗ്ധ്യം അളക്കപ്പെടുന്നു. കേൾക്കൽ, വായന, എഴുത്ത്, സംസാരം.

ലോകമെമ്പാടുമുള്ള ഒമ്പതിനായിരത്തിലധികം ഓർഗനൈസേഷനുകൾ/ യൂനിവേഴ്സിറ്റികൾ മുതൽ തൊഴിലുടമകൾ, പ്രഫഷനൽ ബോഡികൾ, ഇമിഗ്രേഷൻ അതോറിറ്റികൾ എന്നിങ്ങനെയുള്ളവർ ഈ ടെസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. രണ്ടു തരത്തിലുള്ള ടെസ്റ്റാണുള്ളത്.

1. ജനറൽ ട്രെയിനിങ് ടെസ്റ്റ് -മൈഗ്രേഷൻ ആവശ്യമുള്ളവർക്കും പരിശീലന പരിപാടികൾ, ഇംഗ്ലീഷിൽ ജോലി പരിചയം എന്നിവക്കുമുള്ളതാണ്.

2. അക്കാദമിക ടെസ്റ്റ് -ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷൻ തേടുന്നതിനുള്ളത്. ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ തെളിവുമായി ബന്ധപ്പെട്ട് വിസ വ്യവസ്ഥകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. വെബ്സൈറ്റ്: https://ielts.org/

● ടി.ഒ.ഇ.എഫ്.എൽ (ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിൻ ലാംഗ്വേജ്): ഇംഗ്ലീഷ് സംസാരിക്കുന്ന യൂനിവേഴ്സിറ്റികളിൽ ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന പ്രോഗ്രാമുകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി വ്യാപകമായി അംഗീകരിക്കപ്പെട്ട പൊതു ഇംഗ്ലീഷ് ഭാഷാ കഴിവ് പരീക്ഷയാണ് TOEFL. യു.എസ്, കാനഡ, യു.കെ, ആസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇത് പരിഗണിക്കപ്പെടുന്നു. വെബ്സൈറ്റ്: https://toeflibt.ets.org/welcome

● പി.ടി.ഇ (പിയേഴ്സൺ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ്): ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തോടൊപ്പം സാധാരണ ഇംഗ്ലീഷ് സംഭാഷണ ഭാഷാശൈലിയും വിലയിരുത്തുന്ന ടെസ്റ്റാണ് പി.ടി.ഇ. അക്കാദമിക സ്വഭാവമുള്ള ഇംഗ്ലീഷ് ഭാഷയുടെ പരീക്ഷയാണിത്. യൂനിവേഴ്‌സിറ്റി തലത്തിൽ പഠിപ്പിക്കുന്നതും ഇംഗ്ലീഷ് ഭാഷയിൽ നൽകുന്നതുമായ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള ഇംഗ്ലീഷ് ഇതര നേറ്റിവ് സ്പീക്കറുടെ യോഗ്യതയായി ഇത് കണക്കാക്കുന്നു. വെബ്സൈറ്റ്: https://www.pearsonpte.com/

● ജി മാറ്റ് (ഗ്രാജ്വേറ്റ് മാനേജ്‌മെന്‍റ് അഡ്മിഷൻ ടെസ്റ്റ്): വിദേശരാജ്യങ്ങളിലെ ഉയർന്ന റാങ്കിങ് നിലവാരത്തിലുള്ള യൂനിവേഴ്സിറ്റികളിൽ മാനേജ്മെന്റ് കോഴ്സുകളായ എം.ബി.എ, മാസ്റ്റർ ഓഫ് അക്കൗണ്ടൻസി, മാസ്റ്റർ ഓഫ് ഫിനാൻസ് തുടങ്ങിയ മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ്. സ്കോളർഷിപ്പോടെ ഉയർന്ന സ്ഥാപനങ്ങളിൽ പ്രവേശനം നേടാനുള്ള സാധ്യതകൾ ജി മാറ്റ് സ്കോർ വഴി ലഭിക്കുന്നു. വെബ്സൈറ്റ്: https://www.gmac.com/gmat-other-assessments

● ജി.ആർ.ഇ (ഗ്രാജ്വേറ്റ് റെക്കോഡ് എക്സാം): യു.എസ്, കാനഡ, ആസ്ട്രേലിയ, യു.കെ അടക്കമുള്ള രാജ്യങ്ങളിലും ഏഷ്യൻ രാജ്യങ്ങളിലും ജി.ആർ.ഇ വഴി ബിസിനസ്, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, എൻജിനീയറിങ്, സയൻസ് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാം. ഈ കോഴ്സുകളിലേക്ക് സ്‌കോളർഷിപ് ലഭ്യമാകുന്നതിനും ജി.ആർ.ഇ സ്കോർ മാനദണ്ഡമാക്കുന്നു. വെബ്സൈറ്റ്: https://www.ets.org/gre.html

● എസ്.എ.ടി (സ്കോളാസ്റ്റിക് അസസ്മെന്‍റ് ടെസ്റ്റ്): മിക്ക യു.എസ്, കനേഡിയൻ യൂനിവേഴ്സിറ്റികളും പ്രവേശന പ്രക്രിയക്കായി ഉപയോഗിക്കുന്ന സ്റ്റാൻഡേഡ് ടെസ്റ്റാണ് കോളജ് ബോർഡ് നിയന്ത്രിക്കുന്ന എസ്.എ.ടി. ഗണിതശാസ്ത്രം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വായന, എഴുത്ത് എന്നിവയിലെ കഴിവുകളെ അടിസ്ഥാനമാക്കിയാണ് എസ്.എ.ടി അപേക്ഷകനെ വിലയിരുത്തുന്നത്. വെബ്സൈറ്റ്: https://satsuite.collegeboard.org/

● എ.സി.ടി (അമേരിക്കൻ കോളജ് ടെസ്റ്റിങ്): ഹൈസ്കൂൾ വിദ്യാർഥികൾക്ക് യു.എസിലും ഇംഗ്ലീഷ് സംസാരിക്കുന്ന ചില രാജ്യങ്ങളിലും കോളജുകളിലേക്ക് പ്രവേശനം ലഭിക്കാനുള്ള പരീക്ഷയാണിത്. കോളജിൽ പ്രവേശിക്കാനുള്ള വിദ്യാർഥികളുടെ സന്നദ്ധത ടെസ്റ്റിലൂടെ അളക്കുകയും ബിരുദ അപേക്ഷകരെ വിലയിരുത്താനാവശ്യമായ ഡേറ്റ കോളജുകൾക്ക് നൽകുകയും ചെയ്യുന്നു. എ.സി.ടി പരീക്ഷ ഉദ്യോഗാർഥിയുടെ എഴുത്ത്, ഗണിതം, ശാസ്ത്രം എന്നിവയിലെ കഴിവുകൾ വിലയിരുത്തുന്നു. ഇംഗ്ലീഷ്, ഗണിതം, വായന, ശാസ്ത്രം എന്നിങ്ങനെ നാലു വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒരു ഓപ്‌ഷനൽ എഴുത്ത് പരീക്ഷയുമുണ്ട്. വെബ്സൈറ്റ്: https://www.act.org/

പല വിദേശരാജ്യങ്ങളിലും എം.ബി.ബി.എസ് പഠിക്കാൻ ഇന്ത്യയിലെ എൻ.ടി.എ നടത്തുന്ന നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. എന്നാൽ, ചില രാജ്യങ്ങളിൽ അവർ നിഷ്കർഷിക്കുന്ന പരീക്ഷകളിലൂടെ മാത്രമേ പഠനം സാധ്യമാകൂ. യു.എസ്, കാനഡ എന്നിവിടങ്ങളിലേക്ക് മെഡിക്കൽ കോളജ് അഡ്മിഷൻ ടെസ്റ്റ്, MCAT, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ അഡ്മിഷൻ ടെസ്റ്റ്, യു.കെയിലേക്ക് യൂനിവേഴ്സൽ ക്ലിനിക്കൽ ആപ്റ്റിട്യൂഡ് ടെസ്റ്റ്, ദക്ഷിണ കൊറിയയിലേക്ക് കോളജ് കൊളാസ്റ്റിക് എബിലിറ്റി ടെസ്റ്റ് CSAT എന്നിങ്ങനെ. റഷ്യ, ബംഗ്ലാദേശ്, ചൈന, കസാഖ്സ്താൻ, നേപ്പാൾ, ഉസ്ബകിസ്താൻ, മാൾട്ട തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒക്കെ നീറ്റ് യോഗ്യതയാണ് വേണ്ടത്.

● എൽ.എസ്.എ.ടി (ലോ സ്കൂൾ പ്രവേശന പരീക്ഷ): യു.എസ്, കാനഡ രാജ്യങ്ങളിലെ ലോ സ്കൂൾ പ്രവേശനത്തിന് പരിഗണിക്കുന്ന പരീക്ഷയാണ് ലോ സ്കൂൾ അഡ്മിഷൻ കൗൺസിൽ നടത്തുന്ന ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ്. യു.എസിലെ എല്ലാ അമേരിക്കൻ ബാർ അസോസിയേഷൻ അംഗീകൃത ലോ സ്കൂളുകളും അംഗീകരിച്ച ഏക സ്റ്റാൻഡേർഡ് ടെസ്റ്റ് ആണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Study AbroadEducation News
News Summary - Before choosing to study abroad
Next Story