Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightമികച്ച ജോലിയാണോ...

മികച്ച ജോലിയാണോ ലക്ഷ‍്യം? ആകർഷകമായി സി.വി എങ്ങനെ തയാറാക്കാം എന്നറിയാം

text_fields
bookmark_border
students
cancel

ഒരു ജോലിയിൽ കയറുന്നതിന്‍റെ ആദ്യപടിയാണ് സി.വി തയാറാക്കുക എന്നത്. തൊഴില്‍ദാതാക്കളെ സംബന്ധിച്ച് ജോലി നൽകുന്നയാളെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ ലഭിക്കുന്നതും സി.വിയിലൂടെയാണ്.

ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണെങ്കിൽപോലും സ്വന്തമായി സി.വി തയാറാക്കാൻ മിക്കയാളുകൾക്കും അറിയില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ മുമ്പ് ആരോ തയാറാക്കിയ സി.വി ഫോർമാറ്റും ഉള്ളടക്കവും അതുപോലെ കോപ്പി ചെയ്യുക എന്നതാണ് പലരും ചെയ്തുവരുന്നത്.

സി.വി കോപ്പി ചെയ്യുമ്പോൾ

ആരോ തയാറാക്കിയ സി.വി കോപ്പി ചെയ്യുമ്പോൾ അതിലുള്ള പല കാര്യങ്ങളും മറ്റൊരാളുടേതായിരിക്കും. സ്വന്തവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ സി.വിയിൽ വന്നുകഴിഞ്ഞാൽ അത് ഇന്‍റർവ്യൂവിനെയും ബാധിക്കും. സി.വിയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്നതുകൂടിയായിരിക്കും ഇന്‍റർവ്യൂവിൽ പരിശോധിക്കുന്നത്.

കോപ്പി ചെയ്ത സി.വി വെച്ച് ജോലി ലഭിച്ചാൽ തന്നെ ആ ജോലി മറ്റൊരാളുടെ കഴിവിനും അഭിരുചിക്കുമൊക്കെ അനുസരിച്ചുള്ളതായിരിക്കും.


സി.വിയും റസ്യൂമെയും

ജോലിക്ക് അപേക്ഷിക്കുമ്പോൾ സി.വി (Curriculum Vitae), റസ്യൂമെ, ബയോഡേറ്റ, പോർട്ട്‌ഫോളിയോ, പ്രൊഫൈൽ എന്നിവയെക്കുറിച്ച് നാം കേൾക്കാറുണ്ട്. ഇവയുടെയെല്ലാം ഉദ്ദേശ‍്യം ഒന്നുതന്നെയാണെങ്കിലും അവയുടെ യഥാർഥ ഉദ്ദേശ്യം, ഉള്ളടക്കം, ദൈര്‍ഘ്യം, ഘടന, വിവിധ രാജ്യങ്ങളിലെ രീതികൾ തുടങ്ങിയവയിലെല്ലാം വ്യത്യാസങ്ങളുണ്ട്.

കരിക്കുലം വിറ്റാ

സി.വി സാധാരണയായി റസ്യൂമെയേക്കാള്‍ ദൈര്‍ഘ്യം കൂടിയതും എന്നാല്‍ സമഗ്രവുമാണ്. കരിക്കുലം വിറ്റാ എന്ന പദം സൂചിപ്പിക്കുന്നപോലെ അപേക്ഷകന്‍റെ അക്കാദമിക് പശ്ചാത്തലത്തിനാണ് (Curriculum) ഇത് പ്രാധാന്യം കൊടുക്കുന്നത്. കൂടാതെ ഗവേഷണം, പ്രസിദ്ധീകരണങ്ങള്‍, പേപ്പര്‍ പ്രസന്‍റേഷൻ എന്നിവയും ഇതിൽ പ്രധാനപ്പെട്ടതാണ്.

തൊഴില്‍ അനുഭവം, ജോലി പശ്ചാത്തലം എന്നിവയെക്കുറിച്ച സമഗ്ര വിവരങ്ങളും ഉള്‍ക്കൊള്ളുന്നു. സി.വിക്ക് പലപ്പോഴും കര്‍ശന ഫോര്‍മാറ്റ് സൂക്ഷിക്കേണ്ടതില്ലാത്തതിനാല്‍ രാജ്യങ്ങൾ, വ്യക്തിഗത താല്‍പര്യങ്ങൾ എന്നിവയനുസരിച്ച് അതിന്‍റെ ഘടനയില്‍ വ്യത്യാസം വരുന്നു.

റസ്യൂമെ

ഒരു പ്രത്യേക ജോലി, അല്ലെങ്കില്‍ ഒരു ബിസിനസുമായി നേരിട്ട് ബന്ധപ്പെട്ട ഏറ്റവും പ്രസക്തമായ എക്സ്പീരിയൻസ്, കഴിവുകള്‍, നേട്ടങ്ങള്‍, യോഗ്യതകള്‍ എന്നിവയിലാണ് റസ്യൂമെ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.

റസ്യൂമെ ഒന്നോ രണ്ടോ പേജുകളില്‍ ഒതുക്കേണ്ടതുണ്ട്. ഇത്‌ അപേക്ഷകന്‍റെ മുൻകാല നേട്ടങ്ങള്‍, കഴിവുകള്‍, ജോലിയിലെ ഉത്തരവാദിത്തങ്ങള്‍ എന്നിവയെ ഹൈലൈറ്റ് ചെയ്താണ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ഓരോ ജോലിയുടെ ആവശ്യകതകള്‍ക്കനുസരിച്ചാണ് തയാറാക്കുന്നത്. റിക്രൂട്ടര്‍മാര്‍ക്ക് വേഗത്തിൽ ഷോർട്‍ലിസ്റ്റ് ചെയ്യാന്‍ കഴിയുന്ന നിശ്ചിത ഫോര്‍മാറ്റിലാണ് ചെയ്യേണ്ടത്.

ബയോഡേറ്റ

അക്കാദമികമല്ലാത്ത ജോലികൾക്ക് അപേക്ഷിക്കാനാണ് ബയോഡേറ്റ ഉപയോഗിക്കുന്നത്. ഒരാളുടെ വ്യക്തിഗത വിവരങ്ങളായ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, നേട്ടങ്ങൾ, താൽപര്യങ്ങൾ എന്നിവയുടെ വിശദമായ വിവരണമാണ് ബയോഡേറ്റയിൽ ഉണ്ടാവുക. ഒന്നോ രണ്ടോ പേജാണ് ഇതിന്‍റെ ദൈർഘ്യം.

പോർട്ട്‌ഫോളിയോ

ഒരാളുടെ കഴിവുകളും നേട്ടങ്ങളും പ്രകടിപ്പിക്കുന്ന ക്രിയേറ്റിവായ ഒരു ഡോക്യുമെന്‍റാണിത്. ഡിസൈനർമാർ, കലാകാരന്മാർ, എഴുത്തുകാർ, ഫോട്ടോഗ്രാഫർമാർ, മോഡലുകൾ, വെബ് ഡെവലപ്പർമാർ തുടങ്ങിയവർക്കാണ് പ്രധാനമായും ഇത് ആവശ‍്യം വരുക.

ഒരാളുടെ മികച്ച പ്രവർത്തനങ്ങൾ, പ്രസക്തമായ പ്രോജക്ടുകൾ, സൃഷ്ടികൾ, വൈവിധ്യമാർന്ന ജോലികൾ, അവാർഡുകൾ, അംഗീകാരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്താം.

പ്രൊഫൈൽ

ഒരു വെബ്‌സൈറ്റിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുന്ന ഒരാളുടെ കഴിവുകൾ, നേട്ടങ്ങൾ, താൽപര്യങ്ങൾ എന്നിവയുടെ ചുരുക്ക വിവരണമാണ് പ്രൊഫൈൽ. ജോലി അപേക്ഷകൾ, സമൂഹമാധ്യമ മാർക്കറ്റിങ്, ബ്രാൻഡിങ്, നെറ്റ്‌വർക്കിങ്, അവാർഡ് അപേക്ഷകൾ, ഗ്രാന്‍റുകൾക്കോ സ്കോളർഷിപ്പുകൾക്കോ ഉള്ള അപേക്ഷകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി പ്രൊഫൈൽ ഉപയോഗിക്കാം.

ഓരോ ആവശ്യത്തിന്‍റെയും ഉദ്ദേശ്യം, ഉള്ളടക്കം, ഫോർമാറ്റ് എന്നിവ മനസ്സിലാക്കി ഏറ്റവും അനുയോജ്യമായത് മനസ്സിലാക്കി അത് തയാറാക്കേണ്ടത് വളരെ പ്രധാനമാണ്.

സി.വി തയാറാക്കാം

ഒരു സി.വി (Curriculum Vitae) ഉണ്ടാക്കുക എന്നാല്‍ ഒരാള്‍ക്ക് അവനവനെക്കുറിച്ചുള്ള ബോധ്യം (Self Awareness) പേപ്പറിലാക്കുക എന്നുകൂടിയാണ് അർഥം. ആ ബോധ്യങ്ങളിൽനിന്ന് തൊഴില്‍ദാതാവിനു വേണ്ട കാര്യങ്ങള്‍ക്കുകൂടി പ്രാധാന്യം കൊടുത്താണ് സി.വി ഉണ്ടാക്കേണ്ടത്.

ഈ ബോധ്യം ഉണ്ടാവുമ്പോഴാണ് സി.വിയിൽ പറഞ്ഞ കാര്യങ്ങൾ മറ്റൊരാളുടെ മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനാവുന്നത്. ആ പ്രക്രിയയാണ് ഇന്‍റർവ്യൂവിൽ സംഭവിക്കുന്നത്. അവനവന്‍റെ കഴിവുകൾ പ്രതിഫലിപ്പിക്കുന്ന സി.വിക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

സ്വന്തം കഴിവുകള്‍ കണ്ടെത്തുക അവ പകര്‍ത്തുക എന്നതാണ് ജോലി അപേക്ഷയിലേക്ക് കടക്കുമ്പോഴുള്ള ആദ്യ പടി. ഓരോരുത്തരെയും മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്ന കഴിവുകൾ കണ്ടെത്തേണ്ടതുണ്ട്. അതിന് കളികള്‍, പാഠ്യ-പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍, പഠനത്തിന്‍റെ കൂടെ ചെയ്യുന്ന ജോലികള്‍, വായന, യാത്ര, ഇന്‍റേണ്‍ഷിപ് എന്നിവയെല്ലാം സഹായകമാകാറുണ്ട്.

ആത്മപരിശോധന നടത്തി കഴിവുകൾ സ്വയം വിലയിരുത്തുക, അവ ലിസ്റ്റ് ചെയ്യുക, കരിയര്‍ ലക്ഷ്യങ്ങള്‍ മനസ്സിലാക്കുക, ജോലിചെയ്യാനാഗ്രഹിക്കുന്ന മേഖലയിൽ ഉണ്ടായിരിക്കേണ്ട കഴിവുകൾ മനസ്സിലാക്കുക, കൂടെയുള്ളവരുടെയും വിദഗ്ധരുടെയും അഭിപ്രായം തേടുക എന്നിവയെല്ലാം ഇതിന്‍റെ ഭാഗമാണ്.

സ്വന്തം സി.വി വേറിട്ട് നിൽക്കാൻ

കീവേഡുകള്‍: ATS (Applicant Tracking System) പ്രധാനമായും Buz words അല്ലെങ്കില്‍ കീവേഡ്സ് ഉപയോഗിച്ചാണ് സി.വികള്‍ സ്‌കാന്‍ ചെയ്യുക. നിങ്ങളുടെ സി.വി ATSന് അനുസൃതമാക്കാന്‍ ജോലിയുടെ വിവരണത്തില്‍നിന്നുള്ള വാക്കുകള്‍ ഉള്ളടക്കത്തില്‍ വരേണ്ടതുണ്ട്. ജോബ് ഡിസ്‌ക്രിപ്ഷനില്‍ പറയുന്ന ഹാര്‍ഡ് സ്‌കില്ലുകളും സോഫ്റ്റ് സ്‌കില്ലുകളും ഉണ്ടാവുമ്പോഴാണ് ATS മാച്ച് സ്‌കോര്‍ റെഡിയാവുന്നത്.

● ഫോര്‍മാറ്റ്: പ്രഫഷനല്‍ ലുക്ക് നിലനിര്‍ത്തി തന്നെ വൃത്തിയുള്ള, നല്ല ഫോര്‍മാറ്റ് തിരഞ്ഞെടുക്കുക. ATSന് വേഗത്തില്‍ പിക്ക് ചെയ്യാവുന്ന Arial, Times New Roman, Garamond അല്ലെങ്കില്‍ Calibri പോലുള്ള ക്ലാസിക് ഫോണ്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വിവിധ ഫോണ്ടുകള്‍ മിക്സ് ചെയ്യാതിരിക്കുക. തലക്കെട്ടുകള്‍, ബുള്ളറ്റ് പോയന്‍റുകള്‍, മാര്‍ജിനുകള്‍ എന്നിവയില്‍ സ്ഥിരത നിലനിര്‍ത്തുക.

● ജോലിയെയും സ്ഥാപനത്തെയും പഠിക്കുക: പലപ്പോഴും സംഭവിക്കുന്നത് ഒരേ സി.വി തന്നെ വിവിധ സ്ഥാപനങ്ങളിലേക്കും ജോലിയിലേക്കും അയക്കുക എന്നതാണ്. എന്നാൽ, ഓരോ ജോലിക്കും അതിനനുസരിച്ച സി.വിയാണ് തയാറാക്കേണ്ടത്. ഓരോ ജോലിക്കുവേണ്ടിയും സി.വി തയാറാക്കുമ്പോൾ ആ ജോലിയെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും വിശദമായി മനസ്സിലാക്കി ജോലി വിവരണത്തിൽ പറഞ്ഞ കഴിവുകൾക്കും അനുഭവങ്ങൾക്കും പ്രാധാന്യം കൊടുക്കുക.

● കരിയർ ഗോൾ: സി.വിയുടെ ആദ്യ ഭാഗത്ത് തന്നെ നിങ്ങളുടെ കരിയര്‍ ഗോള്‍ എന്താണെന്നും എന്തുകൊണ്ടാണ് നിങ്ങള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നത് എന്നതും വ്യക്തമാക്കേണ്ടതുണ്ട്. ഓരോ സി.വിയിലും ഏറ്റവും കൂടുതൽ പകർത്തിവെക്കപ്പെടുന്നത് ഈ ഭാഗമാണ്. സ്വന്തം തൊഴിൽ ലക്ഷ്യങ്ങൾ എഴുതുമ്പോൾ അത് ഇന്‍റർവ്യൂവിലും നന്നായി അവതരിപ്പിക്കാനാവും.

● നേട്ടങ്ങള്‍ സൂചിപ്പിക്കുക: മുമ്പുണ്ടായിരുന്ന ജോലിയിലെ ഉത്തരവാദിത്തങ്ങള്‍ സൂചിപ്പിക്കുന്നതിന് പകരം, നേട്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. നേട്ടങ്ങള്‍ മനസ്സിലാക്കാൻ നമ്പറുകള്‍, എണ്ണങ്ങള്‍, ശതമാനക്കണക്ക് എന്നിവ ഉപയോഗിക്കുക. ഉദാഹരണത്തിന്, ‘വിറ്റുവരവ് 20 ശതമാനം വര്‍ധിപ്പിച്ചു’ അല്ലെങ്കില്‍ ‘10 ജീവനക്കാരുടെ ഒരു ടീമിനെ നിയന്ത്രിച്ചു’ എന്ന രീതിയില്‍ നേട്ടങ്ങള്‍ എഴുതുക.

● കഴിവുകള്‍: മുകളിൽ സൂചിപ്പിച്ചതുപോലെ ഓരോരുത്തർക്കും അവരുടേതായ ഒരുപാട് കഴിവുകളുണ്ടാകും. എന്നാൽ, സി.വിയിൽ ലിസ്റ്റ് ചെയ്യേണ്ടത് അപേക്ഷിക്കുന്ന ജോലിക്ക് ഏറ്റവും ആവശ‍്യമായ കഴിവുകളാണ്. ഇതില്‍ ജോലിയുമായി ബന്ധപ്പെട്ട ഹാര്‍ഡ് സ്‌കില്‍സും സോഫ്റ്റ് സ്‌കില്‍സും ഉൾപ്പെടുത്തുക.

● വിദ്യാഭ്യാസവും സര്‍ട്ടിഫിക്കറ്റുകളും: നേടിയ ഡിഗ്രികള്‍, പഠിച്ച സ്ഥാപനങ്ങള്‍, ബിരുദ തീയതികള്‍ എന്നിവ ഉള്‍പ്പെടെ നിങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലിസ്റ്റ് ചെയ്യുക. ഓരോ ജോലിക്കും അനുസൃതമായ സര്‍ട്ടിഫിക്കറ്റുകള്‍, പരിശീലനങ്ങള്‍ എന്നിവ ഉണ്ടെങ്കിൽ അവ പ്രത്യേകം ഉള്‍പ്പെടുത്തുക.

● എക്‌സ്പീരിയന്‍സ്: ജോലി ചെയ്ത അനുഭവങ്ങൾ ഏറ്റവും അടുത്ത കാലം മുതല്‍ പിറകിലേക്ക് എന്ന ക്രമത്തില്‍ ലിസ്റ്റ് ചെയ്യുക. ജോലിയുടെ പേര്, കമ്പനി, തീയതികള്‍, നിങ്ങളുടെ ഉത്തരവാദിത്തങ്ങളുടെയും നേട്ടങ്ങളുടെയും ഹ്രസ്വവിവരണം എന്നിവ ഉള്‍പ്പെടുത്തുക.

● ഫയല്‍ ഫോര്‍മാറ്റ്: സ്റ്റാന്‍ഡേഡ് ഫയല്‍ ഫോര്‍മാറ്റുകളായ docx അല്ലെങ്കില്‍ പി.ഡി.എഫ് ഫയല്‍ ആയി സി.വി അയക്കുക. ഇമേജ് ഫയലാക്കി അയക്കാതിരിക്കുക. ഒരുപാട് ചിത്രങ്ങളും ഗ്രാഫിക്‌സും ഉപയോഗിക്കാതിരിക്കുക. ഹെഡര്‍, ഫൂട്ടര്‍ എന്നിവ ഒഴിവാക്കുക. ലളിതവും വൃത്തിയുള്ളതുമായ രീതിയില്‍ ഡിസൈന്‍ ചെയ്യുക. പരമാവധി സംക്ഷിപ്തമായിരിക്കാന്‍ ശ്രമിക്കുക. കുറഞ്ഞ അനുഭവമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നു മുതല്‍ രണ്ട് പേജ് വരെയും വിപുലമായ അനുഭവമുള്ളവര്‍ക്ക് രണ്ട്, മൂന്ന് പേജുകള്‍ വരെയും ആകാം.

● തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തുക: ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ലിങ്ക്ഡിന്‍ പ്രൊഫൈല്‍ എന്നിവ നിർബന്ധമായും ഉള്‍പ്പെടുത്തുകയും കോണ്‍ടാക്ട്‌ വിവരങ്ങള്‍ കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തുകയും ചെയ്യുക.

സി.വി ATSന് അനുസൃതമാക്കാം

പല ജോബ് പോർട്ടലുകളിലും ഒരേ ജോലിയിലേക്ക് തന്നെ ലക്ഷക്കണക്കിന് അപേക്ഷകളായിരിക്കാം വരുന്നുണ്ടാവുക. അതിൽ തന്നെ മിക്ക ആളുകൾക്കും ഒരേ കഴിവുകളും യോഗ്യതയുമായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ ഓരോ സ്ഥാപനവും അവര്‍ക്കനുയോജ്യമായ ആളുകളെ തിരഞ്ഞെടുക്കുന്നത് നിർമിതബുദ്ധിയുടെ സഹായത്തോടെയായിരിക്കും.

Applicant Tracking System അഥവാ ATS സംവിധാനങ്ങളാണ് ഈ സന്ദര്‍ഭങ്ങളില്‍ സി.വി പരിശോധിച്ച് അടുത്ത ഘട്ടത്തിലേക്ക് കടത്തിവിടുന്നത്. Applicant Tracking System ഉപയോഗിച്ച് സി.വികൾ ഷോര്‍ട്‌ലിസ്റ്റ് ചെയ്യുമ്പോള്‍ പലപ്പോഴും 70 മുതല്‍ 75 ശതമാനം വരെ പുറന്തള്ളപ്പെടാറുണ്ട്. ഇവിടെ നമ്മുടെ സി.വി പുറന്തള്ളപ്പെടാതിരിക്കാൻ കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്.

സി.വി തയാറാക്കാനുള്ള ടൂളുകൾ

ലിങ്ക്ഡിന്‍: ലിങ്ക്ഡ് ഇന്‍ ഒരു പ്രഫഷനല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോം ആണെങ്കില്‍കൂടി നമ്മുടെ കഴിവുകള്‍, വിദ്യാഭ്യാസം, വർക്ക് എക്‌സ്പീരിയന്‍സ് ഇവയെല്ലാം നല്‍കിക്കഴിഞ്ഞാല്‍ നമ്മുടെ പ്രൊഫൈല്‍ റെസ്യൂമെ ആക്കി കണ്‍വര്‍ട്ട് ചെയ്യാനുള്ള സൗകര്യം ലിങ്ക്ഡിന്നിലുണ്ട്. പിന്നീട് നല്ല ഫോർമാറ്റിലേക്ക് മാറ്റി എഡിറ്റ് ചെയ്യാം.

● മൈക്രോസോഫ്റ്റ് വേർഡ്: ഏറ്റവും ലളിതമായ രീതിയിൽ വേര്‍ഡ് ഉപയോഗിച്ച് സി.വി തയാറാക്കാം. വേര്‍ഡ് പോലെത്തന്നെ ഗൂഗ്ള്‍ ഡോക്‌സിലും നിരവധി ടെംപ്ലറ്റുകള്‍ ലഭ്യമാണ്.

● കാന്‍വ: കാന്‍വ ഒരു ഗ്രാഫിക് ഡിസൈന്‍ പ്ലാറ്റ്‌ഫോമാണ്. അതില്‍ പണം നൽകിയും സൗജന്യമായും സി.വി തയാറാക്കാം. നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താൻ കഴിയുന്ന നിരവധി ടെംപ്ലറ്റുകള്‍ ലഭ്യമാണ്.

● വെബ്‌സൈറ്റുകള്‍: Resume.io, Adobe Spark, ResumeGenius, MyPerfectResume എന്നിവയെല്ലാം വെബ്‌സൈറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ്.

● മൊബൈല്‍ ആപ്പുകള്‍: Resume Builder by Nobody, Resume Star, VisualCV തുടങ്ങിയ ആപ്പുകള്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും തയാറാക്കാം.

കവർ ലെറ്റർ

സി.വി അയക്കുമ്പോൾ അതിന്‍റെ കൂടെ ഒരു കവർ ലെറ്റർകൂടി ഉണ്ടായിരിക്കണം. ജോലി അപേക്ഷയിൽ തൊഴിലുടമ ആദ്യം വായിക്കുന്നത് കവര്‍ ലെറ്ററായിരിക്കും. ഒരാളെക്കുറിച്ചുള്ള ആദ്യ പ്രതിച്ഛായ തൊഴിലുടമയില്‍ സൃഷ്ടിക്കുന്നത് അതാണ്. അപേക്ഷയെ കൂടുതൽ ശ്രദ്ധേയമാക്കാൻ അത് സഹായിക്കും.

കവർ ലെറ്ററിൽ നിങ്ങൾ അപേക്ഷിക്കുന്ന പൊസിഷൻ, എങ്ങനെ ഈ ജോലിയെക്കുറിച്ച് അറിഞ്ഞു, ഈ സ്ഥാനത്തിന് നിങ്ങളെ യോഗ്യനാക്കുന്ന കഴിവുകളും അനുഭവങ്ങളും, കമ്പനിയെയും സ്ഥാനത്തെയും കുറിച്ച് നിങ്ങൾക്ക് എന്തുകൊണ്ട് താൽപര്യമുണ്ട് എന്നീ കാര്യങ്ങൾ ചുരുക്കി എഴുതുക. കൂടെ നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, അപേക്ഷ അയക്കുന്ന തീയതി എന്നിവ ഉൾപ്പെടുത്തുക.

ഓരോരുത്തര്‍ക്കും സ്വന്തം കഴിവും അഭിരുചിയും താൽപര്യവും അനുസരിച്ച് ഏറ്റവും നന്നായി പഠിക്കാനും തൊഴില്‍ ചെയ്യാനും വളരാനും കഴിയുന്ന മേഖലകളുണ്ടായിരിക്കും. അത്തരം മേഖലകളിലെത്തിപ്പെടാനുള്ള അവസരങ്ങൾ കണ്ടെത്തുകയും ശരിയായ രീതിയിൽ അപേക്ഷിക്കുകയും കഴിവുകളെ പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അപ്പോൾ പണമുണ്ടാക്കുന്നതിലുപരി ആസ്വദിച്ചു ജോലിചെയ്യാനും ജീവിക്കാനും കഴിയുമെന്നത് തീര്‍ച്ചയാണ്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education News
News Summary - Know how to prepare an attractive CV
Next Story