ആർട്ടിഫിഷ‍്യൽ ഇന്‍റലിജൻസ് നമ്മുടെ തൊഴിൽ നഷ്ടപ്പെടുത്തുമോ? എ.ഐ കാലത്ത് തൊഴിലിൽ നേടിയെടുക്കേണ്ട അറിവുകളും കഴിവുകളുമറിയാം
text_fieldsനിർമിതബുദ്ധി (Artificial Intelligence) ലോകമെമ്പാടുമുള്ള തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും അതേസമയം നിലവിലുള്ള നിരവധി ജോലികൾ ഇല്ലാതാവാനും നിർമിതബുദ്ധി കാരണമാകുന്നു.
പ്രത്യേകിച്ച് ആവർത്തന സ്വഭാവമുള്ള കാര്യങ്ങൾ വരുന്ന ജോലികൾ. അതുകൊണ്ടുതന്നെ സ്വന്തം ജോലിയുടെ ഭാവിയെക്കുറിച്ച ആശങ്കയിലാണ് പലരും.
2030ഓടെ 20 ശതമാനം ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് ഓക്‌സ്‌ഫഡ് മാർട്ടിൻ സ്കൂൾ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നു. എന്നാൽ, സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന പുതിയ ജോലികൾ ഈ നഷ്ടം നികത്തുമെന്നും പഠനം കണ്ടെത്തുന്നു.
2022ലെ വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് അനുസരിച്ച് 2025ഓടെ 75 ശതമാനം ജോലികളിലും നിർമിതബുദ്ധിയുടെ സ്വാധീനം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.
വേഗം മുഖ്യം
ഒരു കാര്യം ഉറപ്പാണ്. ഒരു കോഴ്സ് പഠിച്ച് ഒരു ജോലിയിൽ കയറി ആ ജോലിയിൽതന്നെ തുടർന്ന് പ്രമോഷനുകൾ നേടി റിട്ടയർ ചെയ്യുന്ന രീതി ഇനിയും തുടർന്നുപോകണമെന്നില്ല. സാവകാശത്തിൽ കരിയറിൽ മുന്നേറുക എന്നത് ഇനി സാധ്യമല്ല.
അനുദിനം പുരോഗതി കൈവരിക്കുകയും കാലത്തിന്‍റെ മാറ്റത്തിനനുസരിച്ചു മാറാനും നിരന്തരം പഠിക്കാനും കഴിയുന്നവർക്കായിരിക്കും വരുംകാലത്ത് കരിയറിൽ മുന്നേറാനാവുക എന്നതിൽ സംശയമില്ല.
‘‘പുതിയ കാലത്ത്, ചെറിയ മത്സ്യങ്ങളെ വലിയ മത്സ്യങ്ങൾ ഭക്ഷിക്കുകയല്ല; മറിച്ച്, വേഗം കുറഞ്ഞ മത്സ്യത്തെ വേഗം കൂടിയ മത്സ്യം ഭക്ഷിക്കുകയാണ് ചെയ്യുന്നത്’’ എന്ന വേൾഡ് ഇക്കണോമിക് ഫോറം എക്സിക്യൂട്ടിവ് ചെയർമാൻ ക്ലോസ് ഷ്വാബിന്‍റെ പ്രസ്താവന ഈ വിഷയത്തെ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.
തുറന്നിടുന്ന അവസരങ്ങൾ
ഡേറ്റ സയന്‍റിസ്റ്റ്, മെഷീൻ ലേണിങ് എൻജിനീയർ, എ.ഐ എത്തിസിസ്റ്റ്, റോബോട്ടിക്സ് എൻജിനീയർ, നാച്വറൽ ലാംഗ്വേജ് പ്രോസസിങ് സ്പെഷലിസ്റ്റ്, ഓട്ടോമേഷൻ എൻജിനീയർ തുടങ്ങി നിരവധി തൊഴിൽ മേഖലകൾ എ.ഐ തുറന്നിടുന്ന പുതിയ അവസരങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ടെക്നോളജിക്ക് പകരംവെക്കാനാവാത്ത കഴിവുകൾ
എ.ഐക്ക് പകരംവെക്കാൻ കഴിയാത്ത മനുഷ്യന്‍റെ മാത്രം പ്രത്യേകതകളായ സാമൂഹിക ബുദ്ധി, സർഗാത്മകത, വിമർശനാത്മക ചിന്ത, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങിയ സോഫ്റ്റ് കഴിവുകൾ എ.ഐ കാലത്ത് ജോലിയിൽ നിലനിൽക്കാനും വിജയിക്കാനും സഹായിക്കും.
പ്രശ്നങ്ങൾ ഏതൊരു മേഖലയിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ആ പ്രശ്നങ്ങൾക്ക് ക്രിയാത്മകവും നൂതനവുമായ പരിഹാരങ്ങൾ കാണുമ്പോഴാണ് പുരോഗതി കൈവരിക്കുന്നത്. ഓരോ പ്രശ്നത്തിനും പരിഹാരം കണ്ടെത്താനാവുന്ന സർഗാത്മക വ്യക്തികളെ ഏതൊരു മേഖലക്കും ആവശ്യമുണ്ട്.
മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനും അവരോട് സഹാനുഭൂതി കാണിക്കാനും സ്വന്തം വികാരങ്ങൾ നിയന്ത്രിക്കാനുമുള്ള കഴിവാണ് വൈകാരിക ബുദ്ധി. മനുഷ്യ വികാരങ്ങളുടെ സൂക്ഷ്മതകൾ മനസ്സിലാക്കൽ, പരസ്പര സഹകരണം, നേതൃശേഷി എന്നിവ ആവശ്യമുള്ള ജോലികളിൽ ഈ സാമൂഹിക ബുദ്ധി വളരെ പ്രധാനപ്പെട്ടതാണ്.
പഠിക്കണം എ.ഐയെ ഉപയോഗപ്പെടുത്താൻ
എ.ഐ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. കൂടെ നിലവിലുള്ള ജോലികളിലും മാറ്റങ്ങൾ ഉണ്ടാകും. എ.ഐയെ മനുഷ്യന് പകരക്കാരനായി കാണാതെ എ.ഐയെ ഉപയോഗപ്പെടുത്താൻ പഠിക്കുക എന്നതാണ് പരിഹാരം.
പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ തുടർച്ചയായ പഠനത്തിലൂടെയും പുതിയ കഴിവുകൾ നേടുന്നതിലൂടെയും സാധിക്കും. ഇതിന് ടെക്നോളജിയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ നിരവധി കഴിവുകൾ നേടേണ്ടതുണ്ട്. അതോടൊപ്പം വിവിധ കഴിവുകൾ ഒത്തൊരുമിച്ച് കൊണ്ടുപോകേണ്ടതുമുണ്ട്.
എ.ഐ പ്രത്യേക കോഴ്സായി പഠിക്കേണ്ടതല്ല
എ.ഐ എന്നത് പ്രത്യേക കോഴ്സായി മാത്രം പഠിക്കേണ്ട ഒന്നല്ല. ജോലി ചെയ്യുന്നത് ഏത് മേഖലയിലാണെങ്കിലും ആ മേഖലയിലെ നിർമിതബുദ്ധിയുടെ സാധ്യതകളെക്കുറിച്ചു നന്നായി അറിയേണ്ടതുണ്ട്. അത് അറിയുമ്പോഴാണ് സ്വന്തം ജോലിയിൽ നിർമിതബുദ്ധി സംയോജിപ്പിച്ച് തൊഴിലിലെ കാര്യക്ഷമതയും വേഗവും പരമാവധി വർധിപ്പിക്കാനാവുക.
ഉദാഹരണത്തിന്, ഒരു മാർക്കറ്റിങ് പ്രഫഷനലിന് എ.ഐ സഹായത്തോടെ ടാർഗെറ്റഡ് പരസ്യങ്ങൾ സൃഷ്ടിക്കാൻ വൈദഗ്ധ്യം നേടാം. അല്ലെങ്കിൽ ഒരു ഹ്യൂമൻ റിസോഴ്സ് പ്രഫഷനലിന് എ.ഐ അധിഷ്ഠിത റിക്രൂട്ട്‌മെന്‍റ് ടൂളുകൾ ഉപയോഗിക്കാൻ പഠിക്കാം.
ഒരു കണ്ടന്‍റ് ഡെവലപ്പർ ദിവസങ്ങളെടുത്ത് ചെയ്തിരുന്ന ജോലികൾ എ.ഐയുടെ സഹായത്തോടെ നിമിഷനേരംകൊണ്ട് ചെയ്യാനാവുന്നു. ഒരു ക്ലയന്‍റിനുവേണ്ടി മാത്രം ജോലി ചെയ്യുന്ന ഒരു ഫ്രീലാൻസ് കണ്ടന്‍റ് ക്രിയേറ്ററെ സംബന്ധിച്ച് എ.ഐ ഉപയോഗിച്ച് കുറഞ്ഞ സമയംകൊണ്ടുതന്നെ ഒരുപാട് ക്ലയന്‍റുകൾക്കുവേണ്ടി ജോലിചെയ്യാനാവും.
സ്വന്തം മേഖലയിലെ അറിവിനപ്പുറം ഡേറ്റ സയൻസ്, മെഷീൻ ലേണിങ്, പ്രോംപ്റ്റ് എൻജിനീയറിങ് പോലുള്ള കോഴ്‌സുകൾ നമ്മുടെ മേഖലയിലെ എ.ഐ സംവിധാനങ്ങൾ ഉപയോഗിക്കാൻ കൂടുതൽ പ്രാപ്തരാക്കുന്നു. എ.ഐ വൈദഗ്ധ്യമുള്ളവർക്ക് നിലവിലെ ശമ്പളത്തേക്കാൾ 54 ശതമാനം വരെ വർധന പ്രതീക്ഷിക്കാമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സ്വന്തം സവിശേഷതകൾ ഉൾക്കൊള്ളുക
ഒരു ഡേറ്റ വിശകലനം ചെയ്യുന്നതിലും വളരെ വേഗത്തിലും കാര്യക്ഷമതയിലും പാറ്റേണുകൾ തിരിച്ചറിയുന്നതിലും എ.ഐ മികവ് പുലർത്തിയേക്കാം. എന്നാൽ, അവയെല്ലാം ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താനും തീരുമാനങ്ങളെടുക്കാനും കഴിയുക മനുഷ്യനാണ്. അതിനാൽ, ആ മേഖലയിലെ പുരോഗതിക്ക് നമുക്ക് ആവുന്നത് ചെയ്യുക.
ഓരോരുത്തർക്കും അവരവരുടേതായ കഴിവും അറിവും പ്രത്യേകതയും ഉണ്ടെന്ന് മനസ്സിലാക്കുക. അവ തിരിച്ചറിയുക, പരിപോഷിപ്പിക്കുക.
പുതിയ കഴിവുകൾ പഠിക്കുക
ഓരോരുത്തരുടെയും പ്രവർത്തന മേഖലയിൽ ആവശ്യമായ പുതിയ കോഴ്‌സുകൾ ചെയ്യുക, പരിശീലനങ്ങളിൽ പങ്കെടുക്കുക, സർട്ടിഫിക്കേഷനുകൾ നേടുക, വിദഗ്ധരെ കേൾക്കുക, വായിക്കുക, വിദഗ്ധരിൽനിന്ന് കോച്ചിങ് എടുക്കുക തുടങ്ങിയവയെല്ലാം ഇതിനു വേണ്ടി ചെയ്യാവുന്നതാണ്.
കൂടെ ഡേറ്റ സയൻസ്, മെഷീൻ ലേണിങ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നേടുക, ഓൺലൈൻ കോഴ്സുകൾ, ബൂട്ട് ക്യാമ്പുകൾ, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ എന്നിവയിലൂടെയും നിരവധി കഴിവുകൾ ആർജിക്കാനും സ്വന്തം ജോലിയിൽ പ്രസക്തമായി നിലനിൽക്കാനുമാവും.
ബന്ധങ്ങൾ വർധിപ്പിക്കുക
അവനവൻ ജോലി ചെയ്യുന്ന മേഖലയിലെ പ്രഫഷനലുകളുമായി ബന്ധമുണ്ടാവുക. അതിന് ലിങ്ക്ഡ്ഇൻ പോലുള്ള പ്രഫഷനൽ സോഷ്യൽ പ്ലാറ്റ്ഫോമുകളും സെമിനാറുകളും ഓൺലൈൻ ഫോറങ്ങളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും വിവിധ കമ്യൂണിറ്റി പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുത്താം.
ടെക്നോളജി വേഗത്തിൽ മാറിക്കൊണ്ടിരിക്കും. അവിടെ കരുത്തോടെ പിടിച്ചുനിൽക്കാൻ വേണ്ടത് പുതിയ കഴിവുകൾ നേടാനും അറിവ് അപ്ഡേറ്റ് ചെയ്യാനുമുള്ള മനസ്സുകൂടിയാണ്. അതുകൊണ്ടുതന്നെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയും പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുകയും ചെയ്യുക.
നിർമിതബുദ്ധിയുടെ വേഗത്തിനനുസരിച്ച് മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും പുതിയ കാര്യങ്ങൾ പഠിക്കാൻ തയാറാവുകയും ചെയ്യുക എന്നത് നിങ്ങളുടെ മേഖലയിൽ നിങ്ങളുടെ മൂല്യം വർധിപ്പിക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. ഓരോരുത്തരുടെയും പ്രസക്തി തീരുമാനിക്കുന്നത് അവനവൻതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.