Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നടത്തേണ്ട തയാറെടുപ്പുകൾ
cancel

വിദേശത്ത് പഠിക്കണമെന്നാഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം താമസിയാതെ 20 ലക്ഷം കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്ലസ് ടു പൂർത്തിയാകുന്നതോടെ തന്നെ വിദേശത്തേക്ക് ചേക്കേറുന്നതിനെക്കുറിച്ചാണ് വിദ്യാർഥികൾ ചിന്തിക്കുന്നത്.

യു.എസ്, യു.കെ, ചൈന, റഷ്യ, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ജർമനി, സിംഗപ്പൂർ, അയർലൻഡ്, ഫ്രാൻസ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യൻ വിദ്യാർഥികൾ കൂടുതലായി ആശ്രയിക്കുന്നത്. പോളണ്ട്, സ്പെയിൻ, ഇറ്റലി, നോർവേ, ജപ്പാൻ, മലേഷ്യ, സൗത്ത് കൊറിയ, ലി​േത്വനിയ, തുർക്കിയ, മാൾട്ട തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

കുറഞ്ഞത് ഒരു വര്‍ഷം മുമ്പെങ്കിലും വിദേശ പഠനത്തിനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കേണ്ടതുണ്ട്. പ്ലസ് ടുവിനുശേഷം അണ്ടര്‍ ഗ്രാജ്വേഷനാണോ അതോ ഡിഗ്രിക്കു ശേഷം പോസ്റ്റ് ഗ്രാജ്വേഷനാണോ വിദേശത്ത് പഠിക്കേണ്ടത് എന്നതില്‍ വ്യക്തമായ ധാരണ നേരത്തേ ഉണ്ടാക്കി വെക്കണം.


എന്തുകൊണ്ട് വിദേശ പഠനം?

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം, പ്രഗല്ഭരായ അധ്യാപകർ, മെച്ചപ്പെട്ടതും അപ്ഡേറ്റഡുമായ സിലബസ്, ഉയര്‍ന്ന പ്ലേസ്മെന്‍റ് സാധ്യതകള്‍, പുതിയ കാഴ്ചപ്പാടുകള്‍, പുതിയ ജീവിതരീതികള്‍ പരിചയപ്പെടാനും ഉൾക്കൊള്ളാനുമുള്ള അവസരങ്ങള്‍, വിദേശ ഭാഷകള്‍ പഠിക്കാനും മികച്ച ആശയ വിനിമയശേഷി ആര്‍ജിക്കാനുമുള്ള അവസരങ്ങള്‍, വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളുമായുള്ള സൗഹൃദം, വിദേശത്ത് സ്ഥിരതാമസത്തിനുള്ള സാധ്യതകള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വിദേശ പഠനത്തെ ആകര്‍ഷകമാക്കുന്നു.

പ്ലാനിങ് പ്രധാനം

ഏറ്റവും അനുയോജ്യമായ ഉപരിപഠനമേഖല ആദ്യം കണ്ടെത്തണം. പഠനത്തിനായി പരിഗണിക്കുന്ന രാജ്യത്തെ കാലാവസ്ഥ, സംസാര ഭാഷ, തൊഴില്‍ ലഭ്യത, കുടിയേറ്റ നിയമങ്ങൾ, പഠനത്തിനും താമസത്തിനുമുള്ള ചെലവ് തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യണം.

പഠന മേഖലക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളും സർവകലാശാലകളുമാണ് തിരഞ്ഞെടുക്കേണ്ടത്. പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്‍റെ ആഗോള റാങ്കിങ് പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം. ഇതിനായി QS (Quacquarelli Symonds), THE (Times Higher Education), US News, ARWU (Academic Ranking Of World Universities) തുടങ്ങിയ സ്വതന്ത്ര റാങ്കിങ് ഏജന്‍സികളുടെ സഹായം തേടാം.

നിലവാരം കുറഞ്ഞ യൂനിവേഴ്സിറ്റികളും കോളജുകളും വിദേശത്തുമുണ്ടെന്നോർക്കുക. ഇത്തരം സ്ഥാപനങ്ങളിൽനിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ പ്രാദേശികമായി പോലും തൊഴില്‍ സാധ്യത ഉറപ്പിക്കാനാവില്ല.

ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റിയുടെ (AIU) അംഗീകാരമുണ്ടെങ്കിൽ മാത്രമേ തിരികെ ഇന്ത്യയിൽ വന്ന് തുടർപഠനത്തിനും സർക്കാർ ജോലികൾക്കുമൊക്കെ അപേക്ഷിക്കാൻ കഴിയൂ.

ഇന്‍റർനാഷനൽ ഹാൻഡ് ബുക്ക് ഓഫ് യൂനിവേഴ്സിറ്റീസ് (International Handbook of Universities), കോമൺവെൽത്ത് യൂനിവേഴ്സിറ്റീസ് ഇയർബുക്ക് (Commonwealth Universities Yearbook) തുടങ്ങിയവ പരിശോധിച്ച് യൂനിവേഴ്സിറ്റികളുടെ നിലവാരം മനസ്സിലാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷനുമായും (University Grants Commission -UGC) ബന്ധപ്പെടാം.

വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളറിയാൻ ശ്രമിക്കണം. വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതത് രാജ്യത്തിന്‍റെ ഇന്ത്യയിലുള്ള വിദ്യാഭ്യാസ പ്രമോഷന്‍ ഓഫിസുകളില്‍ നിന്നറിയാം.

അമേരിക്കയിലെ വിവരങ്ങള്‍ക്ക് USIEF (www.usief.org), ഫ്രാന്‍സിലേക്ക് കാമ്പസ് ഫ്രാന്‍സ് (www.campusfrance.org), യു.കെയിലേക്ക് താല്‍പര്യപ്പെടുന്നവര്‍ക്ക് ബ്രിട്ടീഷ് കൗണ്‍സില്‍ (www.britishcouncil.org), ജര്‍മനിയിലേക്ക് DAAD (www.daad.in) തുടങ്ങിയ ഔദ്യോഗിക വിദ്യാഭ്യാസ ഏജന്‍സികളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താം.

മിക്ക ഏജൻസികൾക്കും ഇന്ത്യയിൽ ഓഫിസുകളുണ്ട്. കൂടാതെ വിവരങ്ങൾ ലഭിക്കാൻ കോൺസുലേറ്റുകളെയും എംബസികളെയും ഉപയോഗപ്പെടുത്താം. ഇത്തരം സ്ഥാപനങ്ങളും ബന്ധപ്പെട്ട വെബ്‌സൈറ്റുകളും പ്രയോജനപ്പെടുത്തി വിശദ അന്വേഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമേ വിദേശ പഠനത്തെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്താവൂ.

രേഖകൾ തയാറാക്കാം

വിദേശ പഠനത്തിനായി അപേക്ഷിക്കുമ്പോള്‍ വിവിധ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വിശദമായ ബയോഡേറ്റ, യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് (Transcripts), വിദേശ പഠനം ആഗ്രഹിക്കുന്നതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന ഒരു ഉപന്യാസം (Statement of Purpose), വിദ്യാർഥിയുടെ കഴിവും മികവും നന്നായി അറിയുന്ന അധ്യാപകരില്‍നിന്ന് ലഭിക്കുന്ന ശിപാര്‍ശക്കത്തുകള്‍ (Letter of Recommendation), പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, ഭാഷാനൈപുണ്യം അളക്കുന്ന IELTS, TOEFL തുടങ്ങിയ പരീക്ഷകളിലെ മികച്ച സ്‌കോര്‍ കാര്‍ഡ് തുടങ്ങിയവ തയാറാക്കണം. കൂടാതെ അഭിരുചി പരീക്ഷകളായ SAT, ACT (അണ്ടര്‍ ഗ്രാജ്വേറ്റ് പഠനത്തിന്), GRE (പോസ്റ്റ് ഗ്രാജ്വേറ്റ് പഠനം), GMAT (മാനേജ്‌മെന്‍റ് പഠനം), LSAT (നിയമ പഠനം) തുടങ്ങിയ പരീക്ഷാ സ്‌കോറുകളും ആവശ്യപ്പെടാറുണ്ട്.

ഇത്തരം പരീക്ഷകളിലെ മികച്ച സ്‌കോറുകള്‍ നമ്മുടെ പ്രവേശനവും സ്‌കോളര്‍ഷിപ് ലഭ്യതയും എളുപ്പമാകാനും സഹായകമാകും.

സാമ്പത്തികം മുഖ്യം

വിദേശ പഠനമെന്നത് ചെലവേറിയ കാര്യമാണ്. യാത്ര, താമസം, ഭക്ഷണം, ചികിത്സ തുടങ്ങിയ ചെലവുകൾ, ഇന്‍ഷുറന്‍സ് പ്രീമിയം, കോഴ്‌സ് ഫീ തുടങ്ങിയവയെല്ലാം നമ്മുടെ രാജ്യത്തെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യം, യൂനിവേഴ്സിറ്റി, കോഴ്‌സ്, കോഴ്‌സ് ദൈര്‍ഘ്യം, താമസസ്ഥലം തുടങ്ങിയവയനുസരിച്ച് പഠന ചെലവ് വ്യത്യസ്തമായിരിക്കും.

വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, അസിസ്റ്റന്‍റ്ഷിപ്പുകള്‍, പാര്‍ട്ട് ടൈം ജോലികള്‍, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങിയവ ഒരളവുവരെ വിദ്യാർഥികള്‍ക്ക് സഹായകരമാകാറുണ്ട്. വിദ്യാഭ്യാസ വായ്പകൾക്കായി അംഗീകൃത ബാങ്കുകളെ മാത്രമേ സമീപിക്കാവൂ. ലഭ്യമാകുന്ന സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, അസിസ്റ്റന്‍റ്ഷിപ്പുകൾ തുടങ്ങിയവയെക്കുറിച്ച് നേരത്തേ തന്നെ മനസ്സിലാക്കണം.

ചീവനിങ് സ്കോളർഷിപ്, ഇൻലാക്സ് സ്കോളർഷിപ്, ഫുൾബ്രൈറ്റ് ഫെലോഷിപ്, റോഡ്സ് സ്കോളർഷിപ്, കോമൺവെൽത്ത് സ്കോളർഷിപ്, ഡോ. മൻമോഹൻ സിങ് സ്കോളർഷിപ്, രാമൻ-ചാർപ്പക് ഫെലോഷിപ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പ്രവേശനം വ്യത്യസ്ത സമയങ്ങളിൽ

വിദേശങ്ങളില്‍ നമ്മുടെ വിദ്യാഭ്യാസ രീതിയില്‍നിന്ന് വ്യത്യസ്തമായി ഒന്നിലധികം അഡ്മിഷന്‍ സൈക്കിളുകളുണ്ട് (Intakes). ഭൂരിഭാഗം യൂനിവേഴ്‌സിറ്റികളിലും Fall, Spring എന്നീ Intakes ആണുള്ളത്. Fall സെപ്റ്റംബറിലും Spring ജനുവരിയിലും ആരംഭിക്കുന്നു.

ചില സ്ഥാപനങ്ങളില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന ഒരു Summer intake കൂടിയുണ്ടാകാറുണ്ട്. ഇന്ത്യയില്‍ കോഴ്‌സ് പൂര്‍ത്തിയാകുന്ന സമയം പരിഗണിക്കുമ്പോള്‍ സെപ്റ്റംബറിലാണ് നമ്മുടെ വിദ്യാർഥികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദം. കൃത്യസമയത്തുതന്നെ അപേക്ഷകൾ സമർപ്പിച്ചാൽ പ്രവേശന സാധ്യത കൂടുതലാണ്. ഒന്നിലധികം യൂനിവേഴ്സിറ്റികളിൽ അപേക്ഷിക്കുന്നതും കൂടുതൽ സുരക്ഷിതമാണ്.

ചതിക്കുഴികൾ ഏറെ

വിദേശപഠനമെന്നത് വലിയ നിക്ഷേപവും തീരുമാനവുമായതിനാല്‍ എല്ലാ വശങ്ങളെക്കുറിച്ചും ആഴത്തിലുള്ള ഗവേഷണം അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ചതിക്കുഴികൾ ഏറെയാണ്. അംഗീകാരമില്ലാത്ത വിദേശ വിദ്യാഭ്യാസ ഏജൻസികളുടെയും മനോഹരമായി ഒരുക്കിയ വ്യാജ വെബ്സൈറ്റുകളുടെയും പ്രലോഭനങ്ങളില്‍ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വിദേശത്ത് പഠിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ല എന്നതാണ് യാഥാർഥ‍്യം. ഏത് യൂനിവേഴ്സിറ്റികളിലും ബന്ധപ്പെട്ട വെബ്സൈറ്റുകൾ വഴി നേരിട്ട് അപേക്ഷിക്കാവുന്നതേയുള്ളൂ. മാത്രമല്ല ഓഫർ ലെറ്റർ കിട്ടിക്കഴിഞ്ഞാൽ പിന്നീടുള്ള ഫീസടക്കൽ പോലെയുള്ള നടപടിക്രമങ്ങളെല്ലാം അതത് യൂനിവേഴ്സിറ്റി പോർട്ടലുകൾ വഴി നേരിട്ട് ചെയ്താൽ മതി. സ്ഥാപനവുമായുള്ള ആശയ വിനിമയങ്ങളെല്ലാം സ്വന്തം ഇ-മെയിൽ ഐ.ഡി ഉപയോഗിച്ച് ചെയ്യുന്നതാണ് സുരക്ഷിതം.

പഠനത്തിനായി പോകുന്ന രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള അറിവുകളും പ്രധാനമാണ്. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കുന്നതും ഏറെ സഹായകരമാകും.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education News
News Summary - Preparations to be done by students who wish to study abroad
Next Story