ലക്ഷ്യം വിദേശ പഠനമാണോ, ഈസിയായി തയാറെടുക്കാം...
text_fieldsഇന്ന് വിദ്യാർഥികളിൽ വലിയൊരു വിഭാഗവും മനസ്സിൽ കൊണ്ടുനടക്കുന്ന സ്വപ്നമാണ് വിദേശപഠനം. വിദേശത്തെ ആകർഷകമായ ശമ്പളം, മികച്ച ജീവിത നിലവാരം തുടങ്ങിയവയെല്ലാമാണ് വിദ്യാർഥികളെ ആകർഷിക്കുന്നത്. പഠനച്ചെലവ് അപ്പോഴും നിരവധി പേരെ ഈ സ്വപ്നത്തിൽനിന്ന് പിന്തിരിപ്പിക്കുന്നു. വിദേശത്ത് പഠിക്കാൻ സ്കോളർഷിപ്പുകൾ നിരവധിയുണ്ടെങ്കിലും ഒരു വലിയ തുക വിദേശ പഠനത്തിനായി കണ്ടുവെക്കേണ്ടിവരും എന്നുറപ്പ്.
മാസ്റ്റർ ഡിഗ്രി വിദേശത്ത് എടുക്കുന്നതിനെപ്പറ്റിയാണ് കൂടുതൽ പേരും ചിന്തിക്കാറുള്ളത്. എന്നാൽ, പഠനത്തിന്റെ എല്ലാ തലങ്ങളിലും വിദേശത്ത് സാധ്യതകളുണ്ട്. പൊതുവെ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറേറ്റ് റിസർച്ചുകൾ എന്നിവക്കാണ് ഇന്ത്യക്കാർ വിദേശപഠനത്തെ കാര്യമായി ആശ്രയിക്കാറ്.
വിവിധ വിദേശഭാഷകൾ, അതത് രാജ്യങ്ങളിൽനിന്നുതന്നെ നന്നായി പഠിക്കാനും പരിശീലിക്കാനും അതിൽ അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും സഹായിക്കുന്ന കോഴ്സുകൾ എന്നിവ വിദ്യാർഥികളെ വിദേശ പഠനത്തിലേക്ക് ആകൃഷ്ടരാക്കുന്നു.
ശ്രദ്ധയോടെ തയാറെടുക്കാം
● അഡ്മിഷൻ, വിസ, ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, മറ്റു തിരിച്ചറിയൽ/യാത്രാരേഖകൾ എല്ലാം കൃത്യമായി ഫയൽ ചെയ്തു വെക്കണം. എല്ലാത്തിന്റെയും ഡിജിറ്റൽ കോപ്പി ഉണ്ടായിരിക്കണം. ഒരു ഫോട്ടോ കോപ്പി മറ്റൊരു ബാഗിൽ സൂക്ഷിക്കണം.
●കറൻസി വിനിമയ നിരക്കും അനുബന്ധ കാര്യങ്ങളും അറിഞ്ഞിരിക്കണം. നാട്ടിൽനിന്ന് സ്വന്തമാക്കിയ അന്താരാഷ്ട്ര ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് കൈയിൽ കരുതുന്നത് നല്ലത്. അത്യാവശ്യത്തിന് ഉപയോഗിക്കാൻ കറൻസിയും കൈയിൽ വേണം.
●താമസ സൗകര്യത്തിനായി നിങ്ങളുടെ യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെടാം. www.hostelworld.comൽ സ്വയം രജിസ്റ്റർ ചെയ്യാം. അവിടെ കുറഞ്ഞ ചെലവിൽ താമസസൗകര്യം ലഭ്യമാണ്. ഒരു അന്തർദേശീയ വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡിനായി www.isic.orgൽ സ്വയം രജിസ്റ്റർ ചെയ്യുക. പല സ്ഥലങ്ങളിലും താമസിക്കാനുള്ള തുകയിൽ ഇളവ് ലഭിക്കാൻ ഇത് ഗുണം ചെയ്യും.
●വിദേശത്ത് എത്തിയാൽ ആദ്യം ചെയ്യേണ്ടത് (24 മുതൽ 48 മണിക്കൂറിനുള്ളിൽ) ആഭ്യന്തര മന്ത്രാലയത്തിൽ സ്വയം രജിസ്റ്റർ ചെയ്യുക എന്നതാണ്. താമസം അതോെട നിയമവിധേയമാകുന്നു. വിവിധ രാജ്യങ്ങളിലെ നിയമങ്ങൾ മനസ്സിലാക്കി ആവശ്യമായത് ചെയ്യുക.
●പ്രാദേശിക ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യുക. നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അത് സഹായിച്ചേക്കാം.
●ബാങ്ക് അക്കൗണ്ട്: നിങ്ങൾ പഠിക്കുന്ന രാജ്യത്ത് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് നന്നാവും. പണം സുരക്ഷിതമായി സൂക്ഷിക്കാനും പഠനസമയത്ത് നിങ്ങൾ സമ്പാദിക്കുന്ന ചെറിയ തുകകൾ സംഭരിക്കാനും അത് സഹായിക്കും. പാർട്ട്ടൈം ജോലികൾ ലഭിക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമായ സ്ഥലങ്ങളുണ്ട്. ആ രാജ്യത്തെ തൊഴിൽ നിയമങ്ങൾ നന്നായി പഠിക്കണം.
●അന്താരാഷ്ട്ര സ്കോളർഷിപ്പുകൾ: പഠനത്തിനാവശ്യമായ ചെലവുകളെക്കുറിച്ച് നിങ്ങൾക്ക് സർവകലാശാലയിലെ അഡ്മിഷൻ ഓഫിസറുമായി സംസാരിക്കാം. പൊതുവായി ലഭിക്കുന്ന അന്താരാഷ്ട്ര സ്കോളർഷിപ്പുകൾ അറിഞ്ഞിരിക്കണം.
●ശാരീരികമായും മാനസികമായും സാമ്പത്തികമായും അക്കാദമികമായുമുള്ള ചിട്ടയായ തയാറെടുപ്പും ചെയ്യാൻ പോകുന്ന കോഴ്സിനെക്കുറിച്ചും അത് നൽകുന്ന കലാലയത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചുമുള്ള വിശദമായ അറിവുണ്ടായിരിക്കണം.
വിവിധ പ്രവേശന പരീക്ഷകൾ
ഇംഗ്ലീഷ് ഭാഷ പ്രധാന ആശയവിനിമയ മാധ്യമമായതിനാൽ ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം അളക്കുന്ന പരീക്ഷകൾ നിരവധിയുണ്ട്. മിക്ക രാജ്യങ്ങളിലും ഇവയിൽ ഏതെങ്കിലും ഒന്ന് യോഗ്യതക്ക് നിർബന്ധമാണ്.
ടി.ഒ.ഇ.എഫ്.എൽ (TOEFL)
വിദേശ പഠനം ലക്ഷ്യംവെക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം അളക്കുന്ന പ്രധാന പരീക്ഷകളിലൊന്നാണ് ടോഫൽ. അമേരിക്കൻ ഇംഗ്ലീഷിൽ അധിഷ്ഠിതമായ ടോഫൽ അമേരിക്ക, കാനഡ, ന്യൂസിലൻഡ്, യു.കെ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഏറ്റവുമധികം പരിഗണിക്കുന്നു.
പരീക്ഷ ഘടന: റീഡിങ്, ലിസണിങ്, സ്പീക്കിങ്, റൈറ്റിങ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പരീക്ഷകൾ നടത്തുക.
വെബ്സൈറ്റ് : https://www.ets.org/toefl
ഐ.ഇ.എൽ.ടി.എസ് (IELTS)
ഇംഗ്ലീഷ് ഭാഷ എവിടെയെല്ലാം അടിസ്ഥാനമായി പരിഗണിക്കുന്നുവോ അവിടെയെല്ലാം അവിഭാജ്യഘടകമാണ് ഐ.ഇ.എൽ.ടി.എസ്. യു.കെ, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠിക്കാനോ കുടിയേറിപ്പാർക്കാനോ ആഗ്രഹിക്കുന്നവരുടെ ഭാഷാപ്രാവീണ്യത്തെ അളക്കാനുള്ള പരീക്ഷയാണിത്.
പാഠഭേദങ്ങൾ: ഐ.ഇ.എൽ.ടി.എസ് രണ്ടു വിധത്തിലുണ്ട്.
അക്കാദമിക് -യു.കെ, യു.എസ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഉന്നതപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയ പ്രഫഷനലുകൾക്കും അക്കാദമിക് ഐ.ഇ.എൽ.ടി.എസ് എഴുതാവുന്നതാണ്.
ജനറൽ ട്രെയിനിങ് : ആസ്‌ട്രേലിയ, കാനഡ, യു.കെ എന്നിവിടങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ സെക്കൻഡറി വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവ ആഗ്രഹിക്കുന്നവർക്കും ജനറൽ ട്രെയിനിങ് ഐ.ഇ.എൽ.ടി.എസ് എഴുതാം.
സ്കോളാസ്റ്റിക് അസസ്മെൻറ് ടെസ്റ്റ് (SAT)
അമേരിക്കൻ നോൺ പ്രോഫിറ്റ് സംഘടനയായ കോളജ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള അഭിരുചി നിർണയ പരീക്ഷയാണിത്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ബിരുദപഠനത്തിനായി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള പരീക്ഷയാണിത്.
ഗ്രാജ്വേറ്റ് റെക്കോഡ് എക്‌സാമിനേഷന്‍ (GRE)
അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഗ്രാജ്വേറ്റ് സ്‌കൂളുകളില്‍ പ്രവേശനത്തിനായി വിജയിക്കേണ്ട പരീക്ഷയാണിത്. എജുക്കേഷനല്‍ ടെസ്റ്റിങ് സര്‍വിസാണ് ജി.ആർ.ഇ പരീക്ഷ നടത്തുന്നത്.
ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (GMAT)
ബിരുദ മാനേജ്മെൻറ് കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. ലോകത്തെങ്ങുമുള്ള രണ്ടായിരത്തിലധികം ബിസിനസ് സ്കൂളുകളിൽ എം.ബി.എ, മാസ്റ്റർ ഓഫ് ഫിനാൻസ്, അക്കൗണ്ടൻസി തുടങ്ങിയ വിഷയങ്ങളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളിലൊന്നാണ് GMAT.
ഒക്കുപേഷനൽ ഇംഗ്ലീഷ് ടെസ്റ്റ് (OET)
ആരോഗ്യ സേവന മേഖലകളിൽ പ്രവർത്തിക്കാൻ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം അളക്കാൻ സഹായിക്കുന്ന പരീക്ഷയാണിത്. മെഡിസിൻ, ഫാർമസി, ഫിസിയോതെറപ്പി, ഒക്കുപേഷനൽ തെറപ്പി, ഡെൻറിസ്ട്രി, നഴ്‌സിങ്, ഡയറ്റിക്സ്, ഒപ്‌റ്റോമെട്രി, പാദസംരക്ഷണം, റേഡിയോഗ്രഫി, വെറ്ററിനറി സയൻസ്, സ്പീച് പത്തോളജി തുടങ്ങിയ 12 മേഖലകളിൽ ഉള്ളവർക്ക് പരീക്ഷയെഴുതാം.
രാജ്യങ്ങൾ: യുനൈറ്റഡ് കിങ്‌ഡം, അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ 2020 ജൂലൈ മുതലും ദുബൈ, സിംഗപ്പൂർ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും OET പരിഗണിച്ചുവരുന്നു.
മെഡിക്കൽ കോളജ് അഡ്മിഷൻ ടെസ്റ്റ് (MCAT)
അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, കരീബിയൻ ദ്വീപുകൾ തുടങ്ങിയ ഇടങ്ങളിലെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടുന്നതിനുള്ള പ്രവേശന പരീക്ഷയാണിത്. അസോസിയേഷൻ ഓഫ് അമേരിക്കൻ മെഡിക്കൽ കോളജസ് (AAMC) എന്ന സംഘടനയാണ് ഇതിെൻറ നടത്തിപ്പുകാർ. വർഷത്തിൽ 25 പ്രാവശ്യം 21 രാഷ്ട്രങ്ങളിലായി MCAT പരീക്ഷ നടന്നുവരുന്നു.
ലോ സ്‌കൂൾ അഡ്മിഷൻ ടെസ്റ്റ് (LSAT)
നിയമ വിഷയം ഒരു കരിയറായി തിരഞ്ഞെടുത്ത് അമേരിക്ക, ആസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള പരീക്ഷയാണിത്.
(ചിത്രങ്ങൾക്ക് കടപ്പാട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.