Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightഭാര്യാഭർതൃബന്ധം...

ഭാര്യാഭർതൃബന്ധം ഊഷ്മളമാക്കാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം

text_fields
bookmark_border
couple
cancel

പരാതികളുടെയും പരിഭവങ്ങളുടെയും നീണ്ടനിരയിലൂടെയായിരിക്കും ഓരോ ദിവസവും കൺസൾട്ടേഷൻ നിർത്തുക. ‘ഇണയും തുണയും’ –കേൾക്കാൻ ഇമ്പമുള്ളതാണെങ്കിലും അഭിപ്രായഭിന്നതകളുടെ, ഉൾക്കൊള്ളാൻ പറ്റാത്ത പ്രകൃതക്കാരുടെ മറ്റൊരു പേരായി മാറിയിരിക്കുന്നു ഇന്നത്.

നിസ്സാരകാര്യങ്ങളുടെ മേൽ ജീവിതത്തിലെ സന്തോഷത്തിന്‍റെ നിറംകെടുത്തിയവർ നമുക്ക് ചുറ്റും ഒരുപാടുണ്ട്. സാമീപ്യം കൊണ്ട് സന്തോഷം കിട്ടുന്ന ഒന്നാണ് ഭാര്യാഭർതൃബന്ധം.

വിവാഹിതരായി അഞ്ചുവർഷം കഴിഞ്ഞ, സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന ദമ്പതിമാർ പരസ്പരം പഴിചാരി, മുന്നോട്ടുവെക്കാൻ ഒരു നന്മപോലും ബാക്കിവെക്കാതെ കഴിഞ്ഞ രണ്ടു മണിക്കൂറിലേറെയായി വാഗ്വാദത്തിലാണ്. സമയം പങ്കുവെക്കപ്പെടുന്നില്ല, കൂടിയാലോചനയോ വ്യക്തി സ്വാതന്ത്ര്യമോ ഇല്ല എന്നതാണ് പരാതി.

ഒരു ഞാണിന്മേൽ കളിപോലെ മുന്നോട്ടുപോകുന്ന ജീവിതം. ശാരീരികവും വൈകാരികവും സംസാരത്തിലൂടെയുമുള്ള സംഘർഷങ്ങൾ ദമ്പതിമാർക്കിടയിൽ പുതുമയല്ലാതായിരിക്കുന്നു. പടവെട്ടി ജയിക്കുന്ന അങ്കത്തളമായി മാറിയിരിക്കുന്നു വീടെന്ന ഇടം.

24കാരിയായ സന ഒരു മൾട്ടിനാഷനൽ കമ്പനിയിൽ സീനിയർ ഓഫിസറാണ്. കൂടെയുള്ള സുഹൃത്ത് സാബുവുമായി മൂന്നു മാസംമുമ്പ് വീട്ടുകാരുടെ ആശീർവാദത്തോടെ ഒന്നിച്ചതാണ്. ഇന്നിപ്പോൾ യോജിച്ചുപോകാവുന്ന ഒരിടംപോലുമില്ലെന്ന് പറഞ്ഞാണ് സെഷന് വന്നത്. പരസ്പരം ഭാരമായി മുന്നോട്ടുപോകുന്നില്ല. മൂന്നുമാസത്തെ ഒരുമിച്ചുള്ള താമസത്തിനൊടുവിൽ പരസ്പര സമ്മതത്തോടെ സ്വതന്ത്രമാവണമെന്ന ആഗ്രഹമാണ് ഇരുവർക്കും.

ഒട്ടും ഉൾക്കൊള്ളാനാവാത്ത ഏതോ സ്വപ്നലോകത്തിനായുള്ള ഓട്ടത്തിലാണ് നാമെപ്പോഴും. ഏറെ ശ്രദ്ധകൊടുത്ത് വികസിപ്പിക്കേണ്ട ഒന്നാണ് മാനുഷിക ബന്ധങ്ങൾ. നൈമിഷിക ബന്ധങ്ങളാണ് ഇന്നത്തെ സമൂഹത്തിലെ ട്രെൻഡ്. ഫാസ്റ്റായ ലോകത്തിനൊപ്പം സൂപ്പർ ഫാസ്റ്റായി ജീവിതം മുന്നോട്ടു കൊണ്ടുപോവുമ്പോൾ കൈമോശം വരുന്നത് ഊഷ്മള ബന്ധങ്ങളാണ്.


ഊഷ്മള ബന്ധങ്ങൾക്ക്

ഊഷ്മളവും ഫലപ്രദവുമായ ബന്ധങ്ങൾക്ക് ഈ കാര്യങ്ങൾ അത്യാവശ‍്യമാണ്...

● ശരിയായ ആശയവിനിമയം

● പരസ്പര വിശ്വാസം

● മനസ്സിലാക്കാൻ/തിരിച്ചറിയാൻ ശ്രമിക്കൽ

● നല്ല സുഹൃത്താവാൻ ശ്രമിക്കൽ

● സത്യസന്ധത

● വ്യക്തി സ്വാതന്ത്ര്യം

ചേർത്തുപിടിച്ച് മുന്നോട്ടുപോകാം

ദാമ്പത്യബന്ധം കൈവിട്ടുപോകാതിരിക്കാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ ശീലമാക്കാം...

● ദൃഢമായ ബന്ധങ്ങൾ രണ്ട് സ്ട്രോങ് ആയ വ്യക്തികളിൽനിന്നാണ് ഉണ്ടാവുന്നത്. അതിനാൽതന്നെ ഒന്നിച്ചുള്ള മുന്നോട്ടുപോക്ക് ഓരോരുത്തർക്കും അവരുടെ ബലഹീനതകൾ മാറ്റാനുള്ള അവസരമാണ്.

● നിങ്ങളുടെ ഏറ്റവും ബെസ്റ്റ് പരസ്പരം നൽകുക. മിക്കപ്പോഴും നമ്മുടെ എല്ലാ ജോലിയും കഴിഞ്ഞ് ബാക്കിയുള്ള സമയമാവും പങ്കാളിക്കായി നൽകുക. എന്‍റെ സ്ഥാനം ഏറ്റവും അവസാനമാണ് എന്ന തോന്നലിന് ഇതാണ് ഒരു ഘടകം.

● മനുഷ്യർ വിഭിന്നരും വ്യതിരിക്തരുമായതിനാൽ മറ്റുള്ളവരുടെ നല്ല കാര്യങ്ങൾ ജീവിതത്തിൽ പകർത്തുക. അവരെ അനുകരിക്കാൻ ശ്രമിക്കാതിരിക്കുക.

● ബന്ധം ഊഷ്മളമാക്കുന്നതിൽ ഇരുവരുടെയും പങ്കാളിത്തം അത്യാവശ‍്യമാണ്.

● പരസ്പരം ക്ഷമയോടെ ഇടപെടുക. നിങ്ങളുടെ മറ്റു പല സമ്മർദവും കാണിക്കേണ്ട ഇടമല്ല വീടും പങ്കാളിയും.

● പരസ്പരം രഹസ്യങ്ങൾ ഇല്ലാതിരിക്കുക. മിക്ക ബന്ധങ്ങളിലും വിള്ളൽ വരുത്തുന്ന ഒന്നാണ് രഹസ്യസ്വഭാവം സൂക്ഷിക്കുകയെന്നത്. secrecy is the enemy of intimacy എന്നൊരു ചൊല്ലുണ്ട്.

● മനുഷ്യസഹജമാണ് തെറ്റ് സംഭവിക്കുക എന്നത്. അതിനെ അംഗീകരിക്കുക. കൂടെയുള്ളയാൾക്ക് അതുൾക്കൊള്ളാനുള്ള സാഹചര്യവുംകൂടി നൽകുക.

● ഭാര്യാഭർതൃ ബന്ധത്തിന്‍റെ മാറ്റുകുറക്കുന്ന ഒന്നാണ് ഈഗോ. നീയും ഞാനും ചേർന്ന് നമ്മളായി തീരുമ്പോൾ രണ്ട് വ്യക്തികളായി നമുക്ക് നിൽക്കാൻ കഴിയില്ലല്ലോ.

● ഇരുവരുടെയും കഴിവിനെയും നേട്ടങ്ങളെയും ആഘോഷിക്കുക. പരസ്പരം പ്രോത്സാഹിപ്പിക്കുക. ആരോഗ്യപരമായ വിമർശനം തുറന്ന മനസ്സോടെ ഉൾക്കൊള്ളുക.

● നിങ്ങൾക്കിടയിലെ ബന്ധങ്ങളെ ഊഷ്മളമാക്കുന്ന സൗഹൃദങ്ങൾക്ക് മുൻതൂക്കം കൊടുക്കുക. എരിതീയിൽ എണ്ണയൊഴിക്കുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും അകറ്റിനിർത്തുക.

● പങ്കുവെക്കുമ്പോൾ വർധിക്കുന്ന ഒന്നാണ് സന്തോഷം. നമ്മുടെ ബന്ധത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുന്നത് സന്തോഷം പങ്കുവെക്കുമ്പോഴാണ്.

● ജയിക്കാനും തർക്കിക്കാനുമായുള്ള വിഷയങ്ങളെ ഗുണകാംക്ഷാപരമായി ഒഴിവാക്കുക. അത് നമ്മളെ ഒന്നിച്ച് തോൽപിച്ചുകളയും. പരിഹാരാധിഷ്ഠിതമായിരിക്കട്ടെ നമുക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ.

● 100 ശതമാനവും ആത്മാർഥമായിരിക്കുക. പെർഫെക്ഷൻ മുഖ്യ അജണ്ടയാകാതിരിക്കുക.

● നിങ്ങളുടെ പങ്കാളിയുടെ പോരായ്മകളും തെറ്റുകളും കഴിവുകേടും മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.

● പരസ്പരം മുൻഗണന നൽകാൻ രണ്ടു പേർക്കും കഴിയുക. എല്ലാത്തിലുമുപരി കാത്തിരിക്കാൻ, ഒരുക്കൂട്ടി വെക്കാൻ എന്തൊക്കെയോ ഉണ്ടെന്ന വിശ്വാസമാണല്ലോ നമ്മെ മുന്നോട്ടു നയിക്കുന്നത്.

● കുടുംബം എന്ന നിലയിൽ ഒന്നിച്ച് ഒരു ലക്ഷ‍്യം ഉണ്ടാവുക. വ്യക്തിപരമായ ലക്ഷ‍്യങ്ങൾ കുടുംബത്തിന്‍റെ മുന്നോട്ടുപോക്കിനുകൂടി മുൻതൂക്കം നൽകിക്കൊണ്ടാക്കുക.

● മത്സരിച്ച് മുന്നേറുന്ന ഒന്നല്ല വൈവാഹികബന്ധം. പരസ്പരം ഉൾക്കൊള്ളുക (accommodate) എന്നതിന് പ്രാധാന്യം നൽകുക.

● ചില മാറ്റങ്ങൾക്ക് സമയം അനിവാര്യമാണ്. സമയം കൊടുത്ത് ക്ഷമയോടെയും ലക്ഷ‍്യബോധത്തോടെയും മുന്നോട്ടുപോവുക.

● ഉയർച്ചതാഴ്ചകളിൽ കൈത്താങ്ങാവുക. പാഠങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും ഊർജമുൾക്കൊണ്ട് മുന്നോട്ടുപോവുക.

● നിങ്ങളുടെ വികാരങ്ങളെ പ്രത്യേകിച്ച് കോപം നിയന്ത്രിക്കുക. അനിയന്ത്രിത വികാരങ്ങൾ ബന്ധത്തെ തകർക്കും. പ്രഫഷനൽ സഹായത്താൽ നിയന്ത്രണവിധേയമാക്കാവുന്ന ഒന്നാണ് കോപം.

● ‘A thankful couple is a powerful couple’ –ഈ ശുഭാപ്തിവിശ്വാസം നമ്മെ നന്മയിലേക്ക് നയിക്കും.

വേണം ഉപാധികളില്ലാത്ത സ്നേഹം

പരസ്പരം ഇഷ്ടപ്പെടുക എന്നതിലുപരി സ്നേഹിക്കാൻ ശ്രമിക്കുക എന്നതാണ് ബന്ധങ്ങളുടെ അടിസ്ഥാനം. സ്നേഹം നിർവചിക്കാൻ കഴിയാത്ത ഒന്നാണ്. ഉപാധികളില്ലാത്ത സ്നേഹമെന്നത് ദമ്പതികൾക്കിടയിൽ വളർത്തിയെടുക്കേണ്ട സ്വഭാവം തന്നെയാണ്. എന്നാൽ, നമ്മുടെ എല്ലാം ഇന്ന് ഉപാധികളോടെയാണ്.

സാമീപ്യംകൊണ്ട് സന്തോഷം ലഭിക്കുന്ന ഒന്നാണ് ഭാര്യഭർതൃബന്ധമെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. സാമീപ്യത്തിന് ഭംഗം വരുത്തുന്ന മൂന്നാമത് ഒരിടമായി ഇന്ന് ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ പ്രത്യേകിച്ച് മൊബൈൽ ഫോൺ മാറിയിട്ടുണ്ട്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:married lifeLifestyle
News Summary - Follow these things in life to improve the relationship between husband and wife
Next Story