Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightGood Wordchevron_rightപകരുക, കുളിരേകുന്ന...

പകരുക, കുളിരേകുന്ന പാഠങ്ങൾ

text_fields
bookmark_border
madhyamam kudumbma nallavakku
cancel

ഒരുനാൾ പ്രഭാത നടത്തത്തിനും പ്രാർഥനകൾക്കുമായി പുറത്തിറങ്ങിയ ആളുകളെ വരവേറ്റത് പാതയോരങ്ങളിൽ പുതുതായി കാണപ്പെട്ട തൈകളും പൂച്ചെടികളുമായിരുന്നു. അടുത്ത ദിവസം അത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കപ്പെട്ടു. ഇതിനു പിന്നിൽ ആരെന്ന് തിരക്കിപ്പോയവർ കണ്ടത് പ്രായാധിക്യത്തിന്‍റെ അവശതകൾകൊണ്ട് ശരീരം വളഞ്ഞു തുടങ്ങിയ ഒരു സ്ത്രീയും പുരുഷനും മറ്റൊന്നും ശ്രദ്ധിക്കാതെ നിന്ന് ചെടികൾ നനക്കുന്നതാണ്.

ഇതിന്‍റെ പൊരുൾ തിരക്കിയവരോട് അവർ പറഞ്ഞു: ഞങ്ങളിത്രയും കാലം അനുഭവിച്ച തണലിനും സുഗന്ധങ്ങൾക്കും മധുരത്തിനും ഒരൽപം നന്ദി പറയാൻ ശ്രമിക്കുകയാണിങ്ങനെ. ഇതിനിയുമെത്ര കാലം തുടരാൻ കഴിയുമെന്നറിയില്ല, ഇവയിൽ പൂവിരിയുന്നതും പഴങ്ങളുണ്ടാവുന്നതും കാണാനും ഞങ്ങൾക്ക് കഴിയണമെന്നില്ല, ഞങ്ങളുടെ മക്കളോ കൊച്ചുമക്കളോ ഇതൊന്നും തേടിവരില്ല -പക്ഷേ ഒരുനാൾ ഇതുവഴി കടന്നുപോകുന്ന ആർക്കെങ്കിലും അവ സന്തോഷം പകരുമെന്ന് നല്ല ഉറപ്പുണ്ട്.

അവർ പറഞ്ഞുവെച്ചതുപോലെ നമ്മളേവരും ആവോളം ആസ്വദിച്ചിരുന്നു ആ സന്തോഷം. പിന്നെയൊരുനാൾ തലച്ചോറിലെ ഞരമ്പുകൾ ഉരുകിയൊലിക്കുന്നോ എന്ന് സംശയിപ്പിക്കുന്ന ചൂട് തലക്ക് മുകളിൽ വന്നുനിന്നപ്പോഴാണ് മുറിച്ചുമാറ്റപ്പെട്ട തണൽക്കുടകളെക്കുറിച്ച് വീണ്ടും ഓർമവന്നത്. ഓരങ്ങളിൽ അവശേഷിക്കുന്ന പച്ചത്തലപ്പുകൾ അറുത്തുമാറ്റിയാണല്ലോ നാട്ടുപാതകൾ അതിവേഗപാതകളാകുന്നതിന്‍റെ ആരംഭം കുറിക്കുന്നത്.

മണ്ണിനെ, മരങ്ങളെ, അരുവികളെ, പുഴകളെ, കടലിനെ എന്നിങ്ങനെ മുക്കുമൂലകളെ മുഴുവൻ ശ്വാസം മുട്ടിച്ചാണ് ഭൂമിയിൽ മനുഷ്യരുടെ വാസം. അതിനോടുള്ള പ്രതികാരമല്ല, മറിച്ച് സഹികെട്ടുള്ള ഭൂമിയുടെ നെടുവീർപ്പാണ് ഉഷ്ണവാതമായും ഹിമപാതമായും കള്ളക്കടലായുമെല്ലാം പുറത്തുവരുന്നത്. മനുഷ്യരുടെ ചെയ്തിക്ക് പിഴയൊടുക്കേണ്ടിവരുന്നത് കുഞ്ഞുപ്രാണികൾ മുതൽ നീലത്തിമിംഗലം വരെയുള്ള ജീവജാലങ്ങളാണ്.


ജീവിതയാത്രയിലെ പൊള്ളലുകൾക്കിടയിലാണ് നാം കൂടിന്‍റെയും കൂട്ടിന്‍റെയും തണലു തേടുന്നത്. ഒറ്റക്കുനിന്ന് നേരിടാൻ കഴിയാത്ത എത്രയേറെ പ്രതിബന്ധങ്ങളാണ് ഇണയുടെ, തുണയുടെ, കുടുംബത്തിന്‍റെ തണലിൽ നാം താണ്ടുന്നത്.

എത്രയോ മനോഹര ചിത്രങ്ങളാണ് ആയുസ്സിന്‍റെ പുസ്തകത്തിൽ വരച്ചുചേർത്തത്, വേദനയുടെ എത്രയധികം വേരുകളാണ് പിഴുതുകളഞ്ഞത്. ചേർത്തുനിർത്തിയ ഭൂമിയോട് ചെയ്യുന്ന അരുതായ്മകൾ ഒഴിവാക്കുകയും ഒപ്പം ജീവിക്കുന്നവരോട് ആവർത്തിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഓരോ മനുഷ്യനും അനുവർത്തിക്കേണ്ട പ്രാഥമിക നീതി.

പുത്തൻ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്ക് പുറപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ആദ്യമായി പറഞ്ഞു കൊടുക്കേണ്ടത് മറ്റുള്ളവർക്ക് തണലായി വളരണമെന്ന നീതിയുടെ, പരസ്പരസ്നേഹത്തിന്‍റെ പാഠങ്ങളാണ്. പുതുജീവിതത്തിലേക്ക് കാലൂന്നുന്ന പ്രിയപ്പെട്ടവരെയും ഭരണസാരഥ്യമേൽക്കുന്ന അധികാരികളെയും ജനപ്രതിനിധികളെയും ഓർമിപ്പിക്കാനുള്ളതും അതുതന്നെയാണ്. ഓരോ കുഞ്ഞും നടേ പറഞ്ഞ വയോധികരെപ്പോലെ നിസ്വാർഥരാവട്ടെ, ഓരോ വയോധികനും കുഞ്ഞുങ്ങളെപ്പോലെ നിർമലരാവട്ടെ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestyle
News Summary - Good knowledge can be given
Next Story