മൊബൈൽ ഫോണിനു നൽകുന്ന പരിചരണം നിങ്ങൾ മനസ്സിന് നൽകാറുണ്ടോ?
text_fieldsഏറ്റവും അരികിലുണ്ടായിട്ടും നിങ്ങളെ മനസ്സിലാക്കാൻ കഴിയാത്ത ഒന്നിനെക്കുറിച്ച് പറയാൻ ശിഷ്യരോട് ആവശ്യപ്പെട്ടതേ ഗുരുവിന് ഓർമയുള്ളൂ –സഹപാഠിയെപ്പറ്റി, പങ്കാളിയെപ്പറ്റി, അയൽവാസിയെപ്പറ്റി, പ്രണയിനിയെപ്പറ്റി എന്നുവേണ്ട സഹോദരങ്ങളെയും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും കുറിച്ചുവരെ ഓരോരുത്തരായി പരിഭവപ്പെയ്ത്ത് തുടങ്ങി.
‘‘ഇവരെക്കാളെല്ലാം അരികിലുണ്ടായിട്ടും നിങ്ങൾക്ക് മനസ്സിലാകാത്ത ഒന്നിനെക്കുറിച്ചു കൂടി പറയൂ’’ എന്നായി ഗുരു. ഉത്തരം കിട്ടാതെ ഏവരും പരസ്പരം നോക്കി. ഒടുവിൽ ഗുരു പറഞ്ഞു: ‘‘എന്‍റെ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ഒന്നാണ് –മനസ്സ്! നിങ്ങൾക്കു മാത്രമല്ല, എങ്ങോട്ടാണ് അതിന്‍റെ സഞ്ചാരമെന്ന് എനിക്കും പലപ്പോഴും പിടികിട്ടാറില്ല!’’
എന്താണ് മനസ്സ് എന്ന് ചോദിച്ചാൽ എന്തല്ല മനസ്സ് എന്ന മറുചോദ്യമാണുത്തരം. ലോക ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന കണ്ടുപിടിത്തങ്ങളുടെ പരീക്ഷണശാലയാണത്, സ്നേഹത്തിന്‍റെയും കരുണയുടെയും ഉറവയാണ്, വാശിയും പകയും വിദ്വേഷവും പുകയുന്ന നെരിപ്പോടാണ്, സംഹാരയുദ്ധങ്ങളുടെ ആയുധപ്പുരയും സമാധാന ദൗത്യങ്ങളുടെ ആലോചനാ മേശയുമാണ്.
തന്നിൽനിന്ന് ഒഴുകിപ്പരക്കുന്ന സുഗന്ധത്തിന്‍റെ ഉറവിടമെവിടെയെന്നറിയാൻ പാഞ്ഞുനടക്കുമെന്ന് കസ്തൂരിമാനെക്കുറിച്ച് പറഞ്ഞുകേൾക്കുന്ന ഐതിഹ്യം കണക്കേ മനുഷ്യൻ സ്വന്തം മനസ്സിനെ അറിയാതെ, മനസ്സിലാക്കാതെ ഉഴറി ജീവിക്കുന്നു.
വാഹനങ്ങൾക്ക്, വീട്ടുപകരണങ്ങൾക്ക്, വസ്ത്രങ്ങൾക്ക് എന്തിനു പറയുന്നു മൊബൈൽ ഫോണിനു നൽകുന്ന പരിചരണംപോലും പലവേള നാം മനസ്സിന് നൽകുന്നില്ല. പരിമിത ജോലികൾ നിറവേറ്റിത്തരുന്ന യന്ത്രങ്ങൾ തകരാറിലാവുകയും പണിമുടക്കുകയും ചെയ്യുമെങ്കിൽ നിർത്താതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന, മനുഷ്യരെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രങ്ങളേക്കാൾ സങ്കീർണമായ മനസ്സിന് അത് സംഭവിക്കില്ലെന്നാരുകണ്ടു?
മനുഷ്യമനസ്സിന്‍റെ തകരാറുകളും താളപ്പിഴകളും സാധാരണവും സ്വാഭാവികവും മാത്രമാണ്. സൂപ്പർമാനും സൂപ്പർവുമണുമെല്ലാം വെറും കാർട്ടൂൺ കഥാപാത്രങ്ങളാണെന്നും ശരീരത്തിനും മനസ്സിനും താങ്ങാവുന്ന ഭാരങ്ങൾക്ക് പരിധിയും പരിമിതിയുമുണ്ടെന്നും നാം തിരിച്ചറിയുകയും സമ്മതിക്കുകയും വേണം.
ആവശ്യമായ പരിരക്ഷയും ചികിത്സയും തേടണം. അത് അശക്തിയോ അപമാനകരമോ അല്ല. സ്വന്തം മനസ്സിന് പരിചരണം നൽകുന്നത് സ്വാർഥതയല്ല, കൂടുതൽ നന്മയോടെ ലോകത്തെ സമീപിക്കാനുള്ള തയാറെടുപ്പാണ്.
മാനസികാരോഗ്യത്തിന് മുൻഗണന നൽകാതെ ഭരണകൂടങ്ങളോ പ്രസ്ഥാനങ്ങളോ കുടുംബങ്ങളോ വ്യക്തികളോ നടത്തുന്ന വികസന അവകാശവാദങ്ങളെല്ലാം വൃഥാവിലാണ്. ഓർക്കുക, മനുഷ്യരെ ചേർത്തുപിടിക്കുകയെന്നാൽ കൈകളും ശരീരവും കൊണ്ടു നടത്തുന്ന കേവലമൊരു ആംഗ്യപ്രകടനമല്ല, മുറിവുപറ്റിയ മനസ്സുകളെ നിരുപാധികമായി ചേർത്തുവെക്കലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.