'അറിവിനപ്പുറം, തിരിച്ചറിവാണ് വിദ്യാഭ്യാസം. പഠിപ്പുണ്ടായിട്ടും വിദ്യാഭ്യാസമില്ലാതായാൽ എന്തുകാര്യം?...'
text_fieldsഗുരു ചോദിച്ചു: ''രാത്രി കഴിഞ്ഞ് വെളിച്ചമെത്തിയെന്ന് എങ്ങനെ അറിയാം?''
ഒരു ശിഷ്യൻ പറഞ്ഞു: ''ദൂരത്തുള്ള മൃഗം പശുവോ കുതിരയോ എന്ന് തിരിച്ചറിയാനായാൽ.''
രണ്ടാമൻ പറഞ്ഞു: ''ദൂരത്തുള്ള മരം മാവോ പ്ലാവോ എന്നറിയാൻ പറ്റിയാൽ.''
ഗുരുതന്നെ ഉത്തരം പറഞ്ഞു: ''ഒരാളുടെ മുഖത്ത് നോക്കുമ്പോൾ അവനിൽ സ്വന്തം സഹോദരനെ കാണുന്നെങ്കിൽ വെളിച്ചമെത്തി എന്നർഥം.''
അറിവിനപ്പുറം, തിരിച്ചറിവാണ് വിദ്യാഭ്യാസം. വെറും പുതുവർഷ സിലബസല്ല അത്. മനുഷ്യ മഹത്ത്വത്തിന്റെ മുഴുവൻ ജീവിതപാഠമാണ്.
മനുഷ്യമഹത്ത്വത്തിന് പുറമേക്ക് കാണാവുന്ന അതിരുകളില്ല. ദൈവം മനുഷ്യനെ പ്രത്യേകമായി ആദരിച്ചിട്ടുണ്ടെന്ന് ഖുർആൻ. അവന്റെ മഹത്ത്വം തിരിച്ചറിയുക, അവനെത്തന്നെ ബോധ്യപ്പെടുത്തുക, യഥാർഥ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്.
പഠിപ്പുണ്ടായിട്ടും വിദ്യാഭ്യാസമില്ലാതായാൽ എന്തുകാര്യം? പഠിപ്പിന് പാഠ്യപദ്ധതിയുടെ അതിരുകളുണ്ട്. മറിച്ച്, അറ്റമില്ലാത്ത മൂല്യവർധനവാണ് വിദ്യാഭ്യാസം.
വലിയൊരു പളുങ്കുഗ്ലാസ്. അതിൽ ഗുരു വലിയ കരിങ്കല്ലുകളിട്ടു; എന്നിട്ട് ചോദിച്ചു: ''പാത്രം നിറഞ്ഞോ?''
നിറഞ്ഞു എന്ന് ശിഷ്യർ. എങ്കിൽ കണ്ടോളൂ എന്നുപറഞ്ഞ് ഗുരു കുറെ ചരൽക്കല്ലുകൾ പാത്രത്തിലേക്ക് ചൊരിഞ്ഞു. അവ കരിങ്കല്ലുകൾക്കിടയിലൂടെ ഊർന്നിറങ്ങി, ഒടുവിൽ പാത്രത്തിന്റെ മുകളറ്റം വരെയെത്തി.
ഇപ്പോൾ നിറഞ്ഞോ? -ഗുരു. നിറഞ്ഞു എന്ന് ശിഷ്യർ.
ഗുരു കുറെ പൊടിമണ്ണുകൂടി പാത്രത്തിലേക്ക് ഒഴിച്ചു.
ഇപ്പോൾ?- ഗുരു. ഇപ്പോൾ നിറഞ്ഞു എന്ന് ശിഷ്യർ.
ഇല്ല എന്ന് ഗുരു. അദ്ദേഹം കുറെ വെള്ളം പാത്രത്തിലേക്കൊഴിച്ചു. പാത്രം അതിനെയും ഉൾക്കൊണ്ടു.
ഇനി പറ്റില്ല; പാത്രം ശരിക്കും നിറഞ്ഞുകഴിഞ്ഞു എന്ന് ശിഷ്യർ.
ഗുരു ചിരിച്ചു. കൈപ്പിടി നിറയെ ഉപ്പുപൊടിയെടുത്ത് പാത്രത്തിലേക്ക് വിതറി. അലിഞ്ഞ അതിനെയും പാത്രം ഉൾക്കൊണ്ടു.
മനുഷ്യബുദ്ധിയുടെ അപാരമായ ശേഷിയെപ്പറ്റിയാണ് ഈ കഥ. അത് ശേഷിയുടെ കാര്യം. ഗുണമോ?
പാത്രം നിറക്കലിനപ്പുറം, സ്വയം തിരിച്ചറിവിന്റെ ദീപം കൊളുത്തലാണ് വിദ്യാഭ്യാസം.
തോമസ് എഡിസന് അമ്മ നൽകിയത് അതാണ്. എഡിസൻ ചെറുക്ലാസിലായിരുന്നപ്പോൾ സ്കൂളിൽനിന്ന് അധ്യാപിക ഒരു കത്ത് അമ്മക്കായി കൊടുത്തുവിട്ടത്രേ. അമ്മ അത് നോക്കിയിട്ട് മകനോട് പറഞ്ഞു: '' 'ഈ കുട്ടി പ്രതിഭാശാലിയാണ്; അവനെ വലിയ സ്കൂളിൽ ചേർക്കുക' എന്നാണ് ടീച്ചർ എഴുതിയിരിക്കുന്നത്. നീ ഇനി ഈ സ്കൂളിലല്ല പോകേണ്ടത്.''
അവർ മകനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അവൻ വലിയ ശാസ്ത്രജ്ഞനായി വെളിച്ചം പരത്തി.
അമ്മ മരിച്ചശേഷം എഡിസൻ ആ പഴയ കത്ത് കണ്ടെടുത്തു. അതിലെഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: ''ഇവൻ മണ്ടനാണ്. ഇനി സ്കൂളിലയക്കേണ്ട.''
എഡിസൻ ഡയറിയിൽ കുറിച്ചു: എന്റെ അമ്മ ഒരു മണ്ടനെ കണ്ടെടുത്ത് പ്രതിഭാശാലിയാക്കി മാറ്റി.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.