ഓരോ ശ്വാസവും നാം കൈപ്പറ്റുന്ന കടമാണ്...
text_fieldsമനുഷ്യപ്രകൃതി സ്വതവേ നന്മയാണ്. നന്മയെ തളർത്തുന്നതും വളർത്തുന്നതും കുടുംബമാണ്. അകത്തെ നന്മയെ വളർത്തുകയാണ് കുടുംബം ചെയ്യേണ്ടത്...
കോവിഡ് ഭേദമായി. പക്ഷേ, നഷ്ടപ്പെട്ട രുചി തിരിച്ചുകിട്ടിയില്ല. ഭക്ഷണം ആസ്വദിക്കാനാകുന്നില്ല. ദഹനത്തെയും രുചിനഷ്ടം ബാധിക്കുന്നു. ഇന്ത്യയിൽ ചിലേടത്ത് പ്രാണവായു കരിഞ്ചന്തയിൽ വിൽക്കുന്നുവത്രെ. രുചി ഇത്ര വലിയ കാര്യമാണെന്ന് അത് ഇല്ലാതാകുേമ്പാഴാണ് അറിയുന്നത്. ഇഷ്ടംപോലെ വെറുതെ കിട്ടുന്ന ഓക്സിജെൻറ മൂല്യവും അത് കിട്ടാതാകുേമ്പാൾ അറിയുന്നു.
ചെറുതെന്നു തോന്നുന്ന, ഒട്ടും ശ്രദ്ധിക്കാതെ നാം വിടുന്ന, ദൈവാനുഗ്രഹങ്ങളെത്ര! അകത്തേക്കെടുക്കുന്ന ഓരോ ശ്വാസവും ആഹരിക്കുന്ന ഓരോ ചോറുരുളയും ജീവിതത്തിെൻറ ഓരോ നിമിഷാർധവും എത്രയോ മൂല്യവത്താണ്. മനുഷ്യന് ഏറ്റവും ആവശ്യമായ, ഏറ്റവും അമൂല്യമായതെല്ലാം സൗജന്യവും സുലഭവുമാണ്; -ശുദ്ധവായു, വെള്ളം, ആഹാരം എന്നിവപോലെ.
ഒട്ടകക്കുഞ്ഞ് അമ്മയോട് ചോദിച്ചു: ''അമ്മേ, നമുക്കെന്തിനാണ് മുതുകത്ത് ഈ പൂഞ്ഞ?'' അമ്മ പറഞ്ഞു: ''നമ്മൾ മരുഭൂമിക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. ജലം ശേഖരിക്കാനാണ് പൂഞ്ഞ.'' ''നമുക്കെന്തിനാണീ നീണ്ട കാലുകൾ? ഉരുണ്ട പാദങ്ങൾ?'' ''മരുഭൂമിയിൽ നടക്കുന്നതിന്.'' ''അമ്മേ, നമ്മുടെ കണ്ണുകൾക്ക് മാത്രമെന്തിനാണ് ഇത്ര തിങ്ങിയ, ഇത്ര നീളമുള്ള പീലികൾ?'' ''മരുഭൂമിയിലൂടെ നടക്കുേമ്പാൾ പൊടിക്കാറ്റ് കണ്ണിലാകാതിരിക്കാൻ.''
അപ്പോഴാണ് ഒട്ടകക്കുഞ്ഞിന് മറ്റൊരു സംശയം: ''ഈ പൂഞ്ഞ, കാലുകൾ, പീലികൾ എല്ലാം മരുഭൂമിക്കുവേണ്ടി. എന്നിട്ടെന്തിനാണമ്മേ ഇവർ നമ്മളെ മൃഗശാലയിലിട്ടിരിക്കുന്നത്?'' പ്രകൃതി എല്ലാം സൗജന്യവും പ്രാപ്യവും ആസ്വാദ്യവുമാക്കുന്നു; തികച്ചും അനുയോജ്യവും. ഈശ്വരസൃഷ്ടികളുടെയും നിയമങ്ങളുടെയും നൈസർഗിക പ്രകൃതി നന്മയാണ്, -മനുഷ്യൻ കൈകടത്തി മലിനമാക്കുംവരെ.
മനുഷ്യപ്രകൃതി സ്വതവേ നന്മയാണ്. ഒരു പരീക്ഷണം. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു പാവകളി കാണിച്ചുകൊടുത്തു. ചുവപ്പ് വൃത്തം കയറ്റം കയറാൻ ശ്രമിക്കുന്നു. നീല ചതുരം അതിനെ തള്ളിയിടാൻ നോക്കുന്നു. മഞ്ഞ ത്രികോണം വന്ന് ചുവപ്പ് വൃത്തത്തെ സഹായിക്കുന്നു.
തുടർന്ന്, കുഞ്ഞുങ്ങൾക്ക് നീല, മഞ്ഞ രൂപങ്ങൾ കളിക്കാൻ കൊടുത്തു. എല്ലാ കുഞ്ഞുങ്ങളും എടുത്തത് മഞ്ഞയെ. അതിലാണല്ലോ അവർ നന്മ കണ്ടത്. മൂല്യബോധം ജന്മനാ മനുഷ്യനിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ''മനുഷ്യനെ നല്ല പ്രകൃതത്തിലാണ് സൃഷ്ടിച്ചതെ''ന്ന് ഖുർആൻ പറയുന്നുണ്ടല്ലോ. ഗവേഷകരും തീർത്തു പറയുന്നു, കുഞ്ഞുങ്ങൾ ജനിക്കുന്നതേ നന്മ-തിന്മ തിരിച്ചറിവോടെയാണെന്ന്. നന്മയെ തളർത്തുന്നതും വളർത്തുന്നതും കുടുംബമാണ്.
അകത്തെ നന്മയെ വളർത്തുകയാണ് കുടുംബം ചെയ്യേണ്ടത്. കൊടും പ്രതിസന്ധിയിൽ അന്യനുവേണ്ടി ചിന്തിച്ചാണ് പ്രാണവായു എന്ന കടം വീട്ടേണ്ടത്. ഭോപാൽ വാതകദുരന്ത സമയത്ത് അവിടെ റെയിൽവേ ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്ററായിരുന്നു ഗുലാം ദസ്തഗിർ. വിഷവാതകം സ്റ്റേഷനിലുമെത്തി. ആളുകൾ പരിഭ്രാന്തരായി ഓടുന്ന, മരിച്ചുവീഴുന്ന സമയം. ദസ്തഗിറിനും ശ്വാസംമുട്ടുന്നു.
പക്ഷേ, സ്വയം രക്ഷപ്പെടാതെ ഒരു തീവണ്ടി യഥാസമയത്തിനും 20 മിനിറ്റു മുേമ്പ ചട്ടമൊന്നും നോക്കാതെ വിട്ടു. വൈദ്യസഹായത്തിനായി എല്ലായിടത്തേക്കും വിളിച്ചു. മറ്റു സ്റ്റേഷനുകൾ ഓരോന്നിലേക്കും വിളിച്ച് തീവണ്ടികൾ ഭോപാലിലേക്ക് വിടരുതെന്ന് പറഞ്ഞുകൊണ്ടിരുന്നു. ആയിരങ്ങൾ ഇതുമൂലം രക്ഷപ്പെട്ടു. വിഷവാതകം ഉണ്ടാക്കിയ രോഗങ്ങളുമായി 19 കൊല്ലം മല്ലടിച്ചാണ് ഒടുവിലദ്ദേഹം മരിച്ചത്.
മുംബൈക്കടുത്ത സ്റ്റേഷനിൽ മയൂർ ഷെൽകെ എന്ന ജീവനക്കാരൻ ഈയിടെ ഒരു രംഗം കണ്ടു: കാഴ്ചയില്ലാത്ത ഒരമ്മയും ആറു വയസ്സുള്ള മകനും പ്ലാറ്റ്ഫോമിലൂടെ നടക്കുന്നു. കുട്ടി പാളത്തിലേക്ക് വീഴുന്നു. ട്രെയിൻ പാഞ്ഞുവരുന്നുണ്ട്. മയൂർ സ്വരക്ഷ നോക്കാതെ തീവണ്ടിക്ക് മുന്നിലേക്ക് കുതിച്ചെത്തി കുട്ടിയെ വലിച്ചെടുത്ത് പ്ലാറ്റ്ഫോമിലേക്ക് ചാടിക്കയറിയതും വണ്ടി കടന്നുപോകുന്നു. അന്തരീക്ഷത്തിൽ പ്രാണവായുപോലെ മനുഷ്യപ്രകൃതിയിൽ ദൈവം നിക്ഷേപിച്ചതാണ് നന്മ.നന്മയാണ് സ്വാഭാവികം. സരളം, ആസ്വാദ്യം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.