മൊബൈൽ അഡിക്ഷനുണ്ടോ, എങ്കിൽ സ്വയം ജീവിതം നശിപ്പിക്കുന്ന മഹാമടിയൻമാരുടെ കൂട്ടത്തിലാണ് നിങ്ങളും...
text_fields'ഹോം' എന്ന സിനിമയിൽ കൗമാരക്കാരനായ കഥാപാത്രം രാത്രിയിൽ കിടക്കുന്നതിനു മുമ്പ് അമ്മയെ വിളിക്കുന്നുണ്ട്. മുകളിലത്തെ നിലയിലാണ് മകന്റെ കിടപ്പുമുറി. ആ വിളി മറ്റൊന്നിനുമല്ല, കുടിക്കാനുള്ള വെള്ളം അമ്മ മുറിയിൽ കൊണ്ടുവന്ന് വെക്കാനോ മുറിയിലെ ലൈറ്റ് ഓഫ് ചെയ്യാനോ ആണ്.
സ്വന്തം കിടക്കയിൽനിന്നെഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്യാൻപോലും മെനക്കെടാതെ അതിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ജീവിതത്തോടുള്ള അലസമനോഭാവമാണ് സൂചിപ്പിക്കുന്നത്. താഴത്തെ നിലയിലുള്ള അടുക്കളയിൽ പോയി കുടിക്കാനുള്ള വെള്ളം എടുത്തുകൊണ്ടുവരാനുള്ള വിമുഖതയും ഈ മടികൊണ്ടാണ് ഉണ്ടാവുന്നത്. ചെറിയ കാര്യങ്ങൾ മുതൽ ജീവിതത്തിലെ പഠനം, ജോലി, ബിസിനസ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് വ്യാപിക്കുമ്പോൾ മടി ഗുരുതരമാകുന്നു.
എന്താണ് മടി?
പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടപ്പോൾ അവ മാറ്റിവെച്ച് അപ്രധാനമായ കാര്യങ്ങളുടെ പിന്നാലെ പോകുന്നത് മടിയുള്ളവരിൽ പൊതുവെ കാണപ്പെടുന്നതാണ്.
ഉദാഹരണത്തിന്, മെഡിക്കൽ എൻട്രൻസിന് തീവ്രമായി പഠനം നടത്തേണ്ട സമയത്ത് അതു ശ്രദ്ധിക്കാതെ, വെറുതെ അലസമായി ടി.വിയും കണ്ട് സമയം നീക്കുന്നത് മടിമൂലമാണ്.
'മടി'യുടെ ന്യായീകരണങ്ങൾ
മടിയുള്ളവർ അവർ അലസമായിട്ടിരിക്കുന്നതിന് പല കാരണങ്ങളും കണ്ടെത്തും. അവർ സാധാരണ പറയുന്ന വാക്കുകൾ താഴെ കൊടുക്കുന്നു.
ഓ, ഒരു മൂഡില്ല
ഏതെങ്കിലും ഉത്തരവാദിത്തം ചെയ്യാനായുള്ളപ്പോൾ അതു ചെയ്യാതെ നിഷ്ക്രിയരായി ഉറങ്ങുകയോ ടി.വി കാണുകയോ മൊബൈലിൽ വെറുതെ ചാറ്റ് ചെയ്യുകയോ ഗെയിം കളിക്കുകയോ ചെയ്യും. ചോദിച്ചാൽ, 'ഓ... ഒരു മൂഡില്ല' എന്നായിരിക്കും മറുപടി.
വല്ലാത്ത ക്ഷീണം
ചിലരാകട്ടെ, പല കാര്യങ്ങളും സ്ഥിരമായി മാറ്റിവെക്കും. അല്ലെങ്കിൽ ചെയ്യാതിരിക്കും. ആരെങ്കിലും ചോദിക്കുമ്പോൾ പറയും വല്ലാത്ത ക്ഷീണമെന്ന്.
അലസത അഥവാ മടിയുള്ള എല്ലാവരുടെയും മടിക്ക് കാരണം മനോഭാവവും ശീലവും മാത്രമായിരിക്കില്ല. ചിലർക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളപ്പോൾ അതിന്റെ ഫലമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. ഇതുമൂലം ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ മാറ്റിവെച്ചേക്കാം.
ഉദാഹരണത്തിന് തൈറോയ്ഡ് രോഗികൾ, പ്രമേഹ രോഗികൾ, വിഷാദരോഗമുള്ളവർ, വിളർച്ചയുള്ളവർ തുടങ്ങിയവർക്കൊക്കെ അവരുടെ ശാരീരിക, മാനസിക പ്രശ്നങ്ങൾ മൂലം ക്ഷീണവും തളർച്ചയും അലസതയും അനുഭവപ്പെടും. വിഷാദരോഗികളിൽ ഭൂരിഭാഗം പേരിലും അലസത കാണുന്നതായി ഹാർവഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ആശങ്ക
ചെയ്യാൻ പോകുന്ന കാര്യത്തിൽ പരാജയപ്പെടുമോയെന്ന ആശങ്കമൂലം അതിനു തുടക്കമിടുകയോ പൂർത്തീകരിക്കുകയോ ചെയ്യാത്തതും അലസരായ ചിലരുടെ പ്രത്യേകതയാണ്.
സ്വന്തം കഴിവിലുള്ള ആത്മവിശ്വാസക്കുറവാണ് ഇവിടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ അലസതയിലേക്കും മറ്റ് അപ്രധാന കാര്യങ്ങളിലേക്കും ജീവിതത്തെ തള്ളിവിടുന്നത്. ഇത്തരക്കാരുടെ മാനസികാവസ്ഥ ദുർബലമായിരിക്കും. ആത്മാഭിമാനം കുറഞ്ഞിരിക്കും. മറ്റുള്ളവരുടെ പ്രതികരണങ്ങളെക്കുറിച്ച് ഇവർക്ക് അമിത ഉത്കണ്ഠയുണ്ടായിരിക്കും.
ഉദാഹരണത്തിന്, ഒരു സെമിനാർ പേപ്പർ അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം വരുമ്പോൾ, തനിക്ക് നന്നായി അവതരിപ്പിക്കാൻ സാധിക്കുമോയെന്ന ആശങ്കമൂലം ആ ഉത്തരവാദിത്തം ഏറ്റെടുക്കാതെ മറ്റു ന്യായീകരണങ്ങൾ കണ്ടെത്തുന്നു. ഇതുമൂലം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ മാറ്റിവെക്കുന്നു.
അലസതയുള്ളവരിൽ കാണപ്പെടുന്ന സവിശേഷതയാണ് നാളത്തേക്ക് മാറ്റിവെക്കൽ (Procrastination). പക്ഷേ, ഇതിലെ രസകരമായ കാര്യം നാളെ ചെയ്യാമെന്നു പറഞ്ഞ് മാറ്റിവെക്കുന്ന പലകാര്യങ്ങളും പൂർത്തിയാക്കാതെ അനന്തമായി നീളുന്നു എന്നതാണ്.
ഒളിച്ചോട്ടം
യാഥാർഥ്യങ്ങളിൽനിന്ന് ഒളിച്ചോടുന്നവരാണ് അലസരായ വ്യക്തികൾ. അതേസമയം, തങ്ങളുടെ ജീവിതത്തിലെ പരാജയങ്ങൾക്ക്/തകർച്ചക്ക് കാരണം മറ്റുള്ളവരാണെന്നും സാഹചര്യങ്ങളാണെന്നും ഇവർ ആരോപിക്കുകയും സ്വന്തം പോരായ്മകളും മടിയും മറയ്ക്കാൻ ശ്രമിക്കുകയും ചെയ്യും.
ലക്ഷ്യമില്ലാത്ത ജീവിതം
അലസരായിട്ടുള്ള പലർക്കും ശരിയായ ലക്ഷ്യബോധം ജീവിതത്തിൽ ഇല്ല എന്നതാണ് അവരുടെ അലസതക്കുള്ള മറ്റൊരു കാരണം. 'എന്തു ചെയ്യണമെന്നറിയില്ല' എന്ന തരത്തിൽ ഇത്തരക്കാർ പറയുന്നത് കേൾക്കാം. പഠിക്കാൻ ധാരാളമുള്ളപ്പോഴും അവ എപ്പോഴെങ്കിലും ചെയ്യാമല്ലോ സമയമുണ്ടല്ലോ എന്ന മനോഭാവമായിരിക്കും ഇക്കൂട്ടർക്ക്. ജോലിക്ക് അപേക്ഷിക്കുന്ന കാര്യത്തിലും നിസ്സംഗ മട്ടായിരിക്കും. ആരെങ്കിലും നിർബന്ധിച്ചാൽ അപേക്ഷ അയക്കും.
സ്ക്രീൻ അഡിക്ഷൻ
അലസരായ വ്യക്തികളിൽ നല്ലൊരു ശതമാനവും സ്ക്രീൻ അഡിക്ഷനുള്ളവരാണെന്നതാണ് യാഥാർഥ്യം. കോവിഡ് കാലഘട്ടം ഇത്തരം മൊബൈൽ/ഇന്റർനെറ്റ് അഡിക്ഷന്റെ ആഴംകൂട്ടി. പല ഉത്തരവാദിത്തങ്ങളും നിറവേറ്റേണ്ടതായുള്ളപ്പോൾ, അതിൽ ശ്രദ്ധിക്കാതെ മണിക്കൂറുകളോളം ടി.വി, മൊബൈൽ ഫോൺ എന്നിവയുമായി സമയം ചെലവഴിക്കുന്നതും അലസതയുടെ ലക്ഷണമാണ്. ഇത് പലവിധത്തിലുള്ള ജീവിത തകർച്ചയിലേക്ക് നയിക്കുന്നു. പഠനത്തിൽ, ജോലിയിൽ, ദാമ്പത്യ ജീവിതത്തിൽ, ബിസിനസിൽ ഒക്കെ തകർച്ചയിലേക്ക് പോകാൻ സ്ക്രീൻ അഡിക്ഷൻ മൂലമുള്ള അലസത കാരണമാകുന്നു.
സ്വയം മതിപ്പില്ലായ്മ
'എനിക്ക് വയസ്സായി. ഇനി എന്നെക്കൊണ്ടൊന്നും വയ്യ' എന്ന ചിന്തയിൽ പലരും റിട്ടയർമെന്റിനുശേഷം അലസതയിലേക്ക് നീങ്ങാറുണ്ട്. 60 വയസ്സ് എന്നത് ഇന്ന് വിവിധ മേഖലകളിൽ ആളുകൾ സജീവമായിരിക്കുന്ന കാലഘട്ടമാണ്. അപ്പോൾ റിട്ടയറായി അതുകൊണ്ട്, ഇനിയെന്തു ചെയ്യാനാ എന്ന ചിന്തയിൽ വെറുതെ, നിഷ്ക്രിയരായിരിക്കുമ്പോൾ അത് മനസ്സിന്റെ ഊർജത്തെയും കാർന്നുതിന്നുന്നു. പകരം ഉൽപാദനപരമായ കാര്യങ്ങൾ ചെയ്തുകൊണ്ട് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകണം.
എഴുത്ത്, വായന, പ്രഭാഷണം, വിദഗ്ധ ഉപദേശം, അധ്യാപനം, വിനോദം, സാമൂഹിക സേവനം, മുതിർന്നവരുടെ കൂട്ടായ്മകൾ എന്നിവയിലൊക്കെ സജീവമായി ഈ അലസതയെ മറികടക്കാം.
നിസ്സംഗ മനോഭാവം
എന്തു സംഭവിച്ചാലും ഒന്നുമില്ല, ഞാനിങ്ങനെയാ, എന്ന മട്ടിലുള്ള നിസ്സംഗ മനോഭാവവും അലസതയുടെ കാരണമാകും. ഇവിടെ മനോഭാവം ഉൽപാദനക്ഷമവും പ്രസാദാത്മകവുമാക്കുക വഴി അലസതയെ നീക്കി സജീവമാകാം.
തെറ്റായ മുൻഗണനകൾ
ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളിൽ പ്രാധാന്യമുള്ളവ മാറ്റിവെച്ച് സോഷ്യൽ മീഡിയയിലും മറ്റുമായി സമയം കളയുന്നതും അലസത നിറയുന്നതിന്റെ ലക്ഷണമാണ്.
അമിത ഉറക്കം
രാത്രി വൈകിയും ടി.വിയിലും സോഷ്യൽ മീഡിയയിലും സമയം ചെലവഴിച്ചശേഷം വൈകി കിടന്ന്, വൈകി എഴുന്നേൽക്കുന്നതും അലസരിൽ കാണാം. ഭക്ഷണം കഴിക്കുന്നതിനും കൃത്യമായ സമയം ഉണ്ടാവുകയില്ല. ഇവിടെ ദിനചര്യ കൃത്യമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വ്യായാമത്തിനും പ്രാർഥനക്കുമെല്ലാം കൃത്യമായ സമയം നിശ്ചയിച്ച് ശരിയായ ടൈംടേബ്ൾ പിന്തുടരുന്നത് അലസതയെ അകറ്റും.
അലോസരപ്പെടുത്തുന്ന ചിന്തകൾ
നിങ്ങളുടെ മനസ്സിനെ അലോസരപ്പെടുത്തുന്ന ചിന്തകളും ഉത്കണ്ഠയും നിഷ്ക്രിയത്വവും അലസത സൃഷ്ടിക്കും.
അമിത ജോലിഭാരം
മാനസികമോ ശാരീരികമോ ആയ അമിതജോലി മനസ്സിനെയും ശരീരത്തെയും ഒരുപോലെ ക്ഷീണിപ്പിക്കും. ഇതേത്തുടർന്ന് അലസത നിറഞ്ഞ മാനസികാവസ്ഥ രൂപപ്പെടാം.
ജോലിക്കിടയിൽ ആവശ്യത്തിന് വിശ്രമം കൊടുത്തും ഒരേസമയത്ത് ഒട്ടേറെ കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നത് ഒഴിവാക്കിയും ഇടക്കിടെ മുഖം തണുത്ത വെള്ളത്തിൽ കഴുകിയും ഒന്നോ രണ്ടോ മണിക്കൂർ കൂടുമ്പോൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് അൽപം നടന്നുമെല്ലാം ഈ അവസ്ഥയെ പ്രതിരോധിക്കാം.
പരാശ്രയത്വം
ഏതു കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നവർ അവർ ആശ്രയിക്കുന്നവരുടെ അഭാവത്തിൽ നിഷ്ക്രിയരായി അലസമട്ടിൽ നിൽക്കാറുണ്ട്. പ്രത്യേകിച്ച് കുട്ടികളും മറ്റും. സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തരാക്കുകയാണ് ഇതിനുള്ള പ്രതിവിധി. ഓരോ കാര്യങ്ങളും തനിയെ ശീലിപ്പിക്കാം.
ഒരേസമയം ഒത്തിരി കാര്യങ്ങൾ
ഒരു സമയത്തുതന്നെ ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കേണ്ടി വരുമ്പോൾ മനസ്സിനാകെ കൺഫ്യൂഷനാകും. ഏതു ചെയ്യണമെന്ന ഉത്കണ്ഠയിൽ ഒന്നും ചെയ്യാതെ മാറ്റിവെക്കുന്നതും അലസത മൂലമാണ്.
മടിയുടെ അനന്തര ഫലങ്ങൾ
● നേടിയെടുക്കാൻ കഴിയുമായിരുന്ന പല നേട്ടങ്ങളും നഷ്ടമാവുന്നു
● സ്വയം മതിപ്പ് ഇല്ലാതാവുന്നു
● എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നു
● കാര്യപ്രാപ്തിയും കഴിവും കുറയുന്നു
● അമിതവണ്ണം, ലൈഫ് സ്റ്റൈൽ രോഗങ്ങൾ എന്നിവക്ക് കാരണമാകുന്നു
● ഒരു കാര്യവും സമയത്ത് പൂർത്തീകരിക്കാൻ കഴിയാതെ വരുന്നു
● ഓർമശക്തി, ചിന്താശേഷി എന്നിവ കുറയുന്നു
കുട്ടികളിലെ മടി
കുട്ടികളിൽ ചെറുപ്രായം മുതൽ പലതരത്തിൽ മടി പ്രകടമാവാം. ദിനചര്യകൾ ചെയ്യുന്നതു മുതൽ പഠനത്തിലും വ്യായാമത്തിലും വരെ മടിയുടെ സ്പർശം കാണാം. രാവിലെ എഴുന്നേൽക്കുന്ന കാര്യത്തിൽ കോവിഡ് കാലഘട്ടം പുതിയ സമയംതന്നെ കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ക്ലാസുകൾ ഓൺലൈൻ ആയിരുന്നതിനാൽ വൈകി എഴുന്നേൽക്കുന്ന ശീലമാണ് രണ്ടുവർഷത്തോളമായി പലർക്കും.
വൈകി എഴുന്നേൽക്കുന്നതുമൂലം ആ ദിവസത്തെ ഭക്ഷണം കഴിക്കുന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും വൈകുന്നു. നോട്ട് എഴുതുന്ന കാര്യത്തിലും മടിമൂലം നാളത്തേക്ക് മാറ്റിവെച്ച് ഒട്ടും എഴുതാത്ത കുട്ടികളും ഉണ്ട്. ഒടുവിൽ കുറേയധികം ചെയ്യാനുള്ളപ്പോൾ, ഓ... ഇത്രയധികം ഉണ്ടല്ലോ, അല്ലെങ്കിൽ, ആദ്യം മുതൽ കുറേശ്ശ തീർക്കാം എന്നു ചിന്തിച്ച്, ഇപ്പോഴുള്ളതും പഴയതും പൂർത്തിയാക്കാതെ വിടുന്നു. പരീക്ഷ വരുമ്പോൾ സുഹൃത്തുക്കളുടെ നോട്ട് അന്വേഷിച്ച് നടക്കുന്നു.
ക്ലാസിൽ അന്നന്നു പഠിപ്പിക്കുന്നത് വീട്ടിൽ വന്നശേഷം പഠിക്കാതെ ആ സമയം ഓൺലൈൻ ഗെയിമിലും ടി.വിയിലുമായി സമയം പാഴാക്കുമ്പോൾ ഒടുവിൽ മടിമൂലം പരീക്ഷയിലും മാർക്ക് താഴുന്നു. പല വിഷയങ്ങളും ബുദ്ധിമുട്ടായി തോന്നുന്നു. ഇവിടെ കുട്ടികളിലെ മടി മാറ്റാൻ ആദ്യം വേണ്ടത് കൃത്യമായ ഒരു ടൈംടേബ്ൾ പാലിക്കാൻ അവരെ നിഷ്കർഷിക്കുകയെന്നതാണ്. അക്കാര്യത്തിൽ കുടുംബങ്ങളും കർക്കശ നിലപാട് പുലർത്തണം.
ഓരോ കാര്യവും ചെയ്യേണ്ട ഉത്തരവാദിത്തം കുട്ടികൾക്ക് നൽകുക. അതിനു സമയം നിശ്ചയിക്കുക. ഉദാഹരണത്തിന്, വാഷിങ് മെഷീനിൽ തുണിയിടുന്നത്, അലക്കിയ തുണി അയലിലോ സ്റ്റാൻഡിലോ വിരിക്കുന്നത്, ഉണങ്ങിയ തുണി മടക്കിവെക്കുന്നത്, അടുക്കളയിൽ സഹായിക്കുന്നത്, പൂന്തോട്ട പരിപാലനം, ഓമന മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യങ്ങൾ നോക്കുന്നത് തുടങ്ങിയവ. മൊബൈലിലും ടി.വിയിലുമായി നിഷ്ക്രിയമായി സമയം പാഴാക്കുന്നത് ഒഴിവാക്കി ക്രിയാത്മകമായി സമയം വിനിയോഗിക്കാൻ ഇത് സഹായിക്കുന്നു.
പഠിച്ചാൽ അവർക്കുണ്ടാകുന്ന നേട്ടങ്ങൾ, ഭാവിയിൽ അവർ ആരാകാനാണോ ആഗ്രഹിക്കുന്നത് അതിന് എങ്ങനെ തയാറെടുക്കണം, പഠനം ലളിതമാക്കുന്ന വഴികൾ എന്നിവയൊക്കെ കുട്ടികളുമായി പങ്കുവെക്കുന്നത് പഠനത്തോടുള്ള താൽപര്യം ഉണർത്തും. ഒപ്പം അവരുടെ കൊച്ചുകൊച്ചു നേട്ടങ്ങളിൽ അഭിനന്ദിക്കുക, ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞ് ലക്ഷ്യബോധം സൃഷ്ടിക്കുക, മൊബൈൽ, ടി.വി അഡിക്ഷന്റെ ദോഷഫലങ്ങൾ അവരുമായി ചർച്ച ചെയ്യുക, അത്തരത്തിലുള്ള വാർത്തകൾ അവരെയും അറിയിക്കുക. ഇത് സ്വയം മുൻകരുതലെടുക്കാൻ അവർക്ക് സഹായകരമാകും.
ലക്ഷ്യങ്ങളെ പലതായി വിഭജിക്കുക. ഓരോ ഭാഗങ്ങളായി ലക്ഷ്യം പൂർത്തീകരിക്കുന്നത്, ഒറ്റയടിക്ക് പൂർത്തിയാക്കാൻ ശ്രമിക്കുമ്പോഴുള്ള അമിതഭാരവും എന്നെക്കൊണ്ടു പറ്റുമോ എന്ന ഉത്കണ്ഠയിൽനിന്നുളവാകുന്ന നിഷ്ക്രിയത്വവും അലസതയും തടയും.
എല്ലാ കാര്യങ്ങളും 100 ശതമാനം പെർഫെക്ടായില്ലെങ്കിൽ ശരിയാവുകയില്ല. അതിനാൽ പിന്നീട് തുടക്കമിടും എന്ന ചിന്ത മാറ്റി നിങ്ങളുടെ കഴിവിന്റെ പരമാവധി മികവ് ഇപ്പോൾതന്നെ പുറത്തെടുക്കും എന്ന് ചിന്തിക്കുക. നാളെയെന്ന് മാറ്റിവെക്കുന്നതിനു പകരം ഇന്ന് പറ്റുന്നയത്രയും അല്ലെങ്കിൽ കുറച്ചെങ്കിലും പൂർത്തിയാക്കാം എന്നു ചിന്തിക്കുക.
● നമ്മുടെ മനസ്സിനോട് നിഷേധാത്മകമായി സംസാരിക്കാതെ പ്രസാദാത്മകമായി സംസാരിക്കുക.
● ഓരോ കാര്യവും ചെയ്യുന്നതിനായി ഒരു പദ്ധതി തയാറാക്കുക. എപ്പോൾ, എങ്ങനെ, എത്ര സമയത്തിനുള്ളിൽ ചെയ്യാമെന്ന് ചിന്തിക്കുക.
● നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുക, അത് ജീവിതത്തിൽ ഉപയോഗിക്കുക. നിങ്ങളുടെ കഴിവുകൾ ലക്ഷ്യം നേടാൻ ഉപയോഗിക്കുന്നതിന് ഉൽപാദന ക്ഷമതയും പ്രസാദാത്മക വികാരങ്ങളും വർധിപ്പിക്കണമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
● ഓരോ കാര്യവും ചെയ്യുമ്പോൾ സ്വയം അഭിനന്ദിക്കുന്നത് കൂടുതൽ പ്രവർത്തിക്കാനുള്ള ഊർജം പകരും.
● നിങ്ങൾക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളപ്പോൾ അത് തേടുക. മറ്റുള്ളവരുടെ സഹായം തേടുന്നത് ദൗർബല്യമല്ലെന്ന് മനസ്സിലാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.