ഈഗോ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല; ഈഗോ മറികടക്കാനുള്ള വഴികളറിയാം...
text_fieldsലളിതമെന്നു തോന്നാമെങ്കിലും വീട്ടിലും തൊഴിലിടങ്ങളിലുമെല്ലാം ഈഗോ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. അത് ജീവിത പരാജയത്തിലേക്കായിരിക്കുംനമ്മെ നയിക്കുക. ഈഗോ മറികടക്കാനുള്ള വഴികളറിയാം...
വിവേകവും സ്നേഹവും നിറഞ്ഞവരാണ് മനുഷ്യരെന്നാണ് പൊതുവെ വിലയിരുത്താറ്. എന്നാൽ, അതിനപ്പുറം മൃഗീയവും പൈശാചികവുമായ തലങ്ങളും മനുഷ്യ മനസ്സിനുണ്ട്. സിഗ്മണ്ട് ഫ്രോയിഡിെൻറ അഭിപ്രായപ്രകാരം മനസ്സിന് മൂന്നു മണ്ഡലങ്ങളുണ്ട്. ഇഡ് (സഹജവാസന), ഈഗോ, സൂപ്പർ ഈഗോ. ജന്മവാസനകളെയും അഭിലാഷങ്ങളെയും നിയന്ത്രിക്കുന്ന പണിയാണ് ഈഗോക്ക്. അതൊരു പോസറ്റീവ് ഗുണമാണ്. എന്നാൽ നാം ഈഗോ എന്ന് പൊതുവെ വിളിക്കുന്നത് ഇതിനെയല്ല. ഞാനെന്ന ഭാവം, ഞാൻ മാത്രം ശരി, എന്നെക്കാൾ വലിയവനായി ആരുമില്ല എന്നു തുടങ്ങുന്ന മനോഭാവത്തെയാണ്. അത് മനസ്സിനെ ദുഷിപ്പിക്കുന്ന ഗുരുതര രോഗമാണ്. സ്വന്തം ജീവിതത്തെയും മറ്റുള്ളവരുടെ സന്തോഷത്തെയും തകർത്തേ ഈഗോ അവസാനിക്കൂ.
ഈഗോയിസ്റ്റ് ആകുന്നതെപ്പോൾ?
'ഞാൻ ഒരു സംഭവമാണന്ന്' ഒരാൾക്ക് തോന്നാൻ തുടങ്ങുകയും സംസാരത്തിൽ ഞാൻ, എന്നെ, എെൻറ തുടങ്ങിയ വാക്കുകൾ ധാരാളമായി ഉപയോഗിക്കാനും തുടങ്ങുന്നതോടെ ഒരാൾ ഈഗോയിസ്റ്റായി മാറുന്നുവെന്ന് മനസ്സിലാക്കാം. തന്നെക്കുറിച്ച് അമിതമായി ആത്മവിശ്വാസമുണ്ടാകുക, നടക്കാത്ത കാര്യങ്ങളെക്കുറിച്ച് വെറുതെ ചിന്തിച്ചുകൂട്ടുക തുടങ്ങിയവയൊക്കെ ഈഗോയുടെ സ്വഭാവങ്ങളിൽപെട്ടതാണ്. അത് വ്യക്തിയെ യാഥാർഥ്യത്തിൽനിന്ന് അകറ്റും. സ്വയം ഒരു സൂപ്പർ ഹീറോയായി കാണാൻ തുടങ്ങും. ഇത്തരക്കാർ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാൻ തുടങ്ങുന്നതോടെ പ്രശ്നങ്ങളുടെ പൂരം ആരംഭിക്കുകയായി.
ഒരു കുടുംബത്തിൽ ഏതെങ്കിലും ഒരാൾക്ക് ഈഗോ ഉണ്ടായാൽ മതി, ആ കുടുംബത്തിെൻറ മുഴുവൻ കെട്ടുറപ്പും തകരാൻ. പുതിയ കാലത്ത് നടക്കുന്ന നല്ലൊരുശതമാനം വിവാഹമോചനങ്ങളുടെയും പ്രധാന കാരണങ്ങളിലൊന്ന് ഭാര്യക്കോ ഭർത്താവിനോ ഉണ്ടാകുന്ന ഈഗോയാണ്. തന്നെക്കാൾ മറ്റേയാൾ ഉയരത്തിൽ/താഴെ എന്നീ ചിന്തയിൽനിന്നായിരിക്കും പല പ്രശ്നങ്ങളും തുടങ്ങുന്നത്. തൊഴിലിടങ്ങളിലെയും സ്ഥിതി മറിച്ചല്ല. മേലധികാരിയിലോ തൊഴിലാളികളിയിലോ ഈഗോ കടന്നുവന്നാൽ അത് തൊഴിലിനെയും ഓഫിസ് അന്തരീക്ഷത്തെയും വളരെയധികം പ്രതികൂലമായി ബാധിക്കും.
ആത്മവിശ്വാസവും ഈഗോയും
ആത്മവിശ്വാസവും ആത്മാഭിമാനവുമൊക്കെ വ്യക്തിയുടെ ഉള്ളിൽനിന്ന് ഉരുത്തിരിയേണ്ടതും ജീവിതവിജയത്തിന് ഒഴിച്ചുകൂടാനാവാത്തതുമായ ഘടകങ്ങളാണ്. ഇതുപോലെത്തന്നെയുള്ള ഒരു ഘടകമല്ലേ ഈഗോ എന്ന് പലരും സംശയിക്കാറുണ്ട്. ആത്മാഭിമാനം പൊസിറ്റിവാകുന്നതും ഈഗോ നെഗറ്റിവാകുന്നതും എങ്ങനെയാണ്? ആത്മാഭിമാനം അഥവാ സെൽഫ് എസ്റ്റീം എന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ സ്വന്തം കഴിവുകൾ വിലയിരുത്തി തനിക്ക് താൻതന്നെ നൽകുന്ന മൂല്യമാണെങ്കിൽ ഈഗോ നമ്മുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് തെറ്റായി ഉണ്ടാക്കിയെടുക്കുന്ന ധാരണകളാകാം. മറ്റുള്ളവരുമായി താരമ്യപ്പെടുത്താതെ അവരെക്കാളെല്ലാം ഏറ്റവും മികച്ചത് താൻ മാത്രമാണെന്നാണ് ഇത്തരക്കാർ കരുതുക. ശരികൾ തനിക്കുമാത്രം അവകാശപ്പെട്ടതാണ്, തന്നെ കുറ്റപ്പെടുത്താൻ ഒരാൾക്കും അവകാശമില്ല, മറ്റുള്ളവരെ താൻ എന്തിന് പരിഗണിക്കണം, എന്നൊക്കെയാണ് ഈഗോയിസ്റ്റ് ചിന്തിക്കുക.
ചെറുപ്പത്തിലേ തുടങ്ങുന്ന ശീലങ്ങളും അനുഭവങ്ങളും ചേർന്നാണ് ഈഗോ രൂപപ്പെടുന്നത്. ശ്രേഷ്ഠതാബോധവും (സുപ്പീരിയോറിറ്റി കോംപ്ലക്സ്) അപകർഷ ബോധവു(ഇൻഫീരിയോറിറ്റി കോംപ്ലക്സ്)മാണ് ഈഗോയുടെ കൂടപ്പിറപ്പുകൾ. ചെറുപ്പത്തിലേ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമെല്ലാം ലഭിച്ച് ശീലമുള്ളവരിലും ഈഗോ രൂപപ്പെടാറുണ്ട്. ഏതെങ്കിലും ഒരു ഘട്ടത്തിൽ ആവശ്യങ്ങൾക്ക് 'നോ' എന്ന് കേൾക്കേണ്ടിവരുമ്പോൾ അതവരെ വല്ലാതെ മുറിവേൽപിക്കുന്നു. പ്രതികാര ചിന്തയിലേക്കും കൊലപാതകങ്ങളിലേക്കും വരെ ചിലരെയത് കൊണ്ടെത്തിക്കുന്നു. പലപ്പോഴും ഈഗോ ഉള്ള വ്യക്തികളിൽ ഇൻസെക്യൂരിറ്റി, ആത്മവിശ്വാസക്കുറവ് എന്നിവയെല്ലാമുണ്ടാകാം. മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ വിസമ്മതിക്കുന്ന ഈഗോയെ മെരുക്കാൻ കൃത്യമായ വ്യായമങ്ങളും ആവശ്യമായ ചികിത്സകളും അനിവാര്യമാണ്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ഗംഗ കൈലാസ്-ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആലപ്പുഴ
ഡോ. സന്ദീഷ്-സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കേരള ഹെൽത്ത് സർവിസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.