Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightMy Storychevron_rightപൂർത്തീകരിക്കാനാകാത്ത...

പൂർത്തീകരിക്കാനാകാത്ത കഥ

text_fields
bookmark_border
പൂർത്തീകരിക്കാനാകാത്ത കഥ
cancel
camera_altവര: ഹനീഫ

എന്‍റെ ബാല്യ കൗമാരങ്ങളെ വർണാഭമാക്കിയ പ്രിയ സ്നേഹിതനായിരുന്നു ബാബു. ബാബു എനിക്ക് ആരായിരുന്നു എന്നതിനേക്കാൾ ആരല്ലായിരുന്നു എന്ന് ചോദിക്കുന്നതാണ് ശരി. ഞങ്ങളുടെ വീടിന് അപ്പുറമുള്ള പാടം കടന്നാൽ ബാബുവിന്‍റെ വീടായി. അയൽവാസിയായിരുന്നതിനാൽ തുടങ്ങിയ പരിചയമാണോ അതോ സ്കൂളിൽ പോകുമ്പോൾ തുടങ്ങിയ പരിചയമാണോ ഞങ്ങളെ അതിരില്ലാത്ത സൗഹൃദത്തിലേക്ക് നയിച്ചതെന്ന് ഓർക്കുന്നില്ല.

ഏതായാലും ഒരിക്കലും മറക്കാൻ കഴിയാത്ത സൗഹൃദത്തിന്‍റെ ആഴങ്ങളിലേക്കാണ് അവൻ കടന്നുവന്നത്. സ്വതവേ അന്തർമുഖനായിരുന്ന എന്‍റെ ബാല്യ കൗമാരങ്ങളെ, വിരസവും ഏകാന്തവുമായിപ്പോകുമായിരുന്ന കാലങ്ങളെ അവൻ കളിയും തമാശയും നിറച്ച് അവിസ്മരണീയമാക്കി.

മറ്റുള്ളവരുമായി അധികം കൂട്ടുകൂടാനോ കളിക്കാനോ എന്നും വിമുഖനായിരുന്ന എനിക്ക് അക്കാലത്ത് ദൈവം തന്ന കൂട്ടായിരിക്കണം ബാബു. വൈകുന്നേരങ്ങളിൽ അവന്‍റെ വീടിനു സമീപത്തെ വൈപ്പിൽകാവ് ക്ഷേത്ര മൈതാനത്ത് ഞങ്ങൾ ഒത്തുകൂടും. രാത്രിവരെ കഥകളും സ്വപ്നങ്ങളും പങ്കുവെച്ച് ഞങ്ങളിരിക്കും. വേറെയും ഒന്നു രണ്ടു കൂട്ടുകാരുണ്ടാകും.

എന്നോ അവനെ വിട്ടുപോയ അച്ഛന്‍റെ ഓർമകൾ മാത്രമേ അവന് കൂട്ടിനുണ്ടായിരുന്നുള്ളൂ. അമ്മയും അമ്മയുടെ രണ്ടു സഹോദരിമാരും ഒരു അമ്മാവനുമായിരുന്നു അവന്‍റെ വീട്ടിൽ. അവനിലൂടെ അവരും എന്‍റെ പ്രിയപ്പെട്ടവരായി. പിന്നീട് അമ്മാവൻ സെക്രട്ടറിയായിരുന്ന ചേതന ആർട്സ് ക്ലബിന്‍റെ സെക്രട്ടറിയായതും ആ ബന്ധത്തിലൂടെയാണ്. അന്ന് ക്ലബിന്‍റെ ഓഫിസ് ബാബുവിന്‍റെ വീടായിരുന്നു. റെക്കോഡുകളൊക്കെ സൂക്ഷിച്ചിരുന്നത് അവിടെയായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ബാബുവിന്‍റെ വീട്ടിലെ നിത്യ സന്ദർശകനായി.

നാട്ടിലെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ വരുമ്പോൾ ഞങ്ങളുടെ മനസ്സിലും ഉത്സവകാലമായിരുന്നു. എത്രയോ അമ്പലപ്പറമ്പുകളിൽ ചുക്കുകാപ്പിയും ഇഞ്ചിമിഠായിയും തിന്ന് അവനോടൊപ്പം കേട്ട കഥാപ്രസംഗങ്ങൾക്കും നാടകങ്ങൾക്കും കണക്കില്ല. എനിക്ക് ഏറെ ഇഷ്ടം കഥാപ്രസംഗമായിരുന്നു.

ബാബുവുമായുള്ള സൗഹൃദത്തിലൂടെ വായനയുടെയും എഴുത്തിന്‍റെയും ലോകത്തേക്കും ഞാൻ കടക്കുകയായിരുന്നു. ആകാശവാണിയിലെ പരിപാടികൾ കേട്ട് അഭിപ്രായമെഴുതുന്ന എഴുത്തുപെട്ടി എന്ന പരിപാടിയിൽ കത്തുകളെഴുതിയായിരുന്നു എന്‍റെ തുടക്കം. പലപ്പോഴും ബാബുവിന്‍റെ വീട്ടിലിരുന്നായിരുന്നു റേഡിയോയിൽ എന്‍റെ കത്ത് വായിക്കുന്നത് കേട്ടിരുന്നത്.

പിന്നീട് അത് കഥകളിലേക്കും കവിതകളിലേക്കും വളർന്ന് റേഡിയോയിൽ യുവവാണിയിലൂടെയും സാഹിത്യവേദിയിലൂടെയുമൊക്കെ കേൾക്കാൻ തുടങ്ങിയപ്പോഴും ഏറ്റവും കൂടുതൽ സന്തോഷിച്ചത് ബാബുവായിരുന്നു. പിന്നീട് ബാബു പറയുമായിരുന്നു, നിന്‍റെ പേരിൽ പുസ്തകങ്ങൾ ഇറങ്ങുന്നതും സിനിമ ഇറങ്ങുന്നതുമൊക്കെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്.

യാഥാർഥ‍്യമാകുമെന്ന് പ്രതീക്ഷയില്ലാത്ത അവന്‍റെയും എന്‍റെയും മോഹങ്ങൾ മാത്രമായി അത് അവശേഷിച്ചെങ്കിലും പിന്നീട് ഇക്കാലത്തിനിടക്ക് 15 പുസ്തകങ്ങളിറങ്ങിയെങ്കിലും അതിൽ ഒന്നിന് പുരസ്കാരം ലഭിച്ച് സിനിമയായി ഇറങ്ങിയപ്പോഴും പോസ്റ്ററിലും വാർത്തകളിലും എന്‍റെ പേരു വന്നപ്പോഴും ഞാനാദ്യമായി ഓർത്തത് നിന്നെയായിരുന്നു, എന്‍റെ പ്രിയ കൂട്ടുകാരാ അതൊന്നും കാണാൻ ഈ ലോകത്ത് നീ ഇല്ലാതെ പോയല്ലോ എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം...

എന്‍റെ ആദ്യ പുസ്തകത്തിന്‍റെ ആമുഖക്കുറിപ്പിൽ നിന്നെ ഓർക്കാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ലല്ലോ ബാബു. അതുകൊണ്ടുതന്നെയാണ്, ‘എന്നും ഞാൻ പ്രശസ്തനായിക്കാണാൻ ഏറെ ആഗ്രഹിച്ച എന്‍റെ ബാബുവിന്...’ എന്ന് ആദ്യപുസ്തകത്തിൽ കുറിച്ചിട്ടത്.

വിദ്യാഭ്യാസകാലം കഴിഞ്ഞ് എന്തുചെയ്യണമെന്നറിയാതെ നിന്ന നാൾ. അന്നത്തെ പലരെയും പോലെ ജോലി തേടി ഗൾഫിലേക്ക് പോകാമെന്ന വീട്ടുകാരുടെ നിർദേശം എനിക്കും അംഗീകരിക്കേണ്ടി വന്നു. അന്ന് ആ വാർത്ത അറിഞ്ഞതു മുതൽ ദുഃഖം നിറഞ്ഞ ബാബുവിന്‍റെ മുഖം മറക്കാൻ കഴിയില്ല. തൽക്കാലത്തേക്കാണെങ്കിലും നമ്മുടെ നിരന്തര സൗഹൃദം മുറിഞ്ഞുപോവുകയാണല്ലോ.

ബോംബെയിലേക്ക് യാത്രയാക്കാൻ വീട്ടിൽ ബാബുവും വന്നിരുന്നു. അക്കാലത്ത് ആദ്യം കുറച്ചുനാൾ ബോംബെയിൽ പോയി താമസിച്ച് അവിടന്ന് വിസ റെഡിയാകുമ്പോഴായിരുന്നു ഗൾഫ് യാത്ര. കൂടെ നാട്ടുകാരനായ, പിന്നീട് അഞ്ചു വർഷം ഗൾഫിൽ എന്‍റെ കൂടെയുണ്ടായിരുന്ന മൊയ്തീനും മറ്റു ചിലരും ഏജന്‍റുമുണ്ടായിരുന്നു (എന്‍റെ സൗഹൃദങ്ങളിൽനിന്ന് അകാലത്തിൽ കുറച്ചുനാൾ മുമ്പ് മൊയ്തീനും യാത്രയായി).

ഗൾഫിൽ ചെന്ന് ബദുക്കളുടെ പ്രദേശമായ ഷറൂറ എന്ന സ്ഥലത്ത് ജീവിച്ച നാളുകൾ എന്നും ഓർമയിലുണ്ടാവും. സൗദി-യമൻ അതിർത്തിയിലെ ഒരു ആദിവാസി കേന്ദ്രമായിരുന്നു അത്. അന്ന് ബാബുവിന്‍റേതുൾപ്പെടെ വന്നിരുന്ന കത്തുകൾ മാത്രമായിരുന്നു നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ അറിയാൻ ഏക മാർഗം.

ഒടുവിൽ രണ്ടുവർഷം എങ്ങനെയും തികച്ച് നാട്ടിലേക്ക് ഓടിയെത്തി ആദ്യം കാണാൻ പോയതും ബാബുവിനെയായിരുന്നു. നാലുമാസത്തെ ലീവിനിടയിൽ വീണ്ടും നമ്മുടെ സൗഹൃദം പൂവിട്ടു.

പിന്നെയും പോകാനുള്ള ദിവസമാകുന്തോറും മനസ്സിൽ വല്ലാത്ത പ്രയാസമായിരുന്നു. ബാബുവിനെ ഉൾപ്പെടെ നാടും വീടും വിട്ടുപോകാനുള്ള വിഷമം. മരുഭൂമിയിലെ ജോലിയും താമസവും നൽകുന്ന ബുദ്ധിമുട്ട്. ഏതായാലും നാട്ടുകാരൻ കൂടിയായ സുഹൃത്ത് മൊയ്തീനും ഞാനും കൂടി ഒരിക്കൽകൂടി പോയിവരാമെന്ന് തീരുമാനിച്ചു.

അങ്ങനെ മരുഭൂമിയുടെ വിരസതയിലേക്ക് വീണ്ടും ഞങ്ങൾ എത്തിപ്പെട്ടു. ഇത്തവണ ആദ്യ ഒന്നുരണ്ടു മാസങ്ങളിൽ ബാബുവിന്‍റെ ഒന്നോ രണ്ടോ കത്തുകൾ മാത്രമാണ് വന്നത്. പിന്നെ അവന്‍റെ കത്തുകൾ കാണാതായി. വീട്ടുകാരുടെയും മറ്റു സുഹൃത്തുക്കളുടെയുമൊക്കെ കത്തുകൾ ഇടക്കിടെ വരുന്നുണ്ട്.

എങ്കിലും ബാബുവിന്‍റെ കത്ത് മാത്രം കാണുന്നില്ല. കാത്തു കാത്തിരുന്ന് സഹികെട്ട് വീട്ടിലും നാട്ടിലെ കൂട്ടുകാർക്കുമൊക്കെ എഴുതി ചോദിച്ചു, ബാബുവിന്‍റെ കത്ത് കാണുന്നില്ല, എന്താണെന്ന് ഒന്ന് അന്വേഷിച്ച് അറിയിക്കാമോ?

എന്‍റെ മറ്റെല്ലാ ചോദ്യങ്ങൾക്കും മറുപടി കിട്ടി. ആ ചോദ്യത്തിനുമാത്രം ആരും മറുപടി തന്നില്ല. വിളിച്ചു ചോദിക്കാൻ ഒരു മാർഗവുമില്ല. നാട്ടിൽ ലാൻഡ് ഫോൺപോലും അപൂർവമായ കാലം. കത്തുകൾ മാത്രമാണ് ആകെ ആശ്രയം. കുറെ ആയപ്പോൾ ചോദിച്ചു ചോദിച്ചു ഞാനും മടുത്തു. ചിലപ്പോൾ അടുത്തെങ്ങും ഗൾഫിൽ വരുന്ന ആരും ഇല്ലായിരിക്കും കത്തു കൊടുത്തുവിടാൻ.

ഏതായാലും രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു, എന്‍റെ ചോദ്യത്തിനുത്തരം കിട്ടാൻ. വീണ്ടും ഞാനും മൊയ്തീനും നാട്ടിലേക്ക്. മരുഭൂമിയിലെ ദുരിതപർവത്തിൽനിന്ന് രക്ഷപ്പെടൽ. വീട്ടിൽ വന്ന് ഒന്നു വിശ്രമിച്ചിട്ട് ആദ്യം പോകുന്നത് ബാബുവിന്‍റെ വീട്ടിലേക്കായിരുന്നു. അപ്പോഴും വീട്ടുകാർ എന്നോടൊന്നും പറഞ്ഞിരുന്നില്ല. പോകുന്ന വഴിയിൽ അയൽവാസി ചോദിച്ചു,

‘‘എവിടെ പോകുന്നു?’’

‘‘ബാബുവിന്‍റെ വീട്ടിൽ..’’

പറഞ്ഞു തീരുംമുമ്പ് അയാൾ ചോദിച്ചു. ‘‘ബാബു മരിച്ചതൊക്കെ അറിഞ്ഞിരുന്നല്ലോ അല്ലേ...’’

ഒരുനിമിഷം എന്താണ് പറയേണ്ടതെന്ന് എനിക്കു മനസ്സിലായില്ല. എന്‍റെ നിൽപുകണ്ട് ഒന്നും പറയാതെ അയാൾ നടന്നകന്നു. എന്തു ചെയ്യണമെന്ന് ആലോചിച്ച് ഞാൻ നിന്നു. ഇനി ബാബുവിന്‍റെ വീട്ടിൽ പോകണോ, അതോ തിരിച്ചുപോകണോ...

ഇത്രയും നാൾ കത്തുകൾ കാണാതിരുന്നപ്പോൾ എന്തോ സംഭവിച്ചിരിക്കാം എന്ന് മനസ്സിൽ തോന്നിയിരുന്നെങ്കിലും അവൻ എന്നെയും മറ്റുള്ളവരെയും വിട്ടുപോയിട്ടുണ്ടാകുമെന്ന് ഒരിക്കലും ഓർത്തില്ല. ബാബുവിന്‍റെ വീട്ടിലേക്കുതന്നെ നടന്നു. ആദ്യമായാണ് ബാബുവില്ലാത്ത ബാബുവിന്‍റെ വീട്ടിലേക്ക്.

ഇത്രയടുത്ത കൂട്ടുകാരൻ മരിച്ചിട്ട് രണ്ടു വർഷമാകാൻ പോകുന്നു. എന്നിട്ടും വീട്ടുകാരുൾപ്പെടെ ആരും എന്നെ അറിയിച്ചില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് വല്ലാത്ത സങ്കടവും ദേഷ്യവും വന്നു. പിന്നെയാണ് എല്ലാവരും കാര്യം പറയുന്നത്, നിങ്ങൾ തമ്മിൽ അത്രയും കൂട്ടായിരുന്നല്ലോ നിനക്ക് വിഷമമാകുമല്ലോ എന്നോർത്താണ് ആ വിവരം അറിയിക്കാതിരുന്നത്. ഞാനോർത്തു, എങ്കിലും കുറച്ചുനാൾ കഴിഞ്ഞാണെങ്കിലും എനിക്ക് ഒരു സൂചനയെങ്കിലും ആർക്കെങ്കിലും തരാമായിരുന്നു.

ഞാൻ പോകുന്ന വഴി അയൽവാസിയെ കണ്ടില്ലായിരുന്നെങ്കിൽ ബാബുവിന്‍റെ വീട്ടിൽ നേരെ ചെന്ന് അവന്‍റെ അമ്മയോട് അവനെ അന്വേഷിക്കുമായിരുന്നു. അത് അവർക്ക് എത്ര വിഷമമാകുമായിരുന്നു. ഏതായാലും അങ്ങനെയൊന്നുമുണ്ടാകാതിരുന്നത് നന്നായി.

ബാബുവിന്‍റെ അമ്മ എല്ലാം വിശദമായി പറഞ്ഞു. പനിയായിട്ടായിരുന്നു തുടക്കം. ഒരാഴ്ച പനിച്ച് കിടന്നു. പിന്നെ എല്ലാവരെയും വിട്ട് അവൻ പോയി. കുറച്ചുനേരം ഇരുന്നിട്ട് ഇറങ്ങി നടക്കുമ്പോൾ അമ്മ പറഞ്ഞു, ‘‘മോൻ കൊണ്ടുവന്നു കൊടുത്ത ഉടുപ്പൊന്നും അവനിടാൻ കഴിഞ്ഞില്ല. അതിനുമുമ്പ് അവൻ പോയി... പിന്നെ അതെല്ലാം അവന്‍റെ ചിതയിൽ വെച്ച് കത്തിച്ചു.’’

അതു കേട്ടതും എന്‍റെ ഹൃദയത്തിലെവിടെയോ വേദനയുടെ നെരിപ്പോട് കത്തി. എങ്കിലുമെന്‍റെ ബാബൂ, നിന്‍റെ വേർപാട് ഇങ്ങനെയാകുമെന്ന് ഒരിക്കലും ഓർത്തില്ല. അമ്മയോട് യാത്ര പറഞ്ഞു തിരിച്ചുനടക്കുമ്പോൾ കഴിഞ്ഞ തവണ തിരിച്ചുപോകുന്നതിന് തലേദിവസം സിനിമക്ക് പോകാൻ വേണ്ടി എന്നെ കാത്തുനിന്ന് തിരിച്ചുപോന്ന അവന്‍റെ നിരാശ നിറഞ്ഞ മുഖമായിരുന്നു മനസ്സിൽ. അന്നുമുതൽ ബാബു ഒരു ദുഃഖമായി മനസ്സിൽ നീറിനീറിക്കിടക്കുകയാണ്. കഥയാക്കണമെന്ന് പലപ്പോഴും ഓർത്ത് എഴുതാനിരുന്നെങ്കിലും കഴിഞ്ഞില്ല. ഇതുവരെ പൂർത്തീകരിക്കാൻ കഴിയാത്ത കഥ... ഇതുവരെ ഞാൻ എഴുതാത്ത കഥ...




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestyle
News Summary - An unfinished story
Next Story