Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightcampulsechevron_right‘‘ന്യൂ ഇയർ ഫ്രൻഡിന്...

‘‘ന്യൂ ഇയർ ഫ്രൻഡിന് സമ്മാനമായി നൽകാൻ ഖുർആന്‍റെ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ പൊതിഞ്ഞ് കൈയിൽ പിടിച്ചു. ലോട്ടെടുത്തപ്പോ ഫ്രൻഡ് സ്മിത ടീച്ചർ. സന്തോഷത്തോടെ ഞാനത് പ്രഖ്യാപിച്ചു’’

text_fields
bookmark_border
‘‘ന്യൂ ഇയർ ഫ്രൻഡിന് സമ്മാനമായി നൽകാൻ ഖുർആന്‍റെ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ പൊതിഞ്ഞ് കൈയിൽ പിടിച്ചു. ലോട്ടെടുത്തപ്പോ ഫ്രൻഡ് സ്മിത ടീച്ചർ. സന്തോഷത്തോടെ ഞാനത് പ്രഖ്യാപിച്ചു’’
cancel
camera_alt

വ​​​ര: വി.ആർ. രാഗേഷ്


തലേന്ന് രാത്രി തോരാതെ പെയ്ത മഴ. കൂട്ടിന് നല്ല കാറ്റും ഇടിമിന്നലും. നേരം പുലർന്ന് പണികളൊതുക്കി നന്നായുറങ്ങുന്ന മക്കളെ നോക്കി സമാധാനത്തോടെ ഇറങ്ങി. തിരൂരങ്ങാടിയിൽനിന്ന് എം.സി.ടി ട്രെയ്നിങ് കോളജിലേക്ക്.

ആലത്തൂർപടിയിൽ നേരത്തിനെത്തിയില്ലെങ്കിൽ കോളജ് ബസ് കിട്ടില്ല. മലപ്പുറത്തുനിന്ന് പത്ത് രൂപ കൊടുക്കാൻ മടിച്ച് ഫാസ്റ്റ് പാസഞ്ചറിൽ കയറാതെ പിന്നെ വന്ന മിനി ബസിൽ ചാടിക്കയറി. ആലത്തൂർപടിയിലെത്തുമ്പോൾ ഞങ്ങടെ സ്വന്തം കോളജ് ബസ് പോയി.

30 രൂപ കൊടുത്ത് ഓട്ടോയിൽ കോളജിന്‍റെ മുന്നിലിറങ്ങുമ്പോൾ ഫാസ്റ്റ് പാസഞ്ചറിൽ കയറി നേരത്തേ എത്തിയ ബിൻസിയുണ്ട്; നിനക്കത് വേണം എന്നും പറഞ്ഞ് ചിരിക്കുന്നു. മൂന്നു രൂപ ലാഭിച്ച് 30 രൂപ കളഞ്ഞവളെ കണ്ട് ചിരിച്ച ബിൻസിയെ കുറ്റം പറയാനൊക്കില്ലല്ലോ.

വത്സുവാണ് ഓർമിപ്പിച്ചത്: ഇന്നലെ പെയ്ത മഴയിൽ മാവിലെ കുറെ മാങ്ങയെങ്കിലും വീണിട്ടുണ്ടാവും. നല്ല കോമാങ്ങ. കേട്ടപാതി വത്സൂന്‍റെ കൈപിടിച്ചോടി. മതിൽ ചാടി മുള്ളിനെയൊന്നും വകവെക്കാതെ മാവിൻചുവട്ടിലേക്ക്. പറഞ്ഞപോലെ നിറയെ മൂപ്പെത്തിയ മാങ്ങകൾ വീണുകിടക്കുന്നു.

പൊടിയണ്ണിയില കൊണ്ട് കുമ്പിൾ കുത്തി രണ്ടാളുടെയും കൈയിൽ കൊള്ളാവുന്നതൊക്കെ അതിൽ നിറച്ചു. ക്ലാസിലേക്ക് നടക്കുമ്പോൾ ആദ്യം ചെന്നുപെട്ടതുതന്നെ പ്രിൻസിപ്പൽ സലാം സാറിന്‍റെ മുന്നിൽ. പടച്ചോനേ പെട്ടു. കൈയിൽ കുമ്പിൾ നിറഞ്ഞു കവിഞ്ഞ് നിൽക്കുന്ന മാങ്ങകളെയും സാറിനെയും മാറി മാറി നോക്കി.

ചിരി വന്ന സാർ കണ്ണുരുട്ടാൻ ശ്രമിച്ചു: ‘‘ആരെടാ മാങ്ങ കട്ടോണ്ട് പോണത്?’’

എനിക്കാശ്വാസമായി: ‘‘കട്ടെടുത്തതല്ല സാർ, നമ്മുടെ തൊടീന്ന് പെറുക്കിയതാ.’’ സാർ ചിരിച്ചു, കൂടെ ഞങ്ങളും.

ക്ലാസിലെത്തിയപ്പോൾ മാങ്ങകളെല്ലാംകൂടി പോയ വഴി കണ്ടില്ല. സാഹസികമായി പെറുക്കിക്കൊണ്ടുവന്ന ഞങ്ങൾക്കും കിട്ടി ഒരു കുഞ്ഞു കഷണം. അതും കൂട്ടുകാരോട് അടികൂടി വാങ്ങിച്ചത്. എന്തൊരു രുചിയായിരുന്നു അതിന്.

അതിനിടെ ഡിസംബർ വന്നു. ക്രിസ്മസ് അവധിക്ക് കോളജ് അടക്കുന്ന സമയം. പുതുവർഷത്തിൽ ക്ലാസ് തുറക്കുമ്പോൾ ന്യൂ ഇയർ ഫ്രൻഡിനെ തിരഞ്ഞെടുക്കുമെന്നും എല്ലാവരും സമ്മാനവുമായി വേണം വരാനെന്നും ആരോ അറിയിച്ചു. റാവു സാർ, സ്മിത ടീച്ചർ, നൗഫൽ സാർ... എല്ലാവരും സമ്മാനങ്ങളുമായെത്തുമെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു ആകാംക്ഷ. ആരായിരിക്കും എന്‍റെ ഫ്രൻഡ്? എന്‍റെ പേരെഴുതിയ പേപ്പർ ആർക്കാവും കിട്ടുക?

എന്തായാലും എന്‍റെ കണ്ണിൽ ഏറ്റവും നല്ലതെന്ന് തോന്നിയൊരു സമ്മാനം വാങ്ങി നന്നായി പൊതിഞ്ഞ് കൈയിൽ പിടിച്ചു; ഖുർആന്‍റെ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ. ലോട്ടെടുത്തപ്പോ ഫ്രൻഡ് സ്മിത ടീച്ചർ. സന്തോഷത്തോടെ ഞാനത് പ്രഖ്യാപിച്ചു. സമ്മാനം കൊടുത്തു.

അങ്ങനെ ക്ലാസിലെല്ലാർക്കും കിട്ടി സമ്മാനം. ചെറുതും വലുതുമായി പലതും. എന്‍റെ പേര് മാത്രം ആരും പറഞ്ഞില്ല. എന്നുവെച്ചാൽ എനിക്കാരും സമ്മാനം തന്നില്ലാന്ന്.

അവസാനം, ആന്ധ്രപ്രദേശിൽനിന്ന് വരുന്ന ഞങ്ങളുടെ സ്വന്തം റാവു സാറിനായി മാറ്റിവെച്ച കുഞ്ഞു പേപ്പർ കഷണം നോക്കി ഞാൻ ചിരിച്ചു. അതിൽ എന്‍റെ പേരായിരുന്നു. റാവു സാറിന്‍റെ ഫ്രൻഡ് ഞാൻ. ആ പുതുവർഷത്തിലെ ഏറ്റവും വലിയ സമ്മാനം അതുതന്നെയായിരുന്നു.

ദിവസങ്ങൾക്കുശേഷം സാർ കോളജിൽ വന്നപ്പോഴേക്കും എന്‍റെ പേരെഴുതിയ പേപ്പറും അതിട്ടുവെച്ച കുഞ്ഞുപെട്ടിയുമൊക്കെ സ്റ്റാഫ് റൂമിൽനിന്ന് അപ്രത്യക്ഷമായിരുന്നു. എല്ലാവരും സമ്മാനങ്ങളെക്കുറിച്ചൊക്കെ മറന്നു. പക്ഷേ, 2012നു ശേഷം വന്ന പുതുവർഷങ്ങളിലൊക്കെ ഞാനാ സമ്മാനത്തെക്കുറിച്ചോർക്കാറുണ്ട്. എനിക്ക് കിട്ടിയ, കിട്ടാതെ പോയ ആ വലിയ സമ്മാനത്തെക്കുറിച്ച്.

ഇപ്പോൾ 75 വയസ്സ് കഴിഞ്ഞിട്ടുണ്ടാവും സാറിന്. സാറിന്‍റെ ഭാഷയിൽ പറഞ്ഞാൽ ‘‘I am 75 years young.’’

സാറിനെ ഒരുപാടാദരവോടെ ഇന്നും ഓർക്കുന്നു. ദിവസങ്ങളും മാസങ്ങളും രസകരമായങ്ങനെ കടന്നുപോയി. അവസാനം എം.എഡ് വൈവ നടക്കുന്ന ദിവസമെത്തി. ചെറിയമോൻ അച്ചുവിനന്ന് മൂന്നു വയസ്സാവുന്നേ ഉള്ളൂ. ഒരു വർഷം മുഴുവൻ ഞാനില്ലാതെ വീട്ടിൽ നിന്നതുകൊണ്ടാവണം കോഴ്സ് കഴിഞ്ഞ് എന്നെ കിട്ടിയപ്പോൾ അവൻ വിടാതായി.

അംഗൻവാടിയും പ്ലേസ്കൂളും എല്ലാം പരീക്ഷിച്ചെങ്കിലും അവന്‍റെ സങ്കടം കണ്ട് എല്ലാം ഉപേക്ഷിച്ചു. അങ്ങനെ മൂന്നാം ക്ലാസുകാരി പൊന്നുവിനെയും രണ്ടാം ക്ലാസുകാരൻ മോനുവിനെയും സ്കൂളിൽ വിട്ട് ഞാനും അച്ചുവും വീട്ടിൽ പഠിച്ചും കളിച്ചും നേരം കളയുന്നതിനിടയിലാണ് വൈവ അറിയിപ്പ് വന്നത്.

രാവിലെതന്നെ അവനെ ഒരുക്കി. ഒരു കൈയിൽ ഡെസർട്ടേഷനും മറുകൈയിൽ അച്ചുവും തോളിൽ ഭക്ഷണപ്പൊതിയും വെള്ളവും നിറച്ച ബാഗുമായി ഞങ്ങൾ രണ്ടാളും എം.സി.ടിയിലേക്ക് യാത്രതിരിച്ചു. എല്ലാം അവൻ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.

ചോദ്യങ്ങൾക്കെല്ലാം മറുപടി കൊടുത്തപ്പോൾ അവൻ കൂടുതൽ സന്തോഷവാനായി. കോളജിലെത്തിയപ്പോൾ ക്ലാസിലും സ്റ്റാഫ് റൂമിലും വരാന്തയിലുമൊക്കെയായി അവനോടി നടന്നു. അവസാനമായിരുന്നു എന്‍റെ നമ്പർ. വൈകുന്നേരം നാലു മണിയോടടുത്തുകാണും എന്നെ വിളിച്ചപ്പോൾ.

അച്ചുവിനെ ബിൻസിയുടെയും വത്സുവിന്‍റെയും കൈയിലേൽപിച്ച് ഞാനിപ്പൊ വരാട്ടോ എന്നും പറഞ്ഞ് വൈവ നടക്കുന്ന ക്ലാസ്റൂമിലേക്ക് കയറി. പിന്നെ കേട്ടത് ഉച്ചത്തിലുള്ള അവന്‍റെ കരച്ചിലായിരുന്നു. രാവിലെ മുതൽ ഓടിനടക്കുന്ന അവൻ തളർന്നിരുന്നു.

എന്‍റെ നെഞ്ചിടിപ്പ് കൂടി. ഞാൻ പതുക്കെ വാതിൽ ചാരി മറ്റേതോ കോളജിൽനിന്ന് വന്ന അധ്യാപകരുടെ മുഖത്തേക്ക് നെഞ്ചിടിപ്പോടെ നോക്കി.

‘‘നിന്‍റെ കുഞ്ഞാണോ കരയുന്നത്?’’ -അവരിലൊരാൾ ചോദിച്ചു. ‘‘ആണെങ്കിൽ ഇങ്ങോട്ടെടുത്തോണ്ട് വാ.’’ മനസ്സിൽ നിന്നൊരു ഭാരമിറങ്ങിയ പ്രതീതി. വേഗത്തിൽ ഇറങ്ങിപ്പോയി അച്ചുവിനെയുമെടുത്ത് തിരിച്ചുകയറി. ‘‘കസേരയിലിരുന്ന് അവനെ മടിയിൽ വെച്ചോ. അവനവിടെ സമാധാനത്തോടെ ഇരിക്കട്ടെ’’ -ആ നേരത്ത് എനിക്ക് കിട്ടിയ ആശ്വാസം പടച്ചതമ്പുരാനേ മനസ്സിലാവൂ.

കസേരയിലിരുന്ന പാടേ അവൻ സുഖമായി മടിയിൽ കിടന്നു. ഒന്നും മിണ്ടിയില്ല. അധ്യാപകരുടെ ചോദ്യങ്ങൾക്ക് സമാധാനത്തോടെ മറുപടി പറയാനായ സന്തോഷത്തിൽ ഒരായിരം വട്ടം റബ്ബിനെ സ്തുതിച്ച് റൂം വിട്ടിറങ്ങുമ്പോൾ അച്ചു സുഖമായുറങ്ങാൻ തുടങ്ങിയിരുന്നു.

എന്നെ കാണുമ്പോഴൊക്കെ പിന്നീട് ഞങ്ങളുടെ റാവു സാർ പറയുമായിരുന്നു ‘she attended the viva with her child...’

പ്രാർഥനകൾ എന്നുമുണ്ടാവും; അച്ചുവിനെയുംകൊണ്ട് കോളജിലേക്ക് വരാൻ സമ്മതിച്ചതിന്. വൈവ ഹാളിലേക്ക് അവനെ കയറ്റാൻ സമ്മതിച്ചതിന്. അനുഭവങ്ങളൊന്നും മറക്കാനുള്ളതല്ല, ഓർത്ത് ധൈര്യപ്പെടാനുള്ളതുതന്നെയാണ്.

ഇന്നും വലിയൊരു കൊതി ഉള്ളിലുണ്ട്. വത്സൂനേം ബിൻസിയെയും മറ്റു കൂട്ടുകാരെയുമൊക്കെ കൂട്ടി ഒരുനാൾ ആ മല കയറി നോക്കണം. ഇനിയും കാണണം ഞങ്ങളുടെയാ ലോകം. ഒരു വർഷംകൊണ്ട് ഒരുപാടോർമകൾ സമ്മാനിച്ച എന്‍റെ പ്രിയപ്പെട്ട ലോകം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestyle
News Summary - College memories are special
Next Story