കരഞ്ഞ് പിന്നാലെ ഓടിയ കുഞ്ഞിനെ പിടിച്ചുവലിച്ച് വീടിന്‍റെ അകത്താക്കി പുറത്തുനിന്ന് പൂട്ടി ആ അമ്മ നടന്നകന്നു...
text_fieldsഇരുപത്തി ഏഴര വർഷത്തെ ഒമാൻ ജീവിതത്തിൽ പലതവണ വീട് മാറേണ്ടിവന്നിട്ടുണ്ട്. എപ്പോഴൊക്കെ മാറേണ്ടിവന്നപ്പോഴും ഒരിക്കലും റൂവി നഗരംവിട്ട് ഞങ്ങൾ പോകാറില്ലായിരുന്നു. എല്ലാവിധ സൗകര്യങ്ങളുള്ളതും മലയാളികൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നതുമായ നഗരം.
പലരും ഒരുപാട് ദൂരെ നിന്നുപോലും സാധനങ്ങൾ വാങ്ങാൻ വരുന്നത് റൂവിയിലേക്കാണ്. പെരുന്നാൾ, ക്രിസ്മസ്, ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ അടുക്കുമ്പോൾ തുണിത്തരങ്ങളും മറ്റു സാധനങ്ങളും വാങ്ങാൻ പലഭാഗത്തുനിന്നായി ആൾക്കാർ എത്തിപ്പെടുമ്പോൾ റൂവി പട്ടണം ഏറ്റവും തിരക്കേറിയതായി മാറുന്നു.
ഒരിക്കൽ ഞങ്ങൾ വീട് മാറിയപ്പോൾ തൊട്ടടുത്തായിട്ട് ഉണ്ടായിരുന്നത് ഒരു ബോംബെ കുടുംബമായിരുന്നു. ഭാര്യയും ഭർത്താവും നാലു വയസ്സിൽ താഴെയുള്ള രണ്ട് ആൺകുട്ടികളും. അന്ന് എന്‍റെ മോൾക്ക് ആറുമാസം പ്രായം. എന്‍റെ മലയാള ഭാഷ അവൾക്കോ അവളുടെ ഭാഷ എനിക്കോ വശമില്ലാത്തതുകൊണ്ടുതന്നെ പരസ്പരം വലിയ ബന്ധമൊന്നും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു.
ഒരു ദിവസം രാവിലെ ഏകദേശം 10 മണിയോടടുത്ത സമയം. കുഞ്ഞിന്‍റെ നിലവിളി, അതോടൊപ്പം വാതിൽ വലിച്ചടക്കുന്ന ശബ്ദവും. എന്താണെന്നറിയാൻ ഞാൻ ഓടിപ്പോയി എന്‍റെ വീടിന്‍റെ വാതിൽ തുറന്നുനോക്കിയപ്പോൾ പുറത്ത് ആരെയും കാണാനില്ല. അകത്തുനിന്ന് കുഞ്ഞിന്‍റെ കരച്ചിൽ മാത്രം. എനിക്കൊന്നും മനസ്സിലായില്ല.
രണ്ടാം ദിവസവും മൂന്നാംദിവസവും തുടർന്നുള്ള ദിവസങ്ങളിലും ഇതുതന്നെ ആവർത്തിച്ചു. വാതിൽ വലിച്ചടക്കുന്ന ശബ്ദവും കുഞ്ഞിന്‍റെ നിലവിളിയും. ആ സമയത്ത് വീട്ടിൽ ഞാനും മോളും മാത്രമായിരിക്കും. മക്കൾ സ്കൂളിലും ഭർത്താവ് കടയിലും പോയിക്കഴിഞ്ഞ് ഞാൻ അടുക്കള ജോലിയിലും മറ്റും മുഴുകാറാണ് പതിവ്. ശബ്ദംകേട്ട് പുറത്തേക്ക് ഓടി വരുമ്പോഴേക്ക് ആരെയും കാണില്ല. അകത്തുനിന്നുള്ള കരച്ചിൽ മാത്രം.
ദിവസേനയുള്ള കുഞ്ഞിന്‍റെ കരച്ചിൽ എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അതോടൊപ്പം എന്താണ് സംഭവം എന്നറിയാനുള്ള ആകാംക്ഷയും എന്നിൽ ഏറിവന്നു. ഒരു ദിവസം ആ സമയത്ത് മറ്റ് ജോലികളെല്ലാം മാറ്റിവെച്ച് സംഭവം എന്താണെന്ന് അറിയാൻതന്നെ തീരുമാനിച്ചു. അയൽവാസിയുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കാനുള്ള ആഗ്രഹംകൊണ്ടായിരുന്നില്ല. മറിച്ച് കുഞ്ഞിന്‍റെ കരച്ചിൽ എന്നെ അത്രമാത്രം അസ്വസ്ഥമാക്കിയതുകൊണ്ടായിരുന്നു.
പതിവുപോലെ കുഞ്ഞിന്‍റെ കരച്ചിൽ, വാതിൽ അടക്കുന്ന ശബ്ദം, ഞാൻ ഓടിപ്പോയി വീടിന്‍റെ വാതിൽ തുറന്നു. ആ സ്ത്രീ മൂത്ത കുട്ടിയെ പ്ലേ സ്കൂളിൽ കൊണ്ടുവിടാൻ ഇറങ്ങുകയാണ്. കൂടെ പോകാൻ കരയുകയാണ് ഇളയ കുട്ടി. അമ്മയുടെ പിന്നാലെ കരഞ്ഞുകൊണ്ട് പുറത്തേക്കോടിയ കുഞ്ഞിനെ പിടിച്ചുവലിച്ച് വീടിന്‍റെ അകത്താക്കി പുറത്തുനിന്നും പൂട്ടുന്ന കാഴ്ച എന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. കുഞ്ഞിന് രണ്ടോ രണ്ടരയോ താഴെ പ്രായം.
വീട്ടിൽ മറ്റാരുമില്ല. എനിക്കറിയാവുന്ന അൽപസ്വൽപം ഇംഗ്ലീഷ് വാക്കുകളും ഹിന്ദി വാക്കുകളും അതോടൊപ്പം ലോകത്ത് ഒരു ഭാഷ അറിയാത്തവനും ഏതവസരത്തിലും ഉപയോഗിക്കാവുന്ന ആംഗ്യഭാഷയും ഒക്കെ ചേർത്തുകൊണ്ട് ഞാൻ ആ സ്ത്രീയോട് ആവുന്ന വിധം പറഞ്ഞുനോക്കി.
നിങ്ങൾ തിരിച്ചുവരുന്നതുവരെ കുഞ്ഞിനെ ഇവിടെ ആക്കിക്കോ എന്ന്. ഞാൻ പറഞ്ഞത് തീരെ ഗൗനിക്കാതെ ആ അമ്മ കുട്ടിയുടെ കൈയും പിടിച്ചു നടന്നുപോയപ്പോൾ എന്നിലെ മാതൃഹൃദയം തേങ്ങി. അതോടൊപ്പം കരയുന്ന കുഞ്ഞിനെ റൂമിൽ പൂട്ടിയിട്ട് പോകാൻ തോന്നിയ അവരെക്കുറിച്ചോർത്ത് അത്ഭുതവും തോന്നി. സ്കൂളിലേക്ക് അധികം ദൂരമില്ലെങ്കിലും നടന്നുപോയി തിരിച്ചുവരുമ്പോഴേക്കും സമയം എടുക്കും.
കുഞ്ഞ് അകത്തുകിടന്ന് നിലവിളിക്കുകയാണ്. ഞാൻ കുഞ്ഞിനോട്, കരയല്ലേ മോനേ എന്ന് പറഞ്ഞുകൊണ്ടിരുന്നു. വാതിലിന്‍റെ പിടി പിടിച്ചുതിരിക്കുന്നുമുണ്ട്. എന്‍റെ മലയാളം കുട്ടിക്ക് മനസ്സിലാവുന്നില്ലെങ്കിലും വാതിൽ പിടിച്ചുതിരിക്കുമ്പോൾ ഇപ്പോൾ തുറക്കുമെന്ന പ്രതീക്ഷയിലാവണം കുഞ്ഞിന്‍റെ കരച്ചിൽ നേർത്തുവരുന്നു.
തൊട്ടടുത്ത നിമിഷം പൂർവാധികം ശക്തിയോടെ കരച്ചിൽ വീണ്ടും ഉച്ചത്തിലാവുന്നു. പലവിധ ചിന്തകൾ എന്നെ അലട്ടിത്തുടങ്ങി. കുഞ്ഞ് റൂമിൽ തനിച്ചാണ്. ബാത്റൂമിൽ എങ്ങാനും പോയേക്കുമോ, ബക്കറ്റിലെ വെള്ളത്തിൽ എങ്ങാനും മുങ്ങിയാൽ, ഗൾഫിലെ ചൂടും തണുപ്പും രണ്ടും സഹിക്കാൻ പറ്റാത്തതാണ്. കഠിന തണുപ്പുകാലത്ത് വെള്ളം ഐസ് പോലെ തണുക്കുന്നുണ്ടാവും. ചൂടുകാലത്ത് തിളപ്പിച്ച വെള്ളംപോലെ തൊടാൻ പറ്റാത്ത ചൂടും.
ചൂടുകാലത്ത് കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ബാത്റൂമിൽ ബക്കറ്റിൽ വെള്ളം പിടിച്ചുവെക്കുന്നത് സർവസാധാരണയാണ്. കുഞ്ഞുങ്ങൾ വെള്ളത്തിൽ മുങ്ങി അപകടം പറ്റുന്നത് പലതവണ കേട്ടിട്ടുണ്ട്. അങ്ങനെയൊരു ചിന്തയും എന്നെ വല്ലാതെ ഭയപ്പെടുത്തി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല.
എന്‍റെ വീടിന്‍റെ എല്ലാ മുറിയുടെയും താക്കോൽ എടുത്തുകൊണ്ട് അവരുടെ വീട് തുറക്കാനുള്ള ശ്രമം നടത്തി. പാഴ്ശ്രമം ആണെന്ന് അറിയാമായിരുന്നിട്ടും ഏതെങ്കിലും ഒരു താക്കോൽ കൊണ്ടെങ്കിലും തുറക്കാൻ കഴിയണേ എന്ന് പ്രാർഥിച്ചുപോയി. അതിനിടയിൽ എന്‍റെ വീട്ടിലെ ലാൻഡ് ഫോൺ റിങ്ചെയ്തു. ഓടിവന്ന് ഫോണെടുത്തപ്പോൾ മറുതലക്കൽ ഭർത്താവ്. എന്‍റെ സ്വരത്തിലെ പരിഭ്രാന്തി തിരിച്ചറിഞ്ഞ അദ്ദേഹം കാര്യം തിരക്കി.
അപ്പുറത്തെ വീട്ടിലെ സ്ത്രീ ചെറിയ കുഞ്ഞിനെ വീട്ടിൽ പൂട്ടിയിട്ട് മൂത്തയാളെ സ്കൂളിൽ കൊണ്ടുവിടാൻ പോയി. കുഞ്ഞ് കരയുകയാണ്. അതിനു നീ എന്തിനാ ഇങ്ങനെ ബേജാറാവുന്നത്, അമ്മതന്നെയല്ലേ ആക്കിയിട്ട് പോയത്. അവരിപ്പോ വരുമായിരിക്കും. ഇല്ല കുറേ സമയമായി പോയിട്ട്. ആ കുഞ്ഞാണെങ്കിൽ നിർത്താതെ കരയുകയാണ്. നമ്മുടെ വീടിന്‍റെ താക്കോലുകളൊക്കെ എടുത്ത് തുറക്കാൻ നോക്കി, പറ്റുന്നില്ല.
മറുതലക്കൽ ഒരു ഞെട്ടൽ.
നീ താക്കോൽ എടുത്ത് അവരുടെ വീട് തുറക്കാൻ നോക്കിയോ?
ആ, പക്ഷേ തുറക്കാൻ പറ്റുന്നില്ല.
ഞാൻ സങ്കടത്തിന്‍റെയും നിരാശയുടെയും അങ്ങേതലക്കൽ എത്തിയിരുന്നു.
മണ്ടൂസി, നീ എങ്ങനെയാ ആ വീട് തുറക്കാൻ നോക്കൽ.
അതിനെന്താ, കുഞ്ഞ് വല്ലാതെ കരയുന്നതുകൊണ്ടല്ലേ, കാര്യത്തിന്‍റെ ഗൗരവം ആലോചിക്കാതെ ഞാൻ വളരെ നിസ്സാരമായി പറഞ്ഞു.
നീ വീട് തുറക്കാൻ നോക്കുന്നത് കണ്ടുകൊണ്ടാണ് അവർ കയറിവന്നതെങ്കിലുള്ള അവസ്ഥ നീ ആലോചിച്ചോ?
അവരില്ലാത്ത സമയത്ത് വീട് കുത്തിപ്പൊളിക്കാൻ നോക്കിയെന്നുപറഞ്ഞ് നിന്‍റെ പേരിൽ പരാതി കൊടുത്താലോ, നീ അകത്ത് കിടക്കേണ്ടിവരും. അപ്പോൾ മാത്രമാണ് ഞാൻ ചെയ്ത അബദ്ധത്തിന്‍റെ ഗൗരവം ചിന്തിക്കുന്നത്. കുഞ്ഞിന്‍റെ നിലവിളിയിൽ, ദയനീയതയിൽ സാമാന്യബുദ്ധികൂടി എനിക്ക് കൈമോശം വന്നതാവാം.
എന്‍റെ മോളെയും കൈയിലെടുത്തുകൊണ്ട് ഞാൻ വീണ്ടും വാതിൽക്കൽ പോയി നിന്നു. കുഞ്ഞ് അപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല. കുറെ സമയം കഴിഞ്ഞപ്പോഴതാ പതുക്കെ നടന്നുവരുന്നു കുഞ്ഞിന്‍റെ അമ്മ. എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരി സമ്മാനിച്ചു. അവരുടെ നടത്തത്തിന് വേഗതയോ മുഖത്ത് പരിഭ്രാന്തിയോ ഒന്നും കാണാതിരുന്നപ്പോൾ അവരെക്കുറിച്ച് ഞാൻ വീണ്ടും അത്ഭുതംകൊള്ളുകയായിരുന്നു.
സ്കൂൾ വരെ പോയി വരുമ്പോഴേക്കും കുഞ്ഞിന് ഒന്നും സംഭവിക്കില്ല എന്ന വിശ്വാസമാവാം കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി പോകാൻ അവരെ പ്രേരിപ്പിച്ചത്. ഇതുപോലെ പലരും മറ്റു നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നുണ്ടാവാം. എന്നാൽ, നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ മതി കുഞ്ഞുങ്ങളെ വലിയ അപകടങ്ങളിലേക്ക് തള്ളിവിടാൻ എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.