‘വീട്ടുകാരോടുപോലും പോരാടിയായിരുന്നു അവൻ സ്കൂളിലെത്തിയത്. ബാപ്പയെ വിളിക്കുന്നതൊഴികെ എന്തു ശിക്ഷയും വിധിക്കാം എന്നായിരുന്നു അവന്‍റെ അഭ്യർഥന’
text_fieldsഉച്ചഭക്ഷണത്തിനായി സ്റ്റാഫ് റൂമിന്‍റെ മധ്യഭാഗത്ത് വട്ടത്തിലിരിക്കുമ്പോഴാണ് സുബൈർ മാഷ് തന്‍റെ പരാതി ബോധിപ്പിച്ചത്. അദ്ദേഹം തന്‍റെ ക്ലാസിലെ ഒരു കുട്ടിയെ പുറത്താക്കി, രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞിട്ട് നാലു ദിവസമായി, ഇതുവരെ കൊണ്ടുവന്നിട്ടില്ല.
എന്തു ചെയ്യണമെന്ന മാഷിന്‍റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഭക്ഷണം കഴിച്ചു തീരും വരെ ചർച്ച. ആ കുട്ടിയെ വിളിച്ച് സ്റ്റാഫ് റൂമിൽ കൊണ്ടുവന്ന് വിചാരണ ചെയ്യണമെന്ന തീരുമാനത്തിൽ സഭ പിരിഞ്ഞു. 1999ലാണ് സംഭവം. അന്ന് പല അധ്യാപകരും വിദ്യാർഥികളുടെ അവകാശങ്ങൾ, മാനസികാവശ്യങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കില്ല എന്നു മാത്രമല്ല, അവരെ വ്യക്തികളായി പോലും പരിഗണിക്കാറുമില്ല. അധ്യാപന പരിശീലനം നേടി വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദമുള്ള അധ്യാപകർ പോലും അക്കാലത്ത്, ചിലരെങ്കിലും ഇക്കാലത്തും കുട്ടികളുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നത് കാണാറില്ല.
സ്റ്റാഫ് റൂം വിചാരണ എന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ വ്യക്തിഹത്യ തന്നെയാണ്. അതിനാണ് കുട്ടിയെ വിളിപ്പിച്ചത്. ഫസൽ മാഷ് മുഖ്യ വക്കീലിന്‍റെ സ്ഥാനത്തിരുന്ന് വിചാരണ ആരംഭിച്ചു. വിചാരണയിൽ ഉടനീളം അവൻ ആവശ്യപ്പെട്ടത് ബാപ്പയെ വിളിക്കുന്നതൊഴികെ എന്തു ശിക്ഷയും വിധിക്കാം എന്നായിരുന്നു. എന്നാൽ, അവന്‍റെ ആവശ്യത്തിന്‍റെ ശക്തിക്ക് അനുസരിച്ച് പിതാവ് വന്നേ തീരൂ എന്നായി ഞങ്ങൾ.
കുറ്റവാളിയെപ്പോലെ തല താഴ്ത്തി തിരിച്ചുനടക്കുന്ന ആ കൗമാരക്കാരന്‍റെ അഭിമാനത്തിനേറ്റ ക്ഷതമോ കണ്ണിൽ മുറ്റിനിന്ന കണ്ണീരോ ഞങ്ങളെയാരെയും ലവലേശംപോലും അലോസരപ്പെടുത്തിയില്ലല്ലോ എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു.
പിന്നീട് സ്കൂൾ മുറ്റത്തേക്ക് ഇരമ്പിവന്ന എം80 സ്കൂട്ടറിന്‍റെ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയ സുബൈർ സാർ കണ്ടത് തടിച്ചു കുറുതായ ഒരു മനുഷ്യനെയാണ്. മുന്നോട്ടു കെട്ടിയ ടവൽ, വയറിന്‍റെ ഭാഗത്ത് കുപ്പായ കുടുക്കുകൾ ഇപ്പോൾ പൊട്ടുമെന്ന ഭാവത്തിൽ. ഒരു മുൻശുണ്ഠിക്കാരനാണെന്ന് എഴുതിവെച്ച മുഖഭാവം.
തന്‍റെ ദേഷ്യം മുഴുവൻ ആവാഹിച്ചാണ് അയാൾ സ്കൂട്ടർ ശക്തിയോടെ സ്റ്റാൻഡിലിട്ടത്. ആകെക്കൂടിയുള്ള ഭാവഹാവാദികൾ കണ്ടപ്പോൾ തന്നെ ഇതു തന്‍റെ പിടിയിലൊതുങ്ങില്ല എന്ന് സുബൈർ സാറിന് മനസ്സിലായി. അതിനു കരുത്തേകിക്കൊണ്ട് ക്ലാസിന് പുറത്തുനിൽക്കുന്ന അവന്‍റെ 'അള്ളാ, ബാപ്പ' എന്ന നിലവിളി സ്വരത്തിലുള്ള ആത്മഭാഷണം കൂടിയായപ്പോൾ സുബൈർ മാഷ് തളർന്നു. പ്രശ്നപരിഹാരത്തിന് ഇനി ആശ്രയം ഫസൽമാഷ് തന്നെ. സ്റ്റാഫ് റൂമിലേക്ക് ഓടിക്കയറിയ സുബൈർമാഷ് കിതക്കുന്നുണ്ടായിരുന്നു.
‘‘മാഷേ അവന്‍റെ ബാപ്പ വന്നീണ്ട്, ലേശം ചൊറയാകുമെന്നാണ് തോന്നുന്നത്’’ -കിതപ്പിനിടയിൽ സുബൈർമാഷ് പറഞ്ഞൊപ്പിച്ചു. ഇതൊക്കെയെത്ര കണ്ടതാ എന്ന ഭാവത്തിൽ ഫസൽമാഷ് കസേരയിൽ ഒന്നുകൂടി ചരിഞ്ഞിരുന്നു. സുബൈർ മാഷിന്റെ വെപ്രാളം കണ്ടപ്പോൾ, നിങ്ങൾ മേശക്കടിയിലേക്ക് ഒളിച്ചിരുന്നോ എന്ന കളിയാക്കലിൽ ഫസൽ മാഷിന്റെ ആത്മവിശ്വാസം തുളുമ്പിനിൽപുണ്ടായിരുന്നു. ഒരു അങ്കം കാണാനുള്ള ആവേശത്തോടെ ഞങ്ങളുമിരുന്നു.
‘ഇപ്പണിത്തിരക്കിനിടയിൽ എന്നെ ഇപ്പോ ആരാ ഇങ്ങോട്ട് വിളിപ്പിച്ചത്’ എന്ന ചോദ്യത്തോടെയാണ് അയാൾ സ്റ്റാഫ് റൂമിലേക്ക് കയറിയത്. മുഖത്ത് പുച്ഛവും ദേഷ്യവും നിറഞ്ഞ ഭാവം. എല്ലാവരും മൗനം വിഴുങ്ങി ഇരുന്നു. രംഗം ശാന്തമാക്കാനായി ഗൗരവം വിടാതെ ‘നിങ്ങളിരിക്ക്’ എന്നുപറഞ്ഞ് ഫസൽമാഷ് ഉത്തരവാദിത്തം ഏറ്റെടുത്തു. ‘ഇവിടെ ഇരുത്തി സൽക്കരിക്കാനാണോ ഇപ്പൊ എന്നെ വിളിച്ചുവരുത്തിയത്’ എന്നായി അദ്ദേഹം.
‘‘അല്ല മകന്‍റെ കാര്യങ്ങൾ സംസാരിക്കാനാണ് നിങ്ങളെ വിളിച്ചുവരുത്തിയത്. നിങ്ങളിരിക്കൂ, സംസാരിക്കാം.’’
മുമ്പെങ്ങുമില്ലാത്തവിധം അതീവ വിനയാന്വിതനായാണ് ഫസൽമാഷ് സംസാരിച്ചത്. പക്ഷേ, അയാളുടെ ദേഷ്യത്തിന് ഒരു അയവുമില്ല. ‘‘അവന്‍റെ കാര്യങ്ങൾ എന്തിന് എന്നോട് പറയണം, അത് അവനോടല്ലേ പറയേണ്ടത്?’’
ഇനി ഇയാളോട് എന്ത് പറയുമെന്നായി എല്ലാവരും.
‘‘നിങ്ങളുടെ മകൻ പഠന കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല, അത് നിങ്ങളോടല്ലാതെ പിന്നെ ആരോടാ പറയേണ്ടത്’’ -ഫസൽമാഷും വിട്ടുകൊടുത്തില്ല.
‘‘ആഹാ! അവൻ പഠിക്കുന്നില്ലേ, നന്നായി, അവനിപ്പഴാ എന്റെ മോനായത്, മര്യാദക്ക് എന്‍റെകൂടെ പണിക്ക് പോന്നാൽ ദിവസം 250 രൂപ കൂലി കിട്ടും. അതിന് മടിയായിട്ടാ പഠിക്കാൻന്നും പറഞ്ഞു ബുക്കും പിടിച്ച് ഇങ്ങോട്ട് പോരുന്നത്. വലിയ പഠിപ്പൊക്കെണ്ടായിട്ട് നിങ്ങളെപ്പോലെ പൈസ കൊടുത്ത് പണീലാക്കാനൊന്നും നിക്ക് വകയില്ല.’’
അതുവരെ വീമ്പോടെ നിന്നിരുന്ന ഫസൽ മാഷടക്കം തളർന്നുപോയി.
‘നിങ്ങളെന്നെ നന്നാക്കാൻ നോക്കാണ്ട് ഓന് ഇക്കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നാളെ ന്‍റെ ഒപ്പം പണിക്ക് അയക്കി’ എന്നും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി. സ്വന്തം കർത്തവ്യങ്ങൾ മറന്ന് എല്ലാവരും മൂഢരായി ഇരുന്നു.
സ്വന്തം വീട്ടുകാരോടുപോലും പോരാടിയാണ് ആ കുട്ടി പഠിക്കാനെത്തുന്നത് എന്നത് കഠിനഹൃദയരെപ്പോലും അലിയിച്ചുകളഞ്ഞു. പിന്നെ അവന്‍റെ പഠനം ഞങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്തമായി. പുസ്തകവും യൂനിഫോമും വണ്ടിക്കൂലിപോലും ഓരോരുത്തരായി ഏറ്റെടുത്തു. നല്ല മാർക്കോടെ അവൻ പ്ലസ് ടു പാസായി. ബി.ഫാം കോഴ്സ് തിരഞ്ഞെടുത്ത അവൻ ഒരു ഹോസ്പിറ്റലിൽ ഫാർമസിസ്റ്റായി ജോലിയിലും കയറി.
സിനിമാക്കഥയുടെ ഭാഷയിൽ പറഞ്ഞാൽ പിന്നീടാണ് ട്വിസ്റ്റ്. പ്ലസ് വൺ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തകൃതിയായി നടക്കുന്ന സമയം. ഈ കഥയിലെ നായകനായ ബാപ്പ കടന്നുവരുന്നു. അഡ്മിഷൻ ഡെസ്കിലിരിക്കുന്ന ഫിറോസ് മാഷോട് മയവുമില്ലാതെ ഒറ്റ ചോദ്യം.
‘‘ആ ഫസൽ മാഷെവിടെ? എനിക്കയാളെ ഒന്ന് കാണണം.’’
അയാൾ പറഞ്ഞുതീരും മുമ്പേ പടച്ചോനേ എന്ന ദീർഘനിശ്വാസത്തോടെ സമീർ യൂനിഫോമിന്‍റെ പണം പിരിച്ചുകൊണ്ടിരിക്കുന്ന ഫസൽമാഷിന്‍റെ അടുത്തേക്കോടി. പിറകെ അയാളെയും കൂടെ വന്ന ഒരു കൊച്ചുപയ്യനെയും കൂട്ടി ഫിറോസ് മാഷും ഫസൽ മാഷിന്‍റെ മുന്നിൽ ഹാജർ.
'ഇതിപ്പോ എന്തു ഗുലുമാലുമായിട്ടാണാവോ വന്നത്' എന്ന് അടക്കം പറഞ്ഞ ഫസൽ മാഷോട് അയാൾ മുഖവുരയില്ലാതെ പറഞ്ഞു.
‘‘ഇത് എന്റെ ഇളയ മോനാ ഇവനെ ഇവിടെ ചേർക്കണം. ഏതു വിഷയമാണെന്നൊന്നും എനിക്കറിയൂല, മൂത്തോൻ പഠിച്ച അതേ വിഷയംതന്നെ ഇവനേം പഠിപ്പിക്കണം.’’
എല്ലാരും എന്താ സംഭവിച്ചത് എന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ്, അയാൾ വിശദീകരിച്ചു.
‘‘മൂത്ത മോൻ ഇവിടെ പഠിച്ച് പോയി അവനിപ്പം നല്ലൊരു ജോലിയായി. മാത്രവുമല്ല, നാട്ടിലുള്ളവർ ആശുപത്രിയിൽ ചെല്ലുമ്പോ ചില്ലറ ഉപകാരങ്ങളൊക്കെ അവൻ ചെയ്തുകൊടുക്കുന്നോണ്ട് നാട്ടുകാരുടെ ഇടയിൽ എന്‍റെ വെയിറ്റൊന്ന് കൂടീണ്ട്. ഞാനിപ്പം ഓന്റെ വാപ്പ എന്ന നിലയിൽ വിദ്യാഭ്യാസൊക്കെ ഉള്ള ആളെപ്പോലെയായി, ന്റെകൂടെ പണിക്കു വന്നിരുന്നവരുടെ മക്കളെയൊക്കെ പഠിപ്പിക്കാൻ പറഞ്ഞയക്കണംന്ന് എല്ലാരോടും പറയും. കുറെ പൈസ ണ്ടാക്കലല്ലോ ജീവിതം.
നാട്ടുകാർക്കും മക്കളെക്കൊണ്ടും നമ്മളെക്കൊണ്ടും ഒരു ഉപകാരം വേണ്ടേ? ഇനി ഇവൻകൂടി പഠിച്ച് അവനെക്കാൾ നാട്ടുകാരെ സഹായിക്കാൻ പറ്റുന്ന ഒരു ഉദ്യോഗത്തിലെത്തട്ടെ.’’
സ്വന്തം ജീവിതസൗകര്യങ്ങൾ മെച്ചപ്പെടാനല്ല നമ്മൾ പഠിക്കേണ്ടത്. സമൂഹത്തിലെ വിവിധ തുറകളിൽപെട്ടവരെ സഹായിക്കുന്ന സ്ഥാനങ്ങളിൽ എത്തിച്ചേരാൻ കൂടിയാവണമെന്ന് അന്നുമുതൽ ഞാനും എന്‍റെ ക്ലാസുകളിൽ പറയാൻ തുടങ്ങി.
കുട്ടികളും രക്ഷിതാക്കളും അധ്യാപകരെ പഠിപ്പിക്കുന്നതുകൂടി ചേർന്നതാണ് നമ്മുടെ സാമൂഹിക പാഠങ്ങൾ.
(ഓർത്തു നോക്കുമ്പോൾ ഉള്ളിൽ വന്ന് തട്ടുന്നൊരോർമയില്ലേ, സർവിസ് ജീവിതത്തിൽ, തൊഴിലിടത്തിൽ, ഓഫിസിൽ... അതെന്തുമാവട്ടെ, വായനക്കാരുമായി പങ്കുവെക്കാനൊരിടം മൈ സ്റ്റോറി...നിങ്ങളുടെ കുറിപ്പും മേൽവിലാസവും ഫോട്ടോയും സഹിതം അയക്കുക: kudumbam@madhyamam.com വാട്സ്ആപ്: 9645005018)
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.