മുൻ പരിചയമില്ലാത്ത ആഫ്രിക്കൻ യുവതിക്ക് പല തവണയായി പണം കടം കൊടുത്തിട്ടും ഒന്നും തിരികെ ലഭിക്കാത്ത മലയാളി യുവാവ് അനുഭവിച്ച പ്രയാസങ്ങൾ
text_fieldsമറ്റുള്ളവരാൽ പറ്റിക്കപ്പെടുന്നവൻ എന്ന ചാപ്പ കാലങ്ങളായി പേറി നടക്കുന്നയാളാണ് ഞാൻ. ഒന്നാലോചിക്കുമ്പോൾ സംഗതി ശരിയുമാണ്. ഒരു റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ കൂടിനിൽക്കുന്ന നൂറുകണക്കിനാളുകൾക്കിടയിൽ ‘ഇവൻ എളുപ്പം കുടുങ്ങുന്ന ഇരയാണ്’ എന്ന് തിരിച്ചറിയാറുണ്ട് തട്ടിപ്പുകാർ. രണ്ടു കാരണങ്ങൾ കൊണ്ടാണ് വീണ്ടും വീണ്ടും പറ്റിക്കപ്പെടുന്നത്.
ഒരാൾ മുന്നിൽ വന്ന് സങ്കടം പറയുമ്പോൾ അവരെ അവിശ്വസിക്കാൻ മനസ്സ് സമ്മതിക്കാറില്ല, രണ്ടാമത്തെ കാര്യം നോ എന്ന് പറയാൻ നാവ് പൊങ്ങാറുമില്ല.
ജീവിതത്തിൽ അബദ്ധങ്ങളും അമളികളും മാത്രം പോരല്ലോ അവിശ്വസനീയമായ ചില നല്ല മുഹൂർത്തങ്ങളുമുണ്ടായിട്ടുണ്ട്. അതിലൊന്ന് ഇവിടെ കുറിക്കട്ടെ.
ദുബൈയിൽ ജോലി ചെയ്യുന്ന കാലം. ഞാൻ താമസിച്ചിരുന്ന വീടിനടുത്ത ബർഷ ഫാത്തിമ മർസൂഖ് അൽ റഷ്ദാൻ മസ്ജിദിൽനിന്ന് ഇടക്കിടെ ഭക്ഷണപ്പൊതികൾ കിട്ടിയിരുന്നു. രുചികരമായ മൊറോക്കൻ ബ്രഡും കറികളുമാണ് മിക്കപ്പോഴുമുണ്ടാവുക. എല്ലാവരും കഴിച്ച ശേഷം മിച്ചം വരുന്നത് ആർക്കു വേണമെങ്കിലുമെടുക്കാം. അല്ലെങ്കിൽ വെയ്സ്റ്റ് ബിന്നിലേക്ക് പോകും.
ആരും എടുക്കാത്ത ദിവസങ്ങളിൽ ഞാൻ ഒന്നോ രണ്ടോ പൊതി വീട്ടിൽ കൊണ്ടുപോയി ഫ്രിഡ്ജിൽ സൂക്ഷിക്കും. ഓഫിസിലേക്ക് പോകാനൊരുങ്ങുമ്പോൾ ചൂടാക്കി ബാഗിൽ കരുതും. ആവശ്യക്കാരെയാരെയെങ്കിലും കണ്ടെത്തി കൈമാറും. ഒരു ദിവസം ഭക്ഷണപ്പൊതിക്ക് ആവശ്യക്കാരാരുമുണ്ടായിരുന്നില്ല. ആവശ്യക്കാരെ നോക്കി ഞാൻ മെട്രോ സ്റ്റേഷനിൽത്തന്നെ നിന്നു. അപ്പോഴാണ് സ്റ്റേഷനിൽ ശുചീകരണ ജോലി ചെയ്യുന്ന തലമുടി ഭംഗിയിൽ പിന്നിയിട്ട ആഫ്രിക്കൻ യുവതിയെക്കണ്ടത്.
‘‘എന്‍റെ കൈയിൽ ഒരു പൊതി ഭക്ഷണമുണ്ട്, നിങ്ങൾക്ക് സ്വീകരിക്കുന്നതിൽ വിരോധമുണ്ടോ’’ -കേൾക്കാൻ കൊതിച്ച് നിന്നിരുന്ന പോലെ, അത്യധികം സന്തോഷത്തോടെ അവരത് സ്വീകരിച്ചു, നന്ദി പറഞ്ഞു.
പിന്നെയും ഇടക്ക് വീട്ടിൽനിന്ന് ഭക്ഷണം പൊതിയുമ്പോൾ അവരെ ഓർക്കും, ചില ദിവസങ്ങളിൽ കാണും. മുഖവുരയൊന്നുമില്ലാതെ കൊടുക്കും. പുഞ്ചിരിക്കും. പരസ്പരം സംസാരിക്കാറില്ല.
ഒരു ദിവസം ഞാൻ ട്രെയിൻ ഇറങ്ങി വരുമ്പോൾ അവർ അരികിൽ വന്നു, ഡ്യൂട്ടി സമയം കഴിഞ്ഞെങ്കിലും എന്നെ കാത്തുനിൽക്കുകയാണെന്ന് പറഞ്ഞു. സോറി ഇന്ന് ഞാൻ ഭക്ഷണപ്പൊതി കരുതിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു: ‘‘ട്രാഫിക് നിയമം അറിയാതെ ലംഘിച്ചതിന് എന്‍റെ ചില രേഖകൾ അധികൃതർ പിടിച്ചുവെച്ചിരിക്കുകയാണ്. 250 ദിർഹം പിഴയടച്ചാലേ വിട്ടുകിട്ടൂ. എനിക്ക് കടം ചോദിക്കാൻ മറ്റാരുമില്ല. നിങ്ങൾ എനിക്ക് 250 ദിർഹം തന്ന് സഹായിക്കണം. അടുത്തയാഴ്ച സാലറി കിട്ടിയിട്ട് തിരിച്ചു തരാം’’.
250 ദിർഹമെന്നാൽ 5000 ഇന്ത്യൻ രൂപയിലേറെ വരും. അങ്ങനെ ഒരു പാട് ആയിരങ്ങൾ പരിചയക്കാർ കടം വാങ്ങി പറ്റിച്ചിട്ടുണ്ട്. പക്ഷേ, ഒരു പരിചയവുമില്ലാത്ത വ്യക്തി, അതും ഒരു വിദേശി യുവതിക്ക് പറ്റിക്കാൻ നിന്നുകൊടുക്കണോ എന്ന് മനസ്സ് ചോദിച്ചു. പക്ഷേ, അവർ യഥാർഥ ആവശ്യക്കാരിയാണെങ്കിലോ? എന്തായാലും വരുന്നതു വരട്ടെ. അടുത്തുള്ള എ.ടി.എമ്മിൽനിന്ന് പണമെടുത്ത് പടച്ചവന്‍റെ നാമത്തിൽ അവരുടെ കൈയിൽ കൊടുത്തു.
കൃത്യം ഒരാഴ്ചക്ക് ശേഷം അന്നത്തേതുപോലെ അവർ ട്രെയിൻ ഇറങ്ങുന്നിടത്ത് കാത്തുനിൽക്കുന്നു. എന്നെക്കണ്ടതും നിറഞ്ഞ പുഞ്ചിരിയോടെ അടുത്തുവന്നു. തിരിച്ചുകിട്ടിയ എമിറേറ്റ്സ് ഐഡി കാർഡെടുത്ത് കാണിച്ച് നിങ്ങളാണിത് സാധ്യമാക്കിത്തന്നതെന്ന് നന്ദിവാക്കു പറഞ്ഞു. പണം തിരികെത്തന്നു. ആ കാർഡിൽ നിന്നാണ് അവരുടെ പേര് എലിംഗമയ ഫുത്തിംഗ എന്നാണെന്നും സിംബാവെക്കാരിയാണെന്നും ഞാൻ അറിയുന്നത്.
ഏതാനും മാസം കഴിഞ്ഞ് ഒരു ദിവസം അവരെന്നോട് ലാപ്ടോപ് വാങ്ങാൻ ആഗ്രഹമുണ്ടെന്നും ആയിരം ദിർഹത്തിന്‍റെ കുറവുണ്ടെന്നും പറഞ്ഞപ്പോൾ കൂട്ടുകാരന്‍റെ മുന്നറിയിപ്പ് മനസ്സിലെത്തി. അനുയോജ്യമായ മോഡൽ തിരഞ്ഞെടുക്കാൻ സഹായം വേണമെന്നും കടയിൽ കൂടെ വരണമെന്നും ആവശ്യപ്പെട്ടു. ഞാൻ പണം നൽകി, അവർ എന്‍റെ വാട്സ്ആപ് നമ്പർ ചോദിച്ചു. അവരുടെ നമ്പർ ഞാനും കുറിച്ചെടുത്തു.
കുറച്ചു ദിവസം കാത്തു നിൽക്കേണ്ടി വന്നെങ്കിലും ആ പണവും അവർ തിരിച്ചുതന്നു. അടുത്തത് അവർ കൂടുതൽ തുക ചോദിക്കും. അതോടെ തട്ടിപ്പിന്‍റെ ബമ്പറടിക്കും. ആ അടുത്ത കാലത്ത് സംഭവിച്ച ഒരു ചതിവിന്‍റെ പശ്ചാത്തലത്തിൽ കൂട്ടുകാരന്‍റെ മുന്നറിയിപ്പ് ഞാൻ ഗൗരവത്തിലെടുത്തു.
ഒരു പറ്റിപ്പ് കൂടി താങ്ങാവുന്ന സാമ്പത്തിക-മാനസിക സ്ഥിതിയിലായിരുന്നില്ല ഞാൻ. അവരുമായി കാണുന്നത് തീരെ കുറഞ്ഞുവന്നു. ഭക്ഷണപ്പൊതി അതിന്‍റെ മറ്റ് അവകാശികളെ കണ്ടെത്തി.
ഒരു ദിവസം അപ്രതീക്ഷിതമായി Hi മെസേജ്. മറുതലക്കൽ അവരാണ്. സിംബാവെയിൽനിന്ന് മാതാപിതാക്കളും അമ്മാവനുമടക്കം കുറെ ബന്ധുക്കൾ ദുബൈയിൽ വരുന്നുവെന്നും അവർക്ക് താമസിക്കാൻ മുറി ബുക്ക് ചെയ്യാനുള്ള ആവശ്യത്തിലേക്ക് രണ്ടായിരം ദിർഹം നൽകണമെന്നുമായിരുന്നു അവർ പറഞ്ഞതിന്‍റെ ചുരുക്കം. രണ്ടായിരം ദിർഹം എന്ന് കേട്ടതും നെഞ്ച് പിടച്ചു.
കഴിഞ്ഞ ദിവസം സാലറി കിട്ടിയതിനാൽ കൈയിൽ പൈസയില്ല എന്ന് പറയാൻ നിവൃത്തിയില്ല. നിങ്ങളെ എനിക്കറിയില്ല, പണം തരില്ല എന്ന് പറഞ്ഞ് നമ്പർ ബ്ലോക്ക് ചെയ്യ് എന്ന് മനസ്സിന്‍റെ ഒരു കോൺ ഉപദേശിച്ചു. എന്നാൽ, ഭൂഖണ്ഡങ്ങൾക്കപ്പുറത്തുനിന്ന് കാണാൻ വരുന്ന മാതാപിതാക്കളെ തന്‍റെ ഇല്ലായ്മകളൊന്നും അറിയിക്കാതെ വരവേൽക്കാനൊരുങ്ങുന്ന ഒരു പ്രവാസിയുടെ അഭിമാനത്തിനൊപ്പം നിൽക്കുകയാണ് ഇപ്പോൾ വേണ്ടതെന്നായി മനസ്സിന്‍റെ മറുവശത്തുനിന്ന് കേട്ട അശരീരി. തരാമെന്നോ ഇല്ലെന്നോ പറയാതെ ok എന്ന് മാത്രം മറുപടി അയച്ചു. Thank you very much, will wait you at metro station tommorrow എന്ന് അവരുടെ മറുപടി.
പിറ്റേ ദിവസം പണം നൽകി. വിസ ഏതാനും മാസങ്ങൾക്കകം അവസാനിക്കുമെന്നും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണെന്നും മാതാപിതാക്കളും ഭാര്യസന്താനങ്ങളും അവിടെ എന്നെ പ്രതീക്ഷിച്ചിരിപ്പാണെന്നും പറഞ്ഞ് എന്‍റെ ഭദ്രമല്ലാത്ത സാമ്പത്തികാവസ്ഥയെക്കുറിച്ച് അവർക്കൊരു ധാരണ നൽകാൻ ഞാൻ ശ്രമം നടത്തിയെങ്കിലും അവർ അതത്ര ഗൗനിച്ചതായി തോന്നിയില്ല.
പണം നൽകി ഒരു മാസം കഴിഞ്ഞു, മെസേജൊന്നുമില്ല. അങ്ങോട്ട് കയറി മിണ്ടാൻ സ്വതവേയുള്ള വിമ്മിട്ടം കാരണം ഞാൻ ചോദിച്ചുമില്ല. മെട്രോ ഇറങ്ങുമ്പോൾ പതിവായി എന്‍റെ കണ്ണുകൾ അവരെ പരതാൻ തുടങ്ങി. ഇല്ല അവരെ കാണാനേയില്ല. എന്‍റെ വിസ അവസാനിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഴ്ചകൾ മാത്രം. താമസിക്കുന്ന പ്രദേശം പറഞ്ഞു തന്നിട്ടുണ്ടെങ്കിലും അവിടേക്ക് അന്വേഷിച്ചു പോകുന്നതൊന്നും അത്ര സുരക്ഷിതമല്ല, പ്രത്യേകിച്ച് പണം നൽകിയതിന് ഒരു രേഖയുമില്ലാത്ത സാഹചര്യത്തിൽ വാദി പ്രതിയാകാൻ പോലും സാധ്യതയുണ്ട്.
കൂട്ടുകാരൻ പറഞ്ഞതുപോലെ അവർ ഇത്തവണ എന്നെ ഊറ്റിയിരിക്കുന്നു. മുന്നറിയിപ്പുകളെ അവഗണിച്ച ഞാനെത്ര മണ്ടൻ. 2000 ദിർഹം എന്ന വലിയ സംഖ്യയെക്കുറിച്ച് മറന്നേക്കൂ എന്ന് ഞാൻ മനസ്സിനോട് പറഞ്ഞു. പക്ഷേ, അവസാന ശ്രമം എന്ന നിലയിൽ ‘‘അടുത്ത ശനിയാഴ്ച ഞാൻ നാട്ടിലേക്ക് മടങ്ങുന്നു; നിങ്ങളെ ഇവിടെ അന്വേഷിച്ചു, കണ്ടില്ല’’ എന്ന് അവർക്ക് മെസേജ് അയച്ചു. മറുപടിയില്ല, പിറ്റേന്ന് നോക്കിയപ്പോൾ അവർ മെസേജ് വായിച്ചതിന്‍റെ സാക്ഷ്യമായി നീല ടിക്ക് കണ്ടു, മറുപടിയില്ല. ഞാൻ നാട്ടിലേക്ക് പോകാനുള്ള പെട്ടികെട്ടലും ഒരുക്കവുമൊക്കെ തുടങ്ങി. വെള്ളിയാഴ്ച രാവിലെ ഒരു മെസേജ് വന്നു. ‘‘കുറച്ചു നാൾ ജോലി ഇല്ലാതെ ഇരിക്കുകയായിരുന്നു, അതാണ് പണം നൽകാൻ കഴിയാഞ്ഞത്. ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ഇബ്ൻ ബത്തൂത്ത മാളിനടത്തു വരാമോ’’ എന്ന് ചോദിച്ചു.
കൃത്യം അഞ്ചു മണിക്ക് ഞാൻ മാളിലെത്തി. അവർ എവിടെയുണ്ടാകുമെന്ന് നിശ്ചയമില്ല. പെട്ടെന്ന് അവർ ഒരു ഷോപ്പിനുള്ളിൽനിന്ന് ഓടി വന്നു, ‘‘എനിക്ക് ദൈവം തന്ന സഹോദരനാണ് നിങ്ങൾ’’ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി. ദുബൈയിലെ ജോലി നഷ്ടപ്പെട്ടതോടെ കുറെക്കാലം ഭക്ഷണത്തിന് പോലും പണമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഒരാളോടും സഹായം ചോദിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. നേരത്തേ വാങ്ങിയ പണം തിരിച്ചു തരാത്തതിനാൽ നിങ്ങളോട് ചോദിക്കാനും നിവൃത്തിയില്ലായിരുന്നു.
അബൂദബിയിൽ ഒരു കഫതീരിയയിൽ ജോലിക്ക് ചേർന്നപ്പോൾ ആ കടം വീട്ടുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു മനസ്സിൽ. പണം കിട്ടിയില്ലെങ്കിലും സാരമില്ല എന്ന മനഃസ്ഥിതിയിലായി ഞാൻ. അവർ ഉടനെ ബാഗ് തുറന്ന് പണം തന്നു, ജോലിക്ക് ചേർന്ന് മാസം തികയുംമുമ്പ് തൊഴിലുടമയിൽനിന്ന് അഡ്വാൻസ് വാങ്ങിയ പണവുമായാണ് അവർ കടംവീട്ടാൻ വന്നത്. നാട്ടിൽ പോകുമ്പോൾ പണം ആവശ്യമായി വരില്ലേ എന്ന് ചോദിച്ച് വീണ്ടും ഒരു ആയിരം ദിർഹം കൂടി എന്‍റെ കൈയിൽ വെച്ചു.
എന്നാൽ, അതും അഭിമാനിയായ ഒരു പ്രവാസിയുടെ വിയർപ്പിന്‍റെ വിലയാണെന്ന തിരിച്ചറിവിൽ ആ പണം ഞാൻ തിരികെ നൽകി. ഇനി ലോകത്തിന്‍റെ ഏതെങ്കിലും കോണിൽവെച്ച് കാണാം എന്ന് പറഞ്ഞ് മടങ്ങാനൊരുങ്ങവെ അവർ കൈയിൽ കരുതിയ കവറിൽനിന്ന് ചോക്ലറ്റ് പാത്രങ്ങളും പാവകളും പുറത്തെടുത്തു -കുട്ടികൾക്കുള്ള സമ്മാനം.
നാട്ടിലെത്തി ഈ കഥ കുടുംബവുമായി പങ്കുവെക്കുന്നതിനിടെ ഒരു ചോക്ലറ്റ് ഞാനും കഴിച്ചു. അത്രയും മധുരമുള്ള ഒരു മിഠായി ഞാൻ ജീവിതത്തിൽ രുചിച്ചിട്ടില്ലായിരുന്നു. ആ മിഠായി സമ്മാനിച്ച വ്യക്തിയെപ്പോലെ വിശ്വാസ്യതയുള്ള മറ്റൊരാളെ ജീവിതത്തിൽ കണ്ടിട്ടില്ലല്ലോ എന്നും ഞാനപ്പോൾ ഓർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.