കാർ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ മറക്കരുതേ...
text_fieldsബജറ്റ്
കാർ വാങ്ങുന്നതിനു മുമ്പ് ആദ്യം ചിന്തിക്കേണ്ടത് പണത്തെക്കുറിച്ചുതന്നെയാണ്. അഞ്ചു ലക്ഷം മുതൽ കോടികൾ വില വരുന്ന പുതിയ കാറുകൾ ഇന്ന് ലഭിക്കും. അതുപോലെ സെക്കൻഡ് ഹാൻഡ് വാഹനങ്ങളും വിപണിയിൽ ധാരാളമുണ്ട്. ഇതിൽ നമ്മുടെ കീശക്ക് ഒതുങ്ങുന്ന വാഹനം ഏതാണെന്നാണ് ആദ്യം കണ്ടെത്തേണ്ടത്. ബജറ്റിന് അപ്പുറത്തേക്ക് പോയാൽ വലിയ സാമ്പത്തിക ബാധ്യതയായിരിക്കും വരുത്തിവെക്കുക.
ബോഡി ടൈപ്
വിവിധ തരം ബോഡി ടൈപ്പുകളിൽ വാഹനം ലഭ്യമാണ്. ഹാച്ച്ബാക്ക്, സെഡാൻ, എസ്.യു.വി/എം.യു.വി എന്നിവയാണ് കൂടുതലായും കാണുന്നവ. ചെറിയ കാറുകളാണ് ഹാച്ച് ബാക്കുകൾ. നീളം കൂടുതലുണ്ടാകും സെഡാനുകൾക്ക്. എസ്.യു.വി/എം.യു.വി എന്നിവ പൊതുവേ വലിയ വാഹനങ്ങളായിട്ടാണ് കണക്കാക്കാറ്. കൂടുതൽ പേർക്ക് യാത്ര ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. എന്നാൽ, ഇന്ന് ചെറിയ എസ്.യു.വികളും വിപണിയിൽ ധാരാളമുണ്ട്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, താമസസ്ഥലത്തെ പാർക്കിങ് സൗകര്യം, സ്ഥിരമായി പോകുന്ന വഴി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി ഏത് വലുപ്പത്തിലും എത്ര സീറ്റുമുള്ള വാഹനം വേണമെന്ന് തീരുമാനിക്കാം.
ഓട്ടോമാറ്റിക്, മാന്വൽ
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേണമോ അതോ മാന്വൽ മതിയോ എന്നതാണ് മറ്റൊരു കാര്യം. വാഹനത്തിന്‍റെ വേഗത്തിനനുസരിച്ച് ഡ്രൈവർതന്നെ ഗിയർ ലിവറും ക്ലച്ചും ഉപയോഗിച്ച് ഗിയർ മാറ്റുന്ന രീതിയാണ് മാന്വൽ ട്രാൻസ്മിഷൻ. കൂടുതൽ മൈലേജ് ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രധാന ആകർഷണം. താരതമ്യേന വിലയും പരിപാലന ചെലവും കുറവാണെന്നത് മറ്റൊരു ഗുണം.
വാഹനത്തിന്‍റെ വേഗത്തിനനുസരിച്ച് ഗിയറുകൾ തനിയെ മാറുന്ന സംവിധാനമാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ. മാന്വലിനെ അപേക്ഷിച്ച് ഡ്രൈവിങ് 70 ശതമാനം വരെ ആയാസരഹിതമാക്കാൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് സാധിക്കുന്നു. നഗരയാത്രകൾക്ക് കൂടുതൽ അനുയോജ്യമാണ് ഇവ.
പെട്രോൾ, ഡീസൽ, ഇലക്ട്രിക്
ദിനേന കുറഞ്ഞ ദൂരം മാത്രമേ യാത്ര ചെയ്യാനുള്ളൂ എങ്കിൽ പെട്രോൾ വാഹനങ്ങളാണ് ഉചിതം. പെട്രോൾ വാഹനത്തിന്‍റെ വില, പരിപാലന ചെലവ് എന്നിവയെല്ലാം കുറവാണ്. അതേസമയം, കൂടുതൽ ദൂരം യാത്ര ചെയ്യുന്നവരാണെങ്കിൽ ഡീസൽ വാഹനത്തിലേക്ക് പോകാം. കൂടുതൽ മൈലേജ് ലഭിക്കുമെന്നതാണ് പ്രധാനം. അതേസമയം, പരിപാലന ചെലവും വാഹനത്തിന്‍റെ വിലയും അൽപം കൂടുതലാണ്. പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കാരണം പല കമ്പനികളും ഇപ്പോൾ ഡീസൽ കാറുകൾ ഇറക്കുന്നില്ല.
ഇലക്ട്രിക് കാറുകളും ഇന്ന് വിപണിയിൽ ധാരാളമുണ്ട്. പെട്രോൾ, ഡീസൽ കാറുകളേക്കാൾ ഇവക്ക് വില കൂടുതലാണ്. എന്നാൽ, പരിപാലന-ഇന്ധനച്ചെലവുകൾ കുറവുമാണ്. കൂടുതൽ മൈലേജ് ലഭിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളും ലഭ്യമാണ്. ഇലക്ട്രിക്കിലും പെട്രോൾ/ഡീസലിലുമായാണ് ഇവ പ്രവർത്തിക്കുക. ഇവക്കും വില താരതമ്യേന കൂടുതലാണ്.
കമ്പനി, സർവിസ് സെന്‍റർ
ഏത് കമ്പനിയുടെ വാഹനം വാങ്ങുന്നു എന്നതും പ്രധാനമാണ്. വാഹന വിൽപന, വിൽപനാനന്തര സേവനം, സ്പെയർ പാർട്സ് ലഭ്യത എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. മാർക്കറ്റിൽ വലിയ ചലനം സൃഷ്ടിക്കാത്ത കമ്പനികളുടെ വാഹനം വാങ്ങിയാൽ ചിലപ്പോൾ പണി കിട്ടും. കമ്പനി പൂട്ടിപ്പോയാൽ അത് ഉപഭോക്താവിന് തലവേദനയാകും. പല അന്താരാഷ്ട്ര കമ്പനികളും ഇത്തരത്തിൽ ഇന്ത്യയിൽ പ്രവർത്തനം നിർത്തിയിട്ടുണ്ട്. നിങ്ങളുടെ സമീപത്ത് ഷോറൂമും സർവിസ് സെന്‍ററുമുള്ള കമ്പനിയാണെങ്കിൽ പരിപാലനം കുറച്ചുകൂടി എളുപ്പമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.