പറക്കാതെ പൈലറ്റായി റിൻഷ...
text_fieldsകേന്ദ്ര സര്‍ക്കാറിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ലൈസന്‍സ് നേടുന്ന ആദ്യ വനിത ഡ്രോണ്‍ പൈലറ്റായി മലപ്പുറം മങ്കട വടക്കാങ്ങര സ്വദേശി റിന്‍ഷ പട്ടാക്കല്‍. ഡ്രോണിന്‍റെ സുരക്ഷ പരിശോധന നടത്തൽ, നിയന്ത്രിക്കൽ, പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കൽ എന്നിവയെല്ലാം പൈലറ്റുമാരുടെ ചുമതലയാണ്.
ഡ്രോണുകൾ പറപ്പിക്കുന്നതിന് നിലവിൽ ഇന്ത്യയിൽ ഡി.ജി.സി.എ ഡ്രോൺ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ആകാശ നിരീക്ഷണം, രക്ഷാപ്രവർത്തനം, ട്രാഫിക്- കാലാവസ്ഥ നിരീക്ഷണം, ഡ്രോൺ ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, കൃഷി, ഡെലിവറി സേവനങ്ങൾ എന്നിങ്ങനെ ഔദ്യോഗികവും സിവിൽ ആവശ്യങ്ങൾക്കും ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഡി.ജി.സി.എ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോൺ പരിശീലന കേന്ദ്രമായ കാസർകോട്ടെ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിലായിരുന്നു പരിശീലനം. ഇവിടത്തെ ആദ്യ പരിശീലന ബാച്ചിലെ ഏക വനിതയും ഏറ്റവും പ്രായം കുറഞ്ഞ പഠിതാവുമായിരുന്നു 18കാരിയായ റിൻഷ. മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിൽനിന്ന് പ്ലസ് ടു കഴിഞ്ഞ ഇടവേളയിലാണ് ഡ്രോൺ പറത്തൽ പരിശീലനം നേടിയത്. ബി.ടെക് സിവില്‍ എന്‍ജിനീയറിങ്ങിൽ തുടർപഠനമാണ് ലക്ഷ്യമിടുന്നത്.
‘‘സര്‍വേയിങ്ങില്‍ ഡ്രോണുകളുടെ ഉപയോഗസാധ്യതയെക്കുറിച്ച് മനസ്സിലാക്കി സിവിൽ എൻജിനീയറായ പിതാവ് അബ്ദുൽ റസാഖാണ് ഈ കോഴ്‌സ് നിര്‍ദേശിച്ചത്. കോഴ്സിനുശേഷം സർവേ രംഗത്തുതന്നെ ജോലി ചെയ്യുകയാണ് ലക്ഷ്യം’’ -റിൻഷ പറഞ്ഞു. മുബീനയാണ് ഉമ്മ. അജ്മൽ ഷാൻ, ലിൻഷ, ഇഷ എന്നിവർ സഹോദരങ്ങളാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.